രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ദ്രൗപദി മുർമു സിക്കിം സർവ്വകലാശാലാ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
27 MAY 2026 6:34PM by PIB Thiruvananthpuram
സിക്കിമിലെ ഗാങ്‌ടോക്കിൽ ഇന്ന് (മെയ് 27, 2026) നടന്ന സിക്കിം സർവ്വകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു സംബന്ധിച്ചു.

സിക്കിമിൻ്റെ പ്രകൃതിഭംഗിയും സംസ്കാരവും ജൈവവൈവിധ്യവും സംസ്ഥാനത്തിന് സവിശേഷമായ ഒരു വ്യക്തിത്വം നൽകുന്നുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ, രാഷ്ട്രപതി വ്യക്തമാക്കി. ഹിമാലയത്തിലെ ഏറ്റവും ഉയർന്ന കൊടുമുടികളിലൊന്നായ കാഞ്ചൻജംഗ, പ്രകൃതി സിക്കിമിന് നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാണ്. സിക്കിമിലെ ജനങ്ങൾ ഈ കൊടുമുടിയെ തങ്ങളുടെ കാവൽ ദൈവമായിട്ടാണ് ആരാധിക്കുന്നത്. പ്രകൃതിയെ സംരക്ഷിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള ആഴമേറിയ ഉത്തരവാദിത്ത ബോധം ഇവിടുത്തെ ജനങ്ങളിൽ പ്രകടമാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

2016-ൽ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ജൈവ സംസ്ഥാനമായി സിക്കിം മാറിയത് രാജ്യത്തിന് തന്നെ വലിയ അഭിമാനമുണ്ടാക്കുന്ന കാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. വികസനവും പ്രകൃതിസംരക്ഷണവും പരസ്പരം കൈകോർക്കാൻ കഴിയുമെന്ന് സിക്കിം തെളിയിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കൽ, ജൈവകൃഷി പ്രോത്സാഹിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ ഇവിടുത്തെ മുന്നേറ്റങ്ങൾ രാജ്യത്തിനാകെ മാതൃകയും പ്രചോദനവുമാണ്. ഓരോ വ്യക്തിയും അവരുടെ ചുറ്റുപാടുകളുടെയും ശുചിത്വത്തിൻ്റെയും ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കിൽ രാജ്യത്തിന് ദ്രുതഗതിയിലുള്ള പുരോഗതി കൈവരിക്കാനാകുമെന്നും രാഷ്ട്രപതി പ്രസ്താവിച്ചു.

സിക്കിം ഇപ്പോൾ സമ്പൂർണ്ണ സാക്ഷരത കൈവരിച്ച സംസ്ഥാനമായി മാറിയെന്നത് എല്ലാ സഹപൗരന്മാർക്കും, പ്രത്യേകിച്ച് സിക്കിമിലെ ജനങ്ങൾക്കും ഏറെ അഭിമാനകരമായ കാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ ചരിത്രനേട്ടത്തിന് സിക്കിം സർക്കാരിനെയും ജനങ്ങളെയും അവർ അഭിനന്ദിച്ചു.

രാജ്യത്തിൻ്റെ സമഗ്ര പുരോഗതിക്ക് വടക്കുകിഴക്കൻ മേഖലയുടെ വികസനം അനിവാര്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ഈ മേഖലയിലെ യുവാക്കൾക്ക് അപാരമായ കഴിവുണ്ട്. സിക്കിമിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള സിക്കിം സർവകലാശാലയിലെ വിദ്യാർത്ഥികൾ പരസ്പരം ബന്ധം നിലനിർത്തിക്കൊണ്ട്, ദേശീയ വികസനത്തിന് സംഭാവന നൽകുന്നതിനുള്ള കൂട്ടായ മനോഭാവത്തോടെ മുന്നോട്ട് പോകണമെന്നും രാഷ്ട്രപതി അഭ്യർത്ഥിച്ചു. വിദ്യാർത്ഥികളുടെ കഴിവും അർപ്പണബോധവും സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഇതിലൂടെ സമഗ്ര വികസനം വളർത്തിയെടുക്കുന്നതിൽ അവർക്ക് സുപ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസത്തിൻ്റെയും ഗവേഷണത്തിൻ്റെയും കേന്ദ്രം എന്നതിലുപരി, ഈ മേഖലയുടെ ഭാഷയും സംസ്കാരവും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള സവിശേഷ ഉത്തരവാദിത്തം സിക്കിം സർവ്വകലാശാലയ്ക്കുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ആധുനിക വിദ്യാഭ്യാസത്തെ പ്രാദേശിക പാരമ്പര്യങ്ങൾ, പാരിസ്ഥിതിക അവബോധം, സാമൂഹിക ഉത്തരവാദിത്തം എന്നിവയുമായി ഈ സർവ്വകലാശാല സമന്വയിപ്പിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് അവർ വ്യക്തമാക്കി. വിദ്യാർത്ഥികളുടെ സമഗ്രമായ വികസനം സാധ്യമാക്കുന്നതിനുള്ള ശരിയായ പാത ഇതാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

സ്വാശ്രയത്വത്തിനുള്ള ഒരു സുപ്രധാന ഉപകരണമാണ് വിദ്യാഭ്യാസമെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെ സ്വയം ശാക്തീകരിക്കപ്പെടാനും, രാജ്യത്തിൻ്റെയും സമൂഹത്തിൻ്റെയും നന്മയ്ക്കായി പ്രവർത്തിക്കാനും അവർ വിദ്യാർത്ഥികളെ ആഹ്വാനം ചെയ്തു. സ്വന്തം കഴിവുകളിൽ എപ്പോഴും പൂർണ്ണ വിശ്വാസമർപ്പിക്കാനും, മറ്റുള്ളവരുടെ അറിവിൽ നിന്നും അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളാനും അവർ വിദ്യാർത്ഥികളെ ഉപദേശിച്ചു. ഒറ്റപ്പെട്ടല്ല, മറിച്ച് കൂട്ടായ സഹകരണത്തിലൂടെ വേണം പുരോഗതി കൈവരിക്കാൻ. ഹ്രസ്വകാല-ദീർഘകാല ലക്ഷ്യങ്ങൾ കൃത്യമായി നിശ്ചയിച്ച്, അവ നേടിയെടുക്കാനുള്ള തന്ത്രങ്ങൾ രൂപീകരിക്കണമെന്നും അവർ ഓർമ്മിപ്പിച്ചു. 2047 ഓടെ ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യം മുന്നേറുന്നത്. കാര്യക്ഷമത, തുല്യത, സുസ്ഥിരത എന്നീ മൂല്യങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് വിദ്യാർത്ഥികൾ തങ്ങൾ തിരഞ്ഞെടുത്ത മേഖലകളിൽ മുന്നോട്ട് പോകുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു.
നേരത്തെ, സിക്കിമിലെ ഗാങ്‌ടോക്കിൽ സ്ത്രീകൾക്കായുള്ള പിങ്ക് ബസ് സർവീസായ 'അമാ ദിദി ബഹിനി ബസ് സേവാ', ഖരമാലിന്യ സംസ്കരണത്തിനായുള്ള റിസോഴ്സ് റിക്കവറി വാഹനങ്ങൾ എന്നിവ രാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു.
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക -
***
( റിലീസ് ഐ.ഡി: 2266026)
സന്ദര്‍ശക കൗണ്ടര്‍ : 5