ഖനി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര മന്ത്രി ശ്രീ. ജി. കിഷന്‍ റെഡ്ഡിയും യുകെ വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പര്‍ എംപിയും ചേര്‍ന്ന് ഇന്ത്യ-യുകെ നിര്‍ണായക ധാതുക്കളുടെ ആഗോള വിതരണ ശൃംഖല ഒബ്‌സര്‍വേറ്ററി ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 04 JUN 2026 4:11PM by PIB Thiruvananthpuram
ഇന്ത്യ-യുകെ നിര്‍ണായക ധാതുക്കളുടെ ആഗോള വിതരണ ശൃംഖല ഒബ്‌സര്‍വേറ്ററി (GSCO) ഇന്ന് ന്യൂഡല്‍ഹിയില്‍ കേന്ദ്ര കല്‍ക്കരി, ഖനി വകുപ്പ് മന്ത്രി ശ്രീ ജി. കിഷന്‍ റെഡ്ഡിയും, യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഫോറിന്‍, കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്മെന്റ് അഫയേഴ്സ് സ്റ്റേറ്റ് സെക്രട്ടറി യുവെറ്റ് കൂപ്പറും ചേര്‍ന്ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
 


 
ശുദ്ധമായ ഊര്‍ജ്ജമേഖലയിലേക്കുള്ള പരിവര്‍ത്തനം, നൂതനനിര്‍മ്മാണം, വൈദ്യുത വാഹനങ്ങള്‍, വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ എന്നിവയ്ക്ക് ആവശ്യമായ അവശ്യ വിഭവങ്ങള്‍ സുരക്ഷിതമാക്കുന്നതിലെ സഹകരണം ശക്തിപ്പെടുത്തിക്കൊണ്ട്, നിര്‍ണായക ധാതുക്കള്‍, പുനരുജ്ജീവന ശേഷിയുള്ള വിതരണ ശൃംഖല, എന്നിവയില്‍ ഇന്ത്യ-യുകെ പങ്കാളിത്തത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ഈ ഉദ്ഘാടനം അടയാളപ്പെടുത്തുന്നത്. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ഖനി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധികള്‍, യുണൈറ്റഡ് കിംഗ്ഡം ഗവണ്‍മെന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍ പ്രതിനിധികള്‍, ടെക്‌സ്മിന്‍ (TEXMiN), ഐഐടി (ഐഎസ്എം) ധന്‍ബാദ്, കേംബ്രിഡ്ജ് സര്‍വകലാശാല എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, കൂടാതെ ഇരു രാജ്യങ്ങളിലെയും വ്യവസായ, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
 ആധുനിക സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ് നിര്‍ണായക ധാതുക്കളെന്നും ശുദ്ധമായ ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍, നൂതനനിര്‍മ്മാണം, വൈദ്യുത വാഹനങ്ങള്‍, തന്ത്രപ്രധാന മേഖലകള്‍ എന്നിവയ്ക്ക് ഇവ ഒഴിച്ചുകൂടാനാവാത്തതാണെന്നും ചടങ്ങിനെ അഭിസംബോധന ചെയ്ത ശ്രീ. ജി. കിഷന്‍ റെഡ്ഡി പറഞ്ഞു. ധാതുക്കളുടെ വിതരണ ശൃംഖല ഇന്റലിജന്‍സില്‍ ഇന്ത്യയുടെ കഴിവുകള്‍ ശക്തിപ്പെടുത്തുന്നതിനും തെളിവുകളെ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തെ പിന്തുണയ്ക്കുന്നതിനും നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍ മിഷന്റെ (NCMM) ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഈ ഒബ്‌സര്‍വേറ്ററി സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു .
 


 
വിശ്വസ്തരായ പങ്കാളികളുമായുള്ള അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ, പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂര്‍ണ്ണവുമായ ധാതു വിതരണശൃംഖലകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി എടുത്തുപറഞ്ഞു.
 


 
പ്രതിരോധശേഷിയുള്ളതും വൈവിധ്യപൂര്‍ണ്ണവും സുസ്ഥിരവുമായ ധാതു വിതരണശൃംഖലകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ-യുകെ സഹകരണത്തിന്റെ പ്രാധാന്യത്തെ യുകെ വിദേശകാര്യ സെക്രട്ടറി യുവെറ്റ് കൂപ്പര്‍ ചടങ്ങില്‍ എടുത്തു പറഞ്ഞു. പ്രധാന ധാതുക്കളുടെ മികച്ച ലഭ്യതയും മെച്ചപ്പെട്ട വിവരങ്ങള്‍ പങ്കുവെക്കലും ഇരു രാജ്യങ്ങള്‍ക്കും താല്‍പ്പര്യമുള്ള വിഷയമാണെന്നും ഇത് സാമ്പത്തിക വളര്‍ച്ചയ്ക്കും വിതരണ സുരക്ഷയ്ക്കും ഗണ്യമായ സംഭാവന നല്‍കുമെന്നും അവര്‍ പ്രസ്താവിച്ചു.
 

നിര്‍ണായക ധാതു മേഖലയിലും അനുബന്ധ തന്ത്രപ്രധാന വ്യവസായങ്ങളിലും ഉടനീളമുള്ള വിപുലമായ സഹകരണത്തിന് അടിത്തറയിടാന്‍ ഈ പങ്കാളിത്തത്തിലൂടെ കഴിയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ആഗോള നിര്‍ണായക ധാതു വിതരണശൃംഖലകള്‍ നിരീക്ഷിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ഡാറ്റാധിഷ്ഠിത പ്ലാറ്റ്ഫോം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ടെക്‌സ്മിന്‍ (TEXMiN - TTRP, DST, GoI), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ISM) ധന്‍ബാദ്, കേംബ്രിഡ്ജ് സര്‍വകലാശാല എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ ഒബ്‌സര്‍വേറ്ററി.
 


 
2025 ഒക്ടോബറില്‍ നടന്ന ഇന്ത്യ-യുകെ പ്രധാനമന്ത്രിമാരുടെ ഉഭയകക്ഷി കൂടിക്കാഴ്ചയിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. തുടര്‍ന്ന് 2026 മാര്‍ച്ചില്‍ ഒപ്പുവെച്ച ഗവേഷണ സഹകരണ കരാറിലൂടെ ഇതിന് ഔദ്യോഗികരൂപമായി.
 
****

(रिलीज़ आईडी: 2269009) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Bengali , Tamil