ഗ്രാമീണ വികസന മന്ത്രാലയം
വിബി- ജി റാം ജി നിയമം 2025, നടപ്പിലാക്കുന്നതിന് സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകൾ ഗ്രാമവികസന വകുപ്പ് സെക്രട്ടറി അവലോകനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
23 MAY 2026 6:00PM by PIB Thiruvananthpuram
വിബി-ജി റാം ജി നിയമം 2025, നടപ്പിലാക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനുമുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായുള്ള ഒരു യോഗം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഗ്രാമവികസന വകുപ്പ് സെക്രട്ടറി ശ്രീ രോഹിത് കൻസാലിൻ്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്നു. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും ഈ യോഗത്തിൽ പങ്കെടുത്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് വിബി-ജി റാം ജി നിയമത്തിന് കീഴിലുള്ള പരിഷ്‌കരിച്ച ചട്ടക്കൂടിലേക്കുള്ള സുഗമമായ മാറ്റത്തിനായി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നടത്തുന്ന തയ്യാറെടുപ്പുകളുടെ പുരോഗതി ഗ്രാമവികസന വകുപ്പ് സെക്രട്ടറി യോഗത്തിൽ വിലയിരുത്തി. നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം അതിൻ്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്, നിർണ്ണായകമായ എല്ലാ തയ്യാറെടുപ്പുകളും സമയബന്ധിതമായി പൂർത്തിയാക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അദ്ദേഹം നിർദ്ദേശം നല്കി.
പരിഷ്കരിച്ച ചട്ടക്കൂട് പ്രവർത്തനക്ഷമമാക്കുന്നതിന് ആവശ്യമായ സംസ്ഥാന തലത്തിലെ വിവിധ തയ്യാറെടുപ്പുകൾ യോഗത്തിൽ അവലോകനം ചെയ്തു. സംസ്ഥാനതല വിബി-ജി റാം ജി പദ്ധതി വിജ്ഞാപനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾ, നിയമപ്രകാരമുള്ള സംസ്ഥാനതല ചട്ടങ്ങളുടെ രൂപീകരണം, ഡിബിടി-സ്പർശ്, എസ്എൻഎ-സ്പർശ് എന്നിവയ്ക്കായുള്ള സാങ്കേതിക സംയോജനം, പങ്കാളിത്ത ആസൂത്രണ രീതിയിലൂടെ ഗ്രാമസഭ കൃത്യമായി അംഗീകരിച്ച യുക്തധാര പോർട്ടൽ വഴി ആവശ്യമായ പ്രവൃത്തികളുടെ പട്ടിക തയ്യാറാക്കൽ, ആവശ്യമായ സാമ്പത്തിക, സാങ്കേതിക, ഭരണ ക്രമീകരണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 2026 ജൂലൈ ഒന്ന് മുതൽ വിബി-ജി റാം ജി നിയമം നടപ്പിലാക്കുന്നതിനായി ആവശ്യമായ ബജറ്റ് വിഹിതം നീക്കിവെക്കാനും മതിയായ സാമ്പത്തിക വിഹിതം ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നല്കി. പരിഷ്കരിച്ച ചട്ടക്കൂടിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനായി, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ നിലവിലുള്ള കുടിശ്ശിക സമയബന്ധിതമായി തിട്ടപ്പെടുത്താനും തീർത്തുനൽകാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു.
2026 ജൂലൈ ഒന്നിന് മുൻപായി എല്ലാ തയ്യാറെടുപ്പുകളും സമയബന്ധിതമായി പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സാങ്കേതിക വിഭാഗങ്ങളും ഉൾപ്പെടെയുള്ള എല്ലാ പങ്കാളികളും തമ്മിൽ അടുത്ത ഏകോപനം ഉണ്ടാകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ശ്രീ രോഹിത് കൻസാൽ ഊന്നിപ്പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് വിബി-ജി റാം ജി-യിലേക്കുള്ള മാറ്റം ഗ്രാമീണ തൊഴിൽ-ഉപജീവന ചട്ടക്കൂടിലെ ഒരു സുപ്രധാന പരിഷ്കരണത്തെയാണ് പ്രതിനിധീകരിക്കുന്നതെന്നും, അതിനാൽ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ ഏകോപിത ശ്രമങ്ങൾ ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിബി-ജി റാം ജി നിയമം 2025 നടപ്പിലാക്കുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് ഇതിനകം തന്നെ ഏറ്റെടുത്ത വിവിധ തയ്യാറെടുപ്പുകളെക്കുറിച്ച് ഗ്രാമവികസന വകുപ്പ് സെക്രട്ടറി സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട്, വിബി-ജി റാം ജി നിയമത്തിന് കീഴിൽ അനുവദനീയമായ പ്രവൃത്തികളുടെ ഒരു താൽക്കാലിക പട്ടിക, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുന്നതിനായി ഇതിനോടകം തന്നെ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പങ്കുവെച്ചിട്ടുണ്ട്. പ്രാദേശിക ആവശ്യങ്ങൾ അടിസ്ഥാനമാക്കിയുള്ള അധിക പ്രവൃത്തികൾ നിർദ്ദേശിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ വിബി-ജി റാം ജി നിയമം 2025-ൻ്റെ ഷെഡ്യൂൾ ഒന്നിൽ ഉൾപ്പെടുത്തുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് പരിഗണിച്ചേക്കാം.
വിബി-ജി റാം ജി നിയമം 2025-പ്രകാരമുള്ള വിവിധ കരട് നിയമങ്ങൾ 2026 മെയ് 22ന് പുറപ്പെടുവിച്ചിട്ടുണ്ടെന്നും, അന്തിമമാക്കുന്നതിന് മുന്നോടിയായി 30 ദിവസത്തെ വിപുലമായ പൊതുജന അഭിപ്രായ ശേഖരണത്തിനായി ഇവ ഇ-ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും മന്ത്രാലയം സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അറിയിച്ചു. അവയിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:
- വിബി-ജി റാം ജി കേന്ദ്ര ഗ്രാമീണ തൊഴിലുറപ്പ് കൗൺസിൽ നിയമങ്ങൾ, 2026
- വിബി-ജി റാം ജി വേതനവും തൊഴിലില്ലായ്മ വേതനവും നല്കുന്ന രീതി സംബന്ധിച്ച നിയമങ്ങൾ, 2026
- വിബി-ജി റാം ജി നിശ്ചിത വിഹിതത്തിന് മുകളിലായി സംസ്ഥാനങ്ങൾ വരുത്തുന്ന അധികച്ചെലവുകളുടേയും, നിയമസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങൾക്കായുള്ള പദ്ധതിച്ചെലവുകളുടേയും രീതിയും നടപടിക്രമവും സംബന്ധിച്ച നിയമങ്ങൾ, 2026
- വിബി-ജി റാം ജി ദേശീയതല സ്റ്റിയറിംഗ് കമ്മിറ്റി നിയമങ്ങൾ, 2026
- വിബി-ജി റാം ജി പരാതി പരിഹാര നിയമങ്ങൾ, 2026
- വിബി-ജി റാം ജി ഭരണപരമായ ചെലവുകൾ സംബന്ധിച്ച നിയമങ്ങൾ, 2026
- വിബി-ജി റാം ജിക്ക് കീഴിലുള്ള പരിവർത്തനകാല വ്യവസ്ഥകൾ സംബന്ധിച്ച നിയമങ്ങൾ, 2026
- വിബി-ജി റാം ജി നിശ്ചിത വിഹിതത്തിനായുള്ള വസ്തുനിഷ്ഠമായ മാനദണ്ഡങ്ങൾ സംബന്ധിച്ച നിയമങ്ങൾ, 2026
പരിഷ്കരിച്ച ചട്ടക്കൂടിന് കീഴിലുള്ള ആസൂത്രണവും നടപ്പിലാക്കലും സുഗമമാക്കുന്നതിനായി ഗ്രാമപഞ്ചായത്തുകളെ എ/ബി/സി എന്നിങ്ങനെ തരംതിരിക്കുന്നതിനുള്ള ഒരു സൂചക ചട്ടക്കൂടും സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പങ്കുവെച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ പ്രത്യേക ആവശ്യങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി ഇത്തരം വിഭാഗീകരണത്തിനായി അനുയോജ്യമായ മാനദണ്ഡങ്ങൾ സ്വീകരിക്കാമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നല്കിയിട്ടുണ്ട്.
തയ്യാറെടുപ്പുകൾ അവലോകനം ചെയ്യുന്നതിനും, ആവശ്യമായ പിന്തുണ നല്കുന്നതിനും, നടപ്പാക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂടിയാലോചനകൾ സുഗമമാക്കുന്നതിനും, പുതിയ ചട്ടക്കൂടിലേക്കുള്ള സുഗമമായ മാറ്റം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ആഴ്ചതോറും കൂടിയാലോചനകളും അവലോകന യോഗങ്ങളും നടത്തിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു.
2026 ജൂലൈ ഒന്നിന് വിബി-ജി റാം ജി നിയമം ആരംഭിക്കുന്നത് വരെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള പ്രവൃത്തികൾ തടസ്സമില്ലാതെ തുടരണമെന്ന് ശ്രീ കൻസാൽ ഊന്നിപ്പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ തുടർച്ചയും മെച്ചപ്പെട്ട ചട്ടക്കൂടിലേക്കുള്ള സുഗമമായ മാറ്റവും ഉറപ്പാക്കുന്നതിനായി, സംസ്ഥാനങ്ങൾ മുൻകൂട്ടി ആവശ്യപ്പെട്ടത് അടിസ്ഥാനമാക്കി 2026 ജൂൺ മാസത്തേക്കുള്ള മതിയായ ലേബർ ബജറ്റ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ചിട്ടുണ്ട്.
കൂടാതെ, ഈ പരിവർത്തന കാലയളവിൽ ഫണ്ടുകളുടെ തടസ്സമില്ലാത്ത ഒഴുക്കും പ്രവൃത്തികളുടെ തുടർച്ചയായ നടത്തിപ്പും ഉറപ്പാക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ വേതനം, സാമഗ്രികൾ, ഭരണപരമായ ചെലവുകൾ, സോഷ്യൽ ഓഡിറ്റ് യൂണിറ്റ് എന്നീ വിഭാഗങ്ങളിലായി 26,971 കോടി രൂപയുടെ പ്രധാന ഫണ്ട് അനുമതികൾ നല്കിയിട്ടുണ്ടെന്ന് ശ്രീ കൻസാൽ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും അറിയിച്ചു. ഫണ്ടുകൾ സമയബന്ധിതമായി വിനിയോഗിക്കുന്നുണ്ടെന്നും ഗ്രാമീണ മേഖലകളിലെ തൊഴിൽ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റുന്നതിനായി നിലവിലുള്ള പ്രവൃത്തികൾ സുഗമമായി നടപ്പിലാക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദ്ദേശിച്ചു.
അടിസ്ഥാന തലത്തിൽ പ്രവൃത്തികളുടെ മതിയായ ലഭ്യത ഉറപ്പാക്കാനും, തൊഴിലിനായുള്ള എല്ലാ യഥാർത്ഥ ആവശ്യങ്ങളേയും മാനിക്കാനും, പ്രത്യേകിച്ച് കാർഷിക മേഖലയിൽ തൊഴിൽക്ഷാമം നേരിടുന്ന സമയങ്ങളിൽ ഗ്രാമീണ കുടുംബങ്ങൾക്ക് സമയബന്ധിതമായി തൊഴിലവസരങ്ങൾ നല്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നല്കി. പരിഷ്കരിച്ച ചട്ടക്കൂട് ആരംഭിക്കുന്നതിന് മുൻപായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ നടക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കേന്ദ്രീകൃതമായ സമീപനം സ്വീകരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടു. എന്നിരുന്നാലും, 2026 ജൂൺ 30-നുള്ളിൽ പൂർത്തിയാകാത്ത പ്രവൃത്തികൾ, വിബി-ജി റാം ജിയിലെ വ്യവസ്ഥകളുമായി പൊരുത്തപ്പെടുന്ന രീതിയിൽ വിബി-ജി റാം ജിക്ക് കീഴിലേക്ക് മാറ്റപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തുടനീളം മെച്ചപ്പെട്ട ഗ്രാമീണ തൊഴിൽ-ഉപജീവന ചട്ടക്കൂട് സുഗമമായി നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നതിനായി സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ശ്രീ രോഹിത് കൻസാൽ ആവർത്തിച്ചു.
***
( റിലീസ് ഐ.ഡി: 2264665)
സന്ദര്‍ശക കൗണ്ടര്‍ : 5