ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

പി.എൻ. പണിക്കരെക്കുറിച്ചുള്ള പുസ്തകം ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു; വായനാസംസ്കാരം വീണ്ടെടുക്കാൻ ഉപരാഷ്ട്രപതിയുടെ ആഹ്വാനം

പോസ്റ്റഡ് ഓണ്‍: 22 MAY 2026 6:19PM by PIB Thiruvananthpuram

ഉപരാഷ്ട്രപതി ഭവനിൽ ഇന്ന് നടന്ന ചടങ്ങിൽ, പി.പി. സത്യൻ രചിച്ച 'ദി ലൈബ്രറി മാൻ ഓഫ് ഇന്ത്യ: ദി സ്റ്റോറി ഓഫ് പി.എൻ. പണിക്കർ' എന്ന പുസ്തകം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു.

.



ചടങ്ങിൽ പങ്കെടുത്തവരെ അഭിസംബോധന ചെയ്തുകൊണ്ട്, ശ്രീ പി. എൻ. പണിക്കർക്ക് ഉപരാഷ്ട്രപതി ശ്രദ്ധാഞ്ജലി അർപ്പിക്കുകയും, പുസ്തകങ്ങളുടേയും അറിവിൻ്റേയും നിശബ്ദ ശക്തിയിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതഗതി മാറ്റിമറിച്ച ഒരു ദീർഘദർശിയായി അദ്ദേഹത്തെ വിശേഷിപ്പിക്കുകയും ചെയ്തു. ഗ്രന്ഥകർത്താവായ ശ്രീ പി. പി. സത്യനെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, ഈ പ്രസിദ്ധീകരണം ശ്രീ പണിക്കരുടെ അസാധാരണമായ ദീർഘവീക്ഷണത്തിൻ്റേയും ശാശ്വതമായ പൈതൃകത്തിൻ്റേയും സാക്ഷ്യമായി നിലകൊള്ളുമെന്ന് പറഞ്ഞു.

ജാതി, വർഗ്ഗം, സാമ്പത്തികം, ഭൂമിശാസ്ത്രം തുടങ്ങിയ സാഹചര്യങ്ങൾ പരിഗണിക്കാതെ ഓരോ വ്യക്തിക്കും അറിവ് ലഭ്യമാകണമെന്ന അസാധാരണമായൊരു സ്വപ്നം, ലളിതജീവിതം നയിച്ചിരുന്ന ശ്രീ പണിക്കർ ഹൃദയത്തിലേറ്റിയിരുന്നതായി ഉപരാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ കുട്ടനാട്ടിലെ ശ്രീ പണിക്കരുടെ  ലളിതമായ തുടക്കത്തെ അനുസ്മരിച്ചുകൊണ്ട്, നിരക്ഷരത എന്നത് കേവലം വായിക്കാൻ അറിയാത്ത അവസ്ഥ മാത്രമല്ല, മറിച്ച് അത് അന്തസ്സിനും അവസരങ്ങൾക്കും മനുഷ്യപുരോഗതിക്കും മുന്നിലുള്ള വലിയൊരു തടസ്സമാണെന്ന് ശ്രീ പണിക്കർ ജീവിതത്തിൻ്റെ ആദ്യഘട്ടത്തിൽത്തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ ഗ്രന്ഥശാലാ-സാക്ഷരതാ പ്രസ്ഥാനങ്ങൾക്ക് തുടക്കം കുറിക്കുന്നതിൽ ശ്രീ പണിക്കർ വഹിച്ച പങ്കിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, സനാതനധർമ്മ ലൈബ്രറി എന്ന പേരിൽ ഒരു എളിയ വായനശാലയായി തുടങ്ങിയ ഒന്നാണ് ഒടുവിൽ കേരളത്തിൻ്റെ സാമൂഹികവും ബൗദ്ധികവുമായ ഭൂപ്രകൃതിയെ മാറ്റിമറിച്ചതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ശ്രീ പണിക്കർ ഗ്രാമങ്ങളിലൂടെയും വിദൂര ഗോത്രവർഗ്ഗ മേഖലകളിലൂടെയും അക്ഷീണം സഞ്ചരിക്കുകയും, "വായിച്ചു വളരുക" എന്ന ലളിതവും എന്നാൽ ശക്തവുമായ സന്ദേശത്തിലൂടെ സാധാരണ ജനങ്ങളേയും സന്നദ്ധപ്രവർത്തകരേയും പ്രചോദിപ്പിക്കുകയും ചെയ്തതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീ പണിക്കരെ കേരളത്തിൻ്റെ സാംസ്കാരിക നവോത്ഥാനത്തിൻ്റെ പിതാവെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, അറിവ് എന്നത് ഒരിക്കലും ചുരുക്കം ചിലരുടെ മാത്രം പ്രത്യേക അവകാശമായി തുടരരുതെന്നും, മറിച്ച് അത് മാനവരാശിക്കാകെ പ്രയോജനപ്പെടുകയും സാമൂഹിക ഉണർവിനുള്ള ഒരു ശക്തിയായി മാറുകയും വേണമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നതായി പറഞ്ഞു.

വായനശാലകളുടെ പരിണാമത്തെക്കുറിച്ച് സംസാരിച്ച ഉപരാഷ്ട്രപതി, ലോകമെമ്പാടുമുള്ള പണ്ഡിതരെ ആകർഷിച്ചിരുന്ന നളന്ദ, തക്ഷശില തുടങ്ങിയ ഭാരതത്തിൻ്റെ മഹത്തായ പഠനകേന്ദ്രങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച്  എടുത്തുപറഞ്ഞു. ഇ-ബുക്കുകൾ, ഡിജിറ്റൽ ആർക്കൈവുകൾ, ഓൺലൈൻ  ഉറവിടങ്ങൾ എന്നിവയിലൂടെ ലൈബ്രറികൾ ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടെങ്കിലും, യുവജനങ്ങൾക്കിടയിൽ വായനാശീലം ക്രമാനുഗതമായി കുറയുന്നത് സംബന്ധിച്ച് ഗുരുതരമായ ആശങ്ക നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


മൊബൈൽ ഫോണുകൾ, സമൂഹ മാധ്യമങ്ങൾ, ഹ്രസ്വകാല വിനോദങ്ങൾ എന്നിവയെ അമിതമായി ആശ്രയിക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച ഉപരാഷ്ട്രപതി, ആഴത്തിലുള്ള വായനയും ചിന്താശേഷിയും ചിന്തോദ്ദീപകമായ പഠനവും സാവധാനം

അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ സൗകര്യങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, അത് ക്ഷമ, ഏകാഗ്രത എന്നിവയോടൊപ്പം സാഹിത്യത്തോടും അറിവിനോടുമുള്ള അർത്ഥവത്തായ ഇടപെടലുകളെയും കുറച്ചിട്ടുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.

വായന നിർത്തുന്ന ഒരു സമൂഹത്തിന് വിമർശനാത്മകമായി ചിന്തിക്കാനും, സർഗ്ഗാത്മകമായ ഭാവനാശക്തി ഉപയോഗിക്കാനും,  ആഴത്തിൽ മനസ്സിലാക്കാനുമുള്ള കഴിവ് ക്രമേണ നഷ്ടപ്പെടുമെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. യുവതലമുറയ്ക്കിടയിൽ വായനയുടേയും ചിന്തയുടേയും സംസ്കാരം വീണ്ടെടുക്കുന്നതിൽ  ‘ദി ലൈബ്രറി മാൻ ഓഫ് ഇന്ത്യ’ പോലുള്ള പുസ്തകങ്ങൾക്ക് പരിവർത്തനാത്മകമായ പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ശ്രീ എൻ. ബാലഗോപാലിൻ്റെ നേതൃത്വത്തിലുള്ള പി.എൻ. പണിക്കർ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച ഉപരാഷ്ട്രപതി,  വായനയും പഠനവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രദ്ധേയമായ ശ്രമങ്ങളിലൂടെ ഫൗണ്ടേഷൻ ശ്രീ പണിക്കറുടെ പൈതൃകം മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് പറഞ്ഞു.

ഇന്ത്യയുടെ വിജ്ഞാന ആവാസവ്യവസ്ഥ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ഗവൺമെൻറ് നടപ്പിലാക്കുന്ന നിരവധി സംരംഭങ്ങളെക്കുറിച്ചും ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി മൻ കി ബാത്തിലൂടെ പങ്കുവെച്ച ദർശനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട്, വായനശാലകൾ സർഗ്ഗാത്മകതയുടെ ചലനാത്മക കേന്ദ്രങ്ങളായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും അന്താരാഷ്ട്ര തലത്തിലുള്ള പണ്ഡിതോചിത ഗവേഷണങ്ങളും ജേണലുകളും കൂടുതൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഗവൺമെന്റിൻ്റെ  “ഒരു രാഷ്ട്രം, ഒരു സബ്‌സ്‌ക്രിപ്ഷൻ” പദ്ധതിയെ അദ്ദേഹം അഭിനന്ദിച്ചു.

സാങ്കേതികവിദ്യയിലൂടെയും നവീകരണത്തിലൂടെയും ഇന്ത്യയുടെ അമൂല്യമായ കയ്യെഴുത്തുപ്രതി പൈതൃകം സംരക്ഷിക്കുന്നതിനും, ഡിജിറ്റൈസ് ചെയ്യുന്നതിനും, പ്രചരിപ്പിക്കുന്നതിനും നടത്തുന്ന ശ്രമങ്ങൾക്ക് ജ്ഞാൻ ഭാരതം മിഷനെ അദ്ദേഹം പ്രശംസിച്ചു.

ശ്രീ പണിക്കരുടെ മഹത്വം കേവലം വായനശാലകൾ സ്ഥാപിച്ചതിൽ മാത്രമല്ല, മറിച്ച് സാധാരണ പൗരന്മാർക്കിടയിൽ പ്രതീക്ഷയും അവബോധവും ആത്മവിശ്വാസവും വളർത്തിയെടുത്തതിലാണെന്ന് തൻ്റെ  പ്രസംഗം ഉപസംഹരിച്ചുകൊണ്ട്  ഉപരാഷ്ട്രപതി പറഞ്ഞു. “ഒരു വായനശാലയ്ക്ക് ഒരു കുട്ടിയുടെ ഭാവി മാറ്റാൻ കഴിയും. ഒരു പുസ്തകത്തിന് ഒരു ജീവിതത്തെ മാറ്റിമറിക്കാൻ കഴിയും. ദൃഢനിശ്ചയമുള്ള ഒരു വ്യക്തിക്ക് സമൂഹത്തെയാകെ പരിവർത്തനം ചെയ്യാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.

വായനയോടും പഠനത്തോടും അറിവ് വ്യാപിപ്പിക്കുന്നതിനോടുമുള്ള പ്രതിബദ്ധത പുതുക്കണമെന്ന്   ഉപരാഷ്ട്രപതി സമൂഹത്തോട് ആഹ്വാനം ചെയ്തു. കൂടാതെ വായനാശീലം വളർത്തിയെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്ന് മാതാപിതാക്കളോടും അധ്യാപകരോടും സ്ഥാപനങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര  പെട്രോളിയം-പ്രകൃതിവാതക, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, രാജ്യസഭാ മുൻ ഉപാധ്യക്ഷൻ  പി. ജെ. കുര്യൻ, പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ ശ്രീ എൻ. ബാലഗോപാൽ എന്നിവരും മറ്റ് പ്രമുഖ വ്യക്തികളും  ചടങ്ങിൽ പങ്കെടുത്തു.

****


( റിലീസ് ഐ.ഡി: 2264370) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil