ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

ഉപകരണാധിഷ്ഠിത ബഹുഭാഷാ എഐ നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനും കറൻ്റ് എഐ-യും കൽപ ഇംപാക്ടും സംയുക്തമായി സംഘടിപ്പിക്കുന്ന വ്യോമ ഇന്നൊവേഷന്‍ ചലഞ്ചിന് തുടക്കം

പോസ്റ്റഡ് ഓണ്‍: 02 JUN 2026 7:34PM by PIB Thiruvananthpuram

ൻ്റർനെറ്റ് ലഭ്യതയില്ലാത്തതും  കണക്റ്റിവിറ്റി കുറഞ്ഞതുമായ സാഹചര്യങ്ങളിൽ പ്രവർത്തിപ്പിക്കാനാവുന്ന സ്വതന്ത്ര ബഹുഭാഷാ ശബ്ദാധിഷ്ഠിത എഐ പരിഹാരങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്ന  നൂതനാശയ സംരംഭമായ വ്യോമ  ഇന്നൊവേഷൻ ചലഞ്ചിന്  തുടക്കമായി. ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന്  കീഴിലെ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷൻ്റെ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനാണ്  കറൻ്റ് എഐ-യും  കൽപ ഇംപാക്ടുമായി സഹകരിച്ച് മത്സരം സംഘടിപ്പിക്കുന്നത്.   

 

ഈ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ ഭാഷിണിയും കറൻ്റ് എഐയും സംയുക്തമായി പുറത്തിറക്കിയ 'സുനോ സൂത്ര' എന്ന ബഹുഭാഷാ ശബ്ദാധിഷ്ഠിത സ്വതന്ത്ര ഉപകരണാധിഷ്ഠിത എഐ മാതൃക അടിസ്ഥാനമാക്കിയാണ്  മത്സരം രൂപകല്പന ചെയ്തിരിക്കുന്നത്.  ഒരു മാതൃകാ സംവിധാനമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന സുനോ സൂത്ര ക്ലൗഡ് അടിസ്ഥാനസൗകര്യങ്ങളെ ആശ്രയിക്കാതെ ഇന്ത്യൻ ഭാഷകളിൽ സംഭാഷണാത്മക എഐ അനുഭവങ്ങൾ സാധ്യമാക്കി ബഹുഭാഷാ സാങ്കേതികവിദ്യകളെ ഉപകരണത്തിലെ നിര്‍മിതബുദ്ധി കഴിവുകളുമായി സംയോജിപ്പിക്കുന്നു.

 

ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിതാഭ് നാഗ് പറഞ്ഞു:

"ബഹുഭാഷാ എഐ എന്നത് ഒരു സാങ്കേതിക മാറ്റം മാത്രമല്ല, മറിച്ച് ഇന്ത്യയിലെ ജനസംഖ്യാ തലത്തിൽ വിവിധ ഭാഷകളിലെ സേവനങ്ങള്‍ക്ക് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രവേശനം സാധ്യമാക്കുന്നതും പൊതുജനങ്ങളെ സ്വാധീനിക്കുന്നതുമായ അടിസ്ഥാന സൗകര്യമാണ്. ഇന്ത്യൻ ഭാഷാ എഐ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇൻ്റര്‍നെറ്റ് ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ കൊണ്ടുനടന്ന്   പ്രവർത്തിക്കാവുന്ന തരത്തില്‍  സുനോ സൂത്ര പോലുള്ള പരിഹാരങ്ങൾ പ്രാപ്തമാക്കി ഭാഷിണി ഈ മാറ്റത്തിന് കരുത്തേകുന്നു.  വിവിധ പ്രദേശങ്ങളിലും ഭാഷകളിലും വിദൂര പ്രദേശങ്ങളിലെ പൗരന്മാരിലേക്കുപോലും ശബ്ദാധിഷ്ഠിതവും ബുദ്ധിപരവുമായ സേവനങ്ങൾ എത്തിക്കാന്‍ ഇത് സഹായിക്കുന്നു."

 

ഭാഷിണിയുടെ ബഹുഭാഷാ എഐ അടിസ്ഥാന സൗകര്യങ്ങളെയും കറൻ്റ് എഐയുടെ സ്വതന്ത്ര സാങ്കേതികവിദ്യകളിലെ വൈദഗ്ധ്യത്തെയും ഒന്നിപ്പിക്കുന്ന വ്യോമ ഇന്നൊവേഷൻ ചലഞ്ച് ഭാഷാപരമായ പ്രവേശനക്ഷമത, ഡിജിറ്റൽ സാക്ഷരത, കണക്റ്റിവിറ്റി എന്നിവയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ പരിഹരിക്കുന്ന പ്രായോഗിക എഐ പരിഹാരങ്ങളുടെ വികസനം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.  

 

പുതിയ ഉപയോഗ സാഹചര്യങ്ങളിലൂടെയും ഹാർഡ്‌വെയർ വികസനത്തിലൂടെയും മോഡൽ ഒപ്റ്റിമൈസേഷൻ നടത്തിയും വിന്യസിക്കാന്‍ സജ്ജമായ ആപ്ലിക്കേഷനുകൾ തയ്യാറാക്കിയും  സുനോ സൂത്ര സംവിധാനത്തെ കൂടുതൽ വികസിപ്പിക്കാനും പുനർരൂപകല്പന ചെയ്യാനും  സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, വിദ്യാർത്ഥികൾ, അക്കാദമിക് സ്ഥാപനങ്ങൾ, എംഎസ്എംഇകൾ, വ്യവസായ പങ്കാളികൾ, സ്വതന്ത്ര നൂതനാശയക്കാര്‍ എന്നിവരെ ഈ മത്സരം ക്ഷണിക്കുന്നു. ഉപകരണം ചെറുതും കൂടുതൽ കാര്യക്ഷമവും വ്യത്യസ്ത പ്രാദേശിക സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുയോജ്യവുമാക്കുന്ന സമീപനങ്ങൾ തേടാനും പങ്കാളികളെ പ്രോത്സാഹിപ്പിക്കുന്നു.

 

വിദ്യാഭ്യാസം, കൃഷി, ആരോഗ്യ സംരക്ഷണം, ഭരണം, പൊതുസേവന വിതരണം തുടങ്ങിയ മേഖലകളിൽ അപ്ലിക്കേഷനുകൾക്ക് വലിയ സാധ്യതകളുണ്ട്.  ഇന്ത്യയുടെ ഭാഷാപരവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യത്തിലുടനീളം എഐ സാങ്കേതികവിദ്യാ പ്രവേശനം വ്യാപിപ്പിക്കുന്നതിൽ മത്സരം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

 

പൊതു അപേക്ഷാ പ്രക്രിയയിലൂടെ ആരംഭിച്ച് ഒന്നിലധികം ഘട്ടങ്ങളിലായാണ് മത്സരം നടത്തുക. തിരഞ്ഞെടുക്കപ്പെടുന്ന ഇരുപത് ടീമുകള്‍ക്ക് ഡെവലപ്പർ കിറ്റുകളും അവരുടെ ആശയങ്ങള്‍ വികസിപ്പിക്കുന്നതിനും പരിശോധിക്കുന്നതിനുമായി സുനോ സൂത്ര പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശനവും ലഭിക്കും. പങ്കാളികൾക്ക് ഭാഷിണി, കറൻ്റ് എഐ എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധരിൽ നിന്ന് സാങ്കേതിക മാർഗനിർദേശവും നല്‍കും.  

 

മത്സരത്തില്‍ അവസാനഘട്ടത്തിലെത്തുന്നവര്‍ വിദഗ്ധ ജൂറിക്ക് മുന്നിൽ  അവരുടെ ചെറുമാതൃകകള്‍  പ്രദർശിപ്പിക്കും. വിജയിക്കുന്ന ടീമുകൾക്ക് 80 ലക്ഷം രൂപ വരെ സമ്മാനങ്ങൾ നേടാനും കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റ് വകുപ്പുകളിൽ അവര്‍ വികസിപ്പിച്ച  സംവിധാനം വിന്യസിക്കാനും അവസരങ്ങളുണ്ട്.   

 

സ്റ്റാർട്ടപ്പുകൾ, എംഎസ്എംഇകൾ, എന്‍ജിനീയര്‍മാര്‍,  ഗവേഷകർ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവരെ ഒന്നിപ്പിക്കുന്ന ടീമുകളെ -  പ്രത്യേകിച്ച് നൂതനാശയ ആവാസവ്യവസ്ഥയിലെ സഹകരണ പങ്കാളിത്തത്തെ - ഈ സംരംഭം പ്രോത്സാഹിപ്പിക്കുന്നു.

 

വ്യോമ ഇന്നൊവേഷൻ ചലഞ്ചിന് ഇപ്പോൾ അപേക്ഷ സമര്‍പ്പിക്കാം: https://bhashini.gov.in/sahyogi/hackathon/open-handheld-ai 

 

ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷനെക്കുറിച്ച്: 

എഐ അധിഷ്ഠിത ബഹുഭാഷാ ഡിജിറ്റൽ ഉൾച്ചേര്‍ക്കലും ഭാഷാ സാങ്കേതികവിദ്യയും ലക്ഷ്യമിട്ട് രൂപീകരിച്ച ഇന്ത്യയുടെ ദേശീയ സംരംഭമാണ് ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിൻ്റെ ഭാഗമായ ഡിജിറ്റൽ ഇന്ത്യ കോർപ്പറേഷന്  കീഴിലെ ഡിജിറ്റൽ ഇന്ത്യ ഭാഷിണി ഡിവിഷൻ. നാഷണൽ ഹബ് ഫോർ ലാംഗ്വേജ് ടെക്നോളജി (NHLT) വഴി ഭരണ നിർവഹണത്തിനും പൊതു പ്ലാറ്റ്‌ഫോമുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ത്യൻ ഭാഷകളിൽ ശബ്ദവും എഴുത്തും അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതും വിപുലീകരിക്കാവുന്നതുമായ എഐ സേവനങ്ങൾ ഭാഷിണി നല്‍കുന്നു. 800-ലധികം ഗവണ്മെൻ്റ് വെബ്‌സൈറ്റുകൾക്ക് ഈ പ്ലാറ്റ്‌ഫോം കരുത്തുപകരുന്നുണ്ട്.  പ്രതിദിനം 15 മില്യണിലധികം പ്രതികരണങ്ങളാണ് ഈ പ്ലാറ്റ്‌ഫോം നല്‍കുന്നത്.  കൂടാതെ 36 ഇന്ത്യൻ എഴുത്തുഭാഷകളിലും 23 ഇന്ത്യൻ ശബ്ദഭാഷകളിലും 35 അന്താരാഷ്ട്ര ഭാഷകളിലും പ്രവര്‍ത്തിക്കുന്നു.  സ്വതന്ത്ര നൂതനാശയങ്ങള്‍,  ബഹുഭാഷാ എഐ ഗവേഷണം, വിവരശേഖര വികസനം, സ്റ്റാർട്ടപ്പ് സജ്ജീകരണം,  അക്കാദമിക സഹകരണം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്ന ഭാഷിണി ഡിവിഷന്‍ ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യ ആവാസവ്യവസ്ഥയെ  ശക്തിപ്പെടുത്തുന്നു. 

 

****


( റിലീസ് ഐ.ഡി: 2268182) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Tamil