വിദ്യാഭ്യാസ മന്ത്രാലയം
സി.ബി.എസ്.ഇ ആസ്ഥാനത്ത് നടന്ന ഉന്നതതല അവലോകന യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ അധ്യക്ഷത വഹിച്ചു
പോസ്റ്റഡ് ഓണ്‍:
28 MAY 2026 7:09PM by PIB Thiruvananthpuram
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ മൂല്യനിർണ്ണയവും ഫലപ്രഖ്യാപനത്തിന് ശേഷമുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും വിലയിരുത്തുന്നതിനായി ഇന്ന് ന്യൂഡൽഹിയിലെ സി.ബി.എസ്.ഇ ആസ്ഥാനത്ത് നടന്ന ഉന്നതതല അവലോകന യോഗത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് സെക്രട്ടറി ശ്രീ സഞ്ജയ് കുമാർ, സി.ബി.എസ്.ഇ ചെയർമാൻ ശ്രീ രാഹുൽ സിംഗ്, ഐ.ഐ.ടി മദ്രാസ് ഡയറക്ടർ പ്രൊഫ. വി. കാമകോടി, ഐ.ഐ.ടി കാൺപൂർ ഡയറക്ടർ, വിദ്യാഭ്യാസ മന്ത്രാലയത്തിലെയും കേന്ദ്രീയ വിദ്യാലയ സംഗതനിലെയും (KVS) മുതിർന്ന ഉദ്യോഗസ്ഥർ, എസ്.ബി.ഐ , ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക് എന്നിവയുൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളുടെ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ സമയബന്ധിതവും സുതാര്യവും വിദ്യാർത്ഥി സൗഹൃദപരവുമായ രീതിയിൽ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സുതാര്യവും ഉത്തരവാദിത്വപൂർണവുമായ വിദ്യാർത്ഥി കേന്ദ്രീകൃത പരീക്ഷാ സംവിധാനം ഉറപ്പാക്കാനുള്ള ഗവൺമെന്റിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു. കൂടാതെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും യഥാർത്ഥ ആശങ്കകൾ ഫലപ്രദമായും വേഗത്തിലും പരിഹരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
വിദ്യാർത്ഥി പിന്തുണാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, മൂല്യനിർണ്ണയ-മേൽനോട്ട ചട്ടക്കൂടുകൾ മെച്ചപ്പെടുത്തുക, സി.ബി.എസ്.ഇ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വിപുലീകരിക്കുക, പരീക്ഷാ സംബന്ധമായ സേവനങ്ങൾ കാര്യക്ഷമമാക്കി വിദ്യാർത്ഥികൾക്ക് കൂടുതൽ പ്രാപ്യമാക്കുക എന്നിവയിൽ സ്വീകരിച്ച നടപടികൾക്ക് ഊന്നൽ നൽകിക്കൊണ്ട് ഫലപ്രഖ്യാപനത്തിന് ശേഷമുള്ള സേവനങ്ങളുടെ പുരോഗതി മന്ത്രി വിലയിരുത്തി.
ഈ വർഷം ഏകദേശം 18 ലക്ഷം വിദ്യാർത്ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയതെന്നും, ഇതിൽ 98 ലക്ഷത്തോളം ഉത്തരക്കടലാസുകളും ഏതാണ്ട് 40 കോടി സ്കാൻ ചെയ്ത പേജുകളും ഉൾപ്പെടുന്നുവെന്നും മന്ത്രിയെ അറിയിച്ചു. ഇതുവരെ ഏകദേശം നാല് ലക്ഷത്തോളം വിദ്യാർത്ഥികൾ 11 ലക്ഷത്തോളം സ്കാൻ ചെയ്ത ഉത്തരക്കടലാസുകൾ പോർട്ടൽ വഴി പരിശോധിച്ചിട്ടുണ്ട്.
വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങൾക്കാണ് ഗവൺമെന്റിന്റെ പരമപ്രധാനമായ മുൻഗണനയെന്ന് ആവർത്തിച്ച ശ്രീ പ്രധാൻ, വീഴ്ചകൾ വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സംവിധാനത്തിനകത്ത്നിന്നോ പുറത്തു നിന്നോ യാതൊരുവിധ വീഴ്ചയും അനുവദിക്കില്ലെന്നും വ്യക്തമാക്കി.
പരീക്ഷാനന്തര സേവന പോർട്ടലിലെ ലോഗിൻ തടസ്സങ്ങൾ, അമിതമായ സെർവർ ലോഡ്, പണമിടപാടുമായി ബന്ധപ്പെട്ട പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകളും മന്ത്രി വിലയിരുത്തി.
വിദ്യാർത്ഥികൾക്ക് സുഗമമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി പോർട്ടലിന്റെ സ്ഥിരത, സെർവർ ശേഷി, ലോഗിൻ മാനേജ്‌മെന്റ്, പേയ്‌മെന്റ് ഗേറ്റ്‌വേ സംയോജനം എന്നിവ പരിശോധിക്കാൻ ഐ.ഐ.ടി മദ്രാസിലെ പ്രൊഫസർമാരും ഡിജിറ്റൽ വിദഗ്ധരും അടങ്ങുന്ന ഒരു സാങ്കേതിക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിദ്യാഭ്യാസ മന്ത്രാലയം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.
( റിലീസ് ഐ.ഡി: 2266481)
സന്ദര്‍ശക കൗണ്ടര്‍ : 6