വാണിജ്യ വ്യവസായ മന്ത്രാലയം
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ ഭവ്യ പോർട്ടൽ ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
08 JUN 2026 6:07PM by PIB Thiruvananthpuram
ഭാരത് ഔദ്യോഗിക് വികാസ് യോജന (BHAVYA) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചുവടുവെപ്പെന്ന നിലയിൽ, കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ. പിയൂഷ് ഗോയൽ ഇന്ന് ന്യൂഡൽഹിയിൽ ഭവ്യ പോർട്ടൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാനങ്ങളുടെ വ്യാവസായിക ശക്തി, ഭൂമിയുടെ ലഭ്യത, നിക്ഷേപകരുടെ താത്പര്യം, മേഖലകളിലെ വികസന സാധ്യതകൾ എന്നിവ വ്യക്തമാക്കുന്ന വിശദമായ പദ്ധതി നിർദ്ദേശങ്ങൾ സമർപ്പിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു മത്സരാധിഷ്ഠിത മാതൃകയായിരിക്കും ഭവ്യ പദ്ധതി സ്വീകരിക്കുകയെന്ന് ചടങ്ങിൽ സംസാരിച്ച ശ്രീ. പിയൂഷ് ഗോയൽ പറഞ്ഞു. രാസവസ്തു വ്യവസായം, നിർമ്മാണ മേഖല, ഡാറ്റാ സെൻ്ററുകൾ അല്ലെങ്കിൽ മറ്റ് വ്യവസായങ്ങൾ എന്നിവയ്ക്കായി ഓരോ പ്രദേശത്തിനും ഏറ്റവും അനുയോജ്യമായ മേഖലകളും അടിസ്ഥാന സൗകര്യങ്ങളും കണ്ടെത്തുന്നതിന് സർക്കാർ വ്യവസായ ലോകവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി നിക്ഷേപകർക്ക് വ്യവസായ പാർക്കുകളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ലഭ്യമാകുമെന്നും, ഇതിൽ ഭൂമിയുടെ ലഭ്യത, കണക്റ്റിവിറ്റി, അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ അവർക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിവിധ മേഖലകളുടേയും നിക്ഷേപകരുടേയും പ്രത്യേക ആവശ്യങ്ങൾക്ക് അനുസൃതമായാണ് വ്യവസായ പാർക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഈ പദ്ധതി ഉറപ്പാക്കും. ഇത് ആഭ്യന്തര, ആഗോള നിക്ഷേപങ്ങൾക്ക് ഈ പാർക്കുകളെ കൂടുതൽ ആകർഷകമായ കേന്ദ്രങ്ങളാക്കി മാറ്റും.
റോഡുകൾ, ഹൈവേകൾ, റെയിൽവേ, മെട്രോകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, വൈദ്യുതി അടിസ്ഥാന സൗകര്യങ്ങൾ, ജലലഭ്യത, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയിലെ നിക്ഷേപങ്ങളിലൂടെ കഴിഞ്ഞ ദശകത്തിൽ സാമ്പത്തിക വികസനത്തിനും സാമൂഹിക ക്ഷേമത്തിനും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജിഎസ്ടി, ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ്, തൊഴിൽ പരിഷ്കാരങ്ങൾ, 5ജി സേവനങ്ങളുടെ വിപുലീകരണം, സ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം, നിക്ഷേപങ്ങൾക്കുള്ള പിന്തുണ എന്നിവയും വ്യാപാരം, നിക്ഷേപം, സാങ്കേതിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മറ്റ് അനുയോജ്യമായ സമ്പദ്‌വ്യവസ്ഥകളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ തുടങ്ങിയ പരിഷ്കാരങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു.
ഇന്ത്യയുടെ വിപുലമായ വിപണി, വർദ്ധിച്ചുവരുന്ന ആവശ്യകത, യുവ പ്രതിഭകൾ, യുവത്വത്തിൻ്റെ ഊർജ്ജം എന്നിവ മൂലം രാജ്യം ഒരു വിശ്വസ്ത പങ്കാളിയായും ആകർഷകമായ നിക്ഷേപ കേന്ദ്രമായും കൂടുതൽ വീക്ഷിക്കപ്പെടുന്നുണ്ടെന്ന് ശ്രീ ഗോയൽ പറഞ്ഞു. ബിസിനസുകൾ, വ്യവസായങ്ങൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, സ്റ്റാർട്ടപ്പുകൾ, വനിതാ സംരംഭകർ എന്നിവർക്കായി അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൻതോതിലുള്ള നിക്ഷേപങ്ങളിലൂടെ ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്തുടനീളം 100 വ്യവസായ പാർക്കുകൾ വികസിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് ഭവ്യ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളുടെ ആവശ്യകത വിലയിരുത്തുന്നതിനും അവരുടെ പ്രതിജ്ഞാബദ്ധതയ്ക്കും അനുസൃതമായി മലയോര മേഖലകൾ, ചെറിയ കേന്ദ്രഭരണ പ്രദേശങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ 25 ഏക്കർ മുതൽ, ഇടത്തരം സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും 100 മുതൽ 500 ഏക്കർ വരെയും, നഗരങ്ങൾക്കും പട്ടണങ്ങൾക്കും സമീപമുള്ള സ്ഥലങ്ങളിൽ ആവശ്യാനുസരണം 1,000 ഏക്കർ വരെയും വ്യത്യസ്ത വിസ്തൃതിയിലായിരിക്കും ഈ പാർക്കുകൾ വികസിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പാർക്കുകൾക്കായുള്ള ഭൂമി സംസ്ഥാന സർക്കാരുകൾ നൽകുമെന്നും, അതേസമയം 51:49 എന്ന മാതൃകയിൽ സംസ്ഥാനങ്ങളുമായി പങ്കാളികളാകുന്ന ദേശീയ വ്യാവസായിക ഇടനാഴി വികസന കോർപ്പറേഷൻ (എൻഐസിഡിസി) വഴി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. നിർദ്ദിഷ്ട പ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യമായ വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്ലഗ് ആൻഡ് പ്ലേ വ്യവസായ പാർക്കുകൾ സൃഷ്ടിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഉറപ്പുള്ള ജല-വൈദ്യുതി വിതരണം, റോഡ്-റെയിൽ കണക്റ്റിവിറ്റി, ഭൂമിയുടെ ഉടമസ്ഥാവകാശം, ഡിജിറ്റൽ ഏകജാലക അനുമതി സംവിധാനം, കൂടാതെ സാധ്യമാകുന്ന ഇടങ്ങളിൽ വ്യോമ കണക്റ്റിവിറ്റി എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഈ പാർക്കുകൾ നൽകുമെന്ന് മന്ത്രി പറഞ്ഞു. സ്റ്റാർട്ടപ്പുകൾ, ഡീപ്-ടെക് സംരംഭങ്ങൾ, സാങ്കേതികവിദ്യാധിഷ്ഠിത ബിസിനസുകൾ, ഗവേഷണ-വികസനപ്രവർത്തനങ്ങൾ, നൂതനാശയങ്ങളെ അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ എന്നിവയ്ക്കായി പ്രത്യേക മേഖലകൾ നീക്കിവെക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിഐഎസ്, എക്സ്പോർട്ട് ഇൻസ്പെക്ഷൻ ഏജൻസി, എഫ്എസ്എസ്എഐ തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ആധുനിക പരിശോധനാ സൗകര്യങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കുമെന്നും, അതുവഴി നിക്ഷേപകർക്ക് പാർക്കുകൾക്കുള്ളിൽ തന്നെ അത്യാധുനിക പരിശോധനാ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകുമെന്നും ശ്രീ ഗോയൽ പറഞ്ഞു.
ഭൂമി ഏറ്റെടുക്കലിനും അനുമതികൾക്കുമായി ചെലവഴിക്കുന്ന സമയം കുറച്ചുകൊണ്ട് നിക്ഷേപകർക്ക് അവരുടെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിൽ ആരംഭിക്കാൻ സഹായിക്കുകയാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതി അനുമതികളും അതത് വ്യവസായങ്ങൾക്ക് ആവശ്യമായ പ്രത്യേക സൗകര്യങ്ങളും ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ചും ഓരോ പ്രദേശത്തിൻ്റേയും അനുയോജ്യത അടിസ്ഥാനമാക്കിയും ആസൂത്രണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർക്കുകൾക്കുള്ളിൽ ആഗോള ശേഷി കേന്ദ്രങ്ങൾ (ജിസിസി), തൊഴിലാളികൾക്കുള്ള പാർപ്പിട സൗകര്യം, സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായി പ്രത്യേക മേഖലകൾ വികസിപ്പിക്കുന്നതിനും സർക്കാർ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. നിക്ഷേപം സുഗമമാക്കുന്നതിനും ഇന്ത്യയിൽ ജോലി ചെയ്യുന്ന പ്രവാസി പ്രൊഫഷണലുകൾക്ക് പരിചിതമായ അന്തരീക്ഷം ഒരുക്കുന്നതിനുമായി ജപ്പാൻ, സിംഗപ്പൂർ, കൊറിയ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് പ്രത്യേക അന്താരാഷ്ട്ര എൻക്ലേവുകൾ സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സംരംഭകൻ എന്ന നിലയിലുള്ള തൻ്റെ സ്വന്തം അനുഭവം പരാമർശിച്ചുകൊണ്ട്, മുൻകാലങ്ങളിൽ വ്യവസായ ആവശ്യങ്ങൾക്കായി ഭൂമി കണ്ടെത്തുന്നതിലും അനുമതികൾ നേടിയെടുക്കുന്നതിലും ബിസിനസുകൾ വലിയ വെല്ലുവിളികൾ നേരിട്ടിരുന്നുവെന്ന് ശ്രീ ഗോയൽ പറഞ്ഞു. സുതാര്യമായ സംവിധാനങ്ങൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, നിക്ഷേപകർക്ക് കൂടുതൽ സുഗമമായി വിവരങ്ങൾ ലഭ്യമാക്കൽ എന്നിവയിലൂടെ ഈ വെല്ലുവിളികൾ പരിഹരിക്കാനാണ് ഭവ്യ പദ്ധതി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഭൂമിയുടെ ലഭ്യത, കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നിക്ഷേപകർക്ക് ദൂരെയിരുന്നുകൊണ്ട് തന്നെ ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ, ഉപഗ്രഹ അധിഷ്ഠിത പ്ലാറ്റ്‌ഫോമുകളിലൂടെ വ്യവസായ പാർക്കുകളുടെ മാപ്പിംഗ് നടത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
100 വ്യവസായ പാർക്കുകളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ വകയിരുത്തിയിരിക്കുന്ന 34,000 കോടി രൂപ വൻതോതിലുള്ള നിക്ഷേപങ്ങൾക്ക് വഴിയൊരുക്കുമെന്നും, പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, കേന്ദ്ര-സംസ്ഥാന പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും, രാജ്യത്തുടനീളമുള്ള വ്യാവസായിക വളർച്ചയ്ക്ക് പിന്തുണയേകുമെന്നും മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സർക്കാർ 12 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഭവ്യ പദ്ധതിയുടെ സമാരംഭം കുറിക്കുന്നതെന്ന് ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു. ഘടനാപരമായ പരിഷ്കാരങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ കണക്റ്റിവിറ്റി, സുഗമമായ ബിസിനസ്സ് അന്തരീക്ഷം ഉറപ്പാക്കാനുള്ള നടപടികൾ, ഒപ്പം 2047-ഓടെ ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാക്കി മാറ്റാനുള്ള ശ്രമങ്ങൾ എന്നിവ ഈ കാലഘട്ടത്തെ അടയാളപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ ഒന്നിനും ജൂലൈ 31-നും ഇടയിൽ ലഭിക്കുന്ന അപേക്ഷകൾ 20 പാർക്കുകൾ ഉൾപ്പെടുന്ന ആദ്യ ഘട്ടത്തിലേക്ക് പരിഗണിക്കുമെന്നും, സെപ്റ്റംബർ 30 വരെ ലഭിക്കുന്ന അപേക്ഷകളുടെ അടിസ്ഥാനത്തിൽ അടുത്ത 30 പാർക്കുകൾ കൂടി ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. തുടർന്നുള്ള ഘട്ടങ്ങൾ ആദ്യ റൗണ്ടുകളിൽ നിന്നുള്ള അനുഭവങ്ങളുടേയും പാഠങ്ങളുടേയും അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലുടനീളം നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും 2047-ഓടെ വികസിത ഭാരതം എന്ന ദർശനത്തെ പിന്തുണയ്ക്കുന്നതിനുമാണ് ഭവ്യ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ശ്രീ ഗോയൽ പറഞ്ഞു. ഈ സംരംഭം രാജ്യത്തെ വ്യവസായ വികസനത്തിൻ്റേയും ബിസിനസ് വളർച്ചയുടേയും ഒരു പുതിയ ഘട്ടത്തിന് സംഭാവന നൽകുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
33,660 കോടി രൂപയുടെ സാമ്പത്തിക വിഹിതത്തോടെ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഭവ്യ, ആറ് വർഷത്തെ കാലയളവിൽ നിക്ഷേപത്തിന് സജ്ജമായ 100 ലോകോത്തര വ്യവസായ പാർക്കുകൾ വികസിപ്പിക്കുന്നതിനുള്ള സർക്കാരിൻ്റെ മുൻനിര പരിപാടിയാണ്. മൾട്ടിമോഡൽ കണക്റ്റിവിറ്റി, വിശ്വസനീയമായ യൂട്ടിലിറ്റി അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ഗവേണൻസ് സംവിധാനങ്ങൾ, തൊഴിലാളികൾക്കുള്ള പിന്തുണാ സൗകര്യങ്ങൾ, സുസ്ഥിര വികസന സവിശേഷതകൾ എന്നിവ ഉൾക്കൊള്ളുന്ന സംയോജിത വ്യാവസായിക ആവാസവ്യവസ്ഥകൾ സൃഷ്ടിക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ പ്രൊജക്റ്റ് മാനേജ്‌മെൻ്റ് ഏജൻസിയായി നിശ്ചയിച്ചിട്ടുള്ള ദേശീയ വ്യാവസായിക ഇടനാഴി വികസന കോർപ്പറേഷൻ (എൻഐസിഡിസി) ആണ് ഇതിൻ്റെ നടത്തിപ്പിനും മേൽനോട്ടത്തിനും ഉത്തരവാദിത്തം വഹിക്കുന്നത്. രാജ്യത്തുടനീളം വ്യാവസായിക ഇടനാഴികളും സംയോജിത വ്യാവസായിക അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നതിലെ വിപുലമായ പരിചയം പ്രയോജനപ്പെടുത്തിക്കൊണ്ട്, ഈ പദ്ധതിക്ക് കീഴിലുള്ള മുഴുവൻ ഘട്ടങ്ങളേയും പിന്തുണയ്ക്കുന്നതിനുള്ള ഒരു സമഗ്ര ഡിജിറ്റൽ പ്ലാറ്റ്‌ഫോമായി എൻഐസിഡിസി ഭവ്യ പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ഭവ്യ പദ്ധതിയുടെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ 2026 മെയ് മാസത്തിൽ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് പുറത്തിറക്കിയിരുന്നു. ഈ പോർട്ടലിൻ്റെ സമാരംഭം നയങ്ങളെ നടപ്പാക്കലിലേക്ക് മാറ്റുന്നതിലെ അടുത്ത നിർണായക ചുവടുവെയ്പ്പാണ് അടയാളപ്പെടുത്തുന്നത്.
വിശദമായ പ്രോജക്റ്റ് റിപ്പോർട്ട് നിർദ്ദേശങ്ങൾ സമർപ്പിക്കൽ, പ്രോജക്റ്റ് വിലയിരുത്തലും മൂല്യനിർണ്ണയവും, പദ്ധതി നടപ്പാക്കൽ പുരോഗതിയുടെ തത്സമയ നിരീക്ഷണം എന്നിവ സുഗമമാക്കിക്കൊണ്ട് പദ്ധതിയുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള നടത്തിപ്പിനുള്ള ഏക ഡിജിറ്റൽ ഇൻ്റർഫേസായി ഈ പോർട്ടൽ പ്രവർത്തിക്കും. സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, നിർവ്വഹണ ഏജൻസികൾ എന്നിവയിൽ നിന്നുള്ള നിർദ്ദേശങ്ങൾ വിലയിരുത്തുന്നതിന് ഘടനാപരവും സുതാര്യവുമായ സംവിധാനം നൽകിക്കൊണ്ട് ഭവ്യയ്ക്ക് കീഴിലുള്ള ചലഞ്ച് അധിഷ്ഠിത മത്സരപരമായ തെരഞ്ഞെടുപ്പ് ചട്ടക്കൂടിനെ ഇത് പിന്തുണയ്ക്കും. അതോടൊപ്പം പദ്ധതി കാലയളവിലുടനീളം പങ്കാളികൾക്കിടയിൽ കാര്യക്ഷമമായ ഏകോപനം സാധ്യമാക്കുകയും ചെയ്യും.
ശ്രീ പിയൂഷ് ഗോയലിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി ശ്രീ അമർദീപ് സിംഗ് ഭാട്ടിയ, എൻഐസിഡിസി സിഇഒയും എംഡിയുമായ ശ്രീ രജത് കുമാർ സൈനി എന്നിവർക്കൊപ്പം സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സർക്കാർ, വ്യവസായ അസോസിയേഷനുകൾ, കയറ്റുമതി പ്രോത്സാഹന കൗൺസിലുകൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, മാസ്റ്റർ ഡെവലപ്പർമാർ, എംഎസ്എംഇ-കൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.
ഫലപ്രദമായ പ്രോഗ്രാം മാനേജ്‌മെൻ്റിനും വിപുലമായ തലത്തിൽ കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതിനും ശക്തമായ ഡിജിറ്റൽ സംവിധാനങ്ങൾ അത്യാവശ്യമാണെന്ന് ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി ശ്രീ അമർദീപ് സിംഗ് ഭാട്ടിയ ഊന്നിപ്പറഞ്ഞു. പദ്ധതി സമർപ്പണം, മൂല്യനിർണ്ണയം, നിരീക്ഷണം, റിപ്പോർട്ടിംഗ് എന്നിവയുടെ എല്ലാ ഘട്ടങ്ങളിലും ഏക ഡിജിറ്റൽ ഇൻ്റർഫേസായി പ്രവർത്തിക്കുന്നതിലൂടെ, ഈ പോർട്ടൽ പദ്ധതിയുടെ നടത്തിപ്പിനെ ഗണ്യമായി ശക്തിപ്പെടുത്തുമെന്നും രാജ്യത്തുടനീളമുള്ള വ്യവസായ പാർക്കുകൾ വേഗത്തിൽ പ്രവർത്തനക്ഷമമാക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭവ്യ പദ്ധതിക്ക് കീഴിലുള്ള പ്രോജക്റ്റുകളുടെ എല്ലാ ഘട്ടങ്ങളേയും പിന്തുണയ്ക്കുന്നതിനാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് എൻഐസിഡിസി സിഇഒയും എംഡിയുമായ ശ്രീ രജത് കുമാർ സൈനി പറഞ്ഞു. ഇത് പങ്കാളികൾക്കിടയിൽ കാര്യക്ഷമമായ ഏകോപനം സുഗമമാക്കുമെന്നും പദ്ധതിയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാൻ സൗകര്യമൊരുക്കുമെന്നും നടപ്പാക്കലിലെ സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്‌ഘാടനത്തിന് ശേഷം, ശ്രീ പിയൂഷ് ഗോയലും വ്യവസായ പങ്കാളികളും തമ്മിലുള്ള ആശയവിനിമയം നടന്നു. ഇന്ത്യയുടെ അടുത്ത ഘട്ട വ്യാവസായിക അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം സുഗമമാക്കൽ, സുഗമമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കൽ, ലോജിസ്റ്റിക്സ് കാര്യക്ഷമത എന്നിവയെക്കുറിച്ചും ആഭ്യന്തര ഉത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിലും ആഗോള മൂല്യ ശൃംഖലകളുമായുള്ള ഇന്ത്യയുടെ സംയോജനം ശക്തമാക്കുന്നതിലും സംയോജിത വ്യവസായ പാർക്കുകളുടെ പങ്കിനെക്കുറിച്ചും ചർച്ച ചെയ്യുന്നതിനുള്ള ഒരു അവസരമായി ഇത് മാറി.
ഭവ്യ പദ്ധതിയുടെ മന്ത്രിസഭാ അംഗീകാരം, അതിൻ്റെ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കൽ, സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നടത്തിയ ഘടനാപരമായ കൂടിയാലോചനകൾ എന്നിവയ്ക്ക് തൊട്ടുപിന്നാലെയാണ് ഭവ്യ പോർട്ടലിൻ്റെ സമാരംഭം കുറിക്കുന്നത്. ഇന്ത്യയുടെ ഏറ്റവും അഭിലഷണീയമായ വ്യാവസായിക അടിസ്ഥാന സൗകര്യ പരിപാടികളിലൊന്നുമായി സർക്കാർ എത്രത്തോളം വേഗതയിലും പ്രതിജ്ഞാബദ്ധതയിലുമാണ് മുന്നോട്ട് പോകുന്നത് എന്നതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
ഈ പദ്ധതി ഗണ്യമായ ആഭ്യന്തര-വിദേശ നിക്ഷേപങ്ങളെ ആകർഷിക്കുമെന്നും, വൻതോതിൽ വ്യാവസായിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും, ആഗോളതലത്തിൽ മത്സരശേഷിയുള്ള ഒരു ഉത്പാദന കേന്ദ്രമായി ഇന്ത്യ ഉയർന്നുവരുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്നും പ്രതീക്ഷിക്കുന്നു.

***
(रिलीज़ आईडी: 2270494)
आगंतुक पटल : 5