പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ റോഡ്മാപ്പ് 2030

प्रविष्टि तिथि: 15 JUN 2026 5:42AM by PIB Thiruvananthpuram

2026 ഫെബ്രുവരി 17-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഒരു "പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം" എന്ന നിലയിലേക്ക് ഉയർത്തുകയും, 'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷം 2026' സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കൃത്രിമബുദ്ധി (AI), നവീകരണം , ഗവേഷണം, സാങ്കേതികവിദ്യ, ഡിജിറ്റൽ സാങ്കേതികവിദ്യയും സൈബർ ഇടവും, ആരോഗ്യം, സംസ്കാരം, സാമ്പത്തികം, വിദ്യാഭ്യാസ ബന്ധങ്ങൾ, ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സമ്പർക്കം തുടങ്ങിയ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും ഇരു നേതാക്കളും ആഹ്വാനം ചെയ്തു.

'ഹൊറൈസൺ 2047 റോഡ്മാപ്പും' ഇരുരാജ്യങ്ങളുടെയും പങ്കിട്ട നവീകരണ യാത്രയും അടിസ്ഥാനമാക്കി, സാമ്പത്തിക പ്രതിരോധശേഷി, സുസ്ഥിര വികസനം, തന്ത്രപരമായ സ്വയംഭരണാധികാരം, സാങ്കേതികവും വ്യവസായപരവുമായ പരമാധികാരം എന്നിവയുടെ കേന്ദ്ര ചാലകശക്തിയായി നവീകരണത്തെ ഇന്ത്യയും ഫ്രാൻസും അംഗീകരിക്കുന്നു. ശക്തമായ ഒരു നവീകരണ പങ്കാളിത്തം ഇരുരാജ്യങ്ങളുടെയും പൂർണ്ണമായ ഇന്നൊവേഷൻ സാധ്യതകളെ പുറത്തെടുക്കാൻ സഹായിക്കുമെന്നും ആഗോള വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾക്ക് സംഭാവന നൽകുമെന്നും ഇരുപക്ഷവും സമ്മതിക്കുന്നു.

ഇന്ത്യയുടെ 'വികസിത് ഭാരത് 2047' എന്ന കാഴ്ചപ്പാടും ഫ്രാൻസിന്റെ 'ഫ്രാൻസ് 2030'  എന്ന ലക്ഷ്യവും ഭാവി ലക്ഷ്യമാക്കിയുള്ള ഒരു ഇന്നൊവേഷൻ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും, വിപ്ലവകരമായ നവീകരണങ്ങളിൽ പുതിയ നിക്ഷേപ അവസരങ്ങൾ ഒരുക്കുന്നതിനും ശക്തമായ യോജിപ്പുകൾ നൽകുന്നുണ്ടെന്ന് ഇരുപക്ഷവും അംഗീകരിക്കുന്നു. അതിനാൽ, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ സഹ-വികസനം പ്രോത്സാഹിപ്പിക്കുന്നതിനും, വിശ്വസനീയമായ സാങ്കേതിക ആവാസവ്യവസ്ഥകൾ ശക്തിപ്പെടുത്തുന്നതിനും, അക്കാദമിക്-ഗവേഷണ രംഗങ്ങളിലെ പരസ്പര കൈമാറ്റം ആഴത്തിലാക്കുന്നതിനും, ജനങ്ങൾക്കും ഭൂമിക്കും പങ്കിട്ട സമൃദ്ധിക്കും വേണ്ടി വ്യക്തമായ ഫലങ്ങൾ നൽകുന്നതിനുമുള്ള തങ്ങളുടെ കൂട്ടായ ശ്രമങ്ങൾക്ക് വഴികാട്ടുന്ന ഒരു ചട്ടക്കൂടായി ഇന്ത്യയും ഫ്രാൻസും 'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ റോഡ്മാപ്പ് 2030'  അംഗീകരിക്കുന്നു.

റോഡ്മാപ്പിൽ താഴെ പറയുന്ന പ്രധാന ഘടകങ്ങൾ ഉൾപ്പെടുന്നു:

 

I. 'വിശ്വസനീയമായ കൃത്രിമബുദ്ധി'  - ഇന്നൊവേഷൻ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭം :

 

2025 ഫെബ്രുവരിയിലെ കൃത്രിമബുദ്ധി സംബന്ധിച്ച ഇന്ത്യ-ഫ്രാൻസ് പ്രഖ്യാപനത്തിന്റെയും, 2025-ലും 2026-ലും യഥാക്രമം ഫ്രാൻസും ഇന്ത്യയും ആതിഥേയത്വം വഹിച്ച 'എഐ ആക്ഷൻ ആൻഡ് ഇംപാക്ട്ഉച്ചകോടികളുടെയും അടിസ്ഥാനത്തിൽ, 'വിശ്വസനീയമായ കൃത്രിമബുദ്ധിതങ്ങളുടെ ഇന്നൊവേഷൻ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമാക്കി മാറ്റാൻ ഇരുരാജ്യങ്ങളും സമ്മതിക്കുന്നു.

 

# സുരക്ഷിതവും ഭദ്രവും വിശ്വസനീയവുമായ AI സംവിധാനങ്ങൾ:

 

ജനാധിപത്യ മൂല്യങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും അനുസൃതമായതും, വിവേചനം  തെറ്റായ വിവരങ്ങളുടെ  പ്രചാരണം എന്നിവ  തടയുന്നതുമായ, സുരക്ഷിതവും ഭദ്രവും വിശ്വസനീയവുമായ AI സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുപക്ഷവും ഒരുമിച്ച് പ്രവർത്തിക്കും. കൂടാതെ, സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ടയെ (ഇവർ പിന്തുണയ്ക്കുകയും ചെയ്യും. നവീകരണവും ദേശീയ വികസനവും തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം തന്നെ, ഫ്രോണ്ടിയർ (frontier), ജനറേറ്റീവ് (generative) മോഡലുകൾ ഉൾപ്പെടെയുള്ളവയ്ക്കായി, പരസ്പരം പൊരുത്തപ്പെടുന്നതും  അപകടസാധ്യതകളെ അടിസ്ഥാനമാക്കിയുള്ളതുമായ  AI ഭരണസംവിധാന രീതികൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് നിയന്ത്രണ ഏജൻസികൾ , മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സ്ഥാപനങ്ങൾ, സാങ്കേതിക വിദഗ്ധർ എന്നിവർ തമ്മിലുള്ള സഹകരണം അവർ പ്രോത്സാഹിപ്പിക്കും.

 

# എഐ (AI) പങ്കാളിത്തത്തിന്റെ മുൻഗണനാ വിഷയമായി ഓൺലൈൻ ഉപയോക്താക്കളായ  കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സഹകരണം:

 

ഡിജിറ്റൽ അന്തരീക്ഷത്തിൽ എഐ അടിസ്ഥാനമാക്കിയുള്ള  സേവനങ്ങൾ ദുർബല വിഭാഗങ്ങൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് ഉണ്ടാക്കുന്ന കടുത്ത അപകടസാധ്യതകൾ തിരിച്ചറിഞ്ഞ്, തങ്ങളുടെ എഐ പങ്കാളിത്തത്തിന്റെ ഒരു മുൻഗണനാ വിഷയമായി ഓൺലൈൻ ഉപയോക്താക്കളായ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഫ്രാൻസും സമ്മതിക്കുന്നു. 'എഐ ഇംപാക്ട് ഉച്ചകോടി 2026'- രൂപീകരിച്ച 'എഐ, കുട്ടികളുടെ സുരക്ഷ' എന്നിവ സംബന്ധിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തലുകളുടെയും, ഓൺലൈൻ ഉപയോക്താക്കളായ  കുട്ടികളുടെ സുരക്ഷയ്ക്കായി ഇന്ത്യ രൂപീകരിച്ചു വരുന്ന സാങ്കേതിക-നിയമപരമായ ചട്ടക്കൂടിന്റെയും  അടിസ്ഥാനത്തിൽ, ഇരുരാജ്യങ്ങളും നിലവിലുള്ള തങ്ങളുടെ പദ്ധതികൾക്കിടയിൽ കൃത്യമായ യോജിപ്പുകൾ വികസിപ്പിച്ചെടുക്കും. സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള പ്രായം ഉറപ്പുവരുത്തൽ, നിർമ്മാണ ഘട്ടത്തിൽത്തന്നെ സുരക്ഷ മുൻനിർത്തിയുള്ള രൂപകൽപ്പനകൾ , കുട്ടികളുമായി നേരിട്ട് ബന്ധപ്പെടുന്ന എഐ സംവിധാനങ്ങൾക്കായി ഫലപ്രാപ്തിയെ അടിസ്ഥാനമാക്കിയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

 

# സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള ഡാറ്റാ പങ്കിടൽ ചട്ടക്കൂടുകളുടെ പ്രാധാന്യം:

 

മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതോടൊപ്പം തന്നെ, എഐയുടെയും (AI) ഡാറ്റാധിഷ്ഠിത നവീകരണങ്ങളുടെയും പൂർണ്ണമായ സാധ്യതകൾ പുറത്തെടുക്കുന്നതിന് സ്വകാര്യത സംരക്ഷിച്ചുകൊണ്ടുള്ള ഡാറ്റാ പങ്കിടൽ ചട്ടക്കൂടുകൾക്ക്  കേന്ദ്രസ്ഥാനമുണ്ടെന്ന് ഇന്ത്യയും ഫ്രാൻസും അംഗീകരിക്കുന്നു. ഇന്ത്യയുടെ 'ഡാറ്റാ എംപവർമെന്റ് ആൻഡ് പ്രൊട്ടക്ഷൻ ആർക്കിടെക്ചറും' (DEPA), വിശ്വസനീയമായ ഡാറ്റാ സ്പേസുകളിലും ഹെൽത്ത് ഡാറ്റാ പ്ലാറ്റ്ഫോമുകളിലും ഫ്രാൻസ് നടത്തുന്ന സ്വന്തം പ്രവർത്തനങ്ങളും പരസ്പര പൂരകങ്ങളായ കരുത്ത് നൽകുന്നവയാണ്. ഇവ ഗവേഷണം, ആരോഗ്യ സംരക്ഷണം, പൊതു സേവനങ്ങൾ എന്നിവയ്ക്കായി സുരക്ഷിതവും ഉപയോക്താവിന്റെ സമ്മതത്തോടെയുള്ളതുമായ ഡാറ്റാ കൈമാറ്റങ്ങളെ പിന്തുണയ്ക്കും.

 

II. അക്കാദമിക് കൈമാറ്റത്തിലൂടെ  ജനങ്ങൾ തമ്മിലുള്ള മെച്ചപ്പെട്ട സഹകരണത്തിനായുള്ള പങ്കാളിത്തം:

 

'ഹൊറൈസൺ 2047' ചട്ടക്കൂടിന് കീഴിലുള്ള പങ്കിട്ട ലക്ഷ്യങ്ങൾക്ക് അനുസൃതമായി, സ്റ്റെം (STEM - സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ്) വിദ്യാഭ്യാസം, ഗവേഷണ പങ്കാളിത്തം, പ്രതിഭകളുടെ കൈമാറ്റം, സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയിലെ നിക്ഷേപങ്ങൾ ആഗോള വെല്ലുവിളികളെ നേരിടാൻ ഭാവി തലമുറയെ സജ്ജമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് ഇരുപക്ഷവും അംഗീകരിക്കുന്നു. ഇക്കാര്യത്തിൽ, 2030-ഓടെ 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ സ്വീകരിക്കുക എന്ന ഫ്രാൻസിന്റെ ലക്ഷ്യത്തിന്റെ പ്രാധാന്യം ഇരുപക്ഷവും അംഗീകരിക്കുകയും, ഉഭയകക്ഷി പങ്കാളിത്തത്തിന്റെ അടിത്തറയെന്ന നിലയിൽ ജനങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്യുന്നു. പശ്ചാത്തലത്തിൽ, ഇരുപക്ഷവും താഴെ പറയുന്ന സംരംഭങ്ങളെ സ്വാഗതം ചെയ്യുന്നു:

 

# യോഗ്യതകളുടെ പരസ്പര അംഗീകാരം (Mutual Recognition of Qualifications - MRQ):

 

ദീർഘകാല നവീകരണ പങ്കാളിത്തം നിലനിർത്തുന്നതിൽ അക്കാദമിക് സംയോജനത്തിനും പ്രവേശനക്ഷമതയ്ക്കും  ഉള്ള പ്രധാന പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, ഉന്നതവിദ്യാഭ്യാസത്തിന്റെയും പ്രൊഫഷണൽ യോഗ്യതകളുടെയും പരസ്പര അംഗീകാരത്തിനായുള്ള ചട്ടക്കൂടുകൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരുപക്ഷവും ആവർത്തിച്ച് വ്യക്തമാക്കുന്നു. 2018- ഇന്ത്യയുമായി യോഗ്യതകളുടെ പരസ്പര അംഗീകാര കരാറിൽ (MRQ) ഒപ്പിട്ട ആദ്യ രാജ്യമാണ് ഫ്രാൻസ് എന്ന കാര്യം അനുസ്മരിച്ചുകൊണ്ട്, കൂടുതൽ അക്കാദമിക് വിഷയങ്ങളെയും നിയന്ത്രിത തൊഴിലുകളെയും വളർന്നുവരുന്ന സാങ്കേതിക മേഖലകളെയും ഉൾപ്പെടുത്തിക്കൊണ്ട് വിപുലീകരിച്ചതും പുതുക്കിയതുമായ ഒരു ചട്ടക്കൂടിനായി പ്രവർത്തിക്കാനുള്ള തങ്ങളുടെ താൽപ്പര്യം ഇരുപക്ഷവും പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള സഹകരണം മെച്ചപ്പെട്ട അക്കാദമിക് പ്രവേശനക്ഷമതയെ പിന്തുണയ്ക്കുകയും, ഇരട്ട ബിരുദ പ്രോഗ്രാമുകൾ , ഡോക്ടറൽ കോ-സൂപ്പർവിഷൻ ക്രമീകരണങ്ങൾ എന്നിവ സുഗമമാക്കുകയും ചെയ്യും. കൂടാതെ, ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ദീർഘകാല പ്രതിഭ-അറിവ് പങ്കാളിത്തം  ശക്തിപ്പെടുത്തുന്നതിന് ഇത് കാര്യമായ സംഭാവന നൽകുകയും ചെയ്യും.

 

# കൂടാതെ, വിദ്യാർത്ഥി കൈമാറ്റങ്ങളിലൂടെയും ഗവേഷണ സഹകരണത്തിലൂടെയും അക്കാദമിക് പ്രവേശനക്ഷമതയ്ക്കായി  ഒരുമിച്ച് പ്രവർത്തിക്കാൻ ഇന്ത്യയിലെയും ഫ്രാൻസിലെയും നിരവധി സ്ഥാപനങ്ങൾ സമ്മതിച്ചിട്ടുണ്ട്.

[ഇതുമായി ബന്ധപ്പെട്ട ധാരണാപത്രങ്ങളുടെ (MoUs) പട്ടിക അനുബന്ധത്തിൽ നൽകിയിരിക്കുന്നു].

 

III. വ്യവസായ-അക്കാദമിക് ബന്ധങ്ങളിലൂടെ സാങ്കേതിക പരമാധികാരത്തിനും നവീകരണാധിഷ്ഠിത വളർച്ചയ്ക്കുമായുള്ള പങ്കാളിത്തം:

 

നവീകരണാധിഷ്ഠിത വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനും തന്ത്രപ്രധാന മേഖലകളിൽ സുരക്ഷിതവും വിശ്വസനീയവുമായ വിതരണ ശൃംഖലകൾ കെട്ടിപ്പടുക്കുന്നതിനും ഗവൺമെന്റുകൾ, വ്യവസായങ്ങൾ, സ്റ്റാർട്ടപ്പുകൾ, സർവ്വകലാശാലകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ തമ്മിലുള്ള അടുത്ത സഹകരണം അത്യാവശ്യമാണെന്ന് ഇരുരാജ്യങ്ങളും അംഗീകരിക്കുന്നു. പശ്ചാത്തലത്തിൽ, ഇരുപക്ഷവും താഴെ പറയുന്ന കാര്യങ്ങൾ തിരിച്ചറിയുന്നു:

 

# ഇന്തോ-ഫ്രഞ്ച് സെന്റർ ഫോർ ദി പ്രൊമോഷൻ ഓഫ് അഡ്വാൻസ്ഡ് റിസർച്ചിന്റെ (CEFIPRA) പ്രാധാന്യം:

 

ഉഭയകക്ഷി ശാസ്ത്ര സഹകരണത്തിന്റെ മുൻനിര സംവിധാനമായ CEFIPRA-യുടെ കേന്ദ്രസ്ഥാനം ഇരുരാജ്യങ്ങളും അംഗീകരിക്കുന്നു. നവീകരണം , തന്ത്രപരമായി പ്രാധാന്യമുള്ള സാങ്കേതികവിദ്യകളുടെ സഹ-വികസനം , അവയുടെ വിപുലീകരണം എന്നിവയിലായിരിക്കും ഇതിലൂടെ ഇനി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

 

# ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ നെറ്റ്വർക്കിന്റെ (IFIN) പ്രാധാന്യം:

 

'ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷ'ത്തിന്റെ ഒരു പ്രധാന നേട്ടമെന്ന നിലയിലും, ഇരുരാജ്യങ്ങളുടെയും ഇന്നൊവേഷൻ ആവാസവ്യവസ്ഥകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ശക്തമായ ഒരു മാർഗ്ഗമെന്ന നിലയിലും IFIN-ന്റെ പ്രാധാന്യത്തെ ഇരുപക്ഷവും തിരിച്ചറിയുന്നു. IFIN-ന്റെ മികച്ച ഭരണസംവിധാനം ഉറപ്പാക്കുന്നതിനായി ഒരു സംയുക്ത ഇന്തോ-ഫ്രഞ്ച് സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കുന്നതുൾപ്പെടെയുള്ള നടപടികളിലൂടെ, ഇതിന്റെ ദീർഘകാല പ്രവർത്തനക്ഷമതയ്ക്ക് സംഭാവന നൽകാൻ ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്.

 

# ബയോമെഡിക്കൽ രംഗത്തെയും ആരോഗ്യ നവീകരണ മേഖലയിലെയും സഹകരണത്തെ പിന്തുണയ്ക്കുന്ന നിലവിലുള്ളൊരു വേദിയെന്ന നിലയിൽ 'ഫ്രാങ്കോ-ഇന്ത്യൻ കാമ്പസ് ഇൻ ലൈഫ് സയൻസസ് ഫോർ ഹെൽത്ത്' (FIC-LSH) എന്ന സംരംഭത്തിന്റെ പ്രസക്തി:

 

ആരോഗ്യ മേഖലയിലെ ഉഭയകക്ഷി ഗവേഷണം, അക്കാദമിക് സഹകരണം, ഇന്നൊവേഷൻ പങ്കാളിത്തം എന്നിവയിലേക്കുള്ള സ്ഥാപനത്തിന്റെ സംഭാവനകൾ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ചകൾ തുടരാൻ ഇരുപക്ഷവും താൽപ്പര്യം പ്രകടിപ്പിക്കുന്നു.

 

ഗവേഷണ ലബോറട്ടറികളിലേക്കുള്ള പരസ്പര പ്രവേശനം , CEFIPRA, ജോയിന്റ് സയൻസ് ആൻഡ് ടെക്നോളജി കമ്മിറ്റി, സ്റ്റേഷൻ-എഫിലെ (Station-F) സ്റ്റാർട്ടപ്പ് സഹകരണം, FRIND-X, കൂടാതെ ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ നെറ്റ്വർക്കിന്റെ സമാരംഭം എന്നിവയിലൂടെ തങ്ങളുടെ സാങ്കേതിക പരമാധികാരം സുരക്ഷിതമാക്കുന്നതിനും, അടുത്ത തലമുറയിലെ ഗവേഷകർക്കും സംരംഭകർക്കും ആഗോള വെല്ലുവിളികളെ സ്വതന്ത്രമായി നേരിടാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനും ഇരുരാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്.

 

കൂടാതെ, താഴെ പറയുന്ന സംരംഭങ്ങൾക്കും ഇരുപക്ഷവും സമ്മതം അറിയിച്ചു:

 

# വ്യോമയാന പരിശീലനത്തിനും കരിയറിനുമുള്ള ഫ്രാങ്കോ-ഇന്ത്യൻ കാമ്പസ് (Franco-Indian Campus for Aeronautics Training and Careers):

 

തന്ത്രപ്രധാനവും പ്രമുഖവുമായ വ്യോമയാന മേഖലയിലെ തങ്ങളുടെ പരിശീലന പരിപാടികൾ വികസിപ്പിക്കുന്നതിനും പങ്കിടുന്നതിനുമായി, ഇന്ത്യയുടെ കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവുമായി  സഹകരിച്ച് ഫ്രാൻസും ഇന്ത്യയും കാൺപൂരിൽ ഒരു വ്യോമയാന പരിശീലന കാമ്പസ് സ്ഥാപിക്കും.

 

# ഇന്ത്യ-ഫ്രാൻസ് ഇന്നോഎക്സ്ചേഞ്ച് ബ്രിഡ്ജ് (India–France InnoXchange Bridge):

 

ഇരുരാജ്യങ്ങൾക്കുമിടയിൽ ഒരു പ്രത്യേക ഗവേഷണ-സംരംഭകത്വ ഇടനാഴി സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഉഭയകക്ഷി സ്റ്റാർട്ടപ്പ്-ഇന്നൊവേഷൻ കൈമാറ്റ സംരംഭമെന്ന നിലയിൽ 'ഇന്ത്യ-ഫ്രാൻസ് ഇന്നോഎക്സ്ചേഞ്ച് ബ്രിഡ്ജി'ന്റെ സാധ്യതകളെ ഇരുപക്ഷവും അംഗീകരിക്കുന്നു. നിലവിലുള്ള ഉഭയകക്ഷി സംരംഭങ്ങളെ അടിസ്ഥാനമാക്കി, ഇന്നോഎക്സ്ചേഞ്ച് ബ്രിഡ്ജ് ഇരുരാജ്യങ്ങളിലെയും ഗവേഷണ ലബോറട്ടറികൾ, സാങ്കേതിക പ്ലാറ്റ്ഫോമുകൾ, ഇന്നൊവേഷൻ ക്ലസ്റ്ററുകൾ, നിക്ഷേപകർ, സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ എന്നിവയിലേക്ക് വ്യവസ്ഥാപിതവും പരസ്പരവുമായ പ്രവേശനം ഉറപ്പാക്കും. ഇത് സ്റ്റാർട്ടപ്പുകൾക്കും പുതുസംരംഭകർക്കും റിസർച്ച് റെസിഡൻസികൾ, സംയുക്ത ഇന്നൊവേഷൻ ഇമ്മേർഷൻ പരിപാടികൾ, സഹകരണ പ്രോഗ്രാമുകൾ എന്നിവ നടത്തുന്നതിനും ഇരുരാജ്യങ്ങളുടെയും അധികാരപരിധിയിൽ സുഗമമായി പ്രവർത്തനം ആരംഭിക്കുന്നതിനും  സഹായകരമാകും.

 

# നവീകരണം, തൊഴിലവസരങ്ങൾ, ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ചെറുകിട-ഇടത്തരം സംരംഭങ്ങൾ വഹിക്കുന്ന സുപ്രധാന പങ്ക് അംഗീകരിച്ചുകൊണ്ട്, ഇരുരാജ്യങ്ങളിലെയും SME ആവാസവ്യവസ്ഥകൾ തമ്മിലുള്ള കൂടുതൽ ആശയവിനിമയങ്ങൾക്കുള്ള വഴികൾ ആരായുന്നതിന് ഇരുപക്ഷവും താൽപ്പര്യപ്പെടുന്നു.

 

# ഗവൺമെന്റ് തലത്തിലും അതോടൊപ്പം തന്നെ ഫ്രഞ്ച്, ഇന്ത്യൻ സ്വകാര്യ ബഹിരാകാശ ആവാസവ്യവസ്ഥകൾക്കിടയിലും നിലവിലുള്ള ശക്തമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഫ്രാൻസും ഇന്ത്യയും പ്രതിജ്ഞാബദ്ധരായി തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയും ഫ്രാൻസും ഒരേ ആഴ്ചയിൽ രണ്ട് അന്താരാഷ്ട്ര ബഹിരാകാശ പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും: സെപ്റ്റംബർ 7 മുതൽ 9 വരെ ബെംഗളൂരുവിൽ നടക്കുന്ന 'ബെംഗളൂരു സ്പേസ് എക്സ്പോ' (BSX), സെപ്റ്റംബർ 9, 10 തീയതികളിൽ പാരീസിൽ നടക്കുന്ന 'ഇന്റർനാഷണൽ സ്പേസ് സമ്മിറ്റ്' എന്നിവയാണവ. ഭൂനിരീക്ഷണം , മനുഷ്യന്റെ ബഹിരാകാശ പര്യവേക്ഷണം എന്നീ മേഖലകളിൽ ഉഭയകക്ഷി ബഹിരാകാശ സഹകരണം ആഴത്തിലാക്കുന്നതിനുള്ള വ്യവസ്ഥാപിതമായ ഒരു പൊതു ലക്ഷ്യത്തിന് പ്രധാന പരിപാടികൾ അടിത്തറയിടും. ഫ്രാൻസിന്റെ 'സീറോ-ജി' ശേഷിയുമായും വൈദഗ്ധ്യവുമായും ബന്ധപ്പെട്ട സംയുക്ത പ്രവർത്തനങ്ങളും, താഴ്ന്ന ഭ്രമണപഥത്തിൽ ഇന്ത്യ വിഭാവനം ചെയ്യുന്ന ഭാവി ബഹിരാകാശ നിലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഫ്രഞ്ച്-ഇന്ത്യൻ ബഹിരാകാശ ആവാസവ്യവസ്ഥകളെ പരസ്പരം ഒന്നിപ്പിക്കുന്നതിനും ഇത് സഹായിക്കും.

 

IV. ആരോഗ്യരംഗത്തെ ആഗോള വെല്ലുവിളികൾക്കായി എഐ (AI), ഗവേഷണാധിഷ്ഠിത പരിഹാരങ്ങൾ എന്നിവ കെട്ടിപ്പടുക്കുന്നതിനുള്ള പങ്കാളിത്തം:

 

# ഉപയോക്താവിന്റെ സമ്മതത്തോടെയുള്ള ഡാറ്റാ പങ്കിടൽ :

 

ഇന്ത്യയുടെ ഐസിഎംആറും (ICMR) ഫ്രാൻസിന്റെ ഹെൽത്ത് ഡാറ്റാ ഹബ്ബും (HDH) ഉൾപ്പെടുന്ന പൈലറ്റ് പ്രോജക്റ്റ് പോലുള്ള നിലവിലുള്ള സഹകരണങ്ങളെ അടിസ്ഥാനമാക്കി, ഇരുപക്ഷവും ദേശീയ നിയമ ചട്ടക്കൂടുകൾക്ക് അനുസൃതമായി, സുരക്ഷിതമായ ഡാറ്റാ പങ്കിടലിനായി ഉപയോക്താവിന്റെ സമ്മതത്തോടെയുള്ള ആർക്കിടെക്ചറുകളിൽ പ്രവർത്തിക്കും. ഇവ ആവശ്യാനുസരണം വിപുലീകരിക്കാനും, മറ്റ് മേഖലകളിലേക്ക് മാറ്റിയെടുക്കാനും, ഗ്ലോബൽ സൗത്ത്  ഉൾപ്പെടെയുള്ള താൽപ്പര്യമുള്ള പങ്കാളികളുമായി പങ്കിടാനും സാധിക്കുന്നവയായിരിക്കും. എഐ നവീകരണത്തിനും പൊതുതാത്പര്യമുള്ള ഗവേഷണങ്ങൾക്കും അടിത്തറയിടുന്നതും, പരസ്പരം പൊരുത്തപ്പെടുന്നതും, അവകാശങ്ങൾ സംരക്ഷിക്കുന്നതുമായ ഡാറ്റാ ഇൻഫ്രാസ്ട്രക്ചറുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇന്ത്യയും ഫ്രാൻസും തങ്ങളുടെ ഡാറ്റാ ഇടനിലക്കാർ , സാങ്കേതിക മാനദണ്ഡങ്ങൾ നിശ്ചയിക്കുന്ന സ്ഥാപനങ്ങൾ, നിയന്ത്രണ ഏജൻസികൾ എന്നിവർ തമ്മിലുള്ള സംയുക്ത പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കും.

 

പരസ്പര വിശ്വാസം, പങ്കിട്ട ജനാധിപത്യ മൂല്യങ്ങൾ, തന്ത്രപരമായ സ്വയംഭരണാധികാരം, കൂടാതെ വിശ്വസനീയവും തുറന്നതും ഉൾക്കൊള്ളുന്നതും മനുഷ്യകേന്ദ്രീകൃതവുമായ നവീകരണത്തോടുള്ള പൊതുവായ പ്രതിബദ്ധത എന്നിവയാൽ നയിക്കപ്പെടുന്ന ഒരു പങ്കാളിത്തമെന്ന നിലയിൽ ഇന്ത്യയും ഫ്രാൻസും റോഡ്മാപ്പുമായി മുന്നോട്ട് പോകും.

 

ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ റോഡ്മാപ്പ് 2030-ന്റെ അനുബന്ധം (ANNEX)

 

 

 

 

കരാറുകൾ

 

      1

 

ഐഐടി ബോംബെയും ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് പോളിടെക്നികെ പാരീസും (IPP) തമ്മിൽ: പ്രായോഗിക ഗവേഷണം/വിവർത്തനം, ഇൻകുബേഷൻ, ആക്സിലറേഷൻ എന്നിവയിലെ സഹകരണം കൂട്ടിച്ചേർക്കുന്നതിനായി നിലവിലുള്ള ധാരണാപത്രത്തിൽ വരുത്തിയ ഭേദഗതി.

      2

 

ഐഐടി ബോംബെയും ഫ്രാൻസിലെ പാരീസ്-സാക്ലെ സർവകലാശാലയും തമ്മിൽ: പ്രായോഗിക ഗവേഷണം/വിവർത്തനം (translation), ഇൻകുബേഷൻ, ആക്സിലറേഷൻ എന്നിവയിലെ സഹകരണം കൂട്ടിച്ചേർക്കുന്നതിനായി നിലവിലുള്ള ധാരണാപത്രത്തിൽ വരുത്തിയ ഭേദഗതി.

      3

 

ഐഐടി ബോംബെയും ഫ്രാൻസിലെ നിസിലുള്ള യൂണിവേഴ്സിറ്റി കോട്ടേ   അസൂറും (Université Côte d’Azur) തമ്മിൽ: അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർ, വിവിധ വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവർ തമ്മിലുള്ള സഹകരണം.

 

      4

 

ഐഐടി ഡൽഹിയും ഫ്രാൻസിലെ ഇൻസ്റ്റിറ്റ്യൂട്ട് മീൻ -ടെലികോമും തമ്മിൽ: വിദ്യാഭ്യാസം, ഗവേഷണം എന്നിവയിലെ അക്കാദമിക്-ശാസ്ത്രീയ കൈമാറ്റവും സഹകരണവും.

      5

 

ഐഐടി ഡൽഹി, ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (FITT), ഫ്രാൻസിലെ റാസിൻ   ഫ്രാൻസ് എന്നിവർ തമ്മിൽ: പ്രത്യേകിച്ച് ഊർജ്ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നീ മേഖലകളിലെ നവീകരണ-സംരംഭകത്വ പങ്കാളിത്തം.

 

      6

 

ഐഐടി ഡൽഹി, ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ ആൻഡ് ടെക്നോളജി ട്രാൻസ്ഫർ (FITT), ഫ്രാൻസിലെ ഡിഡിഐ (Descartes Développement & Innovation) ഇൻകുബേറ്റർ എന്നിവർ തമ്മിൽ: ഊർജ്ജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ള നവീകരണ-സംരംഭകത്വ പങ്കാളിത്തം.

      7

 

ഐഐടി ഡൽഹി, ഫൗണ്ടേഷൻ ഫോർ ഇന്നൊവേഷൻ, ജി2 വെഞ്ച്വർ മാനേജ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (ഫ്രഞ്ച് സ്ഥാപനമായ എസ്സി കോൺസീൽ പ്രതിനിധീകരിക്കുന്നത്) എന്നിവർ തമ്മിൽ: ആഗോള വെല്ലുവിളികളെ നേരിടുന്നതിനും ഗവേഷണങ്ങളെ വിപണിക്ക് അനുയോജ്യമായ ഉൽപ്പന്നങ്ങളും പരിഹാരങ്ങളുമാക്കി മാറ്റുന്നത് വേഗത്തിലാക്കുന്നതിനുമുള്ള നവീകരണ-സംരംഭകത്വ പങ്കാളിത്തം.

      8

 

ഐഐടി ഗാന്ധിനഗറും ഫ്രാൻസിലെ കോമുതോ  എസ്എ / ബ്ലബ്ലാകാറും (BlaBlaCar) തമ്മിൽ: ഗതാഗതക്ഷമത , എഐ (AI), ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സുസ്ഥിരത, സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ സംവിധാനങ്ങൾ, ഇന്നൊവേഷൻ ആവാസവ്യവസ്ഥകൾ എന്നിവയിൽ അക്കാദമിക്, നവീകരണ, സംരംഭകത്വ, ഗവേഷണ സഹകരണത്തിനുള്ള സാധ്യതകൾ തേടുന്നതിനുള്ള താത്പര്യപത്രം

      9

 

ഐഐടി തിരുപ്പതിയും ഫ്രാൻസിലെ സഫ്രാൻ ഇലക്ട്രോണിക്സ് ആൻഡ് ഡിഫൻസും തമ്മിൽ: ഇന്ത്യയിൽ ഒരു ദേശീയ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പൊസിഷനിംഗ്, നാവിഗേഷൻ, ടൈമിംഗ് (PNT) മേഖലയിലെ തന്ത്രപരമായ അക്കാദമിക്-വ്യവസായ പങ്കാളിത്തം.

      10

 

ഐഐടികൾ, ഐഐഎസ്സി (IISc), യുഡിഐസിഇ (UDICE) ശൃംഖലകൾ തമ്മിൽ: പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ അക്കാദമിക്, ശാസ്ത്രീയ, ഗവേഷണ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള താത്പര്യ പ്രഖ്യാപനം .

 

      11

 

ഐഐടി ഹൈദരാബാദ്, ക്രിംസൺ എനർജി എക്സ്പെർട്ട്സ്, ദസ്സാൾട്ട് സിസ്റ്റം എന്നിവർ തമ്മിൽ: 3D കമ്പ്യൂട്ടിംഗ് സംവിധാനങ്ങളിലെ സഹകരണത്തിനായുള്ള ധാരണാപത്രം.

       12

 

സൈറാൻ എഐ (CYRAN AI)-യും സഫ്രാൻ എയർക്രാഫ്റ്റ് എൻജിൻസും തമ്മിലുള്ള ധാരണാപത്രം.

 

       13

 

ഐഐടി മദ്രാസും യൂണിവേഴ്സിറ്റി ഡി ലിമോഗസും (UNILIM) തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റ കരാർ പുതുക്കൽ.

 

    

 

 

      14

 

ഐഐടി മദ്രാസും ഇഎസ്സിപി (ESCP) ബിസിനസ് സ്കൂളും തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റ കരാർ

       15

 

ഐഐടി മദ്രാസും ക്ലർമോൺ ഓവർഗ്നെ ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ പോ ളിടെക്നികേയും  (Clermont Auvergne INP) തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റ കരാർ.

     

       16

 

.ഐഐടി മദ്രാസും യൂണിവേഴ്സിറ്റി ഡി ടെക്നോളജി ഡി കോംപിയേഗ്നും (UTC) തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റ കരാർ.

      

       17

 

ഐഐടി മദ്രാസും സെൻട്രൽസുപെലെക് യൂണിവേഴ്സിറ്റി പാരീസ്-സാക്ലെയും തമ്മിലുള്ള വിദ്യാർത്ഥി കൈമാറ്റ കരാർ പുതുക്കൽ.

 

 

      18

 

ഫ്രാൻസിലെ യൂണിവേഴ്സിറ്റി ഗ്രെനോബിൾ ആൽപ്സും (UGA) ഇന്ത്യയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബെംഗളൂരുവും (IISc) തമ്മിലുള്ള ധാരണാപത്രം

 

       19

 

ഐഐടി മദ്രാസും എക്കോൾ നാഷണൽ സുപ്പീരിയർ ഡെസ് മൈൻസ് ഡി സെന്റ്-എറ്റീനും തമ്മിലുള്ള അക്കാദമിക് സഹകരണവും വിദ്യാർത്ഥി കൈമാറ്റ കരാറും.

***

SK

 


(रिलीज़ आईडी: 2273482) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Tamil , Telugu , Kannada