കൃഷി മന്ത്രാലയം
ബ്രിക്‌സ് അജണ്ടയുടെ കേന്ദ്ര ബിന്ദുവായി കർഷകരെ പ്രതിഷ്ഠിച്ചു; ആഗോള കാർഷിക മേഖലയിൽ പുതിയൊരു അധ്യായം രചിച്ച് ഇൻഡോർ പ്രഖ്യാപനം
प्रविष्टि तिथि:
13 JUN 2026 5:43PM by PIB Thiruvananthpuram
ആഗോള കാർഷിക സഹകരണത്തിലെ സുപ്രധാന ചുവടുവയ്പ്പായി അടയാളപ്പെടുത്തുന്ന 'ഇൻഡോർ പ്രഖ്യാപനം' ഏകകണ്ഠമായി അംഗീകരിച്ചു കൊണ്ട് ഇൻഡോറിൽ നടന്ന ബ്രിക്‌സ് കൃഷി മന്ത്രിമാരുടെ യോഗം വെള്ളിയാഴ്ച സമാപിച്ചു. ഭക്ഷ്യസുരക്ഷ, കർഷക ക്ഷേമം, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷിരീതികൾ, കാർഷിക വ്യാപാരം, ഡിജിറ്റൽ കൃഷി എന്നിവ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന തീരുമാനങ്ങൾ പ്രഖ്യാപനത്തിൽ വിശദീകരിക്കുന്നു. ആഗോള പ്രതിസന്ധികളുടെയും അനിശ്ചിതത്വങ്ങളുടെയും കാലഘട്ടത്തിൽ, ബ്രിക്‌സ് യോഗം ലോകത്തിന് പ്രതീക്ഷയുടെയും വിശ്വാസത്തിൻ്റെയും കൂട്ടായ ഉത്തരവാദിത്തത്തിൻ്റെയും ശക്തമായ സന്ദേശം നൽകിയതായി കേന്ദ്ര കൃഷി, കർഷക ക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

യോഗത്തിൻ്റെ വ്യാപ്തി, സ്വാധീനം, പ്രാധാന്യം
കേന്ദ്രമന്ത്രിമാരായ രാംനാഥ് താക്കൂർ, ഭഗീരഥ് ചൗധരി എന്നിവരുടെ സാന്നിധ്യത്തിൽ മാധ്യമങ്ങളോട് സംസാരിക്കവേ, മുതിർന്ന ഉദ്യോഗസ്ഥരോടൊപ്പം, ബ്രിക്സ് കാർഷിക വർക്കിംഗ് ഗ്രൂപ്പിൻ്റെ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗവും മന്ത്രിതല യോഗവും വിജയകരമായി പൂർത്തിയാക്കിയതായി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നും പങ്കാളി രാജ്യങ്ങളിൽ നിന്നുമുള്ള 60 ഓളം വിദേശ പ്രതിനിധികൾ ഉൾപ്പെടെ ഏകദേശം 100 പ്രതിനിധികൾ യോഗങ്ങളിൽ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബ്രിക്സ് രാജ്യങ്ങൾ നടത്തുന്ന ഇടപെടലിൻ്റെ ഗൗരവവും ആഴവും ഇത് പ്രതിഫലിപ്പിക്കുന്നു. ലോക ജനസംഖ്യയുടെ പകുതിയോളം പേരെ ബ്രിക്സ് രാജ്യങ്ങൾ പ്രതിനിധീകരിക്കുന്നുവെന്നും, ആഗോള കൃഷി ഭൂമിയുടെ ഏകദേശം 42 ശതമാനം കൈവശം വയ്ക്കുന്നുവെന്നും, ആഗോള ഭക്ഷ്യധാന്യ ഉത്പാദനത്തിൻ്റെ ഏകദേശം 42 ശതമാനം സംഭാവന ചെയ്യുന്നുണ്ടെന്നും ശ്രീ ചൗഹാൻ വ്യക്തമാക്കി. ഇത് അവരുടെ കൂട്ടായ ശബ്ദത്തെ ആഗോള വേദിയിൽ ഒരു സ്വാധീനശക്തിയാക്കി മാറ്റുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ നിലവിൽ ബ്രിക്‌സ് അധ്യക്ഷ സ്ഥാനം വഹിക്കുന്നതിലും, ഈ ഉത്തരവാദിത്തത്തിൻ്റെ ഭാഗമായി ഇൻഡോറിൽ ഔദ്യോഗിക തലത്തിലും മന്ത്രിതലത്തിലുമുള്ള കാർഷിക യോഗങ്ങൾ സംഘടിപ്പിച്ചതിലും അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.

നാല് പ്രധാന മുൻഗണനകൾ ചർച്ച ചെയ്തു
നാല് പ്രധാന മുൻഗണനകളെക്കുറിച്ച് വിപുലമായ ചർച്ചകൾ നടന്നതായി കേന്ദ്രമന്ത്രി പറഞ്ഞു:
ബ്രിക്‌സ് രാജ്യങ്ങൾക്കും വിശാലമായ ലോകത്തിനും ഭക്ഷ്യ-പോഷകാഹാര സുരക്ഷ ഉറപ്പാക്കുക, അംഗരാജ്യങ്ങൾക്കിടയിൽ കാർഷിക വ്യാപാരവും സഹകരണവും പ്രോത്സാഹിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ പുനർജ്ജീവന ശേഷിയുള്ളതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും സുസ്ഥിരവുമായ കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ശ്രദ്ധാകേന്ദ്രമായ മേഖലകൾ. ഉത്പാദനക്ഷമത, പ്രതിരോധശേഷി, ദീർഘകാല സുസ്ഥിരത എന്നിവ മെച്ചപ്പെടുത്തുന്നതിന് ഭക്ഷ്യ സംവിധാനങ്ങളിലും കൃഷിയിലും നൂതനാശയങ്ങൾ, സാങ്കേതികവിദ്യ, പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുന്നതിനും ഇത് ഊന്നൽ നൽകുന്നു.
സമൃദ്ധമായ ഭക്ഷ്യ ലഭ്യത ഉറപ്പാക്കുക, പോഷകാഹാര ഫലങ്ങൾ മെച്ചപ്പെടുത്തുക, ലോകത്തെ പോറ്റുന്ന കർഷകരുടെ ഉപജീവനമാർഗ്ഗം സുരക്ഷിതമാക്കുക എന്നിവ ചർച്ചകളുടെ കേന്ദ്രബിന്ദുവായി തുടരുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിരവധി രാജ്യങ്ങളിലെ പാരമ്പര്യ കർഷകർ എന്നറിയപ്പെടുന്ന ചെറുകിട, നാമമാത്ര കർഷകർക്കായി ഒരു സമർപ്പിത സെഷൻ സംഘടിപ്പിച്ചതായി ശ്രീ ചൗഹാൻ പറഞ്ഞു. അവർ നേരിടുന്ന വെല്ലുവിളികൾ, കാർഷിക ഉപാധികളുടെ പ്രാപ്യത, വായ്പ ലഭ്യത, ലാഭദായകമായ വിലകൾ, വിപണി ബന്ധങ്ങൾ എന്നിവയിൽ ചർച്ചകൾ കേന്ദ്രീകരിച്ചു.
ഇൻഡോർ പ്രഖ്യാപനം: കർഷക കേന്ദ്രീകൃതമായ ആഗോള പ്രതിബദ്ധത*
വിപുലമായ കൂടിയാലോചനകൾക്ക് ശേഷം, സംയുക്ത പ്രഖ്യാപനം ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടുവെന്നും അത് "ഇൻഡോർ പ്രഖ്യാപനം" എന്നറിയപ്പെടുമെന്നും ശ്രീ ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഈ പ്രഖ്യാപനം കർഷകരെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുന്നുവെന്നും ഭക്ഷ്യസുരക്ഷ, പോഷകാഹാരം, ഉപജീവനമാർഗ്ഗങ്ങൾ, കാർഷിക വ്യാപാരം, നൂതനാശയങ്ങൾ, നിക്ഷേപം, കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷി, സുസ്ഥിര കാർഷിക വികസനം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ പ്രതിബദ്ധത രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. "കൃഷിയിലൂടെ സുരക്ഷിതവും കൂടുതൽ സമൃദ്ധവും സുസ്ഥിരവുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയുടെയും പൊതു ഉത്തരവാദിത്തത്തിൻ്റെയും പ്രതിബദ്ധതയുടെയും പ്രതീകമാണ് ഈ രേഖ," അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തിൻ്റെ ലക്ഷ്യങ്ങൾ ശരിയായി നടപ്പിലാക്കുന്നുണ്ടെന്നും അവ കർഷകർക്കും ഗ്രാമീണ സമൂഹങ്ങൾക്കും ഭക്ഷ്യ സംവിധാനങ്ങൾക്കും യഥാർത്ഥ നേട്ടങ്ങൾ നൽകുന്നുണ്ടെന്നും ഉറപ്പാക്കാൻ നിരന്തരം ഒരുമിച്ച് പ്രവർത്തിക്കാൻ അംഗരാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് പുതിയ സ്ഥാപന സംരംഭങ്ങൾ പ്രഖ്യാപിച്ചു*
1. കാർഷിക-പരിസ്ഥിതി, പുനർജ്ജീവന കൃഷി എന്നിവയിൽ മികവിൻ്റെ കേന്ദ്രങ്ങളുടെ ബ്രിക്‌സ് ശൃംഖല
കാർഷിക-പരിസ്ഥിതി, പുനർജ്ജീവന കൃഷി എന്നിവയിൽ മികവിൻ്റെ കേന്ദ്രങ്ങളുടെ ബ്രിക്‌സ് ശൃംഖല സ്ഥാപിക്കുമെന്ന് ശ്രീ ചൗഹാൻ പ്രഖ്യാപിച്ചു. പ്രകൃതിദത്ത, ജൈവ, പുനർജ്ജീവന കൃഷിയിൽ സംയുക്ത ഗവേഷണം, വിജ്ഞാന വിനിമയം, കാര്യക്ഷമത വർദ്ധിപ്പിക്കൽ എന്നിവയ്ക്കുള്ള ഒരു വേദിയായി ഈ ശൃംഖല പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് മികച്ച രീതികളിൽ നിന്ന് അംഗ രാജ്യങ്ങൾക്ക് പരസ്പരം പഠിക്കാനും കാലാവസ്ഥയെ പ്രതിരോധിക്കുന്നതും സുസ്ഥിരവുമായ കൃഷി സമ്പ്രദായങ്ങൾ സ്വായത്തമാക്കാനും സഹായിക്കും. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കീഴിൽ പ്രകൃതിദത്ത കൃഷി, ജൈവ കൃഷി, രാസവളങ്ങളുടെ സന്തുലിത ഉപയോഗം എന്നീ മേഖലകൾക്ക് ഇന്ത്യ ദീർഘകാലമായി നൽകി വരുന്ന ഊന്നൽ അനുസ്മരിച്ചുകൊണ്ട്, ബ്രിക്‌സ് രാജ്യങ്ങൾ ഈ സമീപനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ഈ ശൃംഖലയുടെ കീഴിൽ മോദിപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാമിംഗ് സിസ്റ്റംസ് റിസർച്ച്, ഇന്ത്യയുടെ മികവിൻ്റെ കേന്ദ്രമെന്ന നിലയിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും സഹകരണ ഗവേഷണം, വിജ്ഞാന വിനിമയം, പരിശീലനം എന്നിവയ്ക്ക് സംഭാവന നൽകുമെന്നും അദ്ദേഹം അറിയിച്ചു.
2. ഡിജിറ്റൽ കൃഷിയുമായി ബന്ധപ്പെട്ട ബ്രിക്‌സ് ശൃംഖല
പ്രഖ്യാപിക്കപ്പെട്ട രണ്ടാമത്തെ പ്രധാന സംരംഭം ഡിജിറ്റൽ കൃഷിയുമായി ബന്ധപ്പെട്ട ബ്രിക്‌സ് ശൃംഖലയാണ്. നിർമ്മിതബുദ്ധി, ജിയോസ്പേഷ്യൽ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ഡാറ്റാധിഷ്ഠിത കാർഷിക പരിഹാരങ്ങൾ എന്നിവയിൽ സഹകരണം ശക്തിപ്പെടുത്താൻ ഈ ശൃംഖല സഹായിക്കുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. വളർന്നുവരുന്ന സാങ്കേതികവിദ്യകൾക്കും കാർഷിക നൂതനാശയങ്ങൾക്കും മധ്യേയുള്ള ഒരു പാലമായി ഈ സംരംഭം വർത്തിക്കുമെന്നും, സാങ്കേതിക പുരോഗതി കർഷകർക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടി ഡൽഹിയാണ് ശൃംഖലയെ ഏകോപിപ്പിക്കുന്നത്. ഡിജിറ്റൽ കൃഷിയിൽ കൂട്ടായ പുരോഗതി ഉറപ്പാക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളും നൂതനാശയങ്ങൾ, അനുഭവങ്ങൾ, നയ സംരംഭങ്ങൾ എന്നിവ പങ്കുവെച്ചുകൊണ്ട് സംഭാവന നൽകും.
3. വിത്ത് സമ്പ്രദായങ്ങളിലെ കർഷകരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ആഗോള ഫോറം
വിത്ത് സമ്പ്രദായങ്ങളിലെ കർഷകരുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ആഗോള ഫോറം സ്ഥാപിക്കുമെന്നതായിരുന്നു മൂന്നാമത്തെ പ്രധാന പ്രഖ്യാപനം. വിത്തുകളുമായി ബന്ധപ്പെട്ട കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും, തദ്ദേശീയ വിത്ത് വൈവിധ്യം സൂക്ഷിക്കുന്നതിലും, പരമ്പരാഗത വിജ്ഞാന സംവിധാനങ്ങൾ നിലനിർത്തുന്നതിലും ഫോറം ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്ത്യ പോലുള്ള രാജ്യങ്ങൾക്ക് നൂറുകണക്കിന്, ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന കാർഷിക പാരമ്പര്യമുണ്ടെങ്കിലും, ജൈവവൈവിധ്യത്തെയും സാംസ്കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്ന നിരവധി പരമ്പരാഗത വിത്ത് ഇനങ്ങൾ അസ്തിത്വ ഭീഷണികൾ നേരിടുന്നുണ്ടെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. "പുതിയയിനം വിത്തുകളും സങ്കരയിനം വിത്തുകളും അനിവാര്യമാണെങ്കിലും, തദ്ദേശീയ വിത്തുകൾ സംരക്ഷിക്കുന്നതും പ്രധാനമാണ്," അദ്ദേഹം പറഞ്ഞു. പരമ്പരാഗത വിത്തുകളുടെ സംരക്ഷണവും കൃഷിയും ലഭ്യതയും ഉറപ്പാക്കുന്നതിനും, കാലാവസ്ഥാ വ്യതിയാനത്തിൻ്റെയും ഭക്ഷ്യസുരക്ഷയുടെയും പശ്ചാത്തലത്തിൽ അവയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും, കർഷകരുടെ പരമ്പരാഗത വിജ്ഞാനം സംരക്ഷിക്കുന്നതിനും വേണ്ടി ഫോറം പ്രവർത്തിക്കും.
4. BRICS AgriN - കാർഷിക ഉപാധികൾ, ജനിതക വിഭവങ്ങൾ, വിവര ശൃംഖല
പ്രഖ്യാപിതമായ നാലാമത്തെ സംരംഭം ബ്രിക്സ് അഗ്രിൻ (കാർഷിക ഉപാധികൾ, ജനിതക വിഭവങ്ങൾ, വിവര ശൃംഖല) ആയിരുന്നു. കാർഷിക ഉപാധികൾ, വിത്തുകൾ, ജനിതക വിഭവങ്ങൾ എന്നിവയിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നതാണ് ഈ പ്ലാറ്റ്‌ഫോമിൻ്റെ ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ ലഭ്യമായ മികച്ച ഇനങ്ങൾ, ജനിതക വിഭവങ്ങൾ, മികച്ച രീതികൾ എന്നിവ കൂടുതൽ ഫലപ്രദമായി പങ്കിടുന്നതിനുള്ള വിവര വിനിമയം, സാങ്കേതിക സഹകരണം, കാര്യക്ഷമത വർദ്ധിപ്പിക്കൽ, പങ്കാളിത്തം എന്നിവ ഈ ശൃംഖല സുഗമമാക്കുമെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. അത്തരം വിഭവങ്ങളിലേക്കും വിവരങ്ങളിലേക്കും പരിമിതമായ പ്രാപ്യതയുള്ള രാജ്യങ്ങൾക്കും കർഷകർക്കും ഈ സംരംഭം വിശിഷ്യാ പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിലുള്ള വേദികൾ ശക്തിപ്പെടുത്തണം
നിലവിലുള്ള ബ്രിക്‌സ് കാർഷിക ഗവേഷണ വേദി കൂടുതൽ ശക്തിപ്പെടുത്താനും അതിനെ ശക്തമായ "നോളെജ്-ടു-ആക്ഷൻ ഹബ്" ആയി വികസിപ്പിക്കാനും ബ്രിക്‌സ് രാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഗവേഷണം പരീക്ഷണശാലകളിൽ മാത്രം ഒതുങ്ങരുതെന്നും കാർഷിക മേഖലകളിൽ അതിവേഗം എത്തിച്ചേരണമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ രാജ്യങ്ങൾക്കും കർഷകർക്കും പുതിയ സാങ്കേതികവിദ്യകളിൽ നിന്നും പ്രായോഗിക പരിഹാരങ്ങളിൽ നിന്നും പ്രയോജനം നേടുന്നതിന് നൂതനാശയങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുക എന്നതാണ് ലക്ഷ്യം. യഥാർത്ഥ ഉപയോഗത്തിനും സ്വാധീനത്തിനുമായി പരീക്ഷണശാലകളിൽ നിന്ന് നേരിട്ട് കർഷകരുടെ ഭൂമികളിലേക്ക് ശാസ്ത്രീയ ഗവേഷണം കൈമാറുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന "ലാബ് ടു ലാൻഡ്" സമീപനത്തെ ഈ ആശയം പ്രതിഫലിപ്പിക്കുന്നു.
കാർഷിക വ്യാപാരത്തിൽ ശ്രദ്ധ
ബ്രിക്‌സ് രാജ്യങ്ങൾ നീതിയുക്തവും സന്തുലിതവും സർവ്വാശ്ലേഷിയും സുതാര്യവുമായ ബഹുമുഖ വ്യാപാര സംവിധാനത്തോടുള്ള പ്രതിബദ്ധത ആവർത്തിച്ചതായി ശ്രീ ചൗഹാൻ പറഞ്ഞു. ഇന്ത്യ ആതിഥേയത്വം വഹിച്ച പ്രത്യേക ചർച്ചയിലൂടെ ബ്രിക്‌സ് വിത്ത് എക്‌സ്‌ചേഞ്ച് പോലുള്ള ആശയങ്ങൾക്ക് ശ്രദ്ധ ലഭിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. കാർഷിക വ്യാപാരം സുഗമമാക്കുക, വ്യാപാര തടസ്സങ്ങൾ കുറയ്ക്കുക, ഗവേഷണത്തിലെ സഹകരണം ശക്തിപ്പെടുത്തുക, കാർഷിക സാങ്കേതികവിദ്യകളുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുക എന്നീ കാര്യങ്ങളിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി യോഗങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പരാമർശിച്ചു.
കാലാവസ്ഥാ വ്യതിയാനം, എൽ നിനോ, കാർബൺ ക്രെഡിറ്റ്, ഭക്ഷ്യനഷ്ടം
കാലാവസ്ഥാ വ്യതിയാനത്തിൻ്റെ വർദ്ധിച്ചുവരുന്ന ഭീഷണി ഉയർത്തിക്കാട്ടി, പുനർജ്ജീവനശേഷിയും കാലാവസ്ഥാ-പ്രതിരോധശേഷിയുമുള്ള, സുസ്ഥിര കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ഭൂമി സമകാലിക തലമുറയ്ക്ക് മാത്രമല്ല, ഭാവി തലമുറകൾക്കും അവകാശപ്പെട്ടതാണ്. എൽ നിനോയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി, അതിൻ്റെ ആഘാതം ഇന്ത്യയെയും നിരവധി ഏഷ്യ-പസഫിക് രാജ്യങ്ങളെയും ബാധിച്ചേക്കാമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങൾ സ്വയം തയ്യാറെടുക്കുന്നുണ്ടെന്നും അത്തരം വെല്ലുവിളികളെ നേരിടുന്നതിനുള്ള സഹകരണ തന്ത്രങ്ങളെയും വിവരവിനിമയ സംവിധാനങ്ങളെയും കുറിച്ച് ചർച്ചകൾ നടന്നതായും അദ്ദേഹം പറഞ്ഞു. കാർബൺ ക്രെഡിറ്റുകളിൽ, ഒരു സ്ഥാപിത സംവിധാനം നിലവിലുണ്ടെന്നും നിർദ്ദിഷ്ട നടപടിക്രമങ്ങൾ പാലിക്കുന്ന കർഷകർക്ക് കാർബൺ ക്രെഡിറ്റ് സംവിധാനങ്ങളിൽ നിന്ന് പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ സംവേദന നയങ്ങളും പുനർജ്ജീവന കൃഷിയും ഈ ദിശയിൽ പ്രായോഗിക മാർഗ്ഗങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഭക്ഷ്യനഷ്ടത്തെക്കുറിച്ചുള്ള സാങ്കേതിക ചർച്ചകൾ പരാമർശിച്ചുകൊണ്ട്, വിളവെടുപ്പാനന്തര നഷ്ടം കുറയ്ക്കുന്നതിനും കാർബൺ ബഹിർഗമനത്തിന് കാരണമാകുന്ന പാഴാക്കൽ നിയന്ത്രിക്കുന്നതിനുമുള്ള മാർഗ്ഗങ്ങൾ അംഗരാജ്യങ്ങൾ തേടിയതായി ശ്രീ ചൗഹാൻ പറഞ്ഞു.
വളം വില, അവശ്യ കാർഷിക വസ്തുക്കൾ, കർഷകർക്കുള്ള പിന്തുണ
ആഗോള സംഘർഷങ്ങളും അസംസ്കൃത വസ്തുക്കളുടെ വിലയിലെ വർദ്ധനവും മൂലം വളങ്ങളുടെ വില ഉയരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ശിവരാജ് സിംഗ് ചൗഹാൻ മറുപടി നൽകി. കർഷകർക്ക് വളങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂറിയ ബാഗിന് 266 രൂപക്കും DAP ബാഗിന് 1,350 രൂപക്കും തുടർന്നും ലഭ്യമാകുമെന്നും അധിക സാമ്പത്തിക ചെലവ് കേന്ദ്ര ഗവണ്മെൻ്റ് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുദ്ധിമുട്ടേറിയ സമയത്ത് കർഷകരെ പിന്തുണയ്ക്കുന്നത് ഗവണ്മെൻ്റിൻ്റെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാസവളങ്ങളുടെയും കീടനാശിനികളുടെയും അമിത ഉപയോഗത്തിനെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. "ഖേത് ബച്ചാവോ അഭിയാൻ" പോലുള്ള രാജ്യവ്യാപക ബോധവൽക്കരണ പ്രചാരണങ്ങളിലൂടെ ഇന്ത്യ പ്രകൃതിദത്ത കൃഷി, ജൈവകൃഷി, സന്തുലിത വള ഉപയോഗം എന്നിവ സജീവമായി പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചെറുകിട കർഷകർക്കുള്ള സാങ്കേതിക ലഭ്യത
സാങ്കേതികവിദ്യാ കൈമാറ്റത്തെയും യന്ത്രവൽക്കരണത്തെയും കുറിച്ച് പരാമർശിക്കവെ, എല്ലാ കർഷകർക്കും വിലകൂടിയ കാർഷിക യന്ത്രങ്ങൾ വാങ്ങാൻ കഴിയില്ലെന്ന് ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഇത് പരിഹരിക്കുന്നതിനായി, രാജ്യത്തുടനീളം കാർഷിക യന്ത്രസാമഗ്രി വാടക കേന്ദ്രങ്ങളും ഗ്രൂപ്പ് അധിഷ്ഠിത കാർഷിക മാതൃകകളും സ്ഥാപിച്ചിട്ടുണ്ട്. അതുവഴി കർഷകർക്ക് യന്ത്രങ്ങൾ വാങ്ങുന്നതിനുപകരം വാടകയ്‌ക്കെടുക്കാൻ കഴിയും. ചെറുകിട, നാമമാത്ര കർഷകർക്ക് ഡ്രോണുകൾ പോലുള്ള നൂതന ഉപകരണങ്ങൾ ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങൾ ഈ സംവിധാനത്തിലൂടെ ലഭ്യമാക്കുന്നു.
യുവാക്കൾ, വനിതകൾ, നൂതനാശയങ്ങൾ
യുവാക്കളുടെയും വനിതകളുടെയും കാര്യമായ പങ്കാളിത്തമില്ലാതെ കാർഷിക മേഖലയിൽ സുസ്ഥിരമായ പരിവർത്തനം സാധ്യമാകില്ലെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. യോഗത്തിൽ ഈ വിഷയം പ്രത്യേക ശ്രദ്ധ നേടുകയും സംയുക്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കാർഷിക-സ്റ്റാർട്ടപ്പുകൾ, കാർഷിക ബിസിനസ്സുകൾ, കാർഷിക സംരംഭകത്വം, സാങ്കേതിക വിദ്യാധിഷ്ഠിത സേവനങ്ങൾ എന്നിവ ഇന്ത്യയിൽ യുവാക്കളെ കൃഷിയിലേക്ക് കൂടുതലായി ആകർഷിക്കുന്നുണ്ടെന്നും ആയിരക്കണക്കിന് സ്റ്റാർട്ടപ്പുകൾ വിജയകരമായി പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും പുതിയ സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും യുവാക്കൾ പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും, അനുഭവങ്ങൾ പങ്കുവെച്ചും പിന്തുണാത്മകമായ നയ നടപടികളിലൂടെയും ബ്രിക്സ് രാജ്യങ്ങൾ ഈ പുരോഗതി വേഗത്തിലാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ആഗോള കാർഷിക നയതന്ത്രത്തിൻ്റെ പുതിയ കേന്ദ്രമായി ഇൻഡോർ ഉയർന്നുവരുന്നു
ഇൻഡോറിൻ്റെ ആതിഥ്യമര്യാദയെ പ്രശംസിച്ച ശ്രീ ശിവരാജ് സിംഗ് ചൗഹാൻ, മാൾവ മേഖലയിലെ ഊഷ്മളതയും പരമ്പരാഗത ആതിഥ്യമര്യാദയും പ്രതിനിധികളെ ഏറെ ആകർഷിച്ചെന്ന് വ്യക്തമാക്കി. ഛപ്പൻ ഡുകാൻ, രാജ് വാഡ, മാണ്ടു എന്നിവിടങ്ങളിലേക്കുള്ള സന്ദർശനങ്ങൾ സന്ദർശക പ്രതിനിധികൾക്ക് അവിസ്മരണീയമായ അനുഭവങ്ങളായിരുന്നു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ "ഏക് പെഡ് മാ കേ നാം" പ്രചാരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി, അംഗരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ മേഘദൂത് ഗാർഡനിൽ വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ പങ്കെടുക്കുകയും "ബ്രിക്സ് വാടിക" സ്ഥാപിക്കുകയും ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ, ഗ്ലോബൽ പാർക്കും യൂറോ-റഷ്യൻ പാർക്കും ഈ സ്ഥലത്ത് സ്ഥാപിച്ചിരുന്നു.
മധ്യപ്രദേശ് ഗവണ്മെൻ്റിനും, മുഖ്യമന്ത്രിക്കും, അവരുടെ സംഘത്തിനും, കൃഷി, വിദേശകാര്യം, മൃഗസംരക്ഷണം, മത്സ്യബന്ധനം, വാണിജ്യം, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾ, നീതി ആയോഗ് എന്നിവയുൾപ്പെടെ ഇന്ത്യാ ഗവണ്മെൻ്റിൻ്റെ വിവിധ വകുപ്പുകൾക്കും ശിവരാജ് സിംഗ് ചൗഹാൻ നന്ദി അറിയിച്ചു. ഇൻഡോറിൽ നടന്ന ബ്രിക്‌സ് യോഗങ്ങളുടെ വിജയകരമായ സംഘാടനം "ഗവണ്മെൻ്റ് സമീപനത്തിൻ്റെയും" "ടീം ഇന്ത്യ" മനോഭാവത്തിൻ്റെയും തിളക്കമാർന്ന ഉദാഹരണമാണ്. പരിപാടിയെ ഇത് അഭൂതപൂർവവും ചരിത്രപരവുമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
***
(रिलीज़ आईडी: 2272565)
आगंतुक पटल : 5