ഉപരാഷ്ട്രപതിയുടെ കാര്യാലയം
ഉപരാഷ്ട്രപതി പനാജിയിൽ ഗോവയുടെ 40–ാം സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളിൽ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
30 MAY 2026 1:18PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ഇന്ന് പനാജിയിൽ ഗോവയുടെ 40-ാമത് സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളിൽ സംബന്ധിച്ചു.
ഗോവ സംസ്ഥാന പദവി നേടിയതിൻ്റെ നാല് പതിറ്റാണ്ടുകൾ ആഘോഷിക്കുന്ന ഈ സുപ്രധാന വേളയിൽ അവിടുത്തെ ജനങ്ങളോടൊപ്പം ചേരാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്യവേ ഉപരാഷ്ട്രപതി പറഞ്ഞു. ഉപരാഷ്ട്രപതിയായി സ്ഥാനമേറ്റതിനുശേഷം ഗോവയിലേക്കുള്ള തൻ്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിതെന്ന് അദ്ദേഹം പറഞ്ഞു.
1987 മെയ് 30 ന് ഗോവ ഇന്ത്യയുടെ 25-ാമത് സംസ്ഥാനമായി മാറിയതിൻ്റെ ചരിത്രപരമായ പ്രാധാന്യം അനുസ്മരിച്ചുകൊണ്ട്, ഗോവയിലെ ജനങ്ങളുടെ അതുല്യമായ സ്വത്വത്തെയും അഭിലാഷങ്ങളെയും ജനാധിപത്യ മനോഭാവത്തെയും ഈ ദിനം ഉറപ്പിക്കുന്നതാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. പൈതൃകത്തിൻ്റെയും പുരോഗതിയുടെയും പാരമ്പര്യത്തിൻ്റെയും ആധുനികതയുടെയും പ്രാദേശിക പെരുമയുടെയും ആഗോള കാഴ്ചപ്പാടുകളുടെയും ഒരു സംഗമഭൂമിയാണ് ഗോവയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസം, പൗരബോധം, സാമൂഹിക ഉൾചേരൽ എന്നിവയോടുള്ള ഗോവയിലെ ജനങ്ങളുടെ പ്രതിജ്ഞാ ബദ്ധതയെ ഉപരാഷ്ട്രപതി പ്രശംസിച്ചു. ജനങ്ങളുടെ ഊഷ്മളതയും ആതിഥ്യമര്യാദയുമാണ് ഗോവയെ യഥാർത്ഥത്തിൽ സവിശേഷമാക്കുന്നതെന്നും; സാക്ഷരത, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി ബോധം, മനുഷ്യവിഭവശേഷി വികസനം എന്നിവയിൽ സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ മുഖ്യമന്ത്രി ശ്രീ മനോഹർ പരീക്കർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച ഉപരാഷ്ട്രപതി, അദ്ദേഹത്തിൻ്റെ ലാളിത്യവും സത്യസന്ധതയും അർപ്പണബോധവും ഗോവയുടെ പുരോഗതിയിൽ മായാത്ത മുദ്ര പതിപ്പിച്ചതായി വിശേഷിപ്പിച്ചു.
ഗോവയെ വികസനത്തിലേക്കും സമൃദ്ധിയിലേക്കും നയിക്കുന്ന മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്തിൻ്റെ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു. ഡോ. സാവന്തിൻ്റെ നേതൃത്വത്തിൽ, തനതായ സാംസ്കാരിക പൈതൃകവും വ്യക്തിത്വവും നിലനിർത്തിക്കൊണ്ടുതന്നെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം, ഡിജിറ്റൽ ഗവേണൻസ് എന്നീ മേഖലകളിൽ ഗോവ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യങ്ങളെ ഉയർത്തിക്കാട്ടിയ ഉപരാഷ്ട്രപതി, ഒരു ജനാധിപത്യ രാജ്യത്ത്, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് വേളകളിൽ അഭിപ്രായവ്യത്യാസങ്ങളും രാഷ്ട്രീയ മത്സരങ്ങളും സ്വാഭാവികമാണെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ, തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിൻ്റെ വികസനത്തിനായി സഹകരണത്തോടെയും കൂട്ടായ ഉത്തരവാദിത്തത്തോടെയും എല്ലാ വിഭാഗങ്ങളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗോവയുടെ ഊർജ്ജസ്വലമായ ജനാധിപത്യവും ശക്തമായ സാമൂഹിക വ്യവസ്ഥിതികളും പങ്കാളിത്തം, സംഭാഷണം, അന്തസ്സ് എന്നിവയെ വിലമതിക്കുന്ന ഒരു സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2047-ഓടെ 'വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തെക്കുറിച്ച് പരാമർശിച്ച ഉപരാഷ്ട്രപതി, ഇന്ത്യയുടെ ഭാവി വികസന ചരിത്രത്തിൽ ഗോവയ്ക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് പറഞ്ഞു. ഇന്ത്യയുടെ പുരോഗതിയുടെ നിർണ്ണായക തൂണുകളിൽ ഒന്നായിരിക്കും സമുദ്ര വിഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള സമ്പദ് വ്യവസ്ഥ എന്ന് നിരീക്ഷിച്ച അദ്ദേഹം, ഈ മേഖലയിൽ ഗോവ ഒരു മുൻനിര ശക്തിയായി ഉയർന്നുവരുന്നതിൽ സംതൃപ്തി രേഖപ്പെടുത്തി. ഉയർന്ന വിദ്യാഭ്യാസമുള്ള ജനസംഖ്യ, സംരംഭകത്വ മനോഭാവം, തന്ത്രപ്രധാനമായ തീരപ്രദേശം, ആഗോള കണക്റ്റിവിറ്റി എന്നിവയുള്ളതിനാൽ രാജ്യത്തിൻ്റെ അടുത്ത ഘട്ട വളർച്ചയ്ക്കും നവീകരണത്തിനും സംഭാവന നൽകുന്നതിൽ ഗോവയ്ക്ക് സവിശേഷ സ്ഥാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാംസ്കാരിക വേരുകൾ നഷ്ടപ്പെടുത്താതെ തന്നെ ആധുനികതയെ എങ്ങനെ സ്വാംശീകരിക്കാമെന്നും, പ്രാദേശിക പാരമ്പര്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് തന്നെ ലോകത്തെ എങ്ങനെ വരവേൽക്കാമെന്നും ഗോവയുടെ യാത്ര തെളിയിക്കുന്നതായി ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. സുസ്ഥിര വികസനത്തിന് ഊന്നൽ നൽകി, സുസ്ഥിര തീരദേശ വികസനത്തിൻ്റെ ദേശീയ മാതൃകയായി ഗോവയ്ക്ക് ഉയർന്നുവരാൻ കഴിയുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.
ഗോവയിലെ യുവാക്കളെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, സംസ്ഥാനത്തിൻ്റെ ഏറ്റവും വലിയ കരുത്ത് അവിടുത്തെ യുവാക്കളുടെ സർഗ്ഗാത്മകത, തുറന്ന മനസ്സ്, ആത്മവിശ്വാസം എന്നിവയാണെന്ന് അഭിപ്രായപ്പെട്ടു. സംരംഭകത്വം, ശാസ്ത്രം, കല, കായികം, നവീകരണം, നീല സമ്പദ് വ്യവസ്ഥ തുടങ്ങിയ മേഖലകളിൽ സജീവ സംഭാവന നൽകാൻ അദ്ദേഹം യുവാക്കളെ പ്രോത്സാഹിപ്പിച്ചു.
ഐക്യം, സമൃദ്ധി, സുസ്ഥിരത, സാമൂഹിക സൗഹാർദ്ദം എന്നിവയ്ക്കായി വീണ്ടും പ്രതിജ്ഞാബദ്ധരാകാൻ ആഹ്വാനം ചെയ്ത ഉപരാഷ്ട്രപതി; ഊർജ്ജസ്വലമായ സംസ്കാരവും, ശക്തമായ സമ്പദ് വ്യവസ്ഥയും, സുരക്ഷിതമായ ഭാവിയുമുള്ള ഒരു ഗോവ കെട്ടിപ്പടുക്കുന്നതിന് ജനങ്ങൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് അഭ്യർത്ഥിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി, പനാജിയിലെ കലാ അക്കാദമിയിൽ യശശ്ശരീരനായ പ്രശസ്ത കാർട്ടൂണിസ്റ്റ് മാരിയോ മിറാൻഡയുടെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കിയുള്ള പ്രദർശനം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്മരണിക തപാൽ സ്റ്റാമ്പും പ്രത്യേക കവറും പ്രകാശനം ചെയ്ത അദ്ദേഹം “ഗോവ എഞ്ചിനീയറിംഗ് ദി നെക്സ്റ്റ് ഇറ” എന്ന കോഫി ടേബിൾ ബുക്കും പ്രകാശനം ചെയ്തു.
ചടങ്ങിൽ ഗോവയിലെ പ്രമുഖ ബ്രാൻഡുകൾക്കും വിശിഷ്ട വ്യക്തിത്വങ്ങൾക്കുമുള്ള അവാർഡുകൾ ഉപരാഷ്ട്രപതി വിതരണം ചെയ്തു. കൂടാതെ വിവിധ നിയമന ഉത്തരവുകൾ കൈമാറുകയും, ഗോപാൽ രത്ന അവാർഡ് ജേതാക്കൾ, സ്വയംപൂർണ മിത്രങ്ങൾ, സ്വയംപൂർണ ഗ്രാമങ്ങൾ എന്നിവരെ ആദരിക്കുകയും ചെയ്തു. ദീൻ ദയാൽ സ്വസ്ഥ്യ സേവാ യോജനയ്ക്ക് കീഴിലുള്ള വർദ്ധിപ്പിച്ച ഇൻഷുറൻസ് പരിരക്ഷയും അദ്ദേഹം ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.
ഗോവ ഗവർണർ ശ്രീ പുസാപതി അശോക് ഗജപതി രാജു, മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത്, കേന്ദ്ര ഊർജ്ജ -പുനരുപയോഗ ഊർജ്ജ മന്ത്രാലയ സഹമന്ത്രി ശ്രീ ശ്രീപദ് നായിക്, ഗോവ നിയമസഭാ സ്പീക്കർ ഡോ. ഗണേഷ് ഗാവോങ്കർ, രാജ്യസഭാംഗം ശ്രീ സദാനന്ദ് തനവാഡെ, ഗോവ സംസ്‌ഥാന മന്ത്രിമാർ, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
***
( റിലീസ് ഐ.ഡി: 2266992)
സന്ദര്‍ശക കൗണ്ടര്‍ : 8