സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

'ലഹരിമുക്ത ഇന്ത്യ യജ്ഞം - വികസിത ഇന്ത്യയുടെ മുഖമുദ്ര' എന്ന പ്രമേയത്തിൽ 2026 ജൂൺ 17 മുതൽ 26 വരെ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം 'ലഹരിമുക്ത ഇന്ത്യ വാരം' ആചരിക്കും

प्रविष्टि तिथि: 16 JUN 2026 3:50PM by PIB Thiruvananthpuram
ലഹരി വിമുക്ത പ്രവർത്തനങ്ങൾക്കായുള്ള നോഡൽ വകുപ്പായ സാമൂഹിക നീതി, ശാക്തീകരണ വകുപ്പ് (DoSJE), 2026 ജൂൺ 26-ന് 'ലഹരി ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം' ആചരിക്കുന്നു. ഈ ദിവസത്തിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, ജില്ലകൾ എന്നിവിടങ്ങളിലുടനീളം എല്ലാ വർഷവും നേരിട്ടും ഓൺലൈനായും നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഈ ശ്രമങ്ങൾക്ക് കൂടുതൽ ഊർജ്ജം പകർന്നുകൊണ്ട്, "ലഹരിമുക്ത ഇന്ത്യ യജ്ഞം - വികസിത ഇന്ത്യയുടെ മുഖമുദ്ര" എന്ന പ്രമേയത്തിൽ 2026 ജൂൺ 17 മുതൽ 26 വരെ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം രാജ്യത്തുടനീളം 'ലഹരിമുക്ത ഇന്ത്യ വാരം' സംഘടിപ്പിക്കുന്നു.

ജൂൺ 17-ന് കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ മന്ത്രി ഡോ. വീരേന്ദ്ര കുമാർ ലഹരിമുക്ത ഇന്ത്യ വാരം ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അദ്ദേഹം നശാ മുക്തി മിത്ര (എൻഎംഎം) പദ്ധതിക്കായുള്ള വ്യക്തിഗത ഡാഷ്‌ബോർഡ്, ലഹരിമുക്ത ഇന്ത്യ യജ്ഞത്തെ ആസ്പദമാക്കിയ ഹ്രസ്വചിത്രം എന്നിവ ഉൾപ്പെടെയുള്ള പ്രധാന സംരംഭങ്ങൾ പുറത്തിറക്കുകയും ചെയ്യും. പൗരന്മാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, സന്നദ്ധപ്രവർത്തകരുടെ ഇടപെടൽ വർദ്ധിപ്പിക്കുന്നതിനും, രാജ്യത്തുടനീളം ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിനെതിരായ ബോധവൽക്കരണം ശക്തമാക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ സംരംഭങ്ങൾ.

ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഈ ഏകോപിത രാജ്യവ്യാപക ശ്രമത്തിൽ കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ജില്ലാ ഭരണകൂടങ്ങൾ, ആത്മീയ സംഘടനകൾ, എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പങ്കാളികളെ ഈ പരിപാടി ഒരുമിച്ച് കൊണ്ടുവരും.

ഇതിൻ്റെ ഭാഗമായി 2026 ജൂൺ 17 മുതൽ 26 വരെ രാജ്യത്തുടനീളം വിപുലമായ ബോധവൽക്കരണ, ജനകീയ പങ്കാളിത്ത പരിപാടികൾ സംഘടിപ്പിക്കും. കൂട്ടപ്രതിജ്ഞാ പരിപാടികൾ, ബോധവൽക്കരണ റാലികൾ, സൈക്കിൾ റാലികൾ, യുവജനങ്ങളുടെ നേതൃത്വത്തിലുള്ള കാമ്പെയ്‌നുകൾ, പോസ്റ്റർ നിർമ്മാണം, മുദ്രാവാക്യ രചന, ഉപന്യാസ മത്സരങ്ങൾ, വെബിനാറുകൾ, വിദഗ്ധരുമായുള്ള സംവാദങ്ങൾ, തെരുവ് നാടകങ്ങൾ, നാടൻ കലാരൂപങ്ങൾ, സാംസ്കാരിക പരിപാടികൾ, സമൂഹ മാധ്യമങ്ങൾ വഴിയുള്ള പ്രചാരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സ്കൂളുകൾ, കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലൂടെ യുവജനങ്ങളെ പങ്കാളികളാക്കുന്നതിന് പ്രത്യേക ഊന്നൽ നൽകും. താഴെത്തട്ടിലുള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് പഞ്ചായത്തീരാജ് സ്ഥാപനങ്ങൾ, എൻ.എസ്.എസ് വോളൻ്റിയർമാർ, മൈ ഭാരത് വോളൻ്റിയർമാർ, അംഗൻവാടി ജീവനക്കാർ, ആശാ പ്രവർത്തകർ, പ്രാദേശിക നേതൃത്വ ശൃംഖലകൾ എന്നിവരിലൂടെ സാമൂഹിക സമ്പർക്ക പരിപാടികളും സംഘടിപ്പിക്കും.

ലഹരിവസ്തുക്കളുടെ ദുരുപയോഗം തടയുന്നതിൽ ശാരീരിക-മാനസിക ആരോഗ്യത്തിൻ്റേയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, 2026 ജൂൺ 21-ലെ അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ചും പരിപാടികൾ സംഘടിപ്പിക്കും. "ആരോഗ്യത്തിനായി യോഗ, ലഹരിയോട് നോ പറയൂ" എന്ന പ്രമേയത്തിന് കീഴിൽ യോഗ-ധ്യാന സെഷനുകൾ, വെൽനസ് പ്രോഗ്രാമുകൾ, സാമൂഹികാടിസ്ഥാനത്തിലുള്ള ബോധവൽക്കരണ സംരംഭങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും.


അടിസ്ഥാന പ്രവർത്തനങ്ങൾക്ക് പുറമെ, സമഗ്രമായ ഒരു മൾട്ടിമീഡിയ ബോധവൽക്കരണ തന്ത്രവും ഇതിലുണ്ടാകും. #NashaMuktBharat എന്ന ഹാഷ്‌ടാഗിന് കീഴിൽ സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമ ഇടപെടലുകൾ ഈ കാമ്പെയ്ൻ പ്രയോജനപ്പെടുത്തും. രാജ്യവ്യാപകമായി നടക്കുന്ന ഇ-പ്രതിജ്ഞയിൽ പങ്കാളികളാകാനും,   https://nmba.dosje.gov.in/volunteer/registration    എന്ന ലിങ്ക് വഴിയോ ചുവടെയുള്ള ക്യു.ആർ  കോഡ് സ്കാൻ ചെയ്തോ 'നശാ മുക്തി മിത്ര' ആകാനും എല്ലാ പൗരന്മാരെയും പ്രോത്സാഹിപ്പിക്കുന്നു. ആരോഗ്യമുള്ളതും, അവബോധമുള്ളതും, ശാക്തീകരിക്കപ്പെട്ടവരുമായ പൗരന്മാരിലൂടെ കെട്ടിപ്പടുക്കുന്ന ഒരു വികസിത ഇന്ത്യയെന്ന ദർശനത്തിന് ഇത് കൂടുതൽ കരുത്തുപകരും.
 
 


***


(रिलीज़ आईडी: 2273809) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Tamil , English , Urdu , हिन्दी , Telugu , Kannada