പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം വികസിത ഇന്ത്യയിലേയ്ക്കുള്ള രാജ്യത്തിൻ്റെ പരിവർത്തനത്തിന് കരുത്തുപകരുന്നു: കേന്ദ്രമന്ത്രി ശ്രീ.പ്രൾഹാദ് ജോഷി

प्रविष्टि तिथि: 10 JUN 2026 7:03PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കഴിഞ്ഞ പന്ത്രണ്ട് വർഷത്തെ ദർശനവും നേതൃത്വവും ഇന്ത്യയെ ശുദ്ധ ഊർജ്ജ മേഖലയിലെ ആഗോള നേതാവാക്കി മാറ്റുകയും വികസിത ഇന്ത്യയിലേക്കുള്ള രാജ്യത്തിൻ്റെ  പ്രയാണത്തിന് വേഗത കൂട്ടുകയും ചെയ്തതായി കേന്ദ്ര നവ, പുനരുപയോഗ ഊർജ്ജ, ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രി ശ്രീ. പ്രൾഹാദ് വെങ്കിടേഷ് ജോഷി പറഞ്ഞു. പുനരുപയോഗ ഊർജ്ജ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിൽ നിന്ന്, പ്രായോഗിക തലത്തിൽ കൃത്യമായി അളക്കാവുന്ന ഫലങ്ങൾ നൽകാൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുനരുപയോഗ ഊർജ്ജ ശേഷിയിലുണ്ടായ ദ്രുതഗതിയിലുള്ള വർദ്ധന, ആഭ്യന്തര ഉത്പാദനം, ജനപങ്കാളിത്തം എന്നിവയാണ് രാജ്യത്തെ ശുദ്ധ ഊർജ്ജ പരിവർത്തനത്തെ നിർവചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലായി വിശേഷിപ്പിച്ചുകൊണ്ട്, ഇന്ത്യയുടെ ഫ്ലോട്ടിംഗ് സോളാർ പിവി പൊട്ടൻഷ്യൽ അസസ്മെൻ്റിനെക്കുറിച്ചുള്ള റിപ്പോർട്ട് ശ്രീ. ജോഷി പുറത്തിറക്കി. ഇതുപ്രകാരം, രാജ്യത്തെ ഫ്ലോട്ടിംഗ് സൗരോർജ്ജ ശേഷി 102 ജിഗാവാട്ട് പീക്കിന് മുകളിലാണെന്ന് കണക്കാക്കപ്പെടുന്നു, ഇതോടെ ഇന്ത്യയുടെ മൊത്തം സൗരോർജ്ജ ശേഷി 3,445 ജിഗാവാട്ട് പീക്കായി ഉയർന്നതായി വിലയിരുത്തപ്പെടുന്നു. രാജ്യത്തുടനീളം  ഫ്ലോട്ടിംഗ് സോളാർ പദ്ധതികളുടെ വ്യാപനം പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം ഒരു സമർപ്പിത പദ്ധതിയിൽ പ്രവർത്തിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

ഫ്ലോട്ടിംഗ് സോളാർ പദ്ധതികളിലൂടെ ശുദ്ധ ഊർജ്ജ ഉത്പാദനത്തിനുള്ള പ്രധാന വിഭവങ്ങളായി  ജലാശയങ്ങളും മറ്റ് സംഭരണികളും മാറിക്കൊണ്ടിരിക്കുകയാണെന്ന് ശ്രീ. ജോഷി പറഞ്ഞു. ഇന്ത്യയുടെ ശുദ്ധ ഊർജ്ജത്തിലേക്കുള്ള മാറ്റം വേഗത്തിലാക്കുന്നതോടൊപ്പം, പ്രകൃതിവിഭവങ്ങളെ സുസ്ഥിരവും കാര്യക്ഷമവുമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള  ഗവൺമെൻ്റിൻ്റെ പ്രതിബദ്ധതയാണ് ഈ സംരംഭങ്ങൾ പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചെറുകിട ജലവൈദ്യുത വികസന പദ്ധതിക്കായുള്ള ഓൺലൈൻ പോർട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു. ഇത് പദ്ധതി നടപ്പിലാക്കുന്നതിലെ സുതാര്യതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2017-ന് ശേഷം ചെറുകിട ജലവൈദ്യുത മേഖലയിലുണ്ടാകുന്ന ആദ്യത്തെ പ്രധാന നയ ഇടപെടലാണ് ഈ സംരംഭമെന്നും അദ്ദേഹം പറഞ്ഞു.

പിഎം സൂര്യ ഘർ: മുഫ്ത് ബിജ്‌ലി യോജന, പിഎം-കുസും തുടങ്ങിയ മുൻനിര പരിപാടികൾ ഇന്ത്യയുടെ ശുദ്ധ ഊർജ്ജത്തിലേക്കുള്ള മാറ്റത്തിൽ പൗരന്മാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണെന്നും രാജ്യത്തുടനീളം പുനരുപയോഗ ഊർജ്ജം സ്വീകരിക്കുന്നത് വേഗത്തിലാക്കുകയാണെന്നും ശ്രീ. ജോഷി പറഞ്ഞു.

ഫോസിൽ ഇതര ഇന്ധന ശേഷി 2014-ലെ 81 ജിഗാവാട്ടിൽ നിന്ന് 288 ജിഗാവാട്ടായും, സൗരോർജ്ജ ശേഷി 2.8 ജിഗാവാട്ടിൽ നിന്ന് 155 ജിഗാവാട്ടായും വർദ്ധിച്ചതോടെ ഇന്ത്യ ലോകത്തെ മുൻനിര സൗരോർജ്ജ വിപണികളിലൊന്നായി ഉയർന്നുവന്നിട്ടുണ്ടെന്ന് ശ്രീ. ജോഷി ചൂണ്ടിക്കാട്ടി. ആഭ്യന്തര സൗരോർജ്ജ ഉത്പാദന ശേഷി ഗണ്യമായി വികസിച്ചിട്ടുണ്ടെന്നും, മൊഡ്യൂൾ നിർമ്മാണം 172 ജിഗാവാട്ടിലും സെൽ നിർമ്മാണ ശേഷി 30 ജിഗാവാട്ടിലും എത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ശുദ്ധ ഊർജ്ജ നേട്ടങ്ങൾ ആഗോള അംഗീകാരം നേടിയിട്ടുണ്ടെന്നും, അഭിലഷണീയമായ കാലാവസ്ഥാ-ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള രാജ്യത്തിൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി ക്ഷാമം നേരിട്ടിരുന്ന രാജ്യത്തിൽ നിന്ന് വൈദ്യുതി മിച്ചമുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും, അതോടൊപ്പം പുനരുപയോഗ ഊർജ്ജ ഉത്പാദനത്തിൻ്റെ ഒരു പ്രധാന കേന്ദ്രമായി രാജ്യം ഉയർന്നുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ചടങ്ങിൽ, പ്രതിരോധ സ്ഥാപനങ്ങളിൽ സൗരോർജ്ജം ഉപയോഗിക്കുന്നത് ശക്തിപ്പെടുത്തുന്നതിനായി എൻ.ഐ.എസ്.ഇ.- യും മിലിട്ടറി എഞ്ചിനീയറിംഗ് സർവീസസും ധാരണാപത്രം കൈമാറി. ഈ സഹകരണത്തിന് കീഴിൽ, പുനരുപയോഗ ഊർജ്ജ പദ്ധതികളുടെ ആസൂത്രണം, നടപ്പിലാക്കൽ, നിരീക്ഷണം എന്നിവയ്ക്കായി എൻ.ഐ.എസ്.ഇ. സാങ്കേതിക പിന്തുണ നൽകും.

ഡോ. മുഹമ്മദ് റിഹാൻ രചിച്ച "ഹരിത ഊർജ്ജവും സുസ്ഥിര വികസനവും" എന്ന പുസ്തകവും ശ്രീ. ജോഷി പ്രകാശനം ചെയ്തു. ഈ പ്രസിദ്ധീകരണം വിദ്യാർത്ഥികൾക്കും ഗവേഷകർക്കും നയരൂപകർത്താക്കൾക്കും മറ്റ് പങ്കാളികൾക്കും ഒരു വിലപ്പെട്ട പഠനസ്രോതസ്സായി വർത്തിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഗവേഷണം, നവീകരണം, സാങ്കേതിക പിന്തുണ എന്നിവയിലൂടെ നൽകിയ സംഭാവനകൾക്ക് എൻ.ഐ.എസ്.ഇ.-യേയും സംഘത്തേയും  മന്ത്രി അഭിനന്ദിച്ചു. ഇന്ന് തുടക്കം കുറിച്ച സംരംഭങ്ങൾ ശുദ്ധ ഊർജ്ജത്താൽ പ്രവർത്തിക്കുന്ന, സ്വയംപര്യാപ്തവും വികസിതവുമായ ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ ഗണ്യമായ സംഭാവന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ടിൻ്റെ സംഗ്രഹം ഈ ലിങ്കിൽ ലഭ്യമാണ്:  https://drive.google.com/file/d/1kn0CPo5ukjezJteKw598V7BdACSlvhlN/view?usp=sharing

 

   

 

 

**** 


(रिलीज़ आईडी: 2271355) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Kannada