ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഛത്തീസ്ഗഢിലെ ബസ്തറിൽ 'ഷഹീദ് വീർ ഗുണ്ടധൂർ സേവാ ദേര ജൻ സുവിധാ കേന്ദ്രം' ഉദ്ഘാടനം ചെയ്തു.

പോസ്റ്റഡ് ഓണ്‍: 18 MAY 2026 5:03PM by PIB Thiruvananthpuram

ഛത്തീസ്ഗഢിലെ ബസ്തറിൽ പുതുതായി നിർമ്മിച്ച 'ഷഹീദ് വീർ ഗുണ്ടധൂർ സേവാ ദേര ജൻ സുവിധാ കേന്ദ്രം' കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ശ്രീ വിഷ്ണു ദേവ് സായ്, ഉപമുഖ്യമന്ത്രി ശ്രീ വിജയ് ശർമ്മ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹൻ, ഇന്റലിജൻസ് ബ്യൂറോ   ഡയറക്ടർ ശ്രീ തപൻ ദേക എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.

ഇന്ന് തികച്ചും ചരിത്രപരമായ ഒരു ദിവസമാണെന്ന് ബസ്തറിൽ ജൻ സുവിധാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, ശ്രീ അമിത് ഷാ പ്രസ്താവിച്ചു. ധീര രക്തസാക്ഷി വീർ ഗുണ്ടധൂറിന്റെ ജന്മസ്ഥലം ഓരോ ഇന്ത്യൻ പൗരനും ഒരു തീർത്ഥാടന കേന്ദ്രത്തിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. 1910-ൽ, നമ്മുടെ ധീരനായ ഗോത്ര നേതാവ് ഭൂംകൽ കലാപത്തിലൂടെ സ്വാതന്ത്ര്യസമരത്തിന് തുടക്കമിട്ടു, വിദേശ ഭരണത്തിനെതിരെ ബസ്തറിലെ ഗോത്രവർഗക്കാരുടെ പോരാട്ടത്തിന് ഷഹീദ് വീർ ഗുണ്ടധൂർ നേതൃത്വം നൽകി. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, 2013 മുതൽ സുരക്ഷാ ക്യാമ്പായിരുന്ന ഈ നെതനാർ ക്യാമ്പ് ഇനി ഗോത്രവർഗ്ഗക്കാരെ സേവിക്കുന്ന ഒരു സർവീസ് ക്യാമ്പായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢ് ഗവൺമെൻറ് ഈ സർവീസ് ക്യാമ്പിന് ഷഹീദ് വീർ ഗുണ്ടധൂറിന്റെ പേരും നൽകിയിട്ടുണ്ട്. ഒരുകാലത്ത് ആറ് പോലീസുകാർ ഇവിടെ ക്രൂരമായി കൊലചെയ്യപ്പെട്ടതും, സ്കൂളുകളും ആശുപത്രികളും തകർക്കപ്പെട്ടതും ഈ ക്യാമ്പ് എപ്പോഴും ഓർമ്മിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് റേഷൻ വിതരണം തടസ്സപ്പെടുകയും ജനങ്ങൾക്ക് തൊഴിലും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുകയും ചെയ്തിരുന്നു. നമ്മുടെ ആറ് ജവാന്മാർ വീരമൃത്യു വരിച്ച അതേ സ്ഥലത്ത് തന്നെ, ഇന്ന് പാവപ്പെട്ട ഗോത്രവർഗ്ഗക്കാരുടെ സേവനത്തിനായി ഒരു പവിത്രമായ തീർത്ഥാടന കേന്ദ്രം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായിരിക്കുകയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു.

നക്സലിസം തുടച്ചുനീക്കാൻ തങ്ങൾ തീരുമാനിച്ചപ്പോൾ, നക്സലുകളെ ഇല്ലാതാക്കുക എന്നത് മാത്രമായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. വൻനഗരങ്ങളിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഈ മേഖലയിലെ പാവപ്പെട്ട ഗോത്രവർഗ്ഗക്കാർക്കും ലഭ്യമാക്കുക, അതുവഴി അവരുടെ കുട്ടികളുടെ ഭാവി ശോഭനമാക്കുക എന്നതാണ് ഗവൺമെന്റിന്റെ  ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢ് ഗവൺമെന്റിന്റെ "നിയാദ് നെല്ലാനാർ" പദ്ധതിയെക്കുറിച്ച് പരാമർശിക്കവേ, ഈ പദ്ധതിയിലൂടെ എല്ലാ ഗ്രാമങ്ങളിലും കുറഞ്ഞ നിരക്കിലുള്ള റേഷൻ കടകളും പ്രൈമറി സ്കൂളുകളും ഗവൺമെൻറ് ആരംഭിക്കുകയാണെന്ന് ശ്രീ ഷാ പറഞ്ഞു. കൂടാതെ ഗ്രാമങ്ങൾക്കിടയിലായി ക്ലസ്റ്റർ പി.എസ്.സി , സി.എസ്.സി  കേന്ദ്രങ്ങളും സ്ഥാപിക്കുന്നുണ്ട്. ഇപ്പോൾ ഓരോ പാവപ്പെട്ട കുടുംബത്തിലും കുടിവെള്ളം എത്തിക്കാനും, ആധാർ കാർഡുകൾ തയ്യാറാക്കാനും, റേഷൻ കാർഡുകൾ വിതരണം ചെയ്യാനുമുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഓരോ വ്യക്തിക്കും പ്രതിമാസം 7 കിലോ അരി വീതം നൽകുന്നുണ്ട്. ഇതിനുപുറമേ, 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിൽസ ഉറപ്പാക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ആരോഗ്യ പദ്ധതിയും ഇപ്പോൾ ഇവിടെയുള്ള ജനങ്ങളിലേക്ക് എത്തിയിരിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

തങ്ങളുടെ പ്രദേശം വികസിക്കാത്തതു കൊണ്ടാണ് തങ്ങൾ ആയുധമെടുത്തത്" എന്ന നക്സലുകളുടെ പതിറ്റാണ്ടുകളായുള്ള പ്രചാരണം വെറും തെറ്റിദ്ധാരണ മാത്രമാണെന്നും നക്സലുകൾ ആയുധമെടുത്തതു കൊണ്ടു മാത്രമാണ് ഈ മേഖലയിൽ വികസനം ഉണ്ടാകാതിരുന്നതെന്നതാണ് യാഥാർഥ്യമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൂണ്ടിക്കാട്ടി. റായ്‍പൂരിൽ നടപ്പിലാക്കിയ എല്ലാ വികസന പ്രവർത്തനങ്ങളും അടുത്ത ഒരു വർഷത്തിനുള്ളിൽ ഇവിടുത്തെ ഗ്രാമങ്ങളിലും എത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. "വലിയ നഗരങ്ങളിൽ താമസിക്കുന്നവർക്കുള്ളതുപോലെ എല്ലാ ഗവൺമെൻറ് സൗകര്യങ്ങളിലും നിങ്ങൾക്കും അവകാശമുണ്ട്"എന്ന്  ശ്രീ ഷാ പറഞ്ഞു. ഇത് നിങ്ങളുടെ ഗവൺമെന്റാണെന്നും നിങ്ങളുടെ ജീവിതത്തിൽ സന്തോഷം കൊണ്ടുവരേണ്ടത് ഗവൺമെന്റിന്റെ  ഉത്തരവാദിത്തമാണെന്നും ശ്രീ ഷാ പറഞ്ഞു.



നിലവിൽ ബസ്തറിൽ ഇരുനൂറോളം സുരക്ഷാ ക്യാമ്പുകളുണ്ടെന്നും, അടുത്ത ഒന്നര വർഷത്തിനുള്ളിൽ ഇതിൽ 70 ക്യാമ്പുകളെ ഇത്തരത്തിൽ  ഗോത്രവർഗ്ഗ ക്ഷേമത്തിനായുള്ള   'സേവന കേന്ദ്രങ്ങളാക്കി' മാറ്റുമെന്നും കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അറിയിച്ചു. ഈ ക്യാമ്പുകളുടെ നവീകരണ രൂപരേഖ ഉടൻ പൂർത്തിയാക്കും. ഇവിടെ ബാങ്കിംഗ് സൗകര്യങ്ങൾ ലഭ്യമാക്കുകയും ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ തയ്യാറാക്കി നൽകുകയും ചെയ്യും. കൂടാതെ വിവിധ ഗവൺമെന്റ് പദ്ധതികളുടെ ആനുകൂല്യങ്ങളും ഇവിടെനിന്നും വിതരണം ചെയ്യും. കോമൺ സർവീസ് സെന്ററുകൾ (CSC) വഴി സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകളുടെ 371 ഓളം പദ്ധതികളുടെ ആനുകൂല്യങ്ങൾ ഒരു കുടക്കീഴിൽ   ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നക്സലിസം അവസാനിച്ചു എന്ന് കരുതി നാം സമാധാനത്തോടെ ഇരിക്കരുതെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞിട്ടുള്ള  കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഓർമ്മിപ്പിച്ചു. അടുത്ത 5 വർഷത്തിനുള്ളിൽ നക്സലിസം മൂലം ഉണ്ടായ എല്ലാ നഷ്ടങ്ങളും നികത്തുകയും, ഈ ഗ്രാമങ്ങളെല്ലാം ഊർജ്ജസ്വലമായ ഗോത്രഗ്രാമങ്ങളായി മാറുകയും ചെയ്യുമ്പോൾ മാത്രമേ നക്സലിസം യഥാർത്ഥത്തിൽ ഇല്ലാതായതായി കണക്കാക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോത്രവർഗ്ഗക്കാർക്കിടയിൽ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ബസ്തർ ഒളിംപിക്സിന്' തുടക്കം കുറിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഗോത്രവർഗ്ഗക്കാരുടെ സാഹിത്യം, ഭാഷ, സംഗീതം, കല, നൃത്തം, വൈവിധ്യമാർന്ന ഭക്ഷണരീതികൾ എന്നിവ ലോകവേദിയിലെത്തിക്കാനും അവയെ ആഗോളതലത്തിൽ പ്രശസ്തമാക്കാനുമായി 'ബസ്തർ പാണ്ഡം'ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഷഹീദ് വീർ ഗുണ്ടധൂർ സ്വാതന്ത്ര്യ പ്രസ്ഥാനം ആരംഭിച്ച ദിവസമാണിതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യം 1947-ൽ സ്വാതന്ത്ര്യം നേടിയെങ്കിലും, നമ്മുടെ ബസ്തറിൽ സ്വാതന്ത്ര്യത്തിന്റെ സൂര്യൻ ഉദിച്ചത് 2026 മാർച്ച് 31-ന് ശേഷമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. വികസനത്തിലുണ്ടായ കാലതാമസവും അതുമൂലമുണ്ടായ നഷ്ടങ്ങളും വളരെ പെട്ടെന്ന് തന്നെ പൂർണ്ണമായി നികത്തുമെന്നും, ഈ മേഖലയിലെ ജനങ്ങളുടെ വികസനത്തിനായി കേന്ദ്ര ഗവൺമെന്റും ഛത്തീസ്ഗഢ് ഗവൺമെന്റും ഒരു തടസ്സവും വരുത്തില്ലെന്നും ശ്രീ അമിത് ഷാ ഉറപ്പുനൽകി. വികസനം  തടസ്സപ്പെടുത്തിയാൽ  ഒരിക്കലും വികസനം പൂർണ അർഥത്തിൽ  നേടാനാവില്ലെന്നും മറിച്ച്, വികസനത്തിന് വേഗം  കൂട്ടുമ്പോൾ മാത്രമേ അതിന്റെ ഗുണങ്ങൾ യഥാർത്ഥത്തിൽ നമ്മിൽ എത്തിച്ചേരുകയുള്ളൂവെന്നും ശ്രീ ഷാ പറഞ്ഞു.

****

 


( റിലീസ് ഐ.ഡി: 2262462) സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Tamil , Kannada