രാജ്യരക്ഷാ മന്ത്രാലയം
പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനൻ്റ് ജനറൽ ധീരജ് സേത്ത്; 2026 ജൂൺ 30ന് ചുമതലയേൽക്കും
प्रविष्टि तिथि:
13 JUN 2026 3:20PM by PIB Thiruvananthpuram

നിലവിൽ കരസേന ഉപമേധാവിയായി സേവനമനുഷ്ഠിക്കുന്ന ലെഫ്റ്റനൻ്റ് ജനറൽ ധീരജ് സേത്തിനെ (PVSM, UYSM, AVSM) അടുത്ത കരസേനാ മേധാവിയായി കേന്ദ്ര ഗവണ്മെൻ്റ് നിയമിച്ചു. 2026 ജൂൺ 30 ഉച്ചകഴിഞ്ഞ് അദ്ദേഹം ചുമതലയേല്‍ക്കും. നിലവിലെ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി (PVSM, AVSM) ഇതേ ദിവസം സർവീസിൽ നിന്ന് വിരമിക്കും.
ഖഡക്‌വാസ്‌ലയിലെ ദേശീയ പ്രതിരോധ അക്കാദമി പൂർവ വിദ്യാർത്ഥിയായ ലെഫ്റ്റനൻ്റ് ജനറൽ ധീരജ് സേത്ത് 1986 ഡിസംബറിലാണ് ആർമേർഡ് കോർപ്സിൻ്റെ ഭാഗമായത്. നാല് പതിറ്റാണ്ടോളം നീണ്ട ഉജ്ജ്വല സൈനിക ജീവിതത്തിൽ പ്രവർത്തനപരവും തന്ത്രപരവുമായ മേഖലകളിലും ശേഷി വികസനത്തിലും സ്ഥാപനപരമായ തലങ്ങളിലും അദ്ദേഹത്തിന് വിപുലമായ പരിചയസമ്പത്തുണ്ട്. ഇന്ത്യൻ സൈന്യത്തിൻ്റെ പോരാട്ട വീര്യം വർധിപ്പിക്കുന്നതിലും ദീർഘകാല പരിവർത്തനങ്ങളിലും അദ്ദേഹം സുപ്രധാന സംഭാവനകൾ നൽകി.
വൈവിധ്യമാർന്ന പ്രവർത്തന സാഹചര്യങ്ങളിൽ എല്ലാ തലങ്ങളിലും ജനറൽ ധീരജ് സേത്ത് കമാൻഡിങ് പദവികൾ വഹിച്ചിട്ടുണ്ട്. മരുഭൂമി മേഖലയിലെ ആർമേർഡ് റെജിമെൻ്റ്, പശ്ചിമ പ്രതിരോധ മേഖലയിലെ ആർമേർഡ് ബ്രിഗേഡ്, ജമ്മു കശ്മീരിലെ തീവ്രവാദ വിരുദ്ധ സേന എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നല്‍കി. ലെഫ്റ്റനൻ്റ് ജനറൽ എന്ന നിലയിൽ ഇന്ത്യൻ സൈന്യത്തിൻ്റെ മുൻനിര ആക്രമണ വിഭാഗങ്ങളിലൊന്നായ സുദർശൻ ചക്ര കോർപ്സിൻ്റെ കമാൻഡറായിരുന്നു. പിന്നീട് ഡൽഹി മേഖലാ ജനറൽ ഓഫീസർ കമാൻഡിങായി സേവനമനുഷ്ഠിച്ച അദ്ദേഹം പ്രധാന ദേശീയ-അന്തർദേശീയ സൈനിക ഇടപെടലുകളുടെയും ഔദ്യോഗിക ചടങ്ങുകളുടെയും മേൽനോട്ടം വഹിച്ചു.
ആർമി കമാൻഡർ പദവിയിലേക്ക് ഉയർന്ന ശേഷം ദക്ഷിണ - പശ്ചിമ കമാൻഡിൻ്റെയും ദക്ഷിണ കമാൻഡിൻ്റെയും കമാൻഡറായി പ്രവർത്തിച്ചു. രണ്ട് പ്രധാന ഓപ്പറേഷണൽ ആർമി കമാൻഡുകൾ നയിക്കുകയെന്ന അപൂർവനേട്ടം കൈവരിച്ച അദ്ദേഹം രണ്ടര വർഷത്തിലേറെക്കാലം നിർണായക പ്രതിരോധ മേഖലകളുടെ തന്ത്രപരമായ മേൽനോട്ടം വഹിച്ചു. ദൗത്യാസൂത്രണം, സേനാ നിയന്ത്രണം, ശേഷി വികസനം എന്നിവയെ സവിശേഷമായി സ്വാധീനിച്ച നിരവധി സുപ്രധാന സൈനിക-തന്ത്രപ്രധാന തസ്തികകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സൈന്യത്തിൻ്റെ ആധുനികവല്‍ക്കരണത്തിന് നൽകിയ സംഭാവനകളിലൂടെ പരക്കെ അംഗീകരിക്കപ്പെട്ട ജനറൽ ധീരജ് സേത്ത് ആർമി ആസ്ഥാനത്തെ തന്ത്രപരമായ ആസൂത്രണം, ശേഷിവികസനം എന്നീ വിഭാഗങ്ങളിൽ നിർണായക ചുമതലകൾ വഹിച്ചിട്ടുണ്ട്. സൈന്യത്തിൻ്റെ നവീകരണ പാത രൂപപ്പെടുത്തുന്നതിലും ശേഷി വികസന ആസൂത്രണത്തിലും ദീർഘകാല സൈനിക ഘടനാ സംരംഭങ്ങളിലും ഇത് നിർണായകമായി. സൈന്യത്തിൻ്റെ അടിയന്തര ആവശ്യങ്ങളെ പുതിയ സാങ്കേതികവിദ്യകളുമായും ഭാവി യുദ്ധരീതികളുമായും കോർത്തിണക്കുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ നിർണായകമായിരുന്നു.
പ്രഗത്ഭ സൈനിക വിദഗ്ധനായ ലെഫ്റ്റനൻ്റ് ജനറൽ ധീരജ് സേത്ത് സൈനിക വിദ്യാഭ്യാസ കോഴ്സുകളിലുടനീളം മികച്ച നിലവാരം പുലർത്തുകയും മികച്ച നേട്ടങ്ങള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഹയർ കമാൻഡ് കോഴ്സ്, നാഷണൽ ഡിഫൻസ് കോളജ് എന്നിവയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം പാരീസിലെ പ്രശസ്ത കമാൻഡ് ആൻഡ് സ്റ്റാഫ് കോഴ്സിലും പങ്കെടുത്തു. ഇത് അദ്ദേഹത്തിൻ്റെ വിപുലമായ തന്ത്രപ്രധാന കാഴ്ചപ്പാടിനെയും സമകാലിക സൈനിക കാര്യങ്ങളിലെ ആഴമേറിയ ധാരണയെയും പ്രതിഫലിപ്പിക്കുന്നു.
***
(रिलीज़ आईडी: 2272517)
आगंतुक पटल : 13