ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം
ഭക്ഷ്യ സംവിധാനങ്ങളുടെ പരിവർത്തനത്തിലൂടെ ദക്ഷിണേഷ്യയ്ക്ക് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളും കോടിക്കണക്കിന് നിക്ഷേപവും ആകർഷിക്കാൻ കഴിയും: SAPLING ഉന്നതതല നയ സംഭാഷണത്തിൽ ലോക ബാങ്ക് ഗ്രൂപ്പ്
प्रविष्टि तिथि:
10 JUN 2026 10:33AM by PIB Thiruvananthpuram
വികസന യാത്രയിലെ ഒരു നിർണായക ഘട്ടത്തിലാണ് ദക്ഷിണേഷ്യ. ഓരോ വർഷവും ദശലക്ഷക്കണക്കിന് യുവാക്കൾ തൊഴിൽ മേഖലയിലേക്ക് കടന്നുവരുന്നതിനാൽ, സുസ്ഥിര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഈ മേഖലയിലെ പ്രധാന മുൻഗണനകളിലൊന്നായി മാറിയിരിക്കുന്നു. കൃഷിയിടത്തിനപ്പുറം ഭക്ഷ്യ സംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിലൂടെ തൊഴിൽ, നിക്ഷേപം, സാമ്പത്തിക വളർച്ച, ദാരിദ്ര്യ നിർമ്മാർജനം എന്നിവയ്ക്കുള്ള ഗണ്യമായ അവസരങ്ങൾ തുറക്കപ്പെടുമെന്ന് ലോക ബാങ്ക് ഗ്രൂപ്പ് വ്യക്തമാക്കി.
ദക്ഷിണേഷ്യയിലെ കാർഷിക മേഖല പ്രതിവർഷം 700 ബില്യൺ ഡോളറിലധികം മൂല്യം സൃഷ്ടിക്കുന്നു, കൂടാതെ തൊഴിലാളികളിൽ ഏകദേശം 43 ശതമാനം പേർക്കും തൊഴിൽ നൽകുന്നു. നിരവധി പേർ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും, പ്രദേശത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ഏകദേശം 16% മാത്രമേ മേഖല സംഭാവന ചെയ്യുന്നുള്ളൂ. ദക്ഷിണേഷ്യയിൽ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യഉത്പന്നങ്ങളുടെ 30 ശതമാനത്തിലധികം എല്ലാ വർഷവും നഷ്ടപ്പെടുകയോ പാഴാക്കുകയോ ചെയ്യുന്നു - ഏകദേശം 30 കോടി ജനങ്ങളെ പോറ്റാൻ ഇത് പര്യാപ്തമാണ്.
കാർഷിക പരിവർത്തനത്തിന്റെ അടുത്ത ഘട്ടത്തിൽ പ്രാധാന്യം നൽകേണ്ടത് ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ മാത്രമല്ല, ഭക്ഷ്യ സംസ്കരണം, സംഭരണം, ലോജിസ്റ്റിക്സ്, വിപണനം, മൂല്യവർദ്ധനവ് എന്നിവ വികസിപ്പിക്കുന്നതിലാണെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു. ഭക്ഷ്യനഷ്ടം കുറയ്ക്കുന്നതിലും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിലും ഉള്ള പ്രവർത്തനങ്ങളിലൂടെ ദശലക്ഷക്കണക്കിന് ഉത്പാദന തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.
ഇന്ത്യയിൽ, 1950-51-ൽ 51 ദശലക്ഷം ടണ്ണായിരുന്ന ഭക്ഷ്യധാന്യ ഉത്പാദനം ഇന്ന് 330 ദശലക്ഷം ടണ്ണിൽ അധികമായിട്ടുണ്ട്. സംസ്കരിച്ച ഭക്ഷ്യ കയറ്റുമതി കഴിഞ്ഞ ദശകത്തിൽ ഇരട്ടിയിലധികം വർദ്ധിച്ചു, ഏകദേശം 4.9 ബില്യൺ ഡോളറിൽ നിന്ന് 10 ബില്യൺ ഡോളറിലധികമായി ഉയർന്നു. ഭക്ഷ്യ സംസ്കരണ മേഖല നിലവിൽ ഉത്പാദന മൂല്യവർദ്ധനവിന്റെ ഏകദേശം 9 ശതമാനവും കയറ്റുമതിയുടെ ഏകദേശം 13 ശതമാനവും സംഭാവന ചെയ്യുന്നു.
തന്ത്രപരമായ നയ ഇടപെടലുകൾ കാർഷിക മൂല്യ ശൃംഖലകളെ എങ്ങനെ പരിവർത്തനം ചെയ്യുമെന്ന് ഇന്ത്യയുടെ അനുഭവം തെളിയിക്കുന്നു. പ്രധാനമന്ത്രി കിസാൻ സമ്പദ യോജന, പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് പ്രോസസ്സിംഗ് എന്റർപ്രൈസസ് (PMFME) പദ്ധതി, ഭക്ഷ്യ സംസ്കരണ വ്യവസായങ്ങൾക്കായുള്ള ഉത്പാദന ബന്ധിത പ്രോത്സാഹന (PLI) പദ്ധതി തുടങ്ങിയ പ്രധാന സംരംഭങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തി, സംരംഭങ്ങളെ നവീകരിച്ചു, നിക്ഷേപങ്ങൾ ആകർഷിച്ചു, മത്സരശേഷി മെച്ചപ്പെടുത്തി.
ഈ പുരോഗതിയുടെ പശ്ചാത്തലത്തിലും, കാര്യമായ അവസരങ്ങൾ ഇനിയും അവശേഷിക്കുന്നു. നിലവിൽ മൊത്തം തൊഴിലിന്റെ ഒരു ചെറിയ പങ്ക് മാത്രമേ ഭക്ഷ്യ സംസ്കരണ മേഖല സംഭാവന ചെയ്യുന്നുള്ളൂ, കൂടാതെ കാർഷിക ഉത്പന്നങ്ങളുടെ വലിയൊരു ഭാഗം ഇപ്പോഴും സംസ്കരിക്കപ്പെടാതെ കിടക്കുന്നു. കോൾഡ് ചെയിനുകൾ, സംഭരണ സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് ശൃംഖലകൾ, വിപണി ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നത് മേഖലയിലുടനീളം മൂല്യവർദ്ധനവിനെ ഗണ്യമായി മെച്ചപ്പെടുത്തും.
ഭക്ഷ്യ സംവിധാനങ്ങളിൽ ആഗോള നേതൃത്വത്തിലേക്ക് ഉയർന്നുവരാൻ ദക്ഷിണേഷ്യയ്ക്ക് ശക്തമായ അടിസ്ഥാനങ്ങളുണ്ട്. ദ്രുതഗതിയിലുള്ള നഗരവൽക്കരണം, വളരുന്ന മധ്യവർഗം, സമ്പന്നമായ കാർഷിക-ജൈവവൈവിധ്യം, സുരക്ഷിതവും ഉന്നത ലവാരമുള്ളതുമായ സംസ്കരിച്ച ഭക്ഷ്യ ഉത്പന്നങ്ങൾക്കുള്ള ആവശ്യകത എന്നിവ നിക്ഷേപത്തിനും നവീകരണത്തിനും പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നു.
ഈ പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന്, ലോക ബാങ്ക് ഗ്രൂപ്പ് അഗ്രികണക്ട്, സാപ്ലിംഗ് എന്നിവയിലൂടെ ഒരു സംയോജിത സമീപനം മുന്നോട്ട് വയ്ക്കുന്നു.
ആഗോള വേദിയായ അഗ്രികണക്ട്, അടിസ്ഥാന സൗകര്യങ്ങൾ, നയ പരിഷ്കാരങ്ങൾ, സ്വകാര്യ മൂലധന സമാഹരണം എന്നിവയിലെ നിക്ഷേപങ്ങളിലൂടെ 2030 ഓടെ 300 ദശലക്ഷം കർഷകരെ വിപണികളുമായി ബന്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലുടനീളമുള്ള പദ്ധതികളെയും പരിഷ്കാരങ്ങളെയും ഈ സംരംഭം പിന്തുണയ്ക്കുന്നു.
നയ പരിഷ്കാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും നിക്ഷേപ മാർഗ്ഗങ്ങൾ വിപുലീകരിക്കുന്നതിനും മേഖലയിലുടനീളം വിജയകരമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും സർക്കാരുകൾ, നിക്ഷേപകർ, വികസന പങ്കാളികൾ, നൂതനാശയക്കാർ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്രാദേശിക വേദിയായി സൗത്ത് ഏഷ്യൻ പോളിസി ലീഡർഷിപ്പ് ഫോർ ഇംപ്രൂവ്ഡ് ന്യൂട്രീഷൻ ആൻഡ് ഗ്രോത്ത് (SAPLING) പ്രവർത്തിക്കുന്നു.
സർക്കാരുകൾ, ബിസിനസുകൾ, നിക്ഷേപകർ, വികസന സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനത്തിന്റെ പ്രാധാന്യം SAPLING ഉന്നത തല നായസംഭാഷണത്തിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു.
കോൾഡ് ചെയിനുകൾ, വെയർഹൗസിംഗ്, ലോജിസ്റ്റിക്സ് ഹബ്ബുകൾ, പ്രോസസ്സിംഗ് ക്ലസ്റ്ററുകൾ, കാർഷിക-വ്യാവസായിക പാർക്കുകൾ, വളർന്നുവരുന്ന കാർഷിക സംരംഭങ്ങൾ എന്നിവയെ പിന്തുണയ്ക്കാൻ നിക്ഷേപകരെ ആഹ്വാനം ചെയ്തു. ഉത്പാദനത്തിന്റെയും വിതരണത്തിന്റെയും എല്ലാ ഘട്ടങ്ങളെയും ബന്ധിപ്പിക്കാനും, ഉത്പന്നങ്ങളെ നിരീക്ഷിക്കാനും ഗുണനിലവാരം ഉറപ്പാക്കാനും ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കാനും, തൊഴിലാളികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി പരിശീലനത്തിൽ നിക്ഷേപിക്കാനും കമ്പനികളെ പ്രോത്സാഹിപ്പിച്ചു.
ഭക്ഷ്യ സംസ്കരണ മേഖലകൾ പ്രോത്സാഹിപ്പിക്കുക, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ഭക്ഷ്യ സുരക്ഷയും സർട്ടിഫിക്കേഷൻ സംവിധാനങ്ങളും ലളിതമാക്കുക, പൊതു-സ്വകാര്യ പങ്കാളിത്തം ശക്തിപ്പെടുത്തുക, കൂടുതൽ നിക്ഷേപ സൗഹൃദ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയിലൂടെ നയരൂപീകരണ വിദഗ്ദ്ധർക്ക് പുരോഗതി ത്വരിതപ്പെടുത്താൻ കഴിയും.
സംയോജിത ധനകാര്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിലൂടെയും, നിക്ഷേപ അവസരങ്ങളുമായി ബന്ധപ്പെട്ട നയ പരിഷ്കാരങ്ങളെ പിന്തുണയ്ക്കുന്നതിലൂടെയും, ഭക്ഷ്യ സംവിധാനങ്ങളിലെ സ്വകാര്യ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ കുറയ്ക്കുന്നതിലൂടെയും അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങൾക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയും.
ദക്ഷിണേഷ്യൻ ഭക്ഷ്യ സമ്പദ്‌വ്യവസ്ഥയുടെ ഭാവി കുടികൊള്ളുന്നത് ഉത്പാദനത്തിൽ മാത്രമല്ലെന്ന് സംഭാഷണം വ്യക്തമാക്കുന്നു. ഭക്ഷ്യ സംവിധാനങ്ങളെ കൃഷിയിടത്തിൽ നിന്ന് വിപണിയിലേക്ക് നയിക്കുന്നതിലൂടെ, ഈ മേഖലയ്ക്ക് ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, ഭക്ഷ്യനഷ്ടം കുറയ്ക്കാനും, പോഷകാഹാരം മെച്ചപ്പെടുത്താനും, നിക്ഷേപം ആകർഷിക്കാനും, കയറ്റുമതി ശക്തിപ്പെടുത്താനും, വരും ദശകങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച കൈവരിക്കാനും കഴിയും.
ലോകബാങ്ക് ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള SAPLING സംരംഭവുമായി സഹകരിച്ച്, ഭാരത സർക്കാരിന്റെ ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം (MoFPI) 2026 ജൂൺ 9 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ "സമ്പൂർണ്ണ ശേഷിയുടെ വിനിയോഗം: തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സുസ്ഥിര വളർച്ചയ്ക്കുമായി ദക്ഷിണേഷ്യയിലെ ഭക്ഷ്യ സംസ്കരണം മെച്ചപ്പെടുത്തുന്നു" എന്ന പ്രമേയത്തിലൂന്നിയുള്ള പ്രാദേശിക ഉന്നതതല നയ സംഭാഷണം ഉദ്ഘാടനം ചെയ്തു.
ഭക്ഷ്യ സംസ്കരണ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിൽ പ്രതിരോധശേഷിയുള്ളതും, സർവ്വാശ്ലേഷിയും, സുസ്ഥിരവുമായ ഭക്ഷ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതിനായി, നയരൂപകർത്താക്കൾ, വ്യവസായ പ്രമുഖർ, വികസന പങ്കാളികൾ, നൂതനാശയക്കാർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവരുൾപ്പെടെ ഏകദേശം 200 പേർ രണ്ട് ദിവസത്തെ പ്രാദേശിക സംവാദത്തിൽ പങ്കെടുക്കുന്നു.
***
(रिलीज़ आईडी: 2271157)
आगंतुक पटल : 9