രാജ്യരക്ഷാ മന്ത്രാലയം
ചരിത്രനേട്ടം: നാഷണൽ ഡിഫെൻസ് അക്കാഡമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ വനിതാ കാഡറ്റുകളുടെ ആദ്യ ബാച്ച് പ്രതിരോധ സേനയുടെ ഭാഗമായി
प्रविष्टि तिथि:
13 JUN 2026 9:28PM by PIB Thiruvananthpuram
നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയ വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ച്, പ്രതിരോധ സേനയിൽ ഓഫീസർമാരായി ചുമതലയേറ്റു. സൈനിക സേവനത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ ചരിത്രത്തിൽ നിർണായകമായ ഒരു നാഴികക്കല്ലാണിത്. 148-ാമത് കോഴ്സിന്റെ ഭാഗമായി 2022 ഓഗസ്റ്റിൽ എൻഡിഎയിൽ ചേർന്ന 17 വനിതാ കേഡറ്റുമാരടങ്ങുന്ന ബാച്ചാണ് അതത് സർവീസ് അക്കാദമികളിലെ കഠിനമായ പ്രീ-കമ്മീഷൻ പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്.
2026 ജൂൺ 13-ന് ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നടന്ന 158-ാമത് റെഗുലർ കോഴ്സിന്റെ പാസിംഗ് ഔട്ട് പരേഡിൽ ഒമ്പത് വനിതാ ഓഫീസർമാരെ കരസേനയിലേക്ക് കമ്മീഷൻ ചെയ്തു. രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പരേഡ് അഭിവാദ്യം സ്വീകരിച്ചു.
2026 ജൂൺ 13-ന് ഹൈദരാബാദിലെ ദുണ്ടിഗലിലുള്ള എയർഫോഴ്സ് അക്കാദമിയിൽ നടന്ന 217-ാമത് കോഴ്സിന്റെ കംബൈൻഡ് ഗ്രാജുവേഷൻ പരേഡിൽ അഞ്ച് വനിതാ ഓഫീസർമാർ വ്യോമസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടു. രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് പരേഡ് വിലയിരുത്തി അഭിവാദ്യം സ്വീകരിച്ചു.
2026 മേയ് 28-ന് ഏഴിമലയിലെ ഇന്ത്യൻ നേവൽ അക്കാദമിയിൽ നടന്ന സ്പ്രിംഗ് ടേം 2026 പാസിംഗ് ഔട്ട് പരേഡിൽ മൂന്ന് വനിതാ ഓഫീസർമാർ നാവികസേനയിൽ കമ്മീഷൻ ചെയ്യപ്പെട്ടു. ദക്ഷിണ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന പരേഡ് വിലയിരുത്തി അഭിവാദ്യം സ്വീകരിച്ചു.
കമ്മീഷനിംഗിലൂടെ ഈ വനിതാ ഓഫീസർമാർ രാജ്യ സേവനത്തിനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സൈനിക നേതൃത്വത്തിന്റെ മുൻനിരയിലേക്ക് കടന്നുവന്നിരിക്കുകയാണ്. പ്രതിരോധ സേനയുടെ പരിവർത്തനത്തിലെ ഒരു സുപ്രധാന അധ്യായമാണ് ഈ നിയമനം അടയാളപ്പെടുത്തുന്നത്. സൈനിക സേവനത്തിൽ തുല്യ അവസരം, യോഗ്യത, മികവ് എന്നിവയോടുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. അവരുടെ സമർപ്പണത്തിന്റെയും അച്ചടക്കത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും തെളിവാണ് ഈ നേട്ടം. യൂണിഫോം ധരിച്ചുള്ള സേവനരംഗം തിരഞ്ഞെടുക്കാനും രാജ്യനിർമ്മാണത്തിൽ പങ്കാളികളാകാനും രാജ്യത്തുടനീളം യുവതലമുറയിലെ വനിതകൾക്ക് ഈ വിജയം ഭാവിയിൽ വലിയ പ്രചോദനമേകും.
*****
(रिलीज़ आईडी: 2273056)
आगंतुक पटल : 2