प्रविष्टि तिथि:
15 JUN 2026 4:45PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് റിപ്പബ്ലിക് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോയും ചേർന്ന് 'ഭാരത് ഇന്നൊവേറ്റ്സ് 2026' (Bharat Innovates 2026) പ്രഥമ പതിപ്പ് ഇന്നലെ ഫ്രാൻസിലെ പാലെയ്‌സ് ഡെസ് എക്‌സ്‌പോസിഷൻസ് ഡി നീസിൽ (Palais des Expositions de Nice) സംയുക്തമായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന ഈ ഉന്നതതല സംരംഭം, ഇന്ത്യയിലെ ഡീപ്-ടെക് (Deep Tech) ഇന്നൊവേറ്റർമാരും ആഗോള പങ്കാളികളും തമ്മിലുള്ള നൂതനാശയധിഷ്ഠിത പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മുൻനിര വേദിയായി പ്രവർത്തിക്കുന്നു.

ഇന്ത്യയുടെ അതിവേഗം വളരുന്ന നൂതനാശയ ആവാസവ്യവസ്ഥയെ ഉയർത്തിക്കാട്ടുന്ന ഭാരത് ഇന്നൊവേറ്റ്സ് 2026-ൽ 120 ഇന്ത്യൻ ഇന്നൊവേറ്റർമാർ, പതിനഞ്ചിലധികം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ (HEIs), ആഗോള സി.ഇ.ഒ.മാർ, വ്യവസായ പ്രമുഖർ, പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങൾ ഉൾപ്പെടെ 500-ലധികം ആഗോള പങ്കാളികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്. അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ്, സെമികണ്ടക്ടറുകൾ, ബഹിരാകാശ സാങ്കേതികവിദ്യ, ബയോടെക്നോളജി, ഊർജ്ജം, ആരോഗ്യ സംരക്ഷണം, നിർമാണം ഉൾപ്പെടെ 13 പ്രധാന മേഖലകളിലെ പുരോഗതിയാണ് ഈ പരിപാടിയിൽ പ്രദർശിപ്പിക്കുന്നത്.

ഭാരത് ഇന്നൊവേറ്റ്സ് 2026- ൻ്റെ ആദ്യ ദിനത്തിൽ അന്താരാഷ്ട്ര നൂതനാശയ ഇടനാഴികളും ഡീപ്-ടെക് പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിലൂന്നിയുള്ള മുഖ്യപ്രഭാഷണങ്ങൾ, തന്ത്രപരമായ സംവാദങ്ങൾ, ആഗോള വ്യവസായ ചർച്ചകൾ എന്നിവ അടങ്ങിയ വിപുലമായ പരിപാടികൾ നടന്നു. ഉച്ചകഴിഞ്ഞുള്ള സെഷനിൽ ഇൻഫോസിസ് സ്ഥാപകൻ ശ്രീ എൻ.ആർ. നാരായണമൂർത്തി മുഖ്യപ്രഭാഷണം നടത്തി. ആഗോളതലത്തിൽ മത്സരശേഷിയുള്ള സാങ്കേതികവിദ്യാ സംരംഭങ്ങൾ കെട്ടിപ്പടുക്കുന്നതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള പങ്കിനെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. കേവലം 250 യു.എസ്. ഡോളർ മൂലധനവുമായി ഒരു ആശയത്തിൽ നിന്ന് തുടങ്ങി ഇന്ന് ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന സാങ്കേതികവിദ്യാ സ്ഥാപനമായി മാറിയ ഇൻഫോസിസിൻ്റെ യാത്രയെ ഉദാഹരിച്ചുകൊണ്ട്, പരസ്പര പൂരകങ്ങളായ പ്രതിഭകൾ, പൊതു മൂല്യങ്ങൾ, നൂതനാശയങ്ങൾ, സുതാര്യമായ ഭരണം, വിശ്വാസം എന്നിവയിലൂടെയാണ് ദീർഘകാലം നിലനിൽക്കുന്ന സംരംഭങ്ങൾ കെട്ടിപ്പടുക്കപ്പെടുന്നത് എന്ന് അദ്ദേഹം എടുത്തു പറഞ്ഞു. അറിവിനെ നൂതനാശയങ്ങളായും , നൂതനാശയത്തെ സംരംഭമായും, സംരംഭത്തെ ദീർഘകാല സാമൂഹിക സ്വാധീനമായും മാറ്റാൻ കഴിയുന്ന മൂല്യാധിഷ്ഠിത സ്ഥാപകരെയും സാങ്കേതികവിദ്യാ പ്രതിഭകളെയും വാർത്തെടുക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾക്ക് നിർണായക പങ്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ-ആഗോള നൂതനാശയ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ധാരണാപത്രങ്ങളും (MoUs) സംയുക്ത പ്രഖ്യാപനങ്ങളും ഉൾപ്പെടെ മുപ്പതിലധികം പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചതായിരുന്നു ചടങ്ങിലെ പ്രധാന സവിശേഷത. ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും/ഇൻകുബേറ്ററുകളും ഫ്രഞ്ച്/ആഗോള ഇൻകുബേറ്ററുകളും തമ്മിൽ നൂതനാശയങ്ങൾ, സംരംഭകത്വം, ഗവേഷണ സഹകരണം, സ്റ്റാർട്ടപ്പ് പിന്തുണ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള 12 കരാറുകളും, ഇന്ത്യൻ ഉപജ്ഞാതാക്കൾക്ക് സാങ്കേതികവിദ്യാ വികസനം, വാണിജ്യവൽക്കരണം, വിപണി ലഭ്യത എന്നിവ സുഗമമാക്കുന്നതിനായി പ്രമുഖ ആഗോള കോർപ്പറേഷനുകളുമായുള്ള 16 കരാറുകളും ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ, വിദ്യാർത്ഥി കൈമാറ്റം (student exchanges), സംയുക്ത ഗവേഷണം, നൂതനാശയങ്ങൾക്കുള്ള പിന്തുണ, അക്കാദമിക സഹകരണം, പ്രതിഭാശേഷി വികസനം എന്നിവയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനായി 13 ഫ്രഞ്ച് സർവ്വകലാശാലകൾ 11 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളുമായും (IITs), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസുമായും (IISc) പങ്കാളിത്ത കരാറുകളിൽ ഒപ്പുവെച്ചു. അതോടൊപ്പം, അടൽ ഇന്നൊവേഷൻ മിഷൻ (NITI Aayog), ലാ ഫൗണ്ടേഷൻ ഡാസോ സിസ്റ്റംസ് (La Foundation Dassault Systèmes) എന്നിവർ ചേർന്ന് സ്ഥാപിച്ച 'ഇന്ത്യ-ഫ്രാൻസ് എ.ടി.എൽ. ബ്രിഡ്ജ്' (India-France ATL Bridge) വഴി ഇന്ത്യയുടെ അടൽ ടിങ്കറിംഗ് ലാബ് ഘടന ഫ്രാൻസിലേക്കും വ്യാപിപ്പിക്കും. ഇതിലൂടെ ഫ്രാൻസിലെ ആദ്യത്തെ സ്കൂൾ ഇന്നൊവേഷൻ ലാബ് സ്ഥാപിക്കുകയും ഇരുരാജ്യങ്ങളിലെയും യുവ വിദഗ്ധർ തമ്മിലുള്ള സഹകരണം സാധ്യമാക്കുകയും ചെയ്യും.
"ആഗോള നന്മയ്ക്കായി എ.ഐ: വിശ്വസനീയവും സമഗ്രവും വിപുലപ്പെടുത്താവുന്നതുമായ എ.ഐ പാതനിർമ്മിക്കൽ" എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വ്യവസായം, നിക്ഷേപം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയിലെ പ്രമുഖർ പങ്കെടുക്കുകയും ഉത്തരവാദിത്വമുള്ള നിർമ്മിത ബുദ്ധിക്കും പരമാധികാര സാങ്കേതികവിദ്യാ വികസനത്തിനുമുള്ള സഹകരണ സാധ്യതകൾ പര്യവേക്ഷണം ചെയ്യുകയും ചെയ്തു.
തുടർന്ന് "ഇന്ത്യയും യൂറോപ്പും: സീമാതീത ഡീപ് ടെക്" (India and Europe: Deep Tech Without Borders), "ഗ്ലോബൽ ഡീപ്-ടെക് ക്യാപിറ്റൽ കോറിഡോർസ്" എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു. അതിർത്തിക്കുപരിയായുള്ള നൂതനാശയങ്ങൾ, വെഞ്ചുർ ഫിനാൻസിംഗ്, വാണിജ്യവൽക്കരണ മാർഗ്ഗങ്ങൾ, വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കുള്ള ആഗോള വിപണി പ്രവേശനം എന്നിവയിൽ ഈ സെഷനുകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
"ആഗോള നന്മയ്ക്കായി എ.ഐ" എന്ന വിഷയത്തിൽ നടന്ന ഭാരത് ഇന്നൊവേറ്റ്സ് 2026 പ്ലീനറി സെഷനിൽ, വിശ്വസനീയവും ഉൾക്കൊള്ളുന്നതും വികസിപ്പിക്കാൻ കഴിയുന്നതുമായ ഒരു എ.ഐ പാത രൂപീകരിക്കാൻ ഇന്ത്യയിലെയും ഫ്രാൻസിലെയും വ്യവസായ-നയ രൂപകർത്താക്കൾ ആഹ്വാനം ചെയ്തു.
കുറഞ്ഞ ചെലവിലുള്ളതും പ്രാദേശികവൽക്കരിക്കപ്പെട്ടതുമായ എ.ഐ പരിഹാര മാർഗങ്ങളിലൂടെ ഇന്ത്യയുടെ കരുത്ത്, പരമാധികാര എ.ഐ, ശേഷി വികസനം , സാങ്കേതിക കുത്തകകൾക്ക് മേൽ ഓപ്പൺ സോഴ്സ് സഹകരണത്തിൻ്റെ ആവശ്യകത എന്നിവ ചർച്ചയിൽ എടുത്തുപറഞ്ഞു. അടിയുറച്ചതും ആഗോളതലത്തിൽ മത്സരശേഷിയുള്ളതുമായ ഒരു എ.ഐ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന് സംയുക്ത ഗവേഷണ വികസന പ്രവർത്തനങ്ങൾ (R&D), നിക്ഷേപ പങ്കാളിത്തം, വിപുലീകരിച്ച അന്താരാഷ്ട്ര സഖ്യം എന്നിവയുടെ ആവശ്യകത പ്രഭാഷകർ ഊന്നിപ്പറഞ്ഞു.
ഉന്നതതല പങ്കാളിത്തം, തന്ത്രപരമായ സംവാദങ്ങൾ, സഹകരണത്തിനുള്ള പുതിയ വഴികൾ എന്നിവയോടെ ഭാരത് ഇന്നൊവേറ്റ്സ് 2026-ന്റെ ഒന്നാം ദിവസം ഇന്നൊവേഷൻ മേഖലയിലുടനീളം ആഴത്തിലുള്ള ആഗോള ഇടപെടലുകൾക്ക് അടിത്തറയിട്ടു.
ഈ സംരംഭത്തെക്കുറിച്ചും പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.bharatinnovates.in