തെരഞ്ഞെടുപ്പ് കമ്മീഷന്‍
നിയമപരമായ ചട്ടക്കൂട് കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇ.സി.ഐ കൗൺസൽമാരുടെ 2026-ലെ ദേശീയ സമ്മേളനം വിളിച്ചുകൂട്ടി
പോസ്റ്റഡ് ഓണ്‍:
31 MAY 2026 5:57AM by PIB Thiruvananthpuram
1. തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ സാന്നിധ്യത്തിൽ, ന്യൂഡൽഹിയിലെ ഐ.ഐ.ഐ.ഡി.ഇ.എം-ൽ ഇന്ന് നടന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ പ്രതിനിധീകരിക്കുന്ന കൗൺസൽമാരുടെ രണ്ടാമത്തെ ദേശീയ സമ്മേളനം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിയമപരമായ ചട്ടക്കൂടും തന്ത്രങ്ങളും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഈ സമ്മേളനത്തിൽ, സുപ്രീം കോടതിയിലും രാജ്യത്തുടനീളമുള്ള വിവിധ ഹൈക്കോടതികളിലും കമ്മീഷനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരും, കമ്മീഷനിലെ സി.ഇ.ഒമാരും, മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
2. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു,
"നീതിയുക്തമായ വോട്ടർ പട്ടികകൾ നീതിയുക്തമായ തെരഞ്ഞെടുപ്പുകളിലേക്ക് നയിക്കുന്നു. ഇന്നത്തെ യാഥാർഥ്യം അതാണ്, ഇന്ത്യ അതിൻ്റെ ഭാഗമാണ്.” വോട്ടർപട്ടിക മാനേജ്‌മെൻ്റിൻ്റെ മുൻനിര പോരാളികളായ ബി.എൽ.ഒമാരേയും ബി.എൽ.എമാരേയും അദ്ദേഹം പ്രശംസിച്ചു. അടുത്തിടെ സമാപിച്ച അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ചരിത്രപരമായ പങ്കാളിത്തം രേഖപ്പെടുത്തിയ വോട്ടർമാരെ അദ്ദേഹം അഭിനന്ദിച്ചു. ഈ തിരഞ്ഞെടുപ്പുകളിലെ കടുത്ത മത്സരത്തെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തുടനീളമുള്ള കോടതികളിൽ കമ്മീഷനെ പ്രതിനിധീകരിക്കുന്നതിൽ അഭിഭാഷകർ നടത്തുന്ന സമർപ്പിത ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
3. ഈ ഏകദിന സമ്മേളനം തെരഞ്ഞെടുപ്പ് കമ്മീഷനും രാജ്യത്തുടനീളമുള്ള അതിൻ്റെ നിയമ പ്രതിനിധികൾക്കും ഇടയിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സമ്മേളനത്തിൽ സംസാരിച്ച തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. സുഖ്ബീർ സിംഗ് സന്ധു പറഞ്ഞു. ഉയർന്നുവരുന്ന നിയമപരമായ വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾക്കും അനുഭവങ്ങൾ പങ്കുവെക്കുന്നതിനും ഈ സമ്മേളനം ഒരു പ്രധാന വേദിയൊരുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. വിവേക് ജോഷി തൻ്റെ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഇത് അതിവേഗം മാറിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിൽ തെരഞ്ഞെടുപ്പിൻ്റെ സമഗ്രത കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിലനിർത്തുന്നതിനുമുള്ള ഫലപ്രദമായ നിയമ തന്ത്രങ്ങൾ രൂപീകരിക്കാൻ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
4. “നിയമപരമായ വെല്ലുവിളികളുടേയും അനുഭവങ്ങളുടേയും പഠനങ്ങളുടേയും ഒരു വർഷവും മുന്നോട്ടുള്ള പാതയും” എന്ന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള ഈ സമ്മേളനം, കമ്മീഷനും രാജ്യത്തുടനീളമുള്ള നിയമ വിദഗ്ധരും തമ്മിലുള്ള സംവാദത്തിനും ആശയവിനിമയത്തിനും സുപ്രധാനമായ ഒരു വേദി നല്കുന്നു.
5. സമ്മേളനത്തിൻ്റെ ഭാഗമായി, വോട്ടർപട്ടിക മാനേജ്‌മെൻ്റ്, പ്രത്യേക തീവ്ര പുനഃപരിശോധന, പോളിംഗ്-വോട്ടെണ്ണൽ നടപടിക്രമങ്ങൾ, ഇ.വി.എം പ്രദർശനങ്ങൾ തുടങ്ങിയ പ്രധാന തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ സംവേദനാത്മക സെഷനുകൾ നടന്നു. അഭിഭാഷകരുടെ അനുഭവങ്ങൾ പങ്കുവെക്കുന്ന സെഷനുകൾക്കൊപ്പം തെരഞ്ഞെടുപ്പ് നിയമങ്ങൾ, ജുഡീഷ്യൽ നടപടികൾ, നിയമ പരിഷ്കാരങ്ങൾ, സ്ഥാപനപരമായ ഏകോപനം, മാധ്യമ വിവരണങ്ങളുടെ പങ്ക്, കൂടാതെ ഇ.സി.ഐ.നെറ്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകളും തിരഞ്ഞെടുപ്പ്-നിയമ മേഖലകളിൽ ഉയർന്നുവരുന്ന വിഷയങ്ങൾ പരിശോധിക്കുന്നതിനുള്ള വേദിയൊരുക്കി.
6. 2025-ൽ നടന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ കൗൺസൽമാരുടെ ദേശീയ സമ്മേളനത്തിൻ്റെ ഫലങ്ങളെ അടിസ്ഥാനമാക്കി, കൈവരിച്ച പുരോഗതി വിലയിരുത്തുന്നതിനും ഉൾക്കാഴ്ചകൾ പങ്കുവെക്കുന്നതിനും കമ്മീഷൻ്റെ നിയമപരമായ ചട്ടക്കൂട് കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മുൻഗണനകൾ കണ്ടെത്തുന്നതിനുമുള്ള അവസരം ഈ സമ്മേളനം നല്കുന്നു.
****
( റിലീസ് ഐ.ഡി: 2267332)
സന്ദര്‍ശക കൗണ്ടര്‍ : 6