രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ രാഷ്ട്രപതി മ്യാൻമർ രാഷ്ട്രപതിയെ സ്വീകരിച്ചു

തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമാണ് മ്യാൻമർ: രാഷ്ട്രപതി ദ്രൗപദി മുർമു

പോസ്റ്റഡ് ഓണ്‍: 01 JUN 2026 7:04PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു, റിപ്പബ്ലിക് ഓഫ് ദി യൂണിയൻ ഓഫ് മ്യാൻമർ രാഷ്ട്രപതി യു മിൻ ഓങ് ഹ്ലൈങ്ങിനെ ഇന്ന് (2026 ജൂൺ 1) രാഷ്ട്രപതി ഭവനിൽ സ്വീകരിച്ചു.
 
രാഷ്ട്രപതി ഭവനിലേക്ക് രാഷ്ട്രപതി ഹ്ലൈങ്ങിനെ സ്വാഗതം ചെയ്തുകൊണ്ട്, ഇന്ത്യയും മ്യാൻമറും നൂറ്റാണ്ടുകൾ പഴക്കമുള്ള ആഴമേറിയ സാംസ്കാരികവും നാഗരികവും ആത്മീയവുമായ ബന്ധമാണ് പങ്കിടുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. പരസ്പര ധാരണയുടെയും സൗഹൃദത്തിൻ്റെയും ശക്തമായ അടിത്തറയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നത്. ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏക ആസിയാൻ രാജ്യമെന്ന നിലയിൽ തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടമാണ് മ്യാൻമർ. ഇന്ത്യയുടെ "അയൽപക്കത്തിന് പ്രഥമ പരിഗണന", "ആക്ട് ഈസ്റ്റ്", "മഹാസാഗർ" എന്നീ നയങ്ങളിൽ മ്യാൻമർ ഒരു പ്രധാന പങ്കാളിയാണ്.
 
 
മ്യാൻമർ രാഷ്ട്രപതിയായി ചുമതലയേറ്റ രാഷ്ട്രപതി ഹ്ലൈങ്ങിനെ അഭിനന്ദിച്ച ശ്രീമതി മുർമു, ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഗവണ്മെൻ്റുമായി ചേർന്ന് പ്രവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി. മ്യാൻമർ ഗവണ്മെൻ്റിൻ്റെ മുൻഗണനകൾക്ക് അനുസൃതമായുള്ള കാര്യങ്ങളെ പിന്തുണയ്ക്കാൻ ഇന്ത്യ സന്നദ്ധമാണെന്നും രാഷ്ട്രപതി അറിയിച്ചു. സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള മ്യാൻമറിൻ്റെ ശ്രമങ്ങൾക്ക് ഇന്ത്യയുടെ ഉറച്ച പിന്തുണ അവർ അറിയിച്ചു.
 
ഇന്ത്യ-മ്യാൻമർ പങ്കാളിത്തത്തിലെ ഒരു പ്രധാന സ്തംഭമാണ് പരസ്പര സമ്പർക്കമെന്ന് വ്യക്തമാക്കിയ രാഷ്ട്രപതി, മ്യാൻമർ ഗവണ്മെൻ്റിൻ്റെ പിന്തുണയോടെ നിലവിലുള്ള കണക്റ്റിവിറ്റി പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കാൻ സാധിക്കുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു.
 
 
ഫാർമസ്യൂട്ടിക്കൽസ്, യന്ത്രങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യ-മ്യാൻമർ വ്യാപാര ബന്ധം വിപുലീകരിച്ചതിൽ രാഷ്ട്രപതി സന്തോഷം പ്രകടിപ്പിച്ചു. എങ്കിലും ഉഭയകക്ഷി വ്യാപാരം ഇപ്പോഴും അതിൻ്റെ യഥാർത്ഥ സാധ്യതകളിലേക്ക് ഉയർന്നിട്ടില്ലെന്ന് എടുത്തു പറഞ്ഞ അവർ, ഇത് കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി ഇരുരാജ്യങ്ങൾക്കും ഒരുമിച്ച് പ്രവർത്തിക്കാമെന്നും കൂട്ടിച്ചേർത്തു.
 
ഇന്ത്യയും മ്യാൻമറും തമ്മിലുള്ള സൗഹൃദം വരും വർഷങ്ങളിൽ കൂടുതൽ ശക്തമായി തുടരുമെന്ന് ഇരു നേതാക്കളും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
***

( റിലീസ് ഐ.ഡി: 2267704) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , हिन्दी , Marathi , Gujarati