ധനകാര്യ മന്ത്രാലയം
ഓപ്പറേഷൻ ചക്രവ്യൂഹിൻ്റെ ഭാഗമായി കേരളത്തിൽ ലഹരി വിരുദ്ധ നടപടികൾ ഊർജ്ജിതമാക്കി ഡിആർഐ; 24 കിലോഗ്രാം നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തു, 5 പേർ അറസ്റ്റിൽ
പോസ്റ്റഡ് ഓണ്‍:
30 MAY 2026 1:43PM by PIB Thiruvananthpuram
ഓപ്പറേഷൻ ചക്രവ്യൂഹിൻ്റെ ഭാഗമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) കൊച്ചി യൂണിറ്റ് നടത്തിയ ഏകോപിത ലഹരിവിരുദ്ധ പരിശോധനകളിൽ കൊച്ചി, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർത്ഥങ്ങളും പിടിച്ചെടുത്തു. നിയമവിരുദ്ധമായ വിതരണത്തിനും കടത്തലിനുമായി സൂക്ഷിച്ചിരുന്ന മെത്താക്വലോൺ, മെത്താംഫെറ്റമിൻ, ഹാഷിഷ് ഓയിൽ എന്നിവയുൾപ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
ഈ പരിശോധനകളിലൂടെ മൊത്തം 24 കിലോഗ്രാമിലധികം മയക്കുമരുന്നുകളും സൈക്കോട്രോപിക് വസ്തുക്കളും പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്ത് ശൃംഖലയിൽ ഉൾപ്പെട്ട പ്രധാന ഏജൻ്റുമാർ ഉൾപ്പെടെ അഞ്ച് പേരെ 1985-ലെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം അറസ്റ്റ് ചെയ്തു.
വിമാനത്താവളത്തിലെ യാത്രക്കാരുടെ ബാഗേജ്, കൊറിയർ പാഴ്സലുകളിൽ ഒളിപ്പിച്ചുവെയ്ക്കൽ, പുറത്തേക്ക് അയയ്ക്കുന്ന കയറ്റുമതി ചരക്കുകൾ എന്നിവയുൾപ്പെടെ വ്യത്യസ്ത കടത്ത് രീതികളിലാണ് ഈ നിരോധിത ലഹരിവസ്തുക്കൾ കണ്ടെത്തിയത്.

ഡിആർഐയുടെ നിരന്തര ജാഗ്രതയും അന്താരാഷ്ട്ര-ആഭ്യന്തര തലങ്ങളിൽ പ്രവർത്തിക്കുന്ന സംഘടിത മയക്കുമരുന്ന് കടത്ത് ശൃംഖലകൾ തകർക്കാനുള്ള അതിൻ്റെ കേന്ദ്രീകൃത ശ്രമങ്ങളുമാണ് ഈ ലഹരിവേട്ടയിലൂടെ വ്യക്തമാകുന്നത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, കേരളത്തിൽ ഏകദേശം 70.76 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകളും സൈക്കോട്രോപിക് ലഹരിവസ്തുക്കളും പിടിച്ചെടുത്ത ഡിആർഐയുടെ കൊച്ചി സോണൽ യൂണിറ്റ് വിവിധ എൻഡിപിഎസ് കേസുകളുമായി ബന്ധപ്പെട്ട് 21 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ഇന്ത്യാ ഗവണ്മെൻ്റിൻ്റെ "നശാ മുക്ത് ഭാരതം" (ലഹരിമുക്ത ഇന്ത്യ) എന്ന കാഴ്ചപ്പാടിന് സംഭാവന നല്കുന്നതിനുമുള്ള പ്രതിബദ്ധതയിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് ഉറച്ചുനിൽക്കുന്നു.
***
( റിലീസ് ഐ.ഡി: 2266990)
സന്ദര്‍ശക കൗണ്ടര്‍ : 17