ആയുഷ്
'തലമുറകളുടനീളമുള്ള ആരോഗ്യം, അന്തസ്സ്, ക്ഷേമം എന്നിവയ്ക്കായുള്ള ഒരു ആഗോള ആഹ്വാനമാണ് ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ- കേന്ദ്രമന്ത്രി ശ്രീ. പ്രതാപ് റാവു ജാദവ്'
प्रविष्टि तिथि:
15 JUN 2026 3:56PM by PIB Thiruvananthpuram
പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനത്തിനായുള്ള (ഐ.ഡി.വൈ) പ്രാരംഭ പരിപാടി ഇന്ന് ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെൻ്ററിൽ കേന്ദ്ര ആയുഷ് മന്ത്രാലയം സംഘടിപ്പിച്ചു. 2026-ലെ അന്താരാഷ്ട്ര യോഗ ദിനാചരണം വരെ നീളുന്ന ദേശീയവും ആഗോളവുമായ ആഘോഷങ്ങൾക്ക് ഇത് ഔപചാരിക തുടക്കം കുറിച്ചു. ജൂൺ 21-ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പരിപാടിയോടെ ഇത് സമാപിക്കും.
കേന്ദ്ര ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊട്ടേച്ച, കേന്ദ്ര ആയുഷ് മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ശ്രീമതി മോണാലിസ ദഷ്, കേന്ദ്ര ആയുഷ് മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ശ്രീ. സത്യജിത് പോൾ, പ്രസ് ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ. ധീരേന്ദ്ര ഓജ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര ആയുഷ് മന്ത്രാലയ സഹമന്ത്രി(സ്വതന്ത്ര ചുമതല)യും ആരോഗ്യ-കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ. പ്രതാപ് റാവു ജാദവ് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്തു.
'ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള യോഗ' (സ്വസ്ഥ് ആയു കേലിയേ യോഗ) എന്ന ഐ.ഡി.വൈ 2006- ൻ്റെ പ്രമേയം, ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിലും അവസരങ്ങളിലും ഒന്നിനെയാണ് അഭിസംബോധന ചെയ്യുന്നതെന്ന് പത്രസമ്മേളനത്തിൽ സംസാരിക്കവെ ശ്രീ പ്രതാപ്റാവു ജാദവ് പറഞ്ഞു.
'ലോകമെമ്പാടും ആളുകൾ മുമ്പ് എന്നത്തേക്കാളും കൂടുതൽ കാലം ജീവിക്കുന്നു. എന്നിരുന്നാലും, ഈ അധിക വർഷങ്ങൾ ആരോഗ്യകരവും, സജീവവും, സ്വതന്ത്രവും, അർത്ഥപൂർണവുമാണെന്ന് ഉറപ്പാക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി. 'ശാരീരിക ആരോഗ്യം ശക്തിപ്പെടുത്തുന്നതിലൂടെയും, മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, മൊത്തത്തിലുള്ള ജീവിത നിലവാരം ഉയർത്തുന്നതിലൂടെയും ആരോഗ്യകരമായ വാർദ്ധക്യത്തിലേക്കുള്ള, കാലത്താൽ തെളിയിക്കപ്പെട്ടതും സമഗ്രവുമായ ഒരു മാർഗമാണ് യോഗ വാഗ്ദാനം ചെയ്യുന്നത്,' മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ കീഴിൽ ഇന്ത്യ നൽകിയ നിർദേശം 2014-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചതോടെ, യോഗ ഒരു ഇന്ത്യൻ പാരമ്പര്യമെന്നതിൽ നിന്നും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ഒരു ആഗോള പ്രസ്ഥാനമായി മാറിയെന്ന്, അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ആവിർഭാവഘട്ടം മുതലുള്ള ശ്രദ്ധേയമായ പ്രയാണത്തെക്കുറിച്ച് പരാമർശിക്കവേ ശ്രീ. ജാദവ് ചൂണ്ടിക്കാട്ടി.
'ഇന്ന്, യോഗ അതിരുകൾ, സംസ്‌കാരങ്ങൾ, ഭാഷകൾ എന്നിവ മറികടന്നു. ആരോഗ്യം, സൗഹാർദ്ദം, ക്ഷേമം എന്നിവയ്ക്കായി ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു കൂട്ടായ ആഗോള മുന്നേറ്റമായി ഇത് ഉയർന്നുവന്നിട്ടുണ്ട്,' മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസുമായി (ഐ.സി.സി.ആർ.) ഏകോപിപ്പിച്ച്, വിദേശത്തുള്ള 210 ലധികം ഇന്ത്യൻ എംബസികൾ ലോകമെമ്പാടുമുള്ള 2,500 ഓളം സ്ഥലങ്ങളിൽ അന്താരാഷ്ട്ര യോഗ ദിന പരിപാടികൾ സംഘടിപ്പിക്കുമെന്ന്, അന്താരാഷ്ട്ര തലത്തിൽ യോഗ പ്രസ്ഥാനത്തിൻ്റെ പ്രചാരണം വർദ്ധിച്ചുവരുന്നത് പരാമർശിച്ചുകൊണ്ട് മന്ത്രി അറിയിച്ചു.
'ഈ അഭൂതപൂർവമായ പങ്കാളിത്തം യോഗയുടെ സാർവത്രിക സ്വീകാര്യതയെയും സമൂഹങ്ങളിലുടനീളം സമകാലിക ആരോഗ്യ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിൽ അതിൻ്റെ പ്രസക്തിയെയും പ്രകടമാക്കുന്നു,' മന്ത്രി പറഞ്ഞു.
2026 ലെ അന്താരാഷ്ട്ര ദിനാചരണത്തിന് മുന്നോടിയായി കൈവരിച്ച ഒരു സുപ്രധാന നേട്ടവും പ്രഖ്യാപിച്ചു. ജൂൺ 14 ന് സംഘടിപ്പിച്ച രാജ്യവ്യാപകമായ പ്രത്യേക തത്സമയ യോഗ സെഷനെ പരാമർശിച്ച്, നാല് ലക്ഷത്തിലധികം പേർ ഒരേസമയം അതിൽ പങ്കെടുത്തതായും, ഇത് പുതിയൊരു ഗിന്നസ് ലോക റെക്കോർഡ് സൃഷ്ടിച്ചുവെന്നും ശ്രീ ജാദവ് അറിയിച്ചു.
'യോഗയോടുള്ള ജനങ്ങളുടെ അസാധാരണമായ ആവേശത്തെയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്, കൂടാതെ ഈ മുന്നേറ്റത്തിൽ പൊതുജനപങ്കാളിത്തം എല്ലാ വർഷവും പുതിയ ഉയരങ്ങളിലെത്തുന്നത് എങ്ങനെയെന്നും ഇത് തെളിയിക്കുന്നു,' മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും യോഗ പാരമ്പര്യങ്ങളും ഒരുമിച്ച് കൊണ്ടുവന്ന്, രാജ്യത്തുടനീളമുള്ള 100 പ്രധാന സ്ഥലങ്ങളിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന് ശ്രീ. ജാദവ് അറിയിച്ചു.
'ഈ സംരംഭം ക്ഷേമം, സംസ്‌കാരം, ദേശാഭിമാനം എന്നിവയുടെ സവിശേഷമായ ഒരു സംയോജനം സൃഷ്ടിക്കുകയും അന്താരാഷ്ട്ര യോഗ ദിനത്തെ തലമുറകളിലും ഭൂപ്രദേശങ്ങളിലുമുടനീളം പ്രതിധ്വനിക്കുന്ന ഒരു ആഘോഷമാക്കി മാറ്റുകയും ചെയ്യും,' മന്ത്രി പറഞ്ഞു.
2026 ലെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ പ്രധാന ദേശീയ ആഘോഷപരിപാടി ജൂൺ 21-ന് കൊൽക്കത്തയിലെ ചരിത്രപ്രസിദ്ധമായ റെഡ് റോഡിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. ന്യൂഡൽഹിയിലെ 100 ദിവസത്തെയും, മഹാരാഷ്ട്രയിലെ ലോണറിലെ 75 ദിവസത്തെയും, ഹൈദരാബാദിലെ കൻഹ ശാന്തി വനത്തിലെ 50 ദിവസത്തെയും, ഖജുരാഹോയിലെ 25 ദിവസത്തെയും കൗണ്ട്ഡൗൺ ആഘോഷ പരിപാടികൾ എന്നിവയുൾപ്പെടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടന്ന മുൻകൂർ പ്രചാരണ (കൗണ്ട്ഡൗൺ)പരിപാടികളുടെ വിജയകരമായ സംഘാടനത്തെയും അദ്ദേഹം എടുത്തുപറഞ്ഞു.
ജൂൺ 13 മുതൽ 20 വരെ നടക്കുന്ന 'ഗംഗോത്രി മുതൽ ഗംഗാസാഗർ വരെയുള്ള ഗംഗാതീര യോഗ യാത്ര' യെക്കുറിച്ച് ശ്രീ ജാദവ് കൂടുതൽ വിശദീകരിച്ചു. ഗംഗോത്രി, ഹരിദ്വാർ, വാരണാസി, പട്‌ന, ഹൂഗ്ലി, ഗംഗാസാഗർ എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ഈ സംരംഭം യോഗയെ പരിസ്ഥിതി സംരക്ഷണം, നദീ സംസ്‌കാരം, സമൂഹ പങ്കാളിത്തം എന്നിവയുമായി ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.
പ്രധാന പരിപാടിക്ക് മുന്നോടിയായി കൊൽക്കത്ത പ്രത്യേക പരിപാടികളുടെ ഒരു പരമ്പരയ്ക്ക് തന്ന് ആതിഥേയത്വം വഹിക്കുമെന്ന് മന്ത്രി അറിയിച്ചു. ജൂൺ 19 ന്, ശാരീരിക ക്ഷമതയ്ക്കും മാനസിക ക്ഷേമത്തിനും ഇടയിലുള്ള ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന 'ഓട്ടത്തിൽ നിന്ന് ധ്യാനത്തിലേക്ക്' (ദൗഡ് സേ ധ്യാൻ) പരിപാടിക്ക് നഗരം സാക്ഷ്യം വഹിക്കും. ജൂൺ 20 ന് 'വന്ദേ യോഗം' ഉൾപ്പെടെയുള്ള ആഘോഷങ്ങളും പശ്ചിമ ബംഗാൾ ദിനാചരണങ്ങളും യോഗ, ദേശസ്നേഹം, സാംസ്‌കാരിക പൈതൃകം എന്നിവയുടെ സമന്വയം എടുത്തുകാണിക്കും.
ആഘോഷങ്ങളിൽ സജീവമായി പങ്കെടുക്കാൻ പൗരന്മാരോട് ആഹ്വാനം ചെയ്തുകൊണ്ട് ശ്രീ ജാദവ് പറഞ്ഞു, ''മനുഷ്യരാശിക്ക് ഇന്ത്യ നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ് യോഗ. 2026 ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളിൽ പങ്കുചേരാനും, ആരോഗ്യകരവും സന്തോഷകരവും കൂടുതൽ സംതൃപ്തവുമായ ജീവിതത്തിനായി യോഗയെ ദൈനംദിന ചര്യയായി സ്വീകരിക്കാനും ഞാൻ എല്ലാ പ്രായപരിധിയിലുമുള്ള ആളുകളോട് അഭ്യർത്ഥിക്കുന്നു.''
നേരത്തെ, പി.ഐ.ബി. പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ശ്രീ. ധീരേന്ദ്ര ഓജ വിശിഷ്ട വ്യക്തികളെയും മാധ്യമപ്രവർത്തകരെയും സ്വാഗതം ചെയ്തു. കേന്ദ്ര ആയുഷ് മന്ത്രാലയത്തിലെ ജോയിൻ്റ് സെക്രട്ടറി ശ്രീമതി മോണാലിസ ദഷ്, 2026-ലെ അന്താരാഷ്ട്ര ദിനാചരണത്തിൻ്റെ പ്രമേയം, പ്രധാന സംരംഭങ്ങൾ, നിർവഹണ കാര്യനയം എന്നിവ പ്രതിപാദിക്കുന്ന വിശദമായ ഒരു അവതരണം നടത്തി. പരിപാടിയിൽ അന്താരാഷ്ട്ര യോഗ ദിനത്തെക്കുറിച്ചുള്ള ഒരു പ്രത്യേക ചലച്ചിത്രവും പ്രദർശിപ്പിച്ചു.
ആരോഗ്യകരമായ വാർദ്ധക്യം (സ്വസ്ഥ് ആയു), കൊൽക്കത്തയിൽ നടക്കുന്ന ദേശീയ പരിപാടിക്കുള്ള തയ്യാറെടുപ്പുകൾ, ആഗോള പങ്കാളിത്തം, ഗിന്നസ് ലോക റെക്കോർഡ് നേട്ടം, 2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന് മുന്നോടിയായി ആസൂത്രണം ചെയ്ത വിവിധ സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള മാധ്യമ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് ശ്രീ. പ്രതാപ്റാവു ജാദവ് മറുപടി നൽകിയ ഒരു സംവേദനാത്മക സെഷനോടെയാണ് പത്രസമ്മേളനം സമാപിച്ചത്.




*****
(रिलीज़ आईडी: 2273265)
आगंतुक पटल : 20