രാഷ്ട്രപതിയുടെ കാര്യാലയം
സംയോജിത ഗോത്ര വികസന ഏജൻസികൾ, സംയോജിത ഗോത്ര വികസന പദ്ധതികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ദേശീയ സമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു
प्रविष्टि तिथि:
03 JUN 2026 3:10PM by PIB Thiruvananthpuram
സംയോജിത ഗോത്ര വികസന ഏജൻസികൾ, സംയോജിത ഗോത്ര വികസന പദ്ധതികൾ എന്നിവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ദേശീയ സമ്മേളനം രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (2026 ജൂൺ 03) ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുള്ള സെൻ്റർ ഫോർ നാനോ സയൻസ് ആൻഡ് എഞ്ചിനീയറിംഗിലെ ട്രെയിനിംഗ് ഫാബ്, ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ 75 സ്പേസ് ലാബുകൾ എന്നിവയും രാഷ്ട്രപതി ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഇത് ഗോത്രവർഗ്ഗ മേഖലയിലെ മാറ്റത്തിൻ്റെ വക്താക്കളുടെ സമ്മേളനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോത്രവർഗ്ഗ സമൂഹങ്ങൾക്കായുള്ള ക്ഷേമ, വികസന പദ്ധതികൾ അവരുടെ ഗ്രാമങ്ങളിലേക്കും വാതിൽപ്പടികളിലേക്കും നേരിട്ടെത്തിക്കാനുള്ള ഉത്തരവാദിത്തം പങ്കാളികളായ എല്ലാവർക്കുമുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ, ഗോത്രവർഗ്ഗക്കാരായ സഹോദരീസഹോദരന്മാരുടെ ജീവിതത്തിൽ ആഴത്തിലുള്ള മാറ്റം കൊണ്ടുവരാൻ അവർക്ക് സാധിക്കും. സംസ്ഥാന തലത്തിലും പദ്ധതി തലത്തിലും പ്രവർത്തിക്കുന്ന എല്ലാവരും പൊതുവായതും സമഗ്രവുമായ ഒരു ലക്ഷ്യത്തോടെ ഒന്നിച്ചുകൂടി ചർച്ച നടത്തുമ്പോൾ അനേകം ക്രിയാത്മകമായ പരിഹാരങ്ങൾ ഉയർന്നുവരുമെന്ന് തീർച്ചയാണ്. ഗോത്രവർഗ്ഗ വികസനത്തിൻ്റെ നിർണ്ണായക വശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഈ സമ്മേളനത്തിൽ ഉണ്ടാകുമെന്നറിയുന്നതിൽ സന്തോഷമുണ്ടെന്ന് അവർ വ്യക്തമാക്കി. വിവിധ ഏജൻസികളിലും പദ്ധതികളിലും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ കൃത്യമായി ആലോചിച്ചെടുത്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ മുന്നോട്ട് പോകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഇത് വിവിധ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗോത്രവർഗ്ഗ സമൂഹങ്ങളിലെ ഓരോ വ്യക്തിയിലേക്കും എത്തിച്ചേരുന്നുണ്ടെന്ന് ഉറപ്പാക്കും.
പദ്ധതിയുമായി ബന്ധപ്പെട്ട ഓരോ ഫയലിൻ്റേയും രേഖകളുടേയും ആത്യന്തിക ലക്ഷ്യം മനുഷ്യനെ സഹായിക്കുക എന്നതാണെന്ന യാഥാർത്ഥ്യത്തിൽ എല്ലാ പങ്കാളികളും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഷ്ട്രപതി നിർദ്ദേശിച്ചു. എല്ലാ ഗർഭിണികൾക്കും ആവശ്യമായ പോഷകാഹാരം ഉറപ്പാക്കുക, എല്ലാ ഗോത്രവർഗ്ഗ കുട്ടികൾക്കും മികച്ച സ്കൂളുകളിൽ വിദ്യാഭ്യാസം ലഭ്യമാക്കുക, എല്ലാ ഗോത്രവർഗ്ഗ യുവാക്കൾക്കും മാന്യമായ ഉപജീവനമാർഗ്ഗം ഒരുക്കുക, ക്ഷേമ-വികസന പദ്ധതികളുടെ ആനുകൂല്യങ്ങൾ എല്ലാ ഗോത്രവർഗ്ഗ കുടുംബങ്ങളിലും എത്തിക്കുക തുടങ്ങിയ വിഷയങ്ങളിലായിരിക്കണം ഈ പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാ ഏജൻസികളും വ്യക്തികളും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ഇത്തരം പദ്ധതികളിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഏജൻസികളും ഉദ്യോഗസ്ഥരും സഹാനുഭൂതിയോടെയും ആത്മാർത്ഥതയോടെയും വേണം അവരുടെ പ്രവർത്തനങ്ങൾ നിർവ്വഹിക്കേണ്ടത്.
ആധുനിക വികസന പ്രവർത്തനങ്ങൾക്കൊപ്പം ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സംസ്കാരത്തിനും വിജ്ഞാനപാരമ്പര്യങ്ങൾക്കും പ്രത്യേക ശ്രദ്ധ നല്കിവരുന്നതിൽ രാഷ്ട്രപതി സന്തോഷം രേഖപ്പെടുത്തി.
വ്യക്തികളുടേയും സമൂഹത്തിൻ്റേയും പുരോഗതിയിൽ വിദ്യാഭ്യാസത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് രാഷ്ട്രപതി എടുത്തുപറഞ്ഞു. ഗോത്രവർഗ്ഗ സമൂഹങ്ങളിൽ നിന്നുള്ള കുട്ടികളുടേയും യുവജനങ്ങളുടേയും വിദ്യാഭ്യാസത്തിനും നൈപുണ്യ വികസനത്തിനും പൂർണ്ണമനസ്സോടെ സംഭാവന നല്കാൻ അവർ എല്ലാ പങ്കാളികളോടും ആവശ്യപ്പെട്ടു. രാജ്യത്തുടനീളം ഏകദേശം 500 ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ ഇതിനകം സ്ഥാപിച്ചിട്ടുണ്ടെന്ന കാര്യം അവർ സന്തോഷത്തോടെ ചൂണ്ടിക്കാട്ടി.
2047-ഓടെ വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി എല്ലാ സഹപൗരന്മാരും മുന്നോട്ട് കുതിക്കുകയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സമഗ്ര വികസനം ഈ ലക്ഷ്യത്തിൻ്റെ അവിഭാജ്യ ഘടകമാണ്. ഇത് രാജ്യത്തിൻ്റെ പുരോഗതിക്ക് എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനം എന്ന സ്വഭാവം നല്കും. ഈ സമ്മേളനത്തിൽ നിന്ന് ഉയർന്നുവരുന്ന നിർദ്ദേശങ്ങളും നിഗമനങ്ങളും രൂപരേഖയും ഗോത്രവർഗ്ഗ സമൂഹങ്ങളുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളെ താഴെത്തട്ടിൽ യഥാർത്ഥ പ്രവൃത്തിപഥത്തിൽ എത്തിക്കാൻ സഹായിക്കുമെന്ന പ്രത്യാശ അവർ പ്രകടിപ്പിച്ചു.



*****
(रिलीज़ आईडी: 2268532)
आगंतुक पटल : 5