യുവജനകാര്യ, കായിക മന്ത്രാലയം
ബ്രിക്സ് രാജ്യങ്ങളുടെ ജനസംഖ്യാപരമായ കരുത്ത് തൊഴില്‍ ഭാവി രൂപപ്പെടുത്താൻ വലിയ അവസരമൊരുക്കുന്നുവെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ
പോസ്റ്റഡ് ഓണ്‍:
20 MAY 2026 6:57PM by PIB Thiruvananthpuram
ഇന്ത്യയുടെ 2026-ലെ ബ്രിക്സ് അധ്യക്ഷപദവിയുടെ ഭാഗമായി ബ്രിക്സ് യുവജന കൗണ്‍സില്‍ സംരംഭകത്വ പ്രവര്‍ത്തകസമിതി യോഗം മധ്യപ്രദേശിലെ ഇൻഡോറിൽ പുരോഗമിക്കുകയാണ്. സംരംഭകത്വ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താനും നൂതനാശയാധിഷ്ഠിത സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനും ബ്രിക്സ് രാജ്യങ്ങളിലെ യുവ സംരംഭകരും പ്രതിനിധികളും നയരൂപകർത്താക്കളും മറ്റ് പങ്കാളികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിലെ യുവജനകാര്യ വകുപ്പാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്. ‘പ്രതിരോധശേഷിയും നൂതനാശയങ്ങളും സഹകരണവും സുസ്ഥിരതയും കൈവരിക്കാം’ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യപ്രമേയം.
വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കുചേര്‍ന്ന കേന്ദ്ര യുവജന കാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ പ്രതിനിധികളെ അഭിസംബോധന ചെയ്തു. ബ്രിക്സ് രാജ്യങ്ങളുടെ ജനസംഖ്യാപരമായ കരുത്ത് തൊഴില്‍ ഭാവി രൂപപ്പെടുത്താൻ വലിയ അവസരമാണ് നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
"ബ്രിക്സ് രാജ്യങ്ങൾ ഒത്തുചേര്‍ന്നാല്‍ അത് ലോക ജനസംഖ്യയുടെ പകുതിയോളം വരും. ഭൂരിഭാഗം ബ്രിക്സ് രാജ്യങ്ങളിലും ജനസംഖ്യയുടെ പകുതിയിലേറെ പേരും 35 വയസ്സിന് താഴെയാണ്. ഇന്ത്യയിൽ മാത്രം ജനസംഖ്യയുടെ ഏകദേശം 65 ശതമാനത്തോളം പേര്‍ 35 വയസ്സിന് താഴെയുള്ളവരാണ്. ജനസംഖ്യാപരമായ ഈ കരുത്ത് തൊഴില്‍പരമായ ഭാവി രൂപപ്പെടുത്താൻ ബ്രിക്സ് രാജ്യങ്ങൾക്ക് വലിയ അവസരമൊരുക്കുന്നു. ബ്രിക്സ് രാജ്യങ്ങളിലുടനീളം യുവജനങ്ങള്‍ ഇതിനകം പരിവർത്തനാത്മക മാറ്റങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്."

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നൈപുണ്യ വികസനം, ഡിജിറ്റൽ ഉൾച്ചേര്‍ക്കല്‍, സംരംഭകത്വ അധിഷ്ഠിത വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മികച്ച തൊഴിലവസരങ്ങൾ വിപുലീകരിക്കുന്നതിലും ലോകത്ത് ഏറ്റവും ചടുലമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളിലൊന്ന് കെട്ടിപ്പടുക്കുന്നതിലും ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചതായി ഡോ. മന്‍സുഖ് മാണ്ഡവ്യ ചൂണ്ടിക്കാട്ടി.
"പ്രാദേശിക നൂതനാശയങ്ങളില്‍നിന്ന് ആഗോള സ്വാധീനത്തിലേക്ക്: യുവജന നേതൃത്വത്തില്‍ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് ബ്രിക്സ് സഹകരണം" എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രത്യേക സെഷനിൽ പങ്കെടുത്ത ബ്രിക്സ് രാജ്യങ്ങൾ സംരംഭകത്വ മേഖലയിലെ അനുഭവങ്ങളും പദ്ധതികളും മികച്ച മാതൃകകളും അവതരിപ്പിച്ചു. സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകളെ ശക്തിപ്പെടുത്താനും ബ്രിക്സ് രാജ്യങ്ങൾ തമ്മിലെ സഹകരണം വർധിപ്പിക്കാനും സുപ്രധാന ആശയവിനിമയങ്ങൾക്കും ചർച്ചകൾക്കും സെഷൻ മികച്ച വേദിയൊരുക്കി.
ബ്രിക്സ് രാജ്യങ്ങൾ ഒന്നിച്ച് പ്രവർത്തിക്കുകയും പരസ്പരം പഠിക്കുകയും ചെയ്യുമ്പോൾ പ്രാദേശിക നൂതനാശയങ്ങള്‍ക്ക് വലിയ ആഗോള സ്വാധീനം സൃഷ്ടിക്കാൻ കഴിയുമെന്ന് സെഷനെ അഭിസംബോധന ചെയ്ത യുവജന കാര്യ-കായിക സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖഡ്സെ പറഞ്ഞു.

ചെറുപട്ടണങ്ങളിലെയും രണ്ടാംനിര, മൂന്നാംനിര നഗരങ്ങളിലെയും യുവജനങ്ങള്‍ വിജയകരമായ സംരംഭങ്ങൾ വ്യാപകമായി കെട്ടിപ്പടുക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ച അവർ രാജ്യത്ത് അതിവേഗം വളരുന്ന സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെക്കുറിച്ച് എടുത്തുപറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്നതും യുവാക്കള്‍ നയിക്കുന്നതുമായ നൂതനാശയങ്ങളോട് രാജ്യം പുലര്‍ത്തുന്ന പ്രതിജ്ഞാബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി.
നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം ഉറപ്പാക്കുന്നതിലും യുവ സംരംഭകത്വത്തിന്റെ വർധിച്ചുവരുന്ന പ്രാധാന്യത്തെക്കുറിച്ച് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര യുവജന കാര്യ വകുപ്പ് സെക്രട്ടറി ഡോ. പല്ലവി ജെയിൻ ഗോവിൽ എടുത്തുപറഞ്ഞു. യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന സംരംഭകത്വം നൂതനാശയങ്ങളുടെയും തൊഴിലവസരങ്ങളുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെയും പ്രധാന ചാലകശക്തിയായി ഇന്ന് പരക്കെ അംഗീകരിക്കപ്പെടുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. സമ്പദ്‌വ്യവസ്ഥകൾ വികസിച്ചുകൊണ്ടിരിക്കുമ്പോൾ പ്രാദേശികമായി അനുയോജ്യമായതും ആഗോളതലത്തിൽ പൊരുത്തപ്പെടുത്താനാവുന്നതുമായ പരിഹാരങ്ങൾ രൂപപ്പെടുത്തുന്നതിൽ യുവ സംരംഭകർ സുപ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി.
വ്യത്യസ്ത സാമ്പത്തിക പശ്ചാത്തലമുള്ള രാജ്യങ്ങളിൽ പ്രതിരോധാത്മകവും ഭാവി സജ്ജവുമായ സംരംഭകത്വ ആവാസവ്യവസ്ഥകള്‍ ശക്തിപ്പെടുത്തുന്നതിനായി വികസന അനുഭവങ്ങൾ പങ്കുവെക്കാനും പ്രായോഗികവും വിപുലീകരിക്കാവുന്നതുമായ സമീപനങ്ങൾ കണ്ടെത്താനും അംഗരാജ്യങ്ങൾക്ക് ബ്രിക്സ് സംരംഭകത്വ പ്രവര്‍ത്തകസമിതി സുപ്രധാന വേദിയൊരുക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.

മധ്യപ്രദേശ് കായിക-യുവജന ക്ഷേമ മന്ത്രി ശ്രീ വിശ്വാസ് കൈലാഷ് സാരംഗ്, കേന്ദ്ര യുവജനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി ശ്രീ നിതേഷ് കുമാർ മിശ്ര, ബ്രിക്സ് അംഗരാജ്യങ്ങളിലെ പ്രതിനിധികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, യുവ സംരംഭകർ, സംരംഭകത്വ-നൂതനാശയ രംഗങ്ങളിലെ മറ്റ് പങ്കാളികൾ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
സാങ്കേതികവിദ്യ, സുസ്ഥിരത, സാമൂഹ്യസംരംഭം എന്നിവയുൾപ്പെടെ വിവിധ മേഖലകളിലെ നൂതനാശയങ്ങളും സംരംഭകത്വ പദ്ധതികളും കാഴ്ചവെയ്ക്കുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനത്തോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. ബ്രിക്സ് രാജ്യങ്ങളിലെ യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന സംരംഭകത്വ ആവാസവ്യവസ്ഥകളെ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച പ്ലീനറി ചർച്ചകളും സംവേദനാത്മക സെഷനുകളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

ഡിജിറ്റൽ നൂതനാശയങ്ങള്‍, സാങ്കേതികവിദ്യാധിഷ്ഠിത സംരംഭകത്വം, സാമൂഹ്യവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സംരംഭകത്വം, ഹരിത സംരംഭകത്വവും കാലാവസ്ഥാ സൗഹൃദ വ്യാപാരമാതൃകകളും എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പാനൽ ചർച്ചകളും യോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. എഐ, ഫിൻടെക്, അഗ്രിടെക്, സുസ്ഥിരത, സംശുദ്ധ ഊർജം തുടങ്ങിയ മേഖലകളിൽ യുവ സംരംഭകരുടെ പുതിയ അവസരങ്ങള്‍ സംബന്ധിച്ച് ചർച്ച ചെയ്ത യോഗം എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെയും സാമൂഹ്യാധിഷ്ഠിത സംരംഭങ്ങളുടെയും പ്രാധാന്യവും എടുത്തുപറഞ്ഞു.
പാനൽ ചർച്ചകൾക്ക് പുറമെ പങ്കെടുത്തവർക്കിടയിൽ ആശയവിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കാനും രാജ്യങ്ങൾ തമ്മിലെ അറിവ് പങ്കുവെയ്ക്കല്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് അനൗദ്യോഗിക സമ്പര്‍ക്ക സെഷനുകളും യുവ സംരംഭകരുമായി അനൗപചാരിക മുഖാമുഖ പരിപാടിയും യോഗത്തില്‍ ഉൾപ്പെടുത്തിയിരുന്നു.
ബ്രിക്സ് രാജ്യങ്ങളില്‍ സംരംഭകത്വത്തിലും നൂതനാശയങ്ങളിലും ആഴത്തിലുള്ള സഹകരണ വഴികൾ തേടാനും മികച്ച മാതൃകകളും അനുഭവങ്ങളും പങ്കുവെക്കാനും യോഗം പ്രതിനിധികൾക്ക് മികച്ച അവസരമൊരുക്കി.
ബ്രിക്സ് രാജ്യങ്ങളിലെ യുവ സംരംഭകർ തമ്മിലെ പങ്കാളിത്തം വളർത്താനും സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് ശില്പശാലകളും ചർച്ചകളും സംവേദനാത്മക സെഷനുകളുമായി പരിപാടി തുടരും.
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിക്ക് കീഴിൽ യുവജനങ്ങള്‍ നേതൃത്വം നല്‍കുന്ന നൂതനാശയങ്ങള്‍, സംരംഭകത്വം, അന്താരാഷ്ട്ര സഹകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് രാജ്യം തുടർച്ചയായി പ്രകടിപ്പിക്കുന്ന പ്രതിബദ്ധത ബ്രിക്സ് യുവ കൗൺസിൽ സംരംഭകത്വ പ്രവര്‍ത്തക സമിതി യോഗം പ്രതിഫലിപ്പിക്കുന്നു.
****
( റിലീസ് ഐ.ഡി: 2263476)
സന്ദര്‍ശക കൗണ്ടര്‍ : 6