ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഗാങ്‌ടോക്കിൽ നടന്ന സിക്കിമിൻ്റെ 51-ാമത് സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു

പോസ്റ്റഡ് ഓണ്‍: 16 MAY 2026 7:08PM by PIB Thiruvananthpuram
സംസ്ഥാന രൂപീകരണ ദിനാഘോഷ വേളയിൽ സിക്കിമിലെ ജനങ്ങൾക്ക് ആശംസകൾ നേർന്ന ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ, കഴിഞ്ഞ 50 വർഷത്തെ ഈ ഹിമാലയൻ സംസ്ഥാനത്തിൻ്റെ പ്രയാണം അസാധാരണ രീതിയിലുള്ളതായിരുന്നുവെന്ന് പറഞ്ഞു. താൻ വിദ്യാർത്ഥിയായിരുന്നപ്പോൾ, സിക്കിം ഇന്ത്യയുമായി ലയിച്ചതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്ന് അനുസ്മരിച്ച അദ്ദേഹം  ഇന്ന് 51-ാമത് സംസ്ഥാന രൂപീകരണ ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

സിക്കിമിനെ "ഹരിതാഭവും ജൈവികവും സുന്ദരവും വൃത്തിയുള്ളതുമായ" സംസ്ഥാനമായി വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, സിക്കിം കാർഷികരംഗത്ത് മാത്രമല്ല, "സ്വഭാവത്തിലും ജൈവികതയുള്ളതാണെന്ന്" അഭിപ്രായപ്പെട്ടു. സിക്കിമിലൂടെയുള്ള തൻ്റെ റോഡ് യാത്രയെക്കുറിച്ച് പരാമർശിച്ച അദ്ദേഹം, സിക്കിമിലെ ജനങ്ങളുടെ അച്ചടക്കവും കാരുണ്യവും നിറഞ്ഞ സ്വഭാവം താൻ അനുഭവിച്ചറിഞ്ഞതായി പറഞ്ഞു. നല്ല ചിന്തകളും സൗഹാർദ്ദപരമായ ജീവിതവും വ്യക്തികളേയും സമൂഹത്തേയും ഒരുപോലെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകൃതിയും സംസ്കാരവും ഭരണസംവിധാനവും തമ്മിലുള്ള യോജിപ്പിലൂടെ എന്തെല്ലാം കൈവരിക്കാനാകും എന്നതിൻ്റെ  ഉജ്ജ്വല ഉദാഹരണമായാണ് സിക്കിം നിലകൊള്ളുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ഈ വേളയിൽ സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം, 51-ാം സംസ്ഥാന രൂപീകരണ വർഷം വളർച്ചയുടേയും പരിവർത്തനത്തിൻ്റേയും എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനത്തിൻ്റേയും ഒരു പുതിയ
ഘട്ടത്തിലേക്ക് നയിക്കുമെന്ന് പറഞ്ഞു.

സിക്കിമിൻ്റെ  പ്രഥമ മുഖ്യമന്ത്രിയായിരുന്ന ശ്രീ കാസി ലേണ്ടുപ് ദോർജിക്ക് ആദരാഞ്ജലികൾ അർപ്പിച്ച ഉപരാഷ്ട്രപതി, ജ്ഞാനത്തോടും ധീരതയോടും പ്രതിബദ്ധതയോടും കൂടി ചരിത്രപരമായ ഒരു ജനാധിപത്യ പരിവർത്തനത്തിലൂടെ സിക്കിമിനെ നയിച്ച ദീർഘദർശിയായ ഒരു നേതാവായി അദ്ദേഹം എപ്പോഴും  ഓർമ്മിക്കപ്പെടുമെന്ന് പറഞ്ഞു.
 
സംസ്ഥാന രൂപീകരണത്തിൻ്റെ 50-ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിനോടനുബന്ധിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സിക്കിമിൽ നടത്തിയ സമീപകാല സന്ദർശനത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് 4,000 കോടിയിലധികം രൂപയുടെ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ജനങ്ങൾക്കുവേണ്ടി സമർപ്പിക്കുകയും ചെയ്തതായി  ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രിയുടെ "ആക്റ്റ് ഈസ്റ്റ്, ആക്റ്റ് ഫാസ്റ്റ്" എന്ന ദർശനത്തെക്കുറിച്ച് അദ്ദേഹം എടുത്തുപറയുകയും സിക്കിമിനെ വടക്കുകിഴക്കൻ മേഖലയിലെ "അഷ്ടലക്ഷ്മി"കളുടെ അവിഭാജ്യ ഘടകമായി വിശേഷിപ്പിക്കുകയും ചെയ്തു.
 
"വികസിത ഇന്ത്യ @2047" എന്ന ദർശനം ഒരു മേഖലയും പിന്നിലാകാത്ത തരത്തിലുള്ള എല്ലാവരേയും ഉൾക്കൊള്ളുന്ന വികസനത്തിൽ അധിഷ്ഠിതമാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വടക്ക് കിഴക്കൻ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളും കണക്റ്റിവിറ്റിയും ശക്തിപ്പെടുത്തുന്നതിൽ വടക്കുകിഴക്കൻ മേഖല വികസന മന്ത്രാലയത്തെ അഭിനന്ദിച്ച അദ്ദേഹം, മേഖലയിലുടനീളമുള്ള റെയിൽവേ, ഹെലിപോർട്ട് സൗകര്യങ്ങളുടെ വിപുലീകരണം എടുത്തുപറഞ്ഞു. തൻ്റെ  സമീപകാല മിസോറാം സന്ദർശനത്തെ പരാമർശിച്ചുകൊണ്ട്, മെച്ചപ്പെട്ട റെയിൽ കണക്റ്റിവിറ്റി വടക്ക് കിഴക്കൻ മേഖലയിലെ വ്യാപാരം, ടൂറിസം, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് ആക്കം കൂട്ടിയതായി അദ്ദേഹം പറഞ്ഞു. സിക്കിമിനും വൈകാതെ നേരിട്ടുള്ള റെയിൽ കണക്റ്റിവിറ്റി ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, ഇത് സംസ്ഥാനത്തെ ജൈവ ഉൽപ്പന്നങ്ങൾ ഇന്ത്യയിലുടനീളമുള്ള വിപണികളിൽ എത്തിക്കാൻ സഹായിക്കുമെന്നും വികസിത ഇന്ത്യ @2047-ലേക്കുള്ള സംഭാവനയെ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ്ങിൻ്റെ നേതൃത്വത്തിലുള്ള സിക്കിം സർക്കാരിനെ അഭിനന്ദിച്ച ഉപരാഷ്ട്രപതി, സുസ്ഥിര വികസനത്തിൻ്റെ ആഗോള മാതൃകയായി സംസ്ഥാനം മാറിയെന്ന് പറഞ്ഞു. 2016-ൽ സിക്കിം ലോകത്തിലെ ആദ്യത്തെ 100 ശതമാനം ജൈവ സംസ്ഥാനമായി മാറിയ കാര്യം അദ്ദേഹം അനുസ്മരിച്ചു, കൂടാതെ 76,000 ഹെക്ടറിലധികം കൃഷിഭൂമിയെ രാസമുക്തമായ ഒരു ആവാസവ്യവസ്ഥയാക്കി മാറ്റിയതിനെ ഒരു കാർഷിക പരിഷ്കരണമായി മാത്രമല്ല, ഒരു "സാംസ്കാരിക വിപ്ലവം" എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

ഓരോ കുട്ടി ജനിക്കുമ്പോഴും 108 മരങ്ങൾ നട്ടുപിടിപ്പിക്കുന്ന "മേരോ റുഖ് മേരോ സന്തതി", കുട്ടികൾക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന "ശിശു സമൃദ്ധി യോജന" തുടങ്ങിയ സംരംഭങ്ങളെ  ഉപരാഷ്ട്രപതി പ്രശംസിച്ചു. ഇത്തരം സംരംഭങ്ങൾ ആത്മീയതയെ സുസ്ഥിരതയുമായും പരിസ്ഥിതി നേതൃത്വത്തെ സാമൂഹിക സുരക്ഷയുമായും ബന്ധിപ്പിക്കുന്നതിനുള്ള സംസ്ഥാനത്തിൻ്റെ പ്രതിബദ്ധതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സിക്കിമിൻ്റെ  തന്ത്രപ്രധാനമായ പ്രാധാന്യം എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, സംസ്ഥാനത്തെ രാജ്യത്തിൻ്റെ കാവൽക്കാരൻ എന്നാണ് വിശേഷിപ്പിച്ചത്. ജനങ്ങൾക്കിടയിലുള്ള സമുദായങ്ങളുടെ ഐക്യവും സഹകരണ മനോഭാവവും ആഴത്തിലുള്ള ദേശഭക്തിയും സിക്കിമിനെ ഇന്ത്യയുടെ അഖണ്ഡതയുടെ ശക്തമായ സ്തംഭമായി മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തി ഗ്രാമങ്ങളും വൈബ്രൻ്റ്  വില്ലേജുകളും സന്ദർശിക്കുകയും വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയും ചെയ്തതിന് ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂറിനേയും അദ്ദേഹം അഭിനന്ദിച്ചു.

വൈബ്രൻ്റ്  വില്ലേജ് പ്രോഗ്രാമിന് കീഴിൽ സിക്കിമിലെ 58 ഗ്രാമങ്ങൾ ഘട്ടങ്ങളായി ഉൾപ്പെടുത്തുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. അതിർത്തി ഗ്രാമങ്ങൾ ഇനി മുതൽ  "അവസാനത്തെ ഗ്രാമങ്ങൾ" അല്ല, മറിച്ച് "ഇന്ത്യയുടെ ആദ്യത്തെ ഗ്രാമങ്ങൾ" ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


ചടങ്ങിൽ, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ഭരണനിർവ്വഹണം  എന്നിവയുമായി ബന്ധപ്പെട്ട നിരവധി വികസന പദ്ധതികൾക്ക് ഉപരാഷ്ട്രപതി വെർച്വലായി തറക്കല്ലിടുകയും ഉദ്ഘാടനം ചെയ്യുകയും ചെയ്തു. റിംബി-യുക്സം റോഡ് നവീകരണം, എൻഎച്ച്-10-ൽ ഉടനീളമുള്ള സംരക്ഷണ പ്രവൃത്തികളും പാലം നിർമ്മാണവും, രംഗ്പോ ഖോലയ്ക്ക് കുറുകെയുള്ള സ്റ്റീൽ പാലം, ബർട്ടക് ഹെലിപോർട്ടിൻ്റെ പുനർരൂപകൽപ്പനയും നവീകരണവും, നാംചിയിലെ കംരംഗ് ഗവണ്മെൻ്റ്  ഡിഗ്രി കോളേജിലെ പുതിയ സയൻസ് ബ്ലോക്ക്, പാക്യോങ്ങിലെ അരിതാറിലുള്ള ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഭരണനിർവ്വഹണവും കാര്യക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സിക്കിം എക്സൈസ് മാനേജ്മെൻ്റ്  സിസ്റ്റവും ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ, മെൻ്റർഷിപ്പ്, ഇൻകുബേഷൻ, ഫണ്ടിംഗ്, അടിസ്ഥാന സൗകര്യ പിന്തുണ എന്നിവയിലൂടെ നൂതന ആശയങ്ങളെ വളർത്തിയെടുക്കാവുന്ന ബിസിനസ്സുകളാക്കി മാറ്റുന്നതിനായി രൂപകൽപ്പന ചെയ്ത ഗവണ്മെൻ്റ് പിന്തുണയുള്ള സംരംഭകത്വ പരിപാടിയായ "സിക്കിം റൈസ്" ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ജൈവ, സുസ്ഥിര വികസനത്തിൽ സംസ്ഥാനത്തിൻ്റെ നേതൃത്വം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള "മിഷൻ സിക്കിം ഓർഗാനിക്സ്" എന്ന പദ്ധതിക്കും അദ്ദേഹം തുടക്കം കുറിച്ചു.

ലെപ്ച, ഭൂട്ടിയ, നേപ്പാളി സമൂഹങ്ങൾ ഉൾപ്പെടെയുള്ള വിവിധ സമുദായങ്ങളുടെ പരമ്പരാഗത വസ്ത്രധാരണവും സമ്പന്നമായ പൈതൃകവും പ്രദർശിപ്പിക്കുന്ന സാംസ്കാരിക പരിപാടിക്കും ഉപരാഷ്ട്രപതി സാക്ഷ്യം വഹിച്ചു. സിക്കിമിൻ്റെ സാംസ്കാരിക വൈവിധ്യത്തെ അഭിനന്ദിച്ച അദ്ദേഹം, ദേശീയതയുടെ വികാരത്തിന് കീഴിൽ വൈവിധ്യമാർന്ന പാരമ്പര്യങ്ങൾ ഒത്തുചേരുന്നത് "ഏക ഭാരതം, ശ്രേഷ്ഠ ഭാരതം" എന്ന ദർശനത്തെയാണ് യഥാർത്ഥത്തിൽ പ്രതിഫലിപ്പിക്കുന്നതെന്ന് പറഞ്ഞു.

സിക്കിം ഗവർണർ ശ്രീ ഓം പ്രകാശ് മാത്തൂർ, സിക്കിം മുഖ്യമന്ത്രി ശ്രീ പ്രേം സിംഗ് തമാങ്, കേന്ദ്ര വടക്കുകിഴക്കൻ മേഖല വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ, സിക്കിം നിയമസഭാ സ്പീക്കർ ശ്രീ മിംഗ്മ നോർബു ഷെർപ്പ, സിക്കിം  പൊതുജനാരോഗ്യ എഞ്ചിനീയറിംഗ് മന്ത്രി ശ്രീ സോനം ലാമ, മുതിർന്ന ഉദ്യോഗസ്ഥർ,  മറ്റ് പ്രമുഖ വ്യക്തികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
 
 
***

( റിലീസ് ഐ.ഡി: 2261875) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Nepali , Gujarati , Tamil