ഉപരാഷ്ട്രപതിയുടെ കാര്യാലയം
മാധ്യമ പ്രവർത്തനത്തിൽ സത്യസന്ധത, വസ്തുനിഷ്ഠത, പൊതുതാൽപ്പര്യം എന്നിവ ഉയർത്തിപ്പിടിക്കാൻ സൻസദ് ടിവി ഇൻ്റേൺഷിപ്പ് പരിപാടിയുടെ സമാപന ചടങ്ങിൽ ഉപരാഷ്ട്രപതി യുവ മാധ്യമപ്രവർത്തകരോട് ആഹ്വാനം ചെയ്തു
प्रविष्टि तिथि:
11 JUN 2026 7:04PM by PIB Thiruvananthpuram
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനിലെ (ഐഐഎംസി) അവസാന വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി സൻസദ് ടിവി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനിന്ന ഇൻ്റേൺഷിപ്പ് പരിപാടിയുടെ സമാപന ചടങ്ങിനെ, ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് ഉപരാഷ്ട്രപതി ഭവനിൽ അഭിസംബോധന ചെയ്തു.
ഈ സംരംഭത്തിൽ സന്തോഷം പ്രകടിപ്പിച്ച ശ്രീ സി. പി. രാധാകൃഷ്ണൻ, ഈ വർഷം ആദ്യം ഐഐഎംസി-യുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തപ്പോൾ സൻസദ് ടിവിയിലൂടെ വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനത്തിനുള്ള അവസരങ്ങൾ നൽകണമെന്ന് താൻ നിർദ്ദേശിച്ചിരുന്ന കാര്യം അനുസ്മരിച്ചു. ഈ നിർദ്ദേശം ഉടനടി നടപ്പിലാക്കിയതിനെ അദ്ദേഹം പ്രശംസിക്കുകയും, ഇൻ്റേൺഷിപ്പ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകിയ സൻസദ് ടിവിയിലെ മാധ്യമപ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്തു.
ജനാധിപത്യത്തിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച് എടുത്തുപറഞ്ഞ ശ്രീ സി. പി. രാധാകൃഷ്ണൻ, ബൗദ്ധികമായ സത്യസന്ധതയും, സാമൂഹിക പ്രതിബദ്ധതയും, സാങ്കേതിക വൈദഗ്ധ്യവും ഉള്ളതും ജനാധിപത്യ മൂല്യങ്ങളോട് പൂർണ്ണമായി കൂറുപുലർത്തുന്നതുമായ മാധ്യമപ്രവർത്തകരേയും
ആശയവിനിമയ വിദഗ്ധരേയുമാണ് ഇന്ത്യയ്ക്ക് ആവശ്യമെന്ന് പറഞ്ഞു. മാധ്യമങ്ങൾക്ക് വാർത്തകൾ രൂപപ്പെടുത്താൻ മാത്രമല്ല, രാജ്യങ്ങളെത്തന്നെ രൂപപ്പെടുത്താനുള്ള കരുത്തുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
2047-ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംഭാവന നൽകാൻ വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി, ഇന്ത്യയുടെ വികസന യാത്രയെ സത്യസന്ധതയോടും വസ്തുനിഷ്ഠതയോടും കൂടി അവതരിപ്പിക്കാൻ അവരോട് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ ജനസംഖ്യാപരമായ നേട്ടങ്ങൾ, സാങ്കേതിക നവീകരണം, ജനാധിപത്യപരമായ കരുത്ത് എന്നിവ കാരണം ഇന്ന് അന്താരാഷ്ട്ര സമൂഹം ഇന്ത്യയെ പുതിയൊരു താല്പര്യത്തോടെയാണ് വീക്ഷിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുന്ന ഇന്നത്തെ മാധ്യമ അന്തരീക്ഷത്തിൽ സെൻസേഷണലിസത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയ ശ്രീ സി. പി. രാധാകൃഷ്ണൻ, മാധ്യമങ്ങളുടെ വിശ്വാസ്യത എന്നത് ജനപ്രീതിയിലല്ല, മറിച്ച് വസ്തുതാപരമായ കൃത്യതയിലും പൊതുതാൽപ്പര്യത്തിലുമായിരിക്കണം അധിഷ്ഠിതമാകേണ്ടതെന്ന് ഊന്നിപ്പറഞ്ഞു. സത്യസന്ധതയും വസ്തുനിഷ്ഠതയും ഉത്തരവാദിത്തമുള്ള റിപ്പോർട്ടിംഗും ഉയർത്തിപ്പിടിക്കാൻ അദ്ദേഹം യുവ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ടു.
നിർമ്മിതബുദ്ധിയുടെ (എഐ) വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ഗവേഷണത്തിനും വിവരങ്ങൾ സ്ഥിരീകരിക്കുന്നതിനുമുള്ള ശക്തമായ ഉപകരണമായി സാങ്കേതികവിദ്യ ഉപയോഗിക്കാമെങ്കിലും, എഡിറ്റോറിയൽ തീരുമാനങ്ങൾ എപ്പോഴും മനുഷ്യൻ്റെ യുക്തിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്ന് പറഞ്ഞു. തെറ്റായ വിവരങ്ങൾക്കും ഡീപ്‌ഫേക്കുകൾക്കുമെതിരെ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന മാധ്യമപ്രവർത്തനത്തിന് ഊന്നൽ നൽകിയ ഉപരാഷ്ട്രപതി, ഭാരതത്തെക്കുറിച്ച് സമഗ്രമായ ധാരണ ഉണ്ടാകണമെങ്കിൽ വൻനഗരങ്ങൾക്ക് അപ്പുറത്തുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യണമെന്നും, രാജ്യത്തുടനീളമുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ, വെല്ലുവിളികൾ, നേട്ടങ്ങൾ എന്നിവയ്ക്ക് കൂടുതൽ ശ്രദ്ധ നൽകണമെന്നും പറഞ്ഞു.
രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവൻഷ്, രാജ്യസഭാ സെക്രട്ടറി ജനറൽ ശ്രീ പി.സി. മോദി, ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയും സൻസദ് ടിവിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീ അമിത് ഖാരെ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐഐഎംസി) വൈസ് ചാൻസലർ ഡോ. പ്രജ്ഞാ പാലിവാൾ ഗൗർ, മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
*****
(रिलीज़ आईडी: 2271895)
आगंतुक पटल : 8