നൈപുണ്യ വികസന, സംരംഭക
മന്ത്രാലയം
തായ്‌പേയ് ക്യാപിറ്റൽ കപ്പിൽ ഇന്ത്യക്ക് തിളക്കമാർന്ന നേട്ടം; വളർന്നു വരുന്നതും വ്യവസായ അധിഷ്ഠിതവുമായ നൈപുണ്യ മേഖലകളിൽ രണ്ട് വെള്ളി മെഡലുകളും മൂന്ന് മെറിറ്റ് അവാർഡുകളും സ്വന്തമാക്കി
പോസ്റ്റഡ് ഓണ്‍:
29 MAY 2026 6:29PM by PIB Thiruvananthpuram
തായ്‌വാനിലെ തായ്‌പേയ്‌യിൽ 2026 മേയ് 26 മുതൽ 28 വരെ നടന്ന പ്രശസ്ത അന്താരാഷ്ട്ര നൈപുണ്യ മത്സരമായ 'തായ്‌പേയ് ക്യാപിറ്റൽ കപ്പ് 2026'-ൽ രണ്ട് വെള്ളി മെഡലുകളും മൂന്ന് മെറിറ്റ് അവാർഡുകളും കരസ്ഥമാക്കി ഇന്ത്യൻ സംഘം രാജ്യത്തിന് അഭിമാനമായി. യൂറോപ്പ്, ഏഷ്യ, അമേരിക്ക, ഓഷ്യാനിയ എന്നിവിടങ്ങളിലെ 15 രാജ്യങ്ങളിൽ നിന്നുള്ള ലോകത്തിലെ ഏറ്റവും മികച്ച യുവ പ്രൊഫഷണലുകളോട് മത്സരിച്ചാണ് ഇന്ത്യൻ സംഘം തങ്ങളുടെ അസാധാരണമായ സാങ്കേതിക മികവ് പ്രകടിപ്പിച്ചത്. ഇത് ആഗോള നൈപുണ്യ രംഗത്ത് ഇന്ത്യയുടെ ഉയർന്നുവരുന്ന സ്ഥാനം ഉറപ്പിക്കുന്നു .
അതിശക്തമായ മത്സരം നടന്ന അഞ്ച് നൈപുണ്യ വിഭാഗങ്ങളിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരാർത്ഥികൾ പങ്കെടുത്തത്. ഉയർന്നു വരുന്നതും വ്യവസായ ലോകത്തിന് ഏറെ അനുയോജ്യവുമായ മേഖലകളിൽ അവർ മികച്ച പ്രാവീണ്യം പ്രകടിപ്പിച്ചു. ഇത് ഇന്ത്യയുടെ നൈപുണ്യ വികസന മേഖലയുടെ കരുത്തിനെയും ഭാവിസജ്ജരായ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയെയും പ്രതിഫലിപ്പിക്കുന്നു.
കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിൻ്റെയും (MSDE) നാഷണൽ സ്കിൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ്റെയും പിന്തുണയോടെയാണ് ഇന്ത്യൻ സംഘം മത്സരത്തിൽ പങ്കെടുത്തത്. ഇന്ത്യൻ യുവാക്കൾക്ക് ലോകോത്തര പരിശീലനവും വ്യവസായ പരിചയവും അന്താരാഷ്ട്ര തലത്തിലുള്ള അവസരങ്ങളും എൻ എസ് ഡി സി തുടർച്ചയായി നൽകിവരുന്നുണ്ട്.
തായ്‌പേയ് ക്യാപിറ്റൽ കപ്പ് 2026-ൽ ഇന്ത്യൻ സംഘത്തിൻ്റെ നേട്ടങ്ങൾ:
കുമാരി മുസ്‌കാൻ – വെള്ളി മെഡൽ (പെയിൻ്റിംഗ് ആൻഡ് ഡെക്കറേറ്റിംഗ്)
ശ്രീ. അർജുൻ സുമതി വിജയഭാസ്‌കർ– വെള്ളി മെഡൽ (മൊബൈൽ ആപ്ലിക്കേഷൻസ് ഡെവലപ്‌മെൻ്റ് )
ശ്രീ. മുഹമ്മദ് മഫാസ് പൂനൈകണ്ണൻ റാബി അഹമ്മദ് – മെറിറ്റ് അവാർഡ് (സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻസ് ഡെവലപ്‌മെൻ്റ് )
ശ്രീ. സുരേഷ് കുമാർ ഗണേശൻ മീന– മെറിറ്റ് അവാർഡ് (ഡിജിറ്റൽ കൺസ്ട്രക്ഷൻ)
ശ്രീ. എം.ഡി സെരാജ് – മെറിറ്റ് അവാർഡ് (ഓട്ടോമൊബൈൽ ടെക്നോളജി)
വെള്ളി മെഡൽ ജേതാക്കൾക്ക് 8,000 തായ്‌വാൻ ഡോളർ വീതവും മെറിറ്റ് അവാർഡ് ലഭിച്ചവർക്ക് 5,000 തായ്‌വാൻ ഡോളർ വീതവും ക്യാഷ് പ്രൈസ് ലഭിച്ചു.
വിജയികളെ അഭിനന്ദിച്ചുകൊണ്ട് കേന്ദ്ര നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം സഹമന്ത്രിയും (സ്വതന്ത്ര ചുമതല) കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുമായ ശ്രീ. ജയന്ത് ചൗധരി ഇങ്ങനെ പറഞ്ഞു:
"തായ്‌പേയ് ക്യാപിറ്റൽ കപ്പ് 2026-ലെ ഇന്ത്യൻ സംഘത്തിൻ്റെ പ്രകടനം ഇന്ത്യയിലെ യുവാക്കളുടെ ആത്മവിശ്വാസത്തിൻ്റെയും കഴിവിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും അഭിമാനകരമായ പ്രതിഫലനമാണ്. ലോകമെമ്പാടുമുള്ള മികച്ച പ്രതിഭകളോട് മത്സരിച്ചുകൊണ്ട്, ഇന്ത്യൻ നൈപുണ്യത്തിന് അന്താരാഷ്ട്ര നിലവാരത്തിനൊപ്പം നിൽക്കാൻ കഴിയുമെന്ന് നമ്മുടെ ചാമ്പ്യന്മാർ തെളിയിച്ചിരിക്കുന്നു. മെഡലുകൾക്കപ്പുറം, ഇത്തരം മത്സരങ്ങൾ അമൂല്യമായ പരിശീലന വേദികളായി വർത്തിക്കുന്നു. ഇത് നമ്മുടെ മത്സരാർത്ഥികൾക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ മനസ്സിലാക്കാനും, വരാനിരിക്കുന്ന 'വേൾഡ് സ്കിൽസ് ഷാങ്ഹായ് 2026' ഉൾപ്പെടെയുള്ള വലിയ മത്സരങ്ങൾക്കായി അവരെ സജ്ജരാക്കാനും സഹായിക്കുന്നു. ഇങ്ങനെയുള്ള ഓരോ നേട്ടങ്ങളും ആഗോളതലത്തിൽ മത്സരശേഷിയുള്ള, ഭാവി സജ്ജരായ ഒരു തൊഴിൽ സേനയെ കെട്ടിപ്പടുക്കാനുള്ള നമ്മുടെ തീരുമാനത്തിന് കരുത്ത് പകരുന്നു; ഒപ്പം നൈപുണ്യമുള്ളതും ശാക്തീകരിക്കപ്പെട്ടതുമായ യുവാക്കളിലൂടെ 'വികസിത ഇന്ത്യ' എന്ന നമ്മുടെ കാഴ്ചപ്പാടിനെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു."
ഇന്ത്യൻ സംഘത്തെയും പരിശീലകരെയും അഭിനന്ദിച്ചുകൊണ്ട് നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം സെക്രട്ടറി ശ്രീമതി ദേബശ്രീ മുഖർജി പറഞ്ഞതിപ്രകാരം :
"തായ്‌പേയ് ക്യാപിറ്റൽ കപ്പ് 2026-ലെ ഇന്ത്യൻ സംഘത്തിൻ്റെ വിജയം ഇന്ത്യയുടെ നൈപുണ്യ വികസന മേഖലയുടെ വർദ്ധിക്കുന്ന കരുത്തിനെയും ലോകോത്തര നിലവാരത്തിലുള്ള നമ്മുടെ യുവാക്കളുടെ കഴിവിനെയും പ്രതിഫലിപ്പിക്കുന്നു. ഈ നേട്ടം കൈവരിച്ച മത്സരാർത്ഥികളെയും വിദഗ്ദ്ധരെയും പരിശീലകരെയും ഞാൻ അഭിനന്ദിക്കുന്നു. ആഗോളതലത്തിൽ മത്സരശേഷിയുള്ള പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ നിരന്തരം പിന്തുണ നൽകുന്ന സംസ്ഥാന ഗവൺമെൻ്റ്കൾക്കും വ്യവസായ പങ്കാളികൾക്കും പരിശീലന സ്ഥാപനങ്ങൾക്കും ഞാൻ നന്ദി അറിയിക്കുന്നു. ഇത്തരം അന്താരാഷ്ട്ര വേദികൾ മികവിലേക്ക് നീങ്ങാൻ പ്രചോദനം നൽകുകയും ഇന്ത്യയെ ആഗോള നൈപുണ്യ തലസ്ഥാനമാക്കാനുള്ള പ്രയാണത്തിന് കരുത്ത് പകരുകയും ചെയ്യുന്നു."
അന്താരാഷ്ട്ര വേദിക്കായി മത്സരാർത്ഥികളെ സജ്ജരാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച പരിചയസമ്പന്നരായ വിദഗ്ദ്ധരുടെയും പരിശീലകരുടെയും മാർഗ്ഗനിർദ്ദേശത്തിലാണ് ഇന്ത്യൻ സംഘം പങ്കെടുത്തത്.
ശ്രീ. അങ്കുർ ശർമ്മ (മൊബൈൽ ആപ്ലിക്കേഷൻസ് ഡെവലപ്‌മെൻ്റ് ),
ശ്രീ. അനികേത് കുമാർ പഥക്(സോഫ്റ്റ്‌വെയർ ആപ്ലിക്കേഷൻസ് ഡെവലപ്‌മെൻ്റ് ),
കുമാരി സൗമ്യ ദ്വിവേദി (പെയിന്റിംഗ് ആൻഡ് ഡെക്കറേറ്റിംഗ്),
ശ്രീ. പ്രസന്ന പ്രകാശ് സമേൽ (ഓട്ടോമൊബൈൽ ടെക്നോളജി),
ശ്രീ. ഷിജു ശശിധരൻ (ഡിജിറ്റൽ കൺസ്ട്രക്ഷൻ) എന്നിവരാണ് വിദഗ്ദ്ധ നിർദ്ദേശം നൽകിയവർ
മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോഴ്‌സ്, കിയ മോട്ടോഴ്‌സ്, ബിംലാബ്സ് ഗ്ലോബൽ , ജെ.കെ. സിമൻ്റിൻ്റെ വൈ.പി.എസ്.വി.ഇ.എഫ് (YPSVEF by JK Cement) തുടങ്ങി പ്രമുഖ വ്യവസായ പങ്കാളികളുടെ പിന്തുണയും ഈ യാത്രയ്ക്ക് ഉണ്ടായിരുന്നു. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതിക വൈദഗ്ധ്യം, വ്യവസായ അധിഷ്ഠിത പരിശീലനം എന്നിവയിലൂടെയുള്ള സഹകരണം ഇന്ത്യൻ സംഘത്തിന് ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളുമായി മത്സരിക്കാനും അന്താരാഷ്ട്ര വേദികളിൽ രാജ്യത്തിൻ്റെ വളരുന്ന നൈപുണ്യ മികവ് പ്രകടിപ്പിക്കാനും മികച്ച സാഹചര്യം ഒരുക്കി.
നൈപുണ്യ പ്രതിഭകളുടെ ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ പ്രയാണത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് തായ്‌പേയ് ക്യാപിറ്റൽ കപ്പ് 2026-ലെ ഈ വിജയം. വൊക്കേഷണൽ വിദ്യാഭ്യാസം, വ്യവസായാനുസൃതമായ പരിശീലനം, ഭാവിയിലേക്ക് ആവശ്യമായ നൈപുണ്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ ശക്തിപ്പെടുത്തുന്നതോടൊപ്പം, 'വേൾഡ് സ്കിൽസ് ഷാങ്ഹായ് 2026' ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നൈപുണ്യ മത്സരങ്ങൾക്ക് മുന്നോടിയായുള്ള മികച്ചൊരു തയ്യാറെടുപ്പ് വേദിയായും ഈ മത്സരം മാറി.
'വികസിത ഇന്ത്യ' എന്ന ലക്ഷ്യത്തോടെ ഇന്ത്യ അതിൻ്റെ നൈപുണ്യ വികസന മേഖലയെ ശക്തിപ്പെടുത്തുന്നത് തുടരുമ്പോൾ, ഇത്തരം നേട്ടങ്ങൾ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും നൂതനാശയങ്ങൾ കൊണ്ടുവരുന്നതിനും രാജ്യത്തെ യുവാക്കളെ ആഗോള മത്സരരംഗത്ത് മുൻനിരയിൽ എത്തിക്കുന്നതിനും നൈപുണ്യ വികസനത്തിന് എത്രത്തോളം സാധിക്കുമെന്ന് വ്യക്തമാക്കുന്നു.

****
( റിലീസ് ഐ.ഡി: 2266849)
സന്ദര്‍ശക കൗണ്ടര്‍ : 5