പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

3-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി ഫിൻലാൻഡ് പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച

പോസ്റ്റഡ് ഓണ്‍: 19 MAY 2026 6:42PM by PIB Thiruvananthpuram

ഓസ്‌ലോയിൽ നടന്ന മൂന്നാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഫിൻലാൻഡ് പ്രധാനമന്ത്രി പെറ്റേരി ഓർപോയുമായി കൂടിക്കാഴ്ച നടത്തി.

ഉഭയകക്ഷി ബന്ധം ഡിജിറ്റലൈസേഷനിലും സുസ്ഥിരതയിലുമുള്ള തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർന്നതോടെ, വ്യവസായങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, അക്കാദമിക് മേഖലകൾ എന്നിവ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇരു നേതാക്കളും എടുത്തുപറഞ്ഞു. ഭാവിയിലെ സാമ്പത്തിക വളർച്ചയെയും വികസനത്തെയും മുന്നോട്ട് നയിക്കുന്നതിൽ സുസ്ഥിരതയുടെയും ഡിജിറ്റലൈസേഷന്റെയും നിർണായക പങ്ക് അവർ അടിവരയിട്ടു. വ്യാപാരവും നിക്ഷേപവും, ഡിജിറ്റലൈസേഷൻ, നിർമ്മിതബുദ്ധി, 5ജി/6ജി, ക്വാണ്ടം സാങ്കേതികവിദ്യകൾ, ബഹിരാകാശം, സുസ്ഥിരത, പുനരുപയോഗ ഊർജം, ചാക്രിക സമ്പദ്‌വ്യവസ്ഥ, നൂതനാശയം, വിദ്യാഭ്യാസം, മൊബിലിറ്റി, ജനങ്ങൾക്കിടയിലെ പരസ്പര ബന്ധം എന്നിവയിലുടനീളമുള്ള നിലവിലെ സഹകരണം നേതാക്കൾ വിലയിരുത്തി.

ആഗോള വെല്ലുവിളികൾക്കിടയിലും ചരക്കുകളുടെയും സേവനങ്ങളുടെയും ഉഭയകക്ഷി വ്യാപാരത്തിലുണ്ടായ സ്ഥിരതയാർന്ന വളർച്ചയെ ഇരുപക്ഷവും സ്വാഗതം ചെയ്യുകയും, നിലവിലുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ ഇരട്ടിയാക്കാനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധത ആവർത്തിച്ചുറപ്പുക്കുകയും ചെയ്തു. കൂടാതെ, വിപുലീകരിച്ച പ്രവർത്തനങ്ങളിലൂടെയും പങ്കാളിത്തങ്ങളിലൂടെയും ഇരുരാജ്യങ്ങളുടെയും മുൻനിര സാങ്കേതിക കമ്പനികൾ വിപണികളിൽ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിനെ അവർ സ്വാഗതം ചെയ്തു. ഫിൻലാൻഡിന്റെ സാങ്കേതിക മേഖലയുടെ വളർച്ചയ്ക്കും നവീകരണത്തിനും ഇന്ത്യൻ പ്രൊഫഷണലുകൾ നൽകുന്ന സുപ്രധാന സംഭാവനകളെ ഫിൻലാൻഡ് അഭിനന്ദിച്ചു. 2026 സെപ്റ്റംബറിൽ ഗുജറാത്തിലെ ഗാന്ധിനഗറിൽ ഇന്ത്യയും ഫിൻലാൻഡും സംയുക്തമായി 'വേൾഡ് സർക്കുലർ ഇക്കണോമിക് ഫോറത്തിന്'  ആതിഥേയത്വം വഹിക്കുമെന്നും നേതാക്കൾ പ്രഖ്യാപിച്ചു.

ഇന്ത്യയും ഫിൻലാൻഡും തമ്മിൽ പൊതുവായ ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഊഷ്മളവും സൗഹൃദപരവും ബഹുമുഖവുമായ ബന്ധമാണുള്ളത്. യൂറോപ്യൻ യൂണിയനിലും നോർഡിക് മേഖലയിലും ഇന്ത്യയുടെ വിലപ്പെട്ടൊരു പങ്കാളിയാണ് ഫിൻലാൻഡ്. ഇന്ത്യ-യൂറോപ്യൻ യൂണിയൻ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതിയിൽ ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തുകയും, ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരേണ്ടതിന്റെ പ്രാധാന്യം അടിവരയിടുകയും ചെയ്തു. പ്രാദേശികവും ആഗോളവുമായ സംഭവവികാസങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സംഘടനകളിലെ വർദ്ധിച്ച സഹകരണത്തെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ പങ്കുവെച്ചു.

SK

****


( റിലീസ് ഐ.ഡി: 2263065) സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക: Tamil , English , Urdu , Marathi , हिन्दी , Bengali , Assamese , Gujarati