വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യ-കാനഡ സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒരു വലിയ വഴിത്തിരിവാകുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി; ഒട്ടാവയിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ ഉന്നതതല ചർച്ചകൾ നടത്തി
പോസ്റ്റഡ് ഓണ്‍:
26 MAY 2026 10:54AM by PIB Thiruvananthpuram
ഇന്ത്യ-കാനഡ സാമ്പത്തിക ബന്ധങ്ങൾ സമ്പൂർണ്ണമായി പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവെയ്പ്പിൽ കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ, നൂറിലധികം കമ്പനികളിൽ നിന്നുള്ള വ്യവസായ പ്രമുഖർ അടങ്ങുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഇന്ത്യൻ ബിസിനസ് പ്രതിനിധി സംഘവുമായി കാനഡയിലെ ഒട്ടാവയിൽ എത്തി . ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര-സാമ്പത്തിക ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ കാനഡ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. മെയ് 25-ന് ഒട്ടാവയിലും മെയ് 26-27 തീയതികളിൽ ടൊറന്റോയിലുമാണ് സന്ദർശനം. ഇന്ത്യ-കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള (CEPA) ചർച്ചകൾ വേഗത്തിലാക്കുന്നതിലാണ് ഇതിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഒട്ടാവ സന്ദർശനത്തിന്റെ ആദ്യ ദിനത്തിൽ, വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, കൃഷി, തന്ത്രപ്രധാന മേഖലകൾ എന്നിവയിലെ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനായി മുതിർന്ന കനേഡിയൻ നേതാക്കളുമായും മന്ത്രിമാരുമായും ശ്രീ ഗോയൽ ഉന്നതതല ചർച്ചകൾ നടത്തി.
കാനഡ പ്രധാനമന്ത്രി ശ്രീ മാർക്ക് കാർണിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ശ്രീ പീയൂഷ് ഗോയൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു. പ്രധാനമന്ത്രി കാർണിയുടെ സമീപകാല ഇന്ത്യൻ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് പുതിയ ഉണർവും ആത്മവിശ്വാസവും നൽകിയതായി മന്ത്രി പരാമർശിച്ചു.വിവിധ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനെക്കുറിച്ച് ഇരുപക്ഷവും ചർച്ചകൾ നടത്തുകയും ഇന്ത്യ-കാനഡ സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) എത്രയും വേഗം യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
ഇന്ത്യയുമായി ആസൂത്രണം ചെയ്തിരിക്കുന്ന സ്വതന്ത്ര വ്യാപാര കരാർ ഒരു വലിയ വിപണി തുറന്നുനൽകുമെന്നും അത് വലിയൊരു വഴിത്തിരിവാകുമെന്നും പ്രധാനമന്ത്രി കാർണി വ്യക്തമാക്കി. ഇരുരാജ്യങ്ങളിലെയും ബിസിനസുകൾക്കും പൗരന്മാർക്കും വ്യക്തമായ നേട്ടങ്ങൾ നൽകുന്ന സമഗ്രവും സന്തുലിതവുമായ സാമ്പത്തിക പങ്കാളിത്ത കരാറിനായുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ഇരുപക്ഷവും ആവർത്തിച്ചു. കരാർ വേഗത്തിലാക്കാൻ ഇരുരാജ്യങ്ങളിലെയും ഔദ്യോഗിക പ്രതിനിധി സംഘങ്ങൾക്ക് അവർ നിർദ്ദേശം നൽകി.
ഇന്ത്യ-കാനഡ സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി ശ്രീ മനീന്ദർ സിദ്ധുവുമായും ശ്രീ ഗോയൽ ചർച്ച നടത്തി. ഇതുവരെ പൂർത്തിയായ ചർച്ചകളുടെ ഫലങ്ങൾ വിലയിരുത്തിയ മന്ത്രിമാർ, വ്യാപാര-നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനുള്ള ഭാവി അവസരങ്ങൾ അവലോകനം ചെയ്തു . 2026 അവസാനത്തോടെ സന്തുലിതവും പരസ്പര പ്രയോജനകരവുമായ കരാറിലെത്താനുള്ള തങ്ങളുടെ ദൃഢനിശ്ചയം ഇരുപക്ഷവും ആവർത്തിച്ചു വ്യക്തമാക്കി.
നിർദിഷ്ട CEPA കരാർ ഇരുരാജ്യങ്ങളുടെയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും ബിസിനസുകൾക്കും പൗരന്മാർക്കും മികച്ച നേട്ടങ്ങൾ നൽകുമെന്നും പ്രതീക്ഷിക്കുന്നു.
കാനഡയുടെ കൃഷി-ഭക്ഷ്യ മന്ത്രി ഹീത്ത് മക്ഡൊണാൾഡുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഭക്ഷ്യസുരക്ഷ, സുസ്ഥിരത, കാർഷിക സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം ലക്ഷ്യമിട്ട് കാർഷിക മേഖലയിലെ ഉഭയകക്ഷി ഇടപെടലുകൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചായിരുന്നു ചർച്ചകൾ കേന്ദ്രീകരിച്ചത് . ഭക്ഷ്യ സംസ്കരണ മേഖലയിലെ സഹകരണത്തിനുള്ള സാധ്യതകളും ഇരുപക്ഷവും ചർച്ച ചെയ്തു . ഇത്തരം സഹകരണങ്ങൾ ഇന്ത്യൻ കർഷകരുടെയും ഉത്പാദകരുടെയും വരുമാനം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള കാർഷിക സംയോജനത്തിന് വഴിയൊരുക്കുമെന്നും യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.
കാനഡ വിദേശകാര്യ മന്ത്രി ശ്രീമതി അനിത ആനന്ദുമായും ശ്രീ ഗോയൽ വിപുലമായ ചർച്ചകൾ നടത്തി. ഇന്ത്യ-കാനഡ തന്ത്രപ്രധാന പങ്കാളിത്തത്തിന് വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ എന്നിവയ്ക്കുള്ള പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയിലെ വികസിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യം, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ്, ഡിജിറ്റൽ അടിസ്ഥാന സൗകര്യം, ഉപഭോക്തൃ മേഖലകൾ എന്നിവ പരസ്പര സഹകരണത്തിനും കാനഡയുടെ ദീർഘകാല നിക്ഷേപങ്ങൾക്ക് വലിയ അവസരങ്ങളും നൽകുന്നതായി മന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക-തന്ത്രപ്രധാന മേഖലകളിൽ ഉഭയകക്ഷി പങ്കാളിത്തം ശക്തിപ്പെടുത്താൻ ഇരുപക്ഷവും പ്രതിജ്ഞാബദ്ധത അറിയിച്ചു.
കനേഡിയൻ അന്താരാഷ്ട്ര വ്യാപാര മന്ത്രി ശ്രീ മനീന്ദർ സിദ്ധു ഒരുക്കിയ സൗഹൃദ വിരുന്നോടെയാണ് ഇന്ത്യൻ സംഘത്തിന്റെ ഒട്ടാവയിലെ ഒന്നാം ദിവസത്തെ പര്യടനം അവസാനിച്ചത്. വിരുന്നിൽ പങ്കെടുത്ത കേന്ദ്രമന്ത്രി ഗോയൽ ഇന്ത്യയുടെ ശ്രദ്ധേയമായ വളർച്ചാ പ്രയാണത്തെക്കുറിച്ച് വിശദീകരിച്ചു. ജനങ്ങളുടെ അഭിലാഷങ്ങൾ , അഭിവൃദ്ധി പ്രാപിക്കുന്ന സംരംഭകത്വ മനോഭാവം, വൈദഗ്ധ്യമുള്ള തൊഴിൽ ശക്തി, വികസിച്ചുകൊണ്ടിരിക്കുന്ന വിപണി സാധ്യതകൾ എന്നിവയാണ് ഈ വളർച്ചയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, സാംസ്കാരിക, ജനങ്ങൾ തമ്മിലുള്ള ബന്ധം ആഴത്തിലാക്കുന്നതിൽ ഇന്ത്യൻ പ്രവാസികൾ നൽകുന്ന സംഭാവനകളെയും ശ്രീ ഗോയൽ എടുത്തുപറഞ്ഞു .
മെയ് 26-27 തീയതികളിൽ ടൊറന്റോയിൽ നടക്കുന്ന വ്യവസായ പ്രമുഖരുടെ വട്ടമേശ ചർച്ചകൾക്കും ബിസിനസ് ടു ബിസിനസ് (B2B) കൂടിക്കാഴ്ചകൾക്കും ശ്രീ ഗോയൽ നേതൃത്വം നൽകും. മന്ത്രിതലത്തിലുള്ള തീരുമാനങ്ങളെ മുൻഗണനാ മേഖലകളിലെ കൃത്യമായ വാണിജ്യ പങ്കാളിത്തമാക്കി മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
2026 മാർച്ചിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയും ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനങ്ങളുടെയും 2025 മധ്യത്തോടെ ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ഉന്നതതല ആശയവിനിമയങ്ങളുടെയും തുടർച്ചയായാണ് ഈ സന്ദർശനം.
2025 മാർച്ചിൽ കരാറിന്റെ നിബന്ധനകളിൽ (Terms of Reference) ഒപ്പുവെച്ചതിനുശേഷം CEPA ചർച്ചകൾ വളരെ വേഗത്തിലാണ് പുരോഗമിക്കുന്നത്.വെർച്വൽരീതിയിൽ നടന്ന ആദ്യഘട്ട ചർച്ചകൾ 2026 മാർച്ചിലും രണ്ടാം ഘട്ടം 2026 മേയ് 8-നും പൂർത്തിയായി. മന്ത്രി ഗോയലിന്റെ സന്ദർശനത്തിന് സമാന്തരമായി മേയ് 25 മുതൽ 29 വരെ ഒട്ടാവയിൽ സാങ്കേതിക ചർച്ചകളും നടക്കുന്നുണ്ട്. ഇത് കരാറിന് ഇരുപക്ഷവും നൽകുന്ന പ്രാധാന്യത്തെ പ്രതിഫലിപ്പിക്കുന്നു .
ഊർജം, ഖനനം, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽസ്, ടെലികമ്മ്യൂണിക്കേഷൻസ്, നിർമ്മിത ബുദ്ധി, തുകൽ,തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള നൂറിലധികം വ്യവസായ പ്രമുഖരടങ്ങുന്ന സംഘമാണ് സന്ദർശനത്തിൽ പങ്കെടുക്കുന്നത്.
നിലവിൽ ഏകദേശം 8.5 ശതകോടി യുഎസ് ഡോളറാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം. ഇത് 2030-ഓടെ 50 ശതകോടി യുഎസ് ഡോളറായി ഉയർത്താനാണ് ഇരു ഗവണ്മെന്റുകളും ലക്ഷ്യമിടുന്നത്.
( റിലീസ് ഐ.ഡി: 2265316)
സന്ദര്‍ശക കൗണ്ടര്‍ : 11