വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

വരും തലമുറ സാമ്പത്തിക ഇടനാഴിക്ക് തുടക്കം കുറിച്ച് ഇന്ത്യയും യുകെയും: സമഗ്ര സാമ്പത്തിക വ്യാപാര കരാറും സാമൂഹ്യസുരക്ഷാ വിഹിത കരാറും 2026 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ

प्रविष्टि तिथि: 17 JUN 2026 8:47PM by PIB Thiruvananthpuram

ഇന്ത്യയുടെ ആഗോള സാമ്പത്തിക ഇടപെടലുകളിലെ വലിയ മുന്നേറ്റം അടയാളപ്പെടുത്തി, സമഗ്ര സാമ്പത്തിക പങ്കാളിത്ത വ്യാപാര കരാർ 2026 ജൂലൈ 15 ന് പ്രാബല്യത്തിൽ വരുമെന്ന് ഇന്ത്യയും യുകെയും പ്രഖ്യാപിച്ചു. കരാര്‍ രാജ്യത്തിൻ്റെ സാമ്പത്തിക നയതന്ത്രത്തിൽ പുതുയുഗത്തിന് തുടക്കം കുറിക്കും.  ഇതിനൊപ്പം 'ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷൻ'  എന്നറിയപ്പെടുന്ന സാമൂഹ്യ സുരക്ഷാ കരാറും 2026 ജൂലൈ 15 ന് പ്രാബല്യത്തിൽ വരും. യുകെയിലെ ഇന്ത്യൻ പ്രൊഫഷണലുകളുടെ സുഗമമായ യാത്രയും മത്സരശേഷിയും കൂടുതൽ ശക്തിപ്പെടുത്താന്‍ ഇത് വഴിയൊരുക്കും.  കൂടാതെ, സാമൂഹ്യസുരക്ഷാ കരാറിന് കീഴിലെ ഇളവ് കാലാവധി 3 വർഷത്തിൽ നിന്ന് 5 വർഷമായി ഉയർത്തിയത് താൽക്കാലിക ഇന്ത്യന്‍ തൊഴിലാളികൾക്ക് വലിയ നേട്ടമാകും.  

 

ഇരു ഗവണ്മെൻ്റുകളുടെയും ആഭ്യന്തര നടപടിക്രമങ്ങളും അനുമതികളും വിജയകരമായി പൂർത്തിയായ സാഹചര്യത്തിലാണ് കരാറുകൾ 2026 ജൂലൈ 15-ന് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുന്നത്. "വികസിത ഇന്ത്യ 2047” എന്ന ദേശീയ കാഴ്ചപ്പാടിൻ്റെ ഭാഗമായ ഈ സുപ്രധാന നേട്ടം നയങ്ങളെ പ്രമുഖ ആഗോള സമ്പദ്‌ വ്യവസ്ഥയുമായി നടത്തുന്ന സജീവ ദൈനംദിന വാണിജ്യമെന്ന നിലയിലേക്കുയര്‍ത്തുന്ന അതിനൂതനവും സന്തുലിതവുമായ  സാമ്പത്തിക ചട്ടക്കൂടിന് രൂപം നൽകും.

 

2021 മെയ് മാസം രൂപീകരിച്ച വിപുലമായ വ്യാപാര പങ്കാളിത്തത്തിലൂടെയും 'ഇന്ത്യ-യുകെ മാർഗ്ഗരേഖ 2030' നടപ്പാക്കിയതിലൂടെയുമാണ് ഈ ചരിത്ര കരാറിന്  അടിത്തറ പാകിയത്. ഇരുരാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം  സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താനും 2030-ഓടെ ഉഭയകക്ഷി വ്യാപാരം 100 ബില്യൺ യു.എസ് ഡോളറായി ഇരട്ടിയാക്കാനും ഇത് ലക്ഷ്യമിടുന്നു.

 

പതിനാല് ഘട്ടങ്ങളായി നീണ്ട തീവ്രമായ ചർച്ചകൾക്കൊടുവിൽ 2025 മെയ് 6-നാണ് സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ ചർച്ചകൾ പൂർത്തിയായത്. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെയും സാന്നിധ്യത്തിൽ 2025 ജൂലൈ 24-ന് ലണ്ടനിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലും യുകെ വ്യാപാര വ്യവസായ സെക്രട്ടറി  ജോനാഥൻ റെയ്നോൾഡ്സും കരാറിൽ ഔദ്യോഗികമായി ഒപ്പുവെച്ചു. തുടര്‍ന്ന്, ചട്ടക്കൂട് പൂർത്തീകരിക്കുന്നതിന് 2026 ഫെബ്രുവരി 10-ന് ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷനിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.  

 

കരാറിനെ സാമ്പത്തിക നയതന്ത്ര വിജയമെന്ന് പ്രകീർത്തിച്ച കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു: 

 

"2026 ജൂലൈ 15-ന് സമഗ്ര സാമ്പത്തിക വ്യാപാര കരാറും ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷനും ഒരുമിച്ച് നടപ്പാക്കുന്നത് ഇന്ത്യന്‍ കയറ്റുമതിക്ക് വിപുലമായ പുത്തന്‍ അവസരങ്ങൾ തുറന്നുനൽകും. രാജ്യത്തിൻ്റെ തീരുവ ഘടനയുടെ  99 ശതമാനത്തിനും ഉടനടി നികുതിരഹിത പ്രവേശനം ഉറപ്പാക്കിയതോടെ ദീർഘകാലമായി നിലനിന്ന നികുതിയുടെ  മതിലുകൾ നാം വ്യവസ്ഥാപിതമായി തകർത്തു. ഇത് രാജ്യത്തെ തുണിത്തരങ്ങൾ, തുകല്‍, സമുദ്രോല്പന്നങ്ങൾ, എന്‍ജിനീയറിങ്, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകള്‍ക്ക് യാതൊരു ദോഷവുമില്ലാതെ മത്സരിക്കാനും ലോകോത്തര ഉല്പന്നങ്ങൾ വിതരണം ചെയ്യാനും തുല്യ അവസരം ഉറപ്പാക്കും.

 

സമ്പൂർണ സാമ്പത്തിക സുരക്ഷിതത്വത്തിലൂന്നിയാണ് ഈ ചട്ടക്കൂട് രൂപീകരിച്ചത് എന്നതാണ് ഏറ്റവും ശ്രദ്ധേയം. തന്ത്രപ്രധാന കാർഷിക, ഗ്രാമീണ സമ്പദ്‌ വ്യവസ്ഥകളെ ഇറക്കുമതി അസ്ഥിരതയിൽ നിന്ന് സംരക്ഷിക്കാന്‍ കർശന സംരക്ഷണ പട്ടികകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ പ്രൊഫഷണലുകളെ ഇരട്ട ഇൻഷുറൻസ് വിഹിതത്തിൽ നിന്ന് ഒഴിവാക്കി പ്രതിഭകളുടെ സാമ്പത്തിക താല്പര്യവും സംരക്ഷിക്കുന്നു. രണ്ട് തലങ്ങളിലെയും ഈ മുന്നേറ്റം ഇന്ത്യയുടെ ആഭ്യന്തര താല്പര്യങ്ങളെ ശക്തമായി സംരക്ഷിച്ചുകൊണ്ട് ആഗോള വാണിജ്യ സാന്നിധ്യം ശക്തിപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യുന്നു."

 

വരും തലമുറ വ്യാപാര ചട്ടക്കൂട്

സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ 30 അധ്യായങ്ങളിലായി വരുംതലമുറ വ്യാപാര കരാറുകൾക്ക് പുതിയ മാതൃക സൃഷ്ടിക്കുന്നു. ഇന്ത്യയുടെ "വികസിത ഇന്ത്യ 2047" കാഴ്ചപ്പാടിനെ നേരിട്ട് പിന്തുണയ്ക്കുന്ന കരാറാണിത്. പരമ്പരാഗത രീതിയില്‍ നികുതി വെട്ടിക്കുറയ്ക്കുന്നതിലുപരി പരമ്പരാഗത ഉല്പന്നങ്ങളെയും സേവനങ്ങളെയും ഡിജിറ്റൽ വ്യാപാരം, ടെലികമ്യൂണിക്കേഷൻസ്, സാമ്പത്തിക സേവനങ്ങൾ, ബൗദ്ധിക സ്വത്ത്, കൂടാതെ—ഉഭയകക്ഷി ചരിത്രത്തിൽ ആദ്യമായി—ഗവണ്മെൻ്റ് സംഭരണം തുടങ്ങിയ ആധുനിക മേഖലകളുമായി സംയോജിപ്പിക്കുന്ന കരാർ ഉഭയകക്ഷി ഇടപെടലുകളെ ആധുനികവൽക്കരിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച ഉറപ്പാക്കുന്നതിന് നൂതനാശയങ്ങള്‍, ചെറുകിട ഇടത്തരം സംരംഭങ്ങൾ, സുസ്ഥിരത, സുതാര്യത എന്നിവ സംബന്ധിച്ച ഭാവി കാഴ്ച്ചപ്പാടുകള്‍ വ്യക്തമാക്കുന്ന അധ്യായങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആത്യന്തികമായി, നിർണായക വിതരണ ശൃംഖലകൾ സുരക്ഷിതമാക്കാനും സാങ്കേതിക സഹകരണം വേഗത്തിലാക്കാനും ഇന്ത്യയുടെ ഭാവി സാമ്പത്തിക നയതന്ത്രത്തിന് സുതാര്യവും നിയമാനുസൃതവുമായ മാനദണ്ഡം സ്ഥാപിക്കാനുമാണ് ചട്ടക്കൂട് രൂപകല്പന ചെയ്തിരിക്കുന്നത്.

 

പ്രധാന സാമ്പത്തിക നേട്ടങ്ങൾ

 

സമഗ്ര സാമ്പത്തിക വ്യാപാര കരാറും ഡബിൾ കോൺട്രിബ്യൂഷൻ കൺവെൻഷനും ഒരുമിച്ച് പ്രാബല്യത്തിൽ വരുന്നത് ഇന്ത്യയുടെ ആഗോള വ്യാപാര ഘടനയിൽ വലിയ പരിവർത്തനത്തിന് വഴിയൊരുക്കും. ഇന്ത്യയുടെ ഉല്പാദന ശേഷി, സേവന മികവ്, പ്രാദേശിക ഉല്പാദനം എന്നിവയെ ലോകത്തെ ഏറ്റവും പ്രമുഖ ഉപഭോക്തൃ വിപണികളിലൊന്നിലേക്ക് നേരിട്ടെത്തിക്കാൻ ഈ സമഗ്ര ചട്ടക്കൂട് സഹായിക്കും.

 

  1.  ഇന്ത്യൻ കയറ്റുമതിക്ക് പരിവർത്തനാത്മക വിപണി പ്രവേശം

കരാർ പ്രാബല്യത്തിൽ വരുന്നതോടെ പല സുപ്രധാന മേഖലകളിലും യുകെയുടെ നികുതികൾ പൂർണമായി ഒഴിവാക്കുന്നത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് പ്രയോജനപ്പെടും. സംസ്കരിച്ച ഭക്ഷ്യോല്പന്നങ്ങള്‍ക്ക് 70% വരെയും സമുദ്രോല്പന്നങ്ങൾക്ക് 21.5% വരെയും എന്‍ജിനീയറിങ് സാധനങ്ങൾക്കും വാഹനഘടകങ്ങൾക്കും 18% വരെയും തുകല്‍-പാദരക്ഷാ ഉല്പന്നങ്ങൾക്ക് 16% വരെയും തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും 12% വരെയും രാസവസ്തു-ഔഷധ ഉല്പന്നങ്ങൾക്ക് 8% വരെയും നിലവിലുള്ള നികുതികൾ പൂർണമായി ഇല്ലാതാകും. സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ വഴി ഉറപ്പാക്കിയ ഉടനടി നികുതിരഹിത പ്രവേശം യുകെ വിപണിയിൽ ഇന്ത്യൻ കയറ്റുമതിയുടെ മത്സരശേഷി ഗണ്യമായി വർധിപ്പിക്കുമെന്നും കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും തൊഴിലാളികൾക്കും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ക്കും നിർമാതാക്കൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ആഗോള മൂല്യശൃംഖലകളിൽ ഇന്ത്യയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.

 

ഉടനടി നടപ്പാക്കുന്ന നികുതിരഹിത അവസരം ഇന്ത്യൻ ഉല്പാദന മേഖലയ്ക്ക് വലിയ വിലനിർണയ ശേഷി നൽകും; പരമ്പരാഗത കരകൗശല തൊഴിലാളികൾക്കും വൻകിട ഉല്പാദന കേന്ദ്രങ്ങള്‍ക്കും പ്രാദേശിക വ്യവസായ കേന്ദ്രങ്ങള്‍ക്കും പദ്ധതി നടപ്പാക്കുന്ന ആദ്യദിനം മുതൽ പൂർണ യോഗ്യതയോടെ മത്സരിക്കാനും ഇത് അവസരമൊരുക്കും.

 

അതേസമയം, ക്ഷീരോല്പന്നങ്ങൾ, ധാന്യങ്ങൾ, ചെറുധാന്യങ്ങൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, ആപ്പിൾ, നിരവധി പച്ചക്കറി ഉല്പന്നങ്ങൾ എന്നിവയടക്കം തന്ത്രപ്രധാന മേഖലകളെ ഇന്ത്യ സംരക്ഷിച്ചിട്ടുണ്ട്.

 

  1. സുപ്രധാന സേവന പാക്കേജും യാത്രാ സൗകര്യ വ്യവസ്ഥകളും

ഇന്ത്യയ്ക്ക് കയറ്റുമതിയില്‍ താല്പര്യമുള്ള എല്ലാ പ്രധാന സേവന മേഖലകളെയും 137 ഉപമേഖലകളെയും ഉൾപ്പെടുത്തി ചരിത്രത്തിലെ ഏറ്റവും സമഗ്രമായ സേവന വാഗ്ദാനങ്ങളിലൊന്നാണ് യുകെ നൽകിയിരിക്കുന്നത്.

 

ഐടിയും ഐടി അധിഷ്ഠിത സേവനങ്ങളും, സാമ്പത്തിക സേവനങ്ങൾ, പ്രൊഫഷണൽ സേവനങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, എന്‍ജിനീയറിങ്,  ടെലികമ്യൂണിക്കേഷൻസ്, ഉപദേശക സേവനങ്ങൾ എന്നിവയിലെ ഇന്ത്യൻ സേവന ദാതാക്കൾക്ക് മെച്ചപ്പെട്ട വിപണി പ്രവേശനവും നിയന്ത്രണപരമായി ഉയര്‍ന്ന വ്യക്തതയും ലഭിക്കും.

 

താഴെ  നല്‍കിയിരിക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രവചനാത്മക യാത്രാ മാർഗങ്ങളും കരാർ നൽകുന്നു:

 

• വ്യാപാര സന്ദർശകർ  

• കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ സ്ഥലംമാറ്റം ലഭിക്കുന്നവര്‍  

• കരാർ അധിഷ്ഠിത സേവന വിതരണക്കാർ  

• സ്വതന്ത്ര പ്രൊഫഷണലുകൾ  

• നിക്ഷേപകർ

 

ഇത്തരത്തിലെ ആദ്യ ക്രമീകരണത്തിലൂടെ 1,800 ഇന്ത്യൻ പാചകവിദഗ്ധര്‍ക്കും യോഗാ പരിശീലകര്‍ക്കും ക്ലാസിക്കൽ സംഗീതജ്ഞർക്കും കരാറിന് കീഴിൽ പ്രതിവർഷം പ്രത്യേക യാത്രാ അവസരങ്ങൾ പ്രയോജനപ്പെടുത്താനാവും.  

 

3. സാമൂഹ്യ സുരക്ഷാ കരാർ: ഒരു സുപ്രധാന മുന്നേറ്റം

ഈ കരാറിനൊപ്പം പ്രാബല്യത്തിൽ വരുന്ന സാമൂഹ്യസുരക്ഷാ കരാർ, താൽക്കാലിക ജോലി ചുമതലകളിൽ യുകെയിലെത്തുന്ന ഇന്ത്യൻ തൊഴിലാളികളെയും തൊഴിലുടമകളെയും ഇരട്ട സാമൂഹ്യ സുരക്ഷാ വിഹിതം നൽകുന്നതിൽ നിന്ന് ഒഴിവാക്കുന്നു. ഈ ഇളവിൻ്റെ കാലാവധി 3 വർഷത്തിൽ നിന്ന് 5 വർഷമായി ഉയർത്തിയിട്ടുണ്ട്.

 

75,000-ത്തിലേറെ ഇന്ത്യൻ പ്രൊഫഷണലുകൾക്കും 900-ത്തിലധികം കമ്പനികൾക്കും ഇതിൻ്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൽക്കാലിക വിദേശ ജോലികളിലെ ജീവനക്കാരുടെ യാത്രയെയും തുടർച്ചയായ സാമൂഹ്യസുരക്ഷാ പരിരക്ഷയെയും കരാർ പിന്തുണയ്ക്കും.  ഇരുരാജ്യങ്ങളുടെയും നൈപുണ്യാധിഷ്ഠിത നൂതനാശയ സേവന മേഖലകളെ പരസ്പരം പ്രയോജനപ്പെടുത്തുന്ന നടപടി സേവന രംഗത്തെ ഇന്ത്യ-യുകെ പങ്കാളിത്തം മെച്ചപ്പെടുത്തും.  

 

4. ഉരുക്ക് കയറ്റുമതിക്കാരുടെ താല്പര്യങ്ങൾക്ക് സംരക്ഷണം  

 

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൻ്റെ സഹകരണ ശക്തി തെളിയിച്ചുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലെ ഉരുക്ക് വ്യാപാരം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ഇന്ത്യയും യുകെയും ചരിത്രപരമായ ധാരണയിലെത്തി. 2026 ജൂലൈ 1 ന് പ്രാബല്യത്തിൽ വരുന്ന യുകെയുടെ പുതിയ ഉരുക്ക് നിയന്ത്രണ നടപടികള്‍ സംബന്ധിച്ച ക്രിയാത്മക ചർച്ചകൾക്ക് ശേഷമാണ് വാണിജ്യ താല്പര്യങ്ങൾ സംരക്ഷിക്കാനും വിപണി തടസ്സങ്ങൾ ലഘൂകരിക്കാനും കയറ്റുമതിക്കാർക്ക് സമഗ്രവും സുസ്ഥിരവുമായ വ്യാപാര അന്തരീക്ഷം ഉറപ്പാക്കാനും ഇരുപക്ഷവും പരസ്പരം ധാരണയിലെത്തിയത്. 

 

ഇന്ത്യന്‍ ഉരുക്ക് കയറ്റുമതിയുടെ 85 ശതമാനവും ഈ പുതിയ നിയന്ത്രണ നടപടികൾക്ക് പുറത്താണ്. നിയന്ത്രണ പരിധിയിൽ വരുന്ന ഉല്പന്നങ്ങളുടെ കാര്യത്തിലാകട്ടെ, രാജ്യങ്ങളുടെ പ്രത്യേക ക്വാട്ട (CSQ), അവശേഷിക്കുന്ന ക്വാട്ട വിഹിതം, അംഗീകൃത ഉപയോഗ പദ്ധതി (AUS) എന്നിവയുടെ സംയോജനത്തിലൂടെ ഇന്ത്യയുടെ താല്പര്യങ്ങൾ പൂർണമായി സംരക്ഷിച്ചിട്ടുമുണ്ട്. 

 

ജനകേന്ദ്രീകൃത വ്യാപാര കരാർ

സമൂഹത്തിലുടനീളം ആനുകൂല്യങ്ങളെത്തിക്കുന്ന ജനകേന്ദ്രീകൃത കരാറായാണ് ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാര്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 

 

കർഷകർക്ക് പ്രീമിയം കയറ്റുമതി വിപണികളിലേക്ക് പ്രവേശനം ലഭിക്കുന്നു. സമുദ്രോല്പന്ന കയറ്റുമതി വർധിക്കുന്നതിലൂടെ മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്നു. തൊഴിൽസാന്ദ്രമായ മേഖലകളിൽ തൊഴിലാളികൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കുന്നു. വനിതാ സംരംഭകർ, യുവജനങ്ങള്‍,  സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകര്‍ എന്നിവർക്ക് ആഗോള മൂല്യശൃംഖലകളിലേക്ക് മികച്ച പ്രവേശം ലഭിക്കുന്നു. മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളിലൂടെയും അംഗീകാരങ്ങളിലൂടെയും പ്രൊഫഷണലുകൾക്ക് നേട്ടമുണ്ടാകുന്നു.

 

2026 ജൂലൈ 15 മുതൽ ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറും സാമൂഹ്യ സുരക്ഷാ കരാറും നടപ്പാക്കുന്നത് ആഗോളതലത്തിൽ സംയോജിതവും സുസ്ഥിരവും മത്സരശേഷിയാര്‍ന്നതുമായ  സമ്പദ്‌ വ്യവസ്ഥയായി മാറുന്ന ഇന്ത്യയുടെ പ്രയാണത്തിലെ സുപ്രധാന ചുവടുവെപ്പാണ്. തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാനും ജനങ്ങൾക്ക് സമൃദ്ധി നൽകാനും ഇരുരാജ്യങ്ങളുടെയും പൊതു പ്രതിബദ്ധതയുടെ പ്രതിഫലനമാണിത്.  

 

ചരിത്രപരമായ ഈ സാമ്പത്തിക ചട്ടക്കൂട് ആധുനിക അന്താരാഷ്ട്ര വാണിജ്യത്തിൻ്റെ സങ്കീർണതകളെ നേരിടാൻ ഇരുരാജ്യങ്ങളെയും മികച്ച നിലയില്‍ സജ്ജമാക്കുന്നു. ഒപ്പം എല്ലാവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും സ്വയംപര്യാപ്തവുമായ "2047-ലെ വികസിത ഇന്ത്യ"യിലേക്ക് ഇന്ത്യ നടത്തുന്ന പ്രയാണത്തിന് സുസ്ഥിര വേഗം പകരുകയും ചെയ്യുന്നു.

 

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക വ്യാപാര കരാറിൻ്റെ പൂർണ വിവരങ്ങൾ ഈ വെബ്സൈറ്റില്‍ ലഭ്യമാണ്: 

https://www.commerce.gov.in/#/international-trade/trade-agreements/india-united-kingdom-comprehensive-economic-and-trade-agreement  .

 

****


(रिलीज़ आईडी: 2274475) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Punjabi , Gujarati , Kannada