പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അന്തർ-മന്ത്രാലയ വാര്‍ത്താസമ്മേളനം

प्रविष्टि तिथि: 11 JUN 2026 7:07PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിവരുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കി രാജ്യത്തെ ജനങ്ങളെ ബോധവൽക്കരിക്കാന്‍ കേന്ദ്രഗവൺമെൻറ് ശ്രമങ്ങൾ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ന്യൂഡല്‍ഹിയിലെ നാഷണൽ മീഡിയ സെന്ററിൽ  വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു.  പെട്രോളിയം - പ്രകൃതി വാതക മന്ത്രാലയത്തിലെയും തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഇന്ധന ലഭ്യത, സമുദ്ര മേഖലയിലെ പ്രവർത്തനങ്ങൾ, പശ്ചിമേഷ്യന്‍ മേഖലകളിലെ ഇന്ത്യൻ പൗരന്മാർക്ക് നല്‍കിവരുന്ന സഹായങ്ങൾ, പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്താൻ സ്വീകരിക്കുന്ന നടപടികൾ എന്നിവ സംബന്ധിച്ച് ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ചു. രാജ്യത്തെ വളങ്ങളുടെ ലഭ്യതയും സ്റ്റോക്ക് നിലയും സംബന്ധിച്ച വിവരങ്ങൾ രാസവസ്തു-വളം മന്ത്രാലയം നല്‍കി.

 

വളങ്ങളുടെ സ്റ്റോക്ക് നിലയും ലഭ്യതയും:

  • രാജ്യത്തെ വളങ്ങളുടെ ആകെ സ്റ്റോക്ക് നില തൃപ്തികരമാണ്. 
  • 2026-ലെ ഖാരീഫ് കാലയളവിലേക്ക് വളത്തിന്റെ ആവശ്യകത 383.9 ലക്ഷം മെട്രിക് ടൺ ആയി കാർഷിക-കർഷക ക്ഷേമ വകുപ്പ് പുനർനിർണയിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് വ്യത്യസ്തമായി ഇന്നത്തെ കണക്കനുസരിച്ച് സ്റ്റോക്ക് ഏകദേശം 195.79 ലക്ഷം മെട്രിക് ടണ്ണാണ് (51 ശതമാനത്തിലധികം). ഇത് സാധാരണ നിലയായ 33 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. ഗവൺമെന്റിന്റെ മെച്ചപ്പെട്ട ആസൂത്രണവും മുൻകൂര്‍ സംഭരണവും കാര്യക്ഷമമായ ചരക്കുനീക്ക നടപടികളുമാണ് ഈ നേട്ടത്തിലൂടെ പ്രതിഫലിക്കുന്നത്.  
  • നിലവിലെ 2026 ഖാരീഫ് കാലയളവില്‍ 2026 ജൂൺ 7 വരെ രാജ്യത്തെ കർഷകർ ആകെ 94.60 ലക്ഷം മെട്രിക് ടൺ രാസവളങ്ങൾ വാങ്ങിക്കഴിഞ്ഞു. ആകെ ആവശ്യകതയുടെ ഏകദേശം 25 ശതമാനമാണിത്.
  • രാജ്യത്ത് ലഭ്യമായ ജൈവവളത്തിന്റെ സ്റ്റോക്ക് ഏകദേശം 22.80 ലക്ഷം മെട്രിക് ടണ്ണാണ്. 
  • യുദ്ധത്തിന് ശേഷം രാജ്യത്തെ കർഷകർ 11.38 ലക്ഷം മെട്രിക് ടൺ ജൈവവളം (FOM/LFOM/PROM) വാങ്ങിയിട്ടുണ്ട് (പഞ്ചാബ് 2.88 ലക്ഷം മെട്രിക് ടണ്‍, ഉത്തർപ്രദേശ് 2.76 ലക്ഷം മെട്രിക് ടണ്‍, ഹരിയാന 1.37 ലക്ഷം മെട്രിക് ടണ്‍, മധ്യപ്രദേശ് 1.27 ലക്ഷം മെട്രിക് ടണ്‍, ഗുജറാത്ത് 0.98 ലക്ഷം മെട്രിക് ടണ്‍, മഹാരാഷ്ട്ര 0.84 ലക്ഷം മെട്രിക് ടണ്‍). കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഇത് 3.24 ലക്ഷം മെട്രിക് ടൺ മാത്രമായിരുന്നു.  ഗണ്യമായ ഈ വർധന ജൈവ പോഷക സ്രോതസ്സുകൾ കൂടുതലായി സ്വീകരിക്കുന്ന നല്ല പ്രവണത  കാണിക്കുന്നു; ഒപ്പം കർഷകരുടെ താല്പര്യം രാസവളങ്ങളിൽ നിന്ന് ജൈവ ബദലുകളിലേക്ക് ക്രമേണ മാറുന്നതിനെ സൂചിപ്പിക്കുകയും ചെയ്യുന്നു.
  • നിലവിലെ ഖാരീഫ് കാലയളവിലേക്ക് വളങ്ങൾ ലഭ്യമാക്കുന്നതിൽ വലിയ വെല്ലുവിളികളൊന്നുമില്ല. 
  • പ്രതിസന്ധിക്ക് ശേഷം വളങ്ങളുടെ ആഭ്യന്തര ഉല്പാദനവും ഇറക്കുമതിയും  (ലക്ഷം ടണ്ണിൽ)

 

ഉല്പന്നം

പ്രതിസന്ധിക്ക് ശേഷം ആഭ്യന്തര ഉല്പാദനം

പ്രതിസന്ധിക്ക് ശേഷം ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേർന്ന ഇറക്കുമതി

യൂറിയ

71.41

20.13

ഡി.എ.പി  

10.04

3.13

എൻ.പി.കെ  

22.96

7.93

എസ്.എസ്.പി  

13.74

0

എം.ഒ.പി 

0

4.45

ആകെ

118.15

35.64

 

 

  • പ്രതിസന്ധി ഘട്ടത്തിന് ശേഷം ലഭ്യമായ സ്റ്റോക്കിലേക്ക്  ഇറക്കുമതിയിലൂടെയും ആഭ്യന്തര ഉല്പാദനത്തിലൂടെയും ഏകദേശം 153.79 ലക്ഷം മെട്രിക് ടൺ വളം  കൂട്ടിച്ചേർത്തിട്ടുണ്ട്.
  • നിലവിലെ  പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ 50 ലക്ഷം മെട്രിക് ടണ്ണിലധികം യൂറിയയും പി & കെ  വളങ്ങളും സുരക്ഷിതമായി ഉറപ്പാക്കിയിട്ടുണ്ട്.
  • വിദേശത്തെ 28 ഇന്ത്യൻ ദൗത്യങ്ങളുമായി ഏകോപിപ്പിച്ച് ഒമാൻ, മലേഷ്യ, വിയറ്റ്നാം, ജോർജിയ, നൈജീരിയ, റഷ്യ, ഫിൻലാൻഡ്, ഈജിപ്ത്, അൾജീരിയ, തുർക്കി, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളിൽ നിന്ന് യൂറിയയും റഷ്യ, മൊറോക്കോ, ഈജിപ്ത്, യു.എസ്.എ, ജോർദാൻ, ദക്ഷിണ കൊറിയ, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിൽ നിന്ന് ചെങ്കടൽ  വഴി ഡി.എ.പി/എൻ.പി.കെ വളങ്ങളുടെ വിതരണവും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.
  • ജൂൺ മാസം 25 ലക്ഷം മെട്രിക് ടണ്ണിലധികം ഇറക്കുമതി ചെയ്ത യൂറിയ, ഡി.എ.പി, എൻ.പി.കെ വളങ്ങൾ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
  • 17 ലക്ഷം മെട്രിക് ടൺ യൂറിയ സംഭരിക്കുന്നതിന് ഇന്ത്യ ആഗോള ടെൻഡർ വിളിച്ചിട്ടുണ്ട്. ഇതിന്റെ നടപടികൾ പുരോഗമിക്കുകയാണ്.  
  • വളങ്ങളുടെ (യൂറിയ, പി & കെ വളങ്ങൾ) ഉല്പാദനത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത വളം വകുപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്.
  • കമ്പനികൾ സമർപ്പിക്കുന്ന എല്ലാ സബ്‌സിഡി ബില്ലുകളും ആഴ്ചതോറും വളം വകുപ്പ് കൃത്യമായി നൽകിവരുന്നു. നിലവിൽ വളം സബ്‌സിഡി നൽകാനാവശ്യമായ ബജറ്റ് ലഭ്യമാണ്. 
  • വളങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിന് ഇതുവരെ സെക്രട്ടറിമാരുടെ ഉന്നതാധികാര സമിതി 12 യോഗങ്ങൾ ചേർന്നിട്ടുണ്ട്.  കൂടാതെ ലഭ്യതയുമായി ബന്ധപ്പെട്ട ഭൂരിഭാഗം വെല്ലുവിളികളും  ഈ സമിതി പരിഹരിച്ചിട്ടുമുണ്ട്.
  • എല്ലാ പ്രധാന വളങ്ങളുടെയും ലഭ്യത ആവശ്യകതയേക്കാൾ കൂടുതലായതിനാൽ ഇന്ത്യയുടെ വളം സുരക്ഷ ശക്തവും സുസ്ഥിരവും മികച്ച രീതിയിൽ നിയന്ത്രിതവുമായി തുടരുന്നു.

 

ഊർജ വിതരണവും ഇന്ധന ലഭ്യതയും

പശ്ചിമേഷ്യയിലെ  മാറിവരുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പെട്രോളിയം ഉല്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പെട്രോളിയം -  പ്രകൃതി വാതക മന്ത്രാലയം പുതിയ വിവരങ്ങൾ പങ്കുവെച്ചു. താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങളാണ് യോഗത്തിൽ അറിയിച്ചത്:

 

അസംസ്കൃത എണ്ണയുടെ നിലയും എണ്ണ സംസ്കരണ പ്രവർത്തനങ്ങളും:

  • രാജ്യത്ത് ആവശ്യത്തിന് അസംസ്കൃത എണ്ണശേഖരമുണ്ട്. എല്ലാ എണ്ണസംസ്കരണ ശാലകളും ഉയർന്ന ശേഷിയിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ പെട്രോളിന്റെയും ഡീസലിന്റെയും മതിയായ ശേഖരം നിലനിർത്തുന്നുമുണ്ട്.
  • ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിന് എണ്ണസംസ്കരണശാലകളിലെ  ആഭ്യന്തര എൽ.പി.ജി ഉല്പാദനം വർധിപ്പിച്ചിട്ടുണ്ട്.
  • ആഭ്യന്തര വിപണിയിലേക്ക്  അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിന്   അന്തർ-മന്ത്രാലയ സംയുക്ത പ്രവര്‍ത്തക സമിതി രൂപീകരിച്ചിട്ടുണ്ട്. കേന്ദ്രഗവൺമെന്റിന്റെ  2026 ഏപ്രില്‍ 1 ലെ  ഉത്തരവ് പ്രകാരം സെന്റർ ഫോർ ഹൈ ടെക്നോളജി  നിശ്ചയിക്കുന്ന നിർണായക മേഖലകൾക്ക്  നിശ്ചിത അളവിൽ C3, C4 വാതകങ്ങള്‍ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെ എണ്ണ സംസ്കരണ കമ്പനികള്‍ക്ക്  അനുമതി നൽകിയിട്ടുണ്ട്.
  • ഔഷധനിര്‍മാണ വകുപ്പ്, രാസവസ്തു  - പെട്രോ കെമിക്കൽസ് വകുപ്പ്, വ്യവസായ  ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്,  എന്നിവരിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ ഔഷധനിര്‍മാണം, രാസവസ്തു, പെയിന്റ് എന്നീ മേഖലയിലെ കമ്പനികൾക്ക് എൽ.പി.ജി ശേഖരത്തില്‍നിന്ന് പ്രതിദിനം 1120 മെട്രിക് ടൺ C3-C4 മോളിക്യൂള്‍ വിഹിതം അനുവദിച്ചിട്ടുണ്ട്.
  • 2026 ജൂൺ 1 മുതൽ മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര, ഗുജറാത്ത് എന്നിവിടങ്ങളിലെ എണ്ണസംസ്കരണശാലകള്‍ രാസവസ്തു, ഔഷധനിര്‍മാണ,  പെയിന്റ് വ്യവസായങ്ങൾക്ക് 4180 മെട്രിക് ടണ്ണിലധികം C3-C4 മോളിക്യൂളുകളും (പ്രൊപ്പിലീൻ, ബ്യൂട്ടിലീൻ ഉൾപ്പെടുന്നവ) ഏകദേശം 3460 മെട്രിക് ടൺ ബ്യൂട്ടൈൽ അക്രിലേറ്റും വില്പന നടത്തിയിട്ടുണ്ട്.

 

ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും:

  • രാജ്യത്തെ എല്ലാ ഇന്ധന പമ്പുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.  
  • പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസാധാരണ വർധനയ്ക്ക് കാരണമായിട്ടുണ്ടെങ്കിലും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിന് കേന്ദ്രം  പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.
  • ചില പ്രദേശങ്ങളിലെ പമ്പുകളില്‍ അസാധാരണമാംവിധം ഉയർന്ന വില്പനയും വലിയ തിരക്കും അനുഭവപ്പെട്ടിട്ടുണ്ട്. എങ്കിലും രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും പെട്രോളിന്റെയും ഡീസലിന്റെയും മതിയായ ശേഖരം ലഭ്യമാണ്. 
  • ഉയർന്ന അളവില്‍ എഥനോൾ കലര്‍ത്തിയ പെട്രോളിന് (E22, E25, E27, E30) എക്സൈസ് തീരുവ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. E20 വരെ എഥനോൾ മിശ്രിതങ്ങൾക്ക് നിലവില്‍ നല്‍കിവരുന്ന ഇളവിന് പുറമെയാണിത്:
  • അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുക, വിദേശവിനിമയ സമ്പാദ്യത്തിനും അനുബന്ധ പരിസ്ഥിതി പ്രയോജനങ്ങൾക്കും ആഭ്യന്തര കാർഷിക മേഖലയ്ക്കും ഉണർവ് നൽകുക എന്നീ ബഹുമുഖ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര ഗവൺമെന്റ ‘എഥനോൾ മിശ്രിത പെട്രോൾ’ സംരംഭം നടപ്പാക്കുന്നത്. ഗവൺമെന്റിന്റെ കൂട്ടായ ശ്രമങ്ങളിലൂടെ പൊതുമേഖലാ എണ്ണവിപണന  കമ്പനികളുടെ എഥനോൾ മിശ്രണം 2014-15 സാമ്പത്തിക വർഷത്തെ (എഥനോൾ വിതരണ വർഷം) 1.53 ശതമാനത്തിൽ നിന്ന് 2025-26 സാമ്പത്തിക വർഷം 20 ശതമാനമായി വർധിച്ചു. 2014-15 സാമ്പത്തിക വർഷം മുതൽ (2026 മെയ് വരെ)  പദ്ധതി വഴി കർഷകർക്ക് 1.62 ലക്ഷം കോടി രൂപ അതിവേഗം കൈമാറാനും 1.91 ലക്ഷം കോടി രൂപയിലധികം വിദേശവിനിമയം ലാഭിക്കാനും ഏകദേശം 931 ലക്ഷം മെട്രിക് ടൺ  കാർബൺ ഡൈ ഓക്സൈഡ് ബഹിർഗമനം  കുറയ്ക്കാനും ഏകദേശം 310 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണ ഇറക്കുമതി ഒഴിവാക്കാനും സാധിച്ചിട്ടുണ്ട്.
  • പെട്രോളിൽ എഥനോൾ കലർത്തുന്നത് ഒരു നിർമാണ പ്രക്രിയയാണ്. ഇതിന്മേൽ എക്സൈസ് തീരുവ ചുമത്താവുന്നതാണ്. പെട്രോളിന് എക്സൈസ് തീരുവയും എഥനോളിന് ജി.എസ്.ടി-യും യുമാണ് അതത് ഘട്ടങ്ങളിൽ ഈടാക്കുന്നത്. ഇവ രണ്ടും കലര്‍ത്തി ഉല്പാദിപ്പിക്കുന്ന പുതിയ ഉല്പന്നത്തിന് വീണ്ടും എക്സൈസ് തീരുവ ഈടാക്കാൻ സാധ്യതയുണ്ട്.
  • 20 ശതമാനം വരെ (E20) എഥനോൾ കലര്‍ത്തിയ പെട്രോളിന് ധനമന്ത്രാലയം എക്സൈസ് തീരുവ ഒഴിവാക്കി നൽകിയിരുന്നു. ഒരിക്കല്‍ അടച്ച നികുതി രണ്ടാമതും ഈടാക്കുന്നില്ലെന്ന്  ഇതുവഴി ഉറപ്പാക്കുന്നു.
  • ഉയർന്ന തോതില്‍ എഥനോൾ കലര്‍ത്തിയ പെട്രോളിന്  (E22, E25, E27, E30) ബി.ഐ.എസ്  മാനദണ്ഡങ്ങൾ  2026 മെയ് മാസം പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേ എക്സൈസ് തീരുവ ഇളവ് ഇപ്പോൾ 2026 ജൂൺ 10-ലെ വിജ്ഞാപനത്തിലൂടെ E22, E25, E27, E30 വിഭാഗം ഇന്ധനങ്ങള്‍ക്കും ലഭ്യമാക്കിയിട്ടുണ്ട്.  
  • ഉയർന്ന തോതില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളുമായി ബന്ധപ്പെട്ട പ്രാരംഭ നടപടി മാത്രമാണിത്.   ഇത്  വിപണിയിലിറക്കുന്നത് സംബന്ധിച്ച് ഈ നടപടിയില്‍ സൂചനയില്ല.  വിശദമായ പരിശോധനകൾക്കും കൂടിയാലോചനകൾക്കും ശേഷം മാത്രമേ അത് നടപ്പിലാക്കൂ.  
  • എഥനോൾ കലര്‍ത്തിയ പെട്രോളിന് ഇരട്ട എക്സൈസ് തീരുവ ചുമത്തുന്നത് ഒഴിവാക്കുക മാത്രമാണ് ഈ വിജ്ഞാപനത്തിന്റെ ഏക ലക്ഷ്യം.

 

പ്രകൃതിവാതക വിതരണവും പി.എൻ.ജി വിപുലീകരണ സംരംഭങ്ങളും

  • ഗാർഹിക പി.എൻ.ജി,  ഗതാഗത മേഖലയിലെ സി.എൻ.ജി എന്നിവയ്ക്ക് 100 ശതമാനം വിതരണം ഉറപ്പാക്കി ഉപഭോക്താക്കൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
  • നിലവിൽ പ്രവർത്തിക്കുന്ന യൂറിയ പ്ലാന്റുകളിലേക്ക് വാതകം വിതരണം ചെയ്യുന്നത്  തൊട്ടുമുൻപ് ആറുമാസത്തെ അവയുടെ ശരാശരി ഉപഭോഗത്തിന്റെ ഏകദേശം 98 ശതമാനത്തില്‍ എത്തിനിൽക്കുന്നു.  
  • സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ വഴി  നടത്തുന്ന വിതരണം ഉൾപ്പെടെ മറ്റ് വ്യവസായ, വാണിജ്യ മേഖലകളിലേക്ക് നടത്തുന്ന വാതക വിതരണം 80 ശതമാനം വരെ വർധിപ്പിച്ചിട്ടുണ്ട്.
  • വാണിജ്യ എൽ.പി.ജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിന് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് അവയുടെ ഭൂമിശാസ്ത്രപരമായ എല്ലാ പ്രദേശങ്ങളിലും പി.എൻ.ജി കണക്ഷനുകൾ ലഭ്യമാക്കുന്നതിന് മുൻഗണന നൽകാൻ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
  • സിറ്റി ഗ്യാസ് വിതരണ ശൃംഖലയുടെ വിപുലീകരണത്തിനാവശ്യമായ അപേക്ഷകളുടെ അംഗീകാരം വേഗത്തിലാക്കാൻ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും കേന്ദ്രഗവൺമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.  
  • എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തില്‍ മാറാന്‍  വഴിയൊരുക്കുന്ന സാഹചര്യത്തില്‍  സംസ്ഥാനങ്ങൾക്ക് വാണിജ്യ എൽ.പി.ജിയുടെ 10 ശതമാനം അധിക വിഹിതം നല്‍കുമെന്ന് 2026 മാര്‍ച്ച് 18-ലെ  കത്തിലൂടെ കേന്ദ്ര ഗവൺമെന്റ്  വാഗ്ദാനം ചെയ്തിട്ടുണ്ട്. 
  • പി.എൻ.ജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധിപ്പെട്ട് 22 സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിലവിൽ അധിക വാണിജ്യ എൽ.പി.ജി വിഹിതം ലഭിക്കുന്നുണ്ട്.
  • 1955-ലെ അവശ്യസാധന നിയമപ്രകാരം 'പ്രകൃതി വാതക പെട്രോളിയം ഉല്പന്ന വിതരണ (പൈപ്പ്ലൈനുകളുടെും മറ്റ് സൗകര്യങ്ങളുടെയും നിര്‍മാണം,    പ്രവർത്തനം,  വിപുലീകരണം എന്നിവയിലൂടെ) ഉത്തരവ് 2026'  മാര്‍ച്ച് 24 ന് കേന്ദ്ര ഗവൺമെന്റ് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ ഉത്തരവ് രാജ്യത്തുടനീളം പൈപ്പ് ലൈനുകൾ സ്ഥാപിക്കാനും വിപുലീകരിക്കാനും കാര്യക്ഷമവും സമയബന്ധിതവുമായ  ചട്ടക്കൂട് ഉറപ്പാക്കുന്നു.   അനുമതികളിലെയും ഭൂമി ലഭ്യമാക്കുന്നതിലെയും കാലതാമസം പരിഹരിക്കുന്ന ഈ നടപടി താമസസ്ഥലങ്ങളിലുള്‍പ്പെടെ  പ്രകൃതിവാതക അടിസ്ഥാനസൗകര്യത്തിന്റെ അതിവേഗ വികസനം സാധ്യമാക്കുന്നു.   പി.എൻ.ജി ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ഈ നടപടി സേവനലഭ്യത കുറഞ്ഞ മേഖലകളില്‍ ലഭ്യത മെച്ചപ്പെടുത്തുമെന്നും സംശുദ്ധ ഇന്ധനങ്ങളിലേക്ക് നടത്തുന്ന പരിവർത്തനത്തെ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. അതുവഴി രാജ്യത്തിന്റെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതകാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു.  
  • ഗാര്‍ഹിക പി.എൻ.ജി കണക്ഷനുകൾ വേഗത്തിലാക്കാൻ പി.എൻ.ജി.ആർ.ബി  സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പി.എൻ.ജി വിപുലീകരണത്തിന്റെ വേഗം നിലനിർത്തുന്നതിന് 'ദേശീയ പി.എൻ.ജി യജ്ഞം 2.0' (2026 ജനുവരി 1 മുതല്‍  2026 മാര്‍ച്ച് 31 വരെ) ഇപ്പോൾ 2026 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.
  • കൂടുതൽ ശുദ്ധവും സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഒരു ഊർജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിന് ഒരു മാതൃകാ സംസ്ഥാന കംപ്രസ്ഡ് ബയോഗ്യാസ്  നയത്തിന്റെ കരട് കേന്ദ്രഗവൺമെന്റ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. സി.ബി.ജി വികസനത്തിന് നിക്ഷേപക സൗഹൃദവും എളുപ്പത്തില്‍ നടപ്പാക്കാവുന്നതുമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തരാക്കുന്ന സമഗ്ര  മാർഗനിർദേശ ചട്ടക്കൂടായി ഇത് മാറും. ഈ നയം പിന്തുടരുന്ന  സംസ്ഥാനങ്ങൾക്ക് വാണിജ്യ എൽ.പി.ജിയുടെ അടുത്ത ഘട്ടത്തിലെ അധിക വിഹിതത്തിന് മുൻഗണന നൽകും.
  • 2026 മാർച്ചിന് ശേഷം ഏകദേശം 9.42 ലക്ഷം പി.എൻ.ജി കണക്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കുകയും 3.12 ലക്ഷം അധിക കണക്ഷനുകൾക്ക് അടിസ്ഥാനസൗകര്യങ്ങള്‍ നിർമിക്കുകയും ചെയ്തു.  ആകെ കണക്ഷനുകളുടെ എണ്ണം ഇതോടെ 12.54 ലക്ഷമായി ഉയർന്നു.  കൂടാതെ ഏകദേശം 9.44 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

എൽ.പി.ജി വിതരണം

ഗാർഹിക എൽ.പി.ജി വിതരണ നില 

  • നിലവിലെ സാഹചര്യങ്ങൾ എൽ.പി.ജി വിതരണത്തെ ബാധിക്കുന്നത് തുടരുന്നു.  
  • ഗാർഹിക എൽ.പി.ജി വിതരണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.
  • എൽ.പി.ജി വിതരണകേന്ദ്രങ്ങളില്‍ ഒരിടത്തും സ്റ്റോക്ക് തീർന്നതായി  റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഇന്നലത്തെ കണക്കനുസരിച്ച് വ്യാവസായികടിസ്ഥാനത്തിൽ ഓൺലൈൻ എൽ.പി.ജി സിലിണ്ടർ ബുക്കിങ് ഏകദേശം 99 ശതമാനമായി വർധിച്ചിട്ടുണ്ട്.
  • വിതരണ തലത്തിൽ പാചകവാതകം വകമാറ്റി വിടുന്നത് തടയുന്നതിന് ഡെലിവറി ഓതന്റിക്കേഷൻ കോഡ് അധിഷ്ഠിത വിതരണം ഏകദേശം 96 ശതമാനമായി വർധിപ്പിച്ചു.  ഉപഭോക്താവിന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ് ഡി.എ.സി  ലഭിക്കുന്നത്.
  • കഴിഞ്ഞ 3 ദിവസത്തിനിടെ ഏകദേശം 1.40 കോടി എൽ.പി.ജി സിലിണ്ടറുകള്‍ ബുക്ക് ചെയ്ത സ്ഥാനത്ത്  ഏകദേശം 1.49 കോടി എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്തു. 

വാണിജ്യ എൽ.പി.ജി വിഹിത വിതരണ നടപടികള്‍ 

  • പരിഷ്കരണവുമായി ബന്ധപ്പെട്ട 10 ശതമാനം അധിക വിഹിതം ഉൾപ്പെടെ ആകെ വാണിജ്യ എൽ.പി.ജി വിഹിതം പ്രതിസന്ധിക്ക് മുൻപത്തെ നിലയുടെ 70 ശതമാനമായി നിശ്ചയിക്കാൻ കേന്ദ്രഗവൺമെന്റ് തീരുമാനിച്ചു.
  • കഴിഞ്ഞ 3 ദിവസത്തിനിടെ  
    • ഏകദേശം 1.91 ലക്ഷം - അഞ്ചു കിലോഗ്രാം എഫ്.ടി.എൽ  സിലിണ്ടറുകൾ വില്പന നടത്തി.
    • ഏകദേശം 566 ക്യാമ്പുകളിലൂടെ 10,000-ത്തിലധികം അഞ്ചു കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റു.
    • ആകെ 22,339 മെട്രിക് ടൺ വാണിജ്യ എൽ.പി.ജി വില്പന നടത്തി.
    • പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ ഏകദേശം 736 മെട്രിക് ടൺ ഓട്ടോ എൽ.പി.ജി വില്പന നടത്തി.

 

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിത ശ്രമങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും:

  • വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാനും 1955-ലെ അവശ്യസാധന നിയമം, 2000-ത്തിലെ എൽ.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാനഗവൺമെന്റുകൾക്ക് അധികാരം നൽകിയിട്ടുണ്ട്.
  • പെട്രോൾ, ഡീസൽ, എൽ.പി.ജി ഉൾപ്പെടെ അവശ്യസാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവൺമെന്റുകൾക്കാണ് പ്രാഥമിക ചുമതല. നിരവധി കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്രം  എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
  • ആവശ്യത്തിന് ഇന്ധനം ലഭ്യമാണെന്ന് ഉറപ്പാക്കി പൗരന്മാരെ ആശ്വസിപ്പിക്കുന്നതിന് സജീവ പൊതു സമ്പർക്ക സംവിധാനം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത  കേന്ദ്രം വിവിധ  കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.  
  • വ്യവസായ-വാണിജ്യ ഉപഭോക്താക്കൾ ചില്ലറ വില്പന കേന്ദ്രങ്ങളിലൂടെ  അനധികൃതമായി  ഡീസൽ വാങ്ങുന്നത് തടയാന്‍ ജില്ല തിരിച്ച് ഡീസലിന്റെയും പെട്രോളിന്റെയും വിനിയോഗ രീതി നിരീക്ഷിക്കാനും അവലോകനം ചെയ്യാനും സുപ്രധാന ഗതാഗത/വ്യാവസായിക ഇടനാഴികളിലും ബാധിക്കപ്പെടാൻ സാധ്യതയേറിയ മറ്റ് പ്രദേശങ്ങളിലും ശക്തമായ പരിശോധനാ നടപടികള്‍ ഊർജിതമാക്കാനും നിയമലംഘകർക്കെതിരെ ഉടനടി ശിക്ഷാനടപടികൾ കൈക്കൊള്ളാനും സംസ്ഥാന/ജില്ലാ അധികാരികൾക്ക് ഉചിതമായ നിർദേശങ്ങൾ നൽകണമെന്ന്  2026 മെയ് 26 ന്  എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാരോട് കേന്ദ്രം കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
  • സാധ്യമായ ഇടങ്ങളിലെല്ലാം പൂർണമായി പി.എൻ.ജി യിലേക്ക് മാറാൻ എൽ.പി.ജി ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതിന്  അതത്  സംസ്ഥാന തല കോർഡിനേറ്ററുമായും സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവർത്തിക്കാൻ ജില്ലാ കളക്ടർമാർ/ജില്ലാ മജിസ്‌ട്രേറ്റ്/കമ്മീഷണർ/നഗരസഭാ പ്രത്യേക ഉദ്യോഗസ്ഥർ എന്നിവർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നറിയിച്ച് കേന്ദ്രം 2026  ജൂണ്‍ 10 ന് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചിട്ടുണ്ട്.  പി.എൻ.ജി ശൃംഖല വിപുലീകരിക്കുന്നതിൽ ജില്ലാ-നഗരസഭാ ഭരണകൂടങ്ങളുടെ പങ്കാളിത്തം  ഗവൺമെന്റിന്റെ നിലവിലെ  ശ്രമങ്ങൾക്ക് കൂടുതൽ കരുത്തേകും.  

 

നിയമ നിര്‍വഹണവും നിരീക്ഷണ നടപടികളും:

  • പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും രാജ്യത്തുടനീളം നിയമനിര്‍വഹണ നടപടികൾ തുടരുകയാണ്.  
  • എൽ.പി.ജി-യുമായി ബന്ധപ്പെട്ട നടപടികൾ - കഴിഞ്ഞ 3 ദിവസത്തിനിടെ രാജ്യത്ത് 2 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യുകയും ഒരാളെ  അറസ്റ്റ് ചെയ്യുകയും 225 സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തു.
  • പെട്രോൾ, ഡീസല്‍ എന്നിവയുമായി ബന്ധപ്പെട്ട നടപടികൾ - മണിപ്പൂരില്‍ 3680 ലിറ്റർ പെട്രോൾ പിടിച്ചെടുക്കുകയും 1 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
  • സമാനമായി പൊതുമേഖലാ എണ്ണ വിപണ കമ്പനികളിലെ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനകളും തുടരുകയാണ് . 
    •  എൽ.പി.ജി വിതരണ സ്ഥാപനങ്ങള്‍  - അച്ചടക്കരഹിതമായ പെരുമാറ്റത്തിന് കഴിഞ്ഞ 3 ദിവസത്തിനിടെ 19 എൽ.പി.ജി വിതരണകേന്ദ്രങ്ങള്‍ക്ക് പിഴ ചുമത്തി.
    • ചില്ലറ വില്പന കേന്ദ്രങ്ങള്‍ -  കഴിഞ്ഞ 3 ദിവസത്തിനിടെ വിപണി അച്ചടക്ക മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 14 ചില്ലറവില്പന ശാലകള്‍ക്ക്  പിഴ ചുമത്തുകയും 461 ചില്ലറവില്പന കേന്ദ്രങ്ങള്‍  താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.

 ഗവൺമെന്റ് തയ്യാറെടുപ്പുകളും വിതരണ നിര്‍വഹണ നടപടികളും:

  • നിലവിലെ ഭൗമരാഷ്ട്രീയ  സാഹചര്യം വകവയ്ക്കാതെ ഗാർഹിക എൽ.പി.ജി, ഗാർഹിക പി.എൻ.ജി, ഗതാഗത മേഖലയിലെ സി.എൻ.ജി എന്നിവയുടെ 100 ശതമാനം വിതരണം ഉറപ്പാക്കാൻ ഗവൺമെന്റ് നടപടി സ്വീകരിച്ചിട്ടുണ്ട്.
  • വാണിജ്യ എൽ.പി.ജിയുടെ കാര്യത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ട്. ഔഷധനിര്‍മാണം, സ്റ്റീൽ, വാഹനവിപണി, വിത്ത്, കൃഷി തുടങ്ങിയ മേഖലകൾക്കും വിതരണത്തിൽ മുൻഗണന നൽകിയിട്ടുണ്ട്.
  • കുടിയേറ്റ തൊഴിലാളികൾ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ എൽ.പി.ജി ആവശ്യകതയെ പിന്തുണയ്ക്കുന്നതിന് അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ വിതരണം വർധിപ്പിച്ചിട്ടുണ്ട്. 
  • എണ്ണസംസ്കരണശാലകളിലെ ഉല്പാദന വർധന, സിലിണ്ടർ ബുക്കിങ് ഇടവേള നഗരപ്രദേശങ്ങളിൽ 21 ദിവസത്തിൽ നിന്ന് 25 ദിവസമായും ഗ്രാമീണ മേഖലകളിൽ 45 ദിവസം വരെയായും ക്രമീകരണം,  വിതരണത്തിന് വിവിധ മേഖലകൾക്ക് മുൻഗണന  എന്നിവയുൾപ്പെടെ വിതരണ-ആവശ്യകത തലങ്ങളിൽ യുക്തിസഹമായ നിരവധി നടപടികൾ ഗവൺമെന്റ് ഇതിനകം നടപ്പാക്കിയിട്ടുണ്ട്.

 

പൊതുജന നിർദേശങ്ങളും ബോധവൽക്കരണവും:

  • പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവൺമെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്.  പരിഭ്രാന്തി മൂലം പെട്രോൾ, ഡീസൽ എന്നിവ വാങ്ങുന്നതും അനാവശ്യമായി എൽ.പി.ജി  ബുക്ക് ചെയ്യുന്നതും ജനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
  • വ്യാജവാർത്തകളിൽ ജാഗ്രത പാലിക്കുകയും കൃത്യമായ വിവരങ്ങൾക്ക് ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുകയും ചെയ്യുക. 
  • പി.എൻ.ജി, ഇൻഡക്ഷൻ/ഇലക്ട്രിക് കുക്ക്‌ടോപ്പുകൾ തുടങ്ങിയ ബദൽ ഇന്ധന മാർഗങ്ങൾ ഉപയോഗിക്കാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു.
  • കൂടുതല്‍ ഉപഭോഗമുള്ളവരും വ്യാവസായിക ഉപഭോക്താക്കളും അനുവദനീയ കേന്ദ്രങ്ങള്‍ വഴി മാത്രം ഡീസൽ വാങ്ങണമെന്ന്  അഭ്യർത്ഥിക്കുന്നു.
  • നിലവിലെ സാഹചര്യത്തിൽ ജനങ്ങള്‍  ദൈനംദിന ഉപയോഗത്തിൽ ഊർജ സംരക്ഷണത്തിനാവശ്യമായ ശ്രമങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു. 

 

 

സമുദ്ര സുരക്ഷയും കപ്പൽഗതാഗത പ്രവർത്തനങ്ങളും


പേർഷ്യൻ ഗൾഫിലെ നിലവിലുള്ള സമുദ്ര സ്ഥിതിഗതികളെക്കുറിച്ച് കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം പുതിയ വിശദാംശങ്ങൾ നൽകി. മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശദീകരിച്ചു.

അതിൽ ഇങ്ങനെ പ്രസ്താവിച്ചു:

പേർഷ്യൻ മേഖലയിലെ വ്യാപാര കപ്പലുകളുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളിൽ ഗവൺമെൻറ് ആശങ്ക പ്രകടിപ്പിക്കുന്നു. അടുത്തിടെ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങളുടെ വിശദാംശങ്ങൾ ഇപ്രകാരമാണ്:

1. 2026 ജൂൺ എട്ടിന്, ഒമാൻ തീരത്തിനടുത്തുള്ള പലാവു ദേശീയപതാകയേന്തിയ കപ്പലായ എം.ടി മാരിവെക്‌സിൽ ഒരു തീപ്പിടിത്തം റിപ്പോർട്ട് ചെയ്യപ്പെട്ടു. കപ്പൽ ജീവനക്കാരിൽ 24 ഇന്ത്യക്കാരുണ്ടായിരുന്നു. എല്ലാ ജീവനക്കാരെയും ഒമാൻ വ്യോമസേന സുരക്ഷിതമായി രക്ഷപ്പെടുത്തി.


2. 2026 ജൂൺ പത്തിന്, അതായത് ഇന്നലെ, പലാവു ദ്വീപ് രാജ്യത്തിന്റെ പതാകയേന്തിയ എം.ടി സെറ്റെബെല്ലോ എന്ന എണ്ണ ടാങ്കർ കപ്പൽ ആക്രമിക്കപ്പെടുകയും, അതിൽ അടിയന്തര നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. സംഭവസമയത്ത്, 24 ഇന്ത്യക്കാർ, 2 പാകിസ്ഥാനികൾ, ഒരു റഷ്യക്കാരൻ, ഒരു ഉക്രെയ്ൻകാരൻ എന്നിവർ ഉൾപ്പെടെ ആകെ 28 നാവികർ കപ്പലിലുണ്ടായിരുന്നു. ദൗർഭാഗ്യവശാൽ, ഇന്ത്യൻവംശജരായ മൂന്ന് കപ്പൽ ജീവനക്കാർക്ക് ജീവൻ നഷ്ടമായി. സംഭവത്തിൽ ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു.

21 ഇന്ത്യക്കാർ ഉൾപ്പെടെ അവശേഷിച്ച 25 കപ്പൽ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചെടുത്തു.

മരിച്ച എല്ലാ കപ്പൽ ജീവനക്കാരുടെയും അടുത്ത ബന്ധുക്കളുമായി (എൻ.ഒ.കെ) കേന്ദ്ര ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.എസ്) വഴി കേന്ദ്ര മന്ത്രാലയം ബന്ധപ്പെടുകയും എല്ലാ പിന്തുണയുമേകുകയും ചെയ്യുന്നു.

മരിച്ച ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ സീമാൻ വെൽഫെയർ ഫണ്ട് സൊസൈറ്റി (എസ്.ഡബ്ല്യു.എഫ്.എസ്) യോട് ആവശ്യപ്പെട്ടിട്ടുണ്ട്.

3. 2026 ജൂൺ 11 ന്, അതായത് ഇന്ന്, ഗിനിയ-ബിസാവു പതാക വഹിച്ച അസ്ഫാൽട്ട്/ബിറ്റുമെൻ ടാങ്കർ കപ്പലായ എം.ടി ജൽവീർ (ഐ.എം.ഒ: 9486283) ഒമാനിലെ ഷിനാസ് തുറമുഖത്തിന് സമീപം ഒരു സമുദ്ര സുരക്ഷാ പ്രശ്‌നത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു. കപ്പലിലുള്ള ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് റിപ്പോർട്ടുണ്ട്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

കേന്ദ്ര ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ (ഡി.ജി ഷിപ്പിങ്) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം, വിദേശത്തുള്ള ഇന്ത്യൻ കാര്യാലയങ്ങൾ, മറ്റ് പ്രധാന പങ്കാളികൾ എന്നിവരുമായി നിരന്തരമായി ഏകോപനത്തിലുമാണ്.

ഡി.ജി ഷിപ്പിങ് കൺട്രോൾ റൂമിൽ നിന്നുള്ള പുതിയ വിശദാംശങ്ങൾ: സജീവമാക്കിയതിനുശേഷം കൺട്രോൾ റൂം 12,331 ഫോൺകോളുകളും 27,515-ലധികം ഇ-മെയിലുകളും കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ, നാവികരിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നും സമുദ്ര പങ്കാളികളിൽ നിന്നും ആകെ 311 കോളുകളും 683 ഇ-മെയിലുകളും ലഭിച്ചു.

സ്വദേശത്തേക്ക് മടങ്ങൽ സംബന്ധിച്ച വിശദാംശങ്ങൾ: കേന്ദ്ര ഷിപ്പിങ് ഡയറക്ടറേറ്റ് ജനറൽ (ഡിജി ഷിപ്പിംഗ്) വഴി കേന്ദ്ര മന്ത്രാലയം ഇതുവരെ 3,537 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി തിരിച്ചയക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്, ഇതിൽ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള 31 പേരും ഉൾപ്പെടുന്നു.


മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

മേഖലയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷയും, ഭദ്രതയും, ക്ഷേമവും ഉറപ്പാക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഗൾഫിലും പശ്ചിമേഷ്യൻ മേഖലയിലും നടക്കുന്ന സംഭവവികാസങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പങ്കുവെച്ച വിവരങ്ങൾ :

വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ശ്രമങ്ങളുടെ ഏകോപനത്തിനുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവൺമെന്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നു.

മേഖലയിലുടനീളമുള്ള ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും ജാഗ്രത പാലിക്കുകയും ഇന്ത്യൻ സമൂഹത്തെ സജീവമായി പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇന്ത്യൻ പൗരന്മാർക്ക് സമയബന്ധിതമായ സഹായം നൽകുന്നതിനായി അവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ പ്രവർത്തിക്കുകയും പ്രാദേശിക ഗവൺമെന്റുകളുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്യുന്നു.

പ്രാദേശിക ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന-യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, സമൂഹത്തിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക അറിയിപ്പുകൾ പുറപ്പെടുവിച്ചുവരുന്നു.

ഇന്ത്യൻ ഔദ്യോഗിക കാര്യാലയങ്ങൾ പ്രവാസികളായ ഇന്ത്യൻ സമൂഹവുമായി സജീവമായി ഇടപഴകുന്നു. ഇന്ത്യൻ സാമൂഹ കൂട്ടായ്മകൾ, സംഘടനകൾ, പ്രൊഫഷണൽ സംഘങ്ങൾ, ഇന്ത്യൻ കമ്പനികൾ എന്നിവരുമായി അവരുടെ ആശങ്കകൾ പരിഹരിക്കുന്നതിനായി അവർ പതിവായി ആശയവിനിമയം നടത്തുന്നു.

ഒമാൻ തീരത്ത് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ സമീപകാല ആക്രമണങ്ങളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ:


എം.ടി മാരിവെക്‌സിനെക്കുറിച്ചുള്ള പുതിയ സ്ഥിതിഗതി വിവരങ്ങൾ:

എം.ടി മാരിവെക്സിലെ ഇന്ത്യക്കാരായ 24 കപ്പൽ ജീവനക്കാരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി.

ഒമാനിലെ ഇന്ത്യൻ എംബസി എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും, അവരെ ഇന്ത്യയിലേക്ക് എത്രയും വേഗം എത്തിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവർ നാളെ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.


എം.ടി സെറ്റെബെല്ലോയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ
 
ഒമാൻ തീരത്ത് പലാവു പതാകയേന്തിയ വാണിജ്യ കപ്പലായ എം.ടി സെറ്റെബെല്ലോയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ അപലപിച്ചു.

മരണമടഞ്ഞ ഇന്ത്യക്കാരായ മൂന്ന് കപ്പൽജീവനക്കാരുടെ കുടുംബങ്ങളെ കേന്ദ്ര മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി അവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലേക്ക് എത്തിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികളുമായി നിരന്തരം സമ്പർക്കം പുലർത്തി വരുന്നു.

രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവികർക്ക് നമ്മുടെ എംബസി എല്ലാ സഹായവും നൽകുന്നു. കൂടാതെ അവരെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ആശയവിനിമയം പുലർത്തുന്നുമുണ്ട്.


എം.ടി ജൽവീറിനെക്കുറിച്ചുള്ള പുതിയ സ്ഥിതിഗതി വിവരങ്ങൾ:  :

ഒമാനിലെ ഷിനാസ് തുറമുഖത്ത് നിന്ന് ആക്രമിക്കപ്പെട്ട ഗിനിയ ബിസാവു പതാക വഹിച്ച വാണിജ്യ കപ്പലായ എം.ടി ജൽവീറിലെ കപ്പൽജീവനക്കാരായ 20 ഇന്ത്യക്കാരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

ഒമാനിലെ നമ്മുടെ എംബസി, സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇന്ത്യൻ  ജീവനക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി ഒമാനി അധികൃതരുമായി ചേർന്ന് സംയുക്തമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

മേഖലയിലെ വാണിജ്യ കപ്പൽ ഗതാഗതത്തെ ബാധിക്കുന്ന തുടർച്ചയായ സംഭവങ്ങൾ വളരെയധികം ആശങ്കാജനകമാണ്. നാവികരുടെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെയും അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി അന്താരാഷ്ട്ര ജലപാതകളിലൂടെ സ്വതന്ത്രവും തടസ്സരഹിതവുമായ കപ്പൽ ഗതാഗതവും വാണിജ്യവും നിലനിർത്തേണ്ടതിന്റെയും പ്രാധാന്യം കേന്ദ്രമന്ത്രാലയം ആവർത്തിച്ച് ഊന്നിപ്പറയുന്നു.

ഒരു വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ന്യൂഡൽഹിയിലെ യു.എസ് എംബസിക്ക് മുന്നിൽ ഇന്ത്യ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചു. ഇതിനായി വിദേശകാര്യ മന്ത്രാലയം ഇന്നലെ യു.എസ് സി.ഡി.എ(അംബാസഡറുടെ അഭാവത്തിൽ എംബസി ചുമതല വഹിക്കുന്ന മുതിർന്ന നയതന്ത്രജ്ഞൻ)യെ വിളിച്ചുവരുത്തി. ഇന്ത്യൻ നാവികർ ജോലി ചെയ്തിരുന്ന മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയത് അമേരിക്കൻ നാവികസേനയായിരുന്നു.

***


(रिलीज़ आईडी: 2271923) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Odia , Tamil , Kannada