ശാസ്ത്ര സാങ്കേതിക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയും നോർവേയും ശാസ്ത്ര-സാങ്കേതിക നവീകരണ പങ്കാളിത്തം കൂടുതൽ ദൃഢപ്പെടുത്തുന്ന പുതിയ ഉഭയകക്ഷി കരാറുകളിൽ ഒപ്പുവച്ചു

പോസ്റ്റഡ് ഓണ്‍: 19 MAY 2026 12:20PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നോർവേ സന്ദർശന വേളയിൽ, ഇന്ത്യയും നോർവേയും ഉഭയകക്ഷി ഇടപെടൽ കൂടുതൽ ശക്തിപ്പെടുത്താൻ ധാരണയായി. ഇതോടനുബന്ധിച്ച്  ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയം, സുസ്ഥിര വികസനം എന്നിവയിലെ സഹകരണം വിപുലീകരിക്കാൻ, കേന്ദ്ര  ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന് (DSIR) കീഴിലുള്ള ശാസ്ത്ര-വ്യാവസായിക ഗവേഷണ കൗൺസിലും (CSIR), നോർവേയിലെ പ്രമുഖ ഗവേഷണ-അക്കാദമിക്-വ്യാവസായിക സ്ഥാപനങ്ങലും തമ്മിൽ നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. 2026 മെയ് 18ന് നോർവേ തലസ്ഥാനമായ ഓസ്ലോയിൽ വെച്ചായിരുന്നു കരാർ ഒപ്പിടൽ ചടങ്ങുകൾ നടന്നത്.
 
CSIR ഡയറക്ടർ ജനറലും DSIR സെക്രട്ടറിയുമായ ഡോ. എൻ. കലൈശെൽവിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ പ്രതിനിധിസംഘം കരാറുകളിൽ ഒപ്പുവെച്ചത്. നോർവേയിലെ പ്രമുഖ പങ്കാളിത്ത സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇരു രാജ്യങ്ങളിലെയും സ്ഥാപന പങ്കാളിത്തങ്ങൾ, സ്റ്റാർട്ടപ്പ്--വ്യവസായ ഇടപെടൽ, അക്കാദമിക് സഹകരണം, സുസ്ഥിര വളർച്ചാ സംരംഭങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ഗവേഷണം, നവീകരണം, സാങ്കേതിക വികസനം എന്നിവയിൽ ഇന്ത്യ-നോർവേ ബന്ധങ്ങൾ വികസിപ്പിക്കുക എന്നതും കരാറുകളുടെ പ്രധാന ലക്ഷ്യങ്ങളാണ്.
 
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ, ഹരിത ഊർജ്ജം, സമുദ്ര പഠനം,ആരോഗ്യ സംരക്ഷണം  എന്നീ മേഖലകൾക്ക് മുൻഗണന നൽകുന്ന ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പു വെച്ചു. ഈ രംഗങ്ങളിലെ ഗവേഷണം, സാങ്കേതികവിദ്യ വികസനം, നൂതന ആശയങ്ങൾ നടപ്പിലാക്കൽ, ശേഷി വികസനം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ഈ ധാരണാപത്രത്തിന്റെ പ്രധാന ലക്ഷ്യം.
 
നോർവേയിലെ പ്രമുഖ സ്വതന്ത്ര ഗവേഷണ സ്ഥാപനമായ സിന്റഫുമായി (SINTEF) 2026-2029 കാലയളവിലേക്കുള്ള പ്രത്യേക കരാറിലും CSIR ഒപ്പുവെച്ചിട്ടുണ്ട്. ഇരുസ്ഥാപനങ്ങളും തമ്മിൽ 2014-ൽ നിലവിൽ വന്ന ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ പുതിയ നടപടി. മാലിന്യമുക്തവും സുസ്ഥിരവുമായ വികസനം  ലക്ഷ്യമിട്ടുള്ള സംയുക്ത ഗവേഷണങ്ങൾക്കാണ് ഈ കരാർ ഊന്നൽ നൽകുന്നത്. ബയോ-പ്രോസസുകൾ, പരിസ്ഥിതി സൗഹൃദ സാമഗ്രികൾ, ഇന്നൊവേഷൻ ഹബുകൾ, ഓഫ്‌ഷോർ വിൻഡ് ഉൾപ്പെടെയുള്ള സമുദ്ര ഊർജ്ജ പദ്ധതികൾ, കാർബൺ പിടിച്ചെടുക്കൽ; കാർബൺ സംഭരണവും ഉപയോഗവും, മാലിന്യ പുനരുപയോഗം തുടങ്ങിയ മേഖലകളിലെ നൂതന പദ്ധതികൾക്ക് ഈ കൂട്ടായ്മ നേതൃത്വം നൽകും.
 
സമുദ്രോർജ്ജം, ഓഫ്‌ഷോർ പവനോർജ്ജം എന്നിവയിൽ CSIR സ്ഥാപനങ്ങളും സിൻറെഫ് സ്ഥാപനങ്ങളും തമ്മിൽ ഒരു പദ്ധതിനിർദ്ദിഷ്ട സഹകരണ കരാറിലും ഒപ്പുവച്ചു. കടൽത്തീരാധിഷ്ഠിത പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകളിൽ ഇന്ത്യയുടെ ശേഷി വർദ്ധിപ്പിക്കാനും രാജ്യത്തിന്റെ പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കാർബൺരഹിത പദവിയിലേക്കുള്ള പ്രയാണത്തിനും ഈ പദ്ധതി വലിയ സംഭാവന നൽകും. പദ്ധതിക്കുള്ള CSIR-ന്റെ ധനസഹായം ഏകദേശം 341 ലക്ഷം രൂപയാണ്.
 
ശാസ്ത്ര-സാങ്കേതിക രംഗത്തെ ഹരിത മുന്നേറ്റം ലക്ഷ്യമിട്ട് "ശാസ്ത്രം, സാങ്കേതികവിദ്യ, നൂതനാശയ സഹകരണം ഹരിത മാറ്റത്തിന്" (Science, Technology and Innovation Cooperation for the Green Shift) എന്ന പേരിൽ ഒരു സംയുക്ത പ്രഖ്യാപനത്തിലും (Joint Declaration of Intent) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. CSIR, അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നൊവേറ്റീവ് റിസർച്ച് (AcSIR), നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (NTNU) എന്നിവർ ചേർന്നാണ് ഈ സംയുക്ത പ്രഖ്യാപനം നടത്തിയത്.
 
സുസ്ഥിര വികസനം, വർത്തുള സമ്പദ്‌വ്യവസ്‌ഥ  (Circular Economy), സമുദ്ര ശാസ്ത്രവും സാങ്കേതികവിദ്യയും, ആരോഗ്യ സംരക്ഷണം, സിവിൽ, ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ് സാങ്കേതികവിദ്യകൾ എന്നിവയ്ക്കാണ് ഈ പ്രഖ്യാപനത്തിലൂടെ കൂടുതൽ പ്രാധാന്യം നൽകുന്നത്.
 
ഇന്ത്യയിലെ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് അത്യാധുനിക ഭൂശാസ്ത്രപരമായ  പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി CSIR-നാഷണൽ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും പ്രമുഖ നോർവീജിയൻ കമ്പനിയായ എമറാൾഡ് ജിയോമോഡലിംഗും തമ്മിൽ അഞ്ച് വർഷത്തെ  ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സംയുക്ത ഗവേഷണ വികസന പദ്ധതികൾ, ജിയോഫിസിക്കൽ സർവേ ആസൂത്രണം, ഡാറ്റ വിശകലനവും മോഡലിംഗും, സാങ്കേതിക ഉപദേശക പിന്തുണ, ശാസ്ത്രീയ പരിപാടികളും പരിശീലന പരിപാടികളും സംഘടിപ്പിക്കുക എന്നിവ ഈ സഹകരണത്തിൽ ഉൾപ്പെടും.
 
*****

( റിലീസ് ഐ.ഡി: 2262778) സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Tamil