ജൽ ശക്തി മന്ത്രാലയം
ജില്ലാ കളക്ടർമാരുടെ എട്ടാമതു പേയ്ജൽ സംവാദം സംഘടിപ്പിച്ച് കേന്ദ്ര കുടിവെള്ള-ശുചീകരണ വകുപ്പ്; കുടിവെള്ള വിതരണ രംഗത്തെ കൊല്ലം മാതൃക അവതരിപ്പിച്ച് ജില്ലാ കളക്ടർ എൻ ദേവിദാസ്
പോസ്റ്റഡ് ഓണ്‍:
15 MAY 2026 5:25PM by PIB Thiruvananthpuram
കേന്ദ്ര ജലശക്തി മന്ത്രാലയത്തിനു കീഴിലുള്ള കുടിവെള്ള-ശുചീകരണ വകുപ്പ് (DDWS), ജില്ലാ കളക്ടർമാരുടെ എട്ടാമതു പേയ്ജൽ സംവാദം സംഘടിപ്പിച്ചു. വീഡിയോ കോൺഫറൻസിലൂടെയായിരുന്നു സംവാദം. ജൽ ജീവൻ ദൗത്യം (JJM) 2.0-ന്റെ നടപ്പാക്കൽ വേഗത്തിലാക്കുന്നതിനെക്കുറിച്ചും മികച്ച പ്രവർത്തനരീതികൾ പങ്കുവയ്ക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ/ ഡെപ്യൂട്ടി കമ്മീഷണർമാർ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജെജെഎം ദൗത്യ ഡയറക്ടർമാർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. സംവാദത്തിൽ കൊല്ലം ജില്ലയുടെ നേട്ടങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധ നേടി. കൊല്ലം കളക്ടർ ശ്രീ എൻ ദേവിദാസ് അവതരിപ്പിച്ച കൊല്ലത്തിന്റെ കുടിവെള്ള വിതരണ മാതൃക മറ്റു സംസ്ഥാനങ്ങൾക്കു മാതൃകയായി വിലയിരുത്തപ്പെട്ടു.

പമ്പ് പ്രവർത്തനങ്ങളുടെ ഓട്ടോമേഷൻ, ഓൺലൈൻ മോണിറ്ററിങ് സംവിധാനങ്ങൾ, പരാതികൾ സാധാരണയായി 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുന്ന 24/7 പരാതിപരിഹാര സംവിധാനം എന്നിവയിലൂടെ ജൽ ജീവൻ ദൗത്യത്തിന്റെ (JJM) പുരോഗതി കളക്ടർ ശ്രീ എൻ ദേവിദാസ് വിശദീകരിച്ചു. ജില്ലയിലെ കണക്ഷനുകളിൽ 100% മീറ്ററിങ് കൈവരിക്കുകയും ബില്ലിങ്ങിനും തുക ശേഖരണത്തിനുമായി കുടുംബശ്രീ യൂണിറ്റുകളെ ഉപയോഗിക്കുകയും ചെയ്യുന്നു. കൂടാതെ, കരുത്തുറ്റ ജലഗുണനിലവാര പരിശോധനാസംവിധാനങ്ങളുടെ പിന്തുണയോടെ സ്കൂളുകളിലും അങ്കണവാടികളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. എട്ടു ചെറിയ ദ്വീപുകൾ ഉൾപ്പെടുന്നതും ഏകദേശം 9,599 പേർ താമസിക്കുന്നതുമായ മൺറോ തുരുത്തു പഞ്ചായത്തിനെക്കുറിച്ചുള്ള പ്രത്യേക പഠനവും കളക്ടർ അവതരിപ്പിച്ചു. നേരത്തെ, ഈ പ്രദേശം കടുത്ത കുടിവെള്ളക്ഷാമം നേരിടുകയും കുഴൽക്കിണറുകളെ ആശ്രയിക്കുകയും ചെയ്തിരുന്നു. JJM-നുമുമ്പ് ഏകദേശം 2,600 കണക്ഷനുകൾ ഉണ്ടായിരുന്ന ഇവിടെ ഈ ദൗത്യത്തിനു കീഴിൽ ഏകദേശം 500 അധിക കണക്ഷനുകൾകൂടി നൽകി. JJM ഇടപെടലിലൂടെ കുടിവെള്ള സാഹചര്യം മെച്ചപ്പെട്ടു. ഈ പ്രദേശം ഇപ്പോൾ ‘ഹർ ഘർ ജൽ’ ആയി പ്രഖ്യാപിച്ചതായും കൊല്ലം കളക്ടർ ശ്രീ എൻ ദേവിദാസ് പറഞ്ഞു.
കുടിവെള്ള-ശുചീകരണ സെക്രട്ടറി ശ്രീ അശോക് കെ കെ മീണയുടെ അധ്യക്ഷതയിൽ നടന്ന സംവാദത്തിൽ ദേശീയ ജൽ ജീവൻ ദൗത്യം (NJJM) അഡീഷണൽ സെക്രട്ടറിയും ദൗത്യം ഡയറക്ടറുമായ ശ്രീ കമൽ കിഷോർ സോണും കുടിവെള്ള-ശുചീകരണ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും സംവാദത്തിൽ പങ്കെടുത്തു.
2019-ൽ തുടക്കംകുറിച്ചതുമുതൽ ജൽ ജീവൻ ദൗത്യത്തിനു കീഴിൽ കൈവരിച്ച ശ്രദ്ധേയ പുരോഗതി കുടിവെള്ള-ശുചീകരണ സെക്രട്ടറി എടുത്തുകാട്ടി. ഗ്രാമീണ ജലവിതരണ സംവിധാനത്തെ ഹാൻഡ്‌പമ്പുകളെയും പൊതുസ്രോതസ്സുകളെയും ആശ്രയിക്കുന്ന രീതിയിൽനിന്നു ഗാർഹിക ടാപ്പ് കണക്ഷനുകളിലേക്ക് ഇതു പരിവർത്തനം ചെയ്തു. കോവിഡ് കാലത്തെ വെല്ലുവിളികൾക്കിടയിലും ഈ ദൗത്യം ഗണ്യമായ പുരോഗതി കൈവരിച്ചതായും, നിലവിൽ ഏകദേശം 81% ഗ്രാമീണ വീടുകളിലും ടാപ്പ് കണക്ഷനുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. JJM 2.0-നു കീഴിൽ പദ്ധതിയുടെ കാലാവധി ഇപ്പോൾ 2028 ഡിസംബർ വരെ നീട്ടിയിട്ടുണ്ട്.
സുസ്ഥിരതയ്ക്ക് ഊന്നൽ നൽകി, കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്ത പരിശ്രമത്തിലൂടെ അടിസ്ഥാനസൗകര്യങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അവയുടെ ദീർഘകാല പ്രവർത്തനക്ഷമത കരുത്തുറ്റ പ്രാദേശിക നിർവഹണത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. JJM 2.0-നു കീഴിൽ ഗ്രാമങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ ഗ്രാമപഞ്ചായത്തുകൾക്കു കൈമാറണം. അതേസമയം, ബൃഹത്തായ അടിസ്ഥാനസൗകര്യങ്ങൾ സംസ്ഥാനങ്ങളുടെ പക്കൽ തുടരും. ഗ്രാമപഞ്ചായത്തുകൾ പ്രാദേശിക സേവനദാതാക്കളായി പ്രവർത്തിക്കണമെന്നും ഉത്തരവാദിത്വവും സുതാര്യതയും ഉറപ്പാക്കാൻ ഗ്രാമസഭകളിലൂടെയുള്ള ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാതലത്തിൽ സേവനവിതരണം ശക്തിപ്പെടുത്തുന്നതിൽ DWSM യോഗങ്ങളുടെ പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായി മാസത്തിലൊരിക്കൽ DWSM യോഗങ്ങൾ ചേരാനും കുടിവെള്ള വിതരണത്തിന്റെയും ശുചീകരണ സേവനങ്ങളുടെയും സ്ഥിതി അവലോകനംചെയ്യാനും യോഗ തീരുമാനങ്ങൾ DWSM ഡാഷ്‌ബോർഡിൽ അപ്‌ലോഡ് ചെയ്യാനും ജില്ലാ കളക്ടർമാരോടു നിർദേശിച്ചു. ജില്ലകളിൽ ഏറിയ പങ്കും ഈ യോഗങ്ങൾ കൃത്യമായി നടത്തുന്നുണ്ടെങ്കിലും ചില സംസ്ഥാനങ്ങളിൽ ഇതു കൂടുതൽ കർശനമായി നടപ്പാക്കേണ്ടതുണ്ടെന്നു യോഗം വിലയിരുത്തി.

2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന ഖരമാലിന്യ സംസ്കരണ നിയമങ്ങൾ നടപ്പാക്കുന്നതിൽ ജില്ലാ കളക്ടർമാർക്കും ഡെപ്യൂട്ടി കമ്മീഷണർമാർക്കും വർധിച്ച ഉത്തരവാദിത്വമുണ്ടെന്നും സെക്രട്ടറി എടുത്തുപറഞ്ഞു. ഈ നിയമങ്ങളുടെ നിർവഹണം ഇപ്പോൾ സുപ്രീം കോടതി നേരിട്ടു നിരീക്ഷിച്ചുവരികയാണ്.
ജൽ ജീവൻ ദൗത്യം 2.0-നു കീഴിൽ നടന്നുവരുന്ന പരിഷ്കാരങ്ങളുടെയും ഭരണപരമായ മറ്റു പ്രധാന ഇടപെടലുകളുടെയും പശ്ചാത്തലത്തിൽ എല്ലാ ജില്ലാതല നേതൃത്വത്തിന്റെയും സജീവ പങ്കാളിത്തം അനിവാര്യമാണെന്നും ഇത് ഉന്നതതലങ്ങളിൽ നിരീക്ഷിക്കപ്പെടുന്നുണ്ടെന്നും NJJM അഡീഷണൽ സെക്രട്ടറിയും ദൗത്യം ഡയറക്ടറുമായ ശ്രീ കമൽ കിഷോർ സോൺ പറഞ്ഞു. ഈ ദൗത്യത്തിന്റെ ലക്ഷ്യങ്ങൾ താഴേത്തട്ടിൽ ഫലപ്രദമായി നടപ്പാക്കുന്നതിലും ഏകോപിപ്പിക്കുന്നതിലും നിരീക്ഷിക്കുന്നതിലും ജില്ലാ കളക്ടർമാർക്കു നിർണായക പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭരണപരമായ ഉത്തരവാദിത്വത്തിന്റെയും വിവിധ വകുപ്പുകളുടെ ഏകോപനത്തിന്റെയും പ്രാധാന്യം എടുത്തുപറഞ്ഞ അദ്ദേഹം, ജില്ലാ കളക്ടർമാർക്കായി 2026 മെയ് 22-നു നിശ്ചയിച്ചിട്ടുള്ള യോഗത്തിൽ പൂർണ പങ്കാളിത്തം ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാരോടും സംസ്ഥാന ദൗത്യം ഡയറക്ടർമാരോടും അഭ്യർഥിച്ചു. JJM 2.0, SBM-G എന്നിവയ്ക്കു കീഴിലുള്ള മുൻഗണനാപ്രവർത്തനങ്ങൾ, പ്രത്യേകിച്ച് JJM 2.0-ലെ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തന മാർഗനിർദേശങ്ങൾ, മലിനജലം കൈകാര്യം ചെയ്യൽ എന്നീ വിഷയങ്ങളിൽ ജില്ലകൾക്കു വ്യക്തമായ മാർഗനിർദേശം നൽകാൻ ഈ യോഗം സഹായിക്കുമെന്നു പ്രതീക്ഷിക്കുന്നു.
സുജലം ഭാരത് പിഎം ഗതി ശക്തി മൊബൈൽ ആപ്ലിക്കേഷനിലെ പ്രോജക്ട് മോണിറ്ററിങ് മൊഡ്യൂളിനെക്കുറിച്ചുള്ള DDWS അവതരണം
സുജലം ഭാരത് പിഎം ഗതി ശക്തി മൊബൈൽ ആപ്ലിക്കേഷനിലെ പ്രോജക്ട് മോണിറ്ററിങ് മൊഡ്യൂളിനെക്കുറിച്ചുള്ള അവതരണം ഈ സെഷന്റെ പ്രത്യേകതയായിരുന്നു. ജൽ ജീവൻ ദൗത്യം പദ്ധതികളുടെ നിർമാണം, പരിശോധന, കമ്മീഷനിങ്, കൈമാറ്റം എന്നിവയുൾപ്പെടെയുള്ള ഓരോ ഘട്ടവും ആസ്തികളുടെ അടിസ്ഥാനത്തിൽ നിരീക്ഷിക്കാൻ ഈ സംവിധാനം സഹായിക്കുന്നു. നിയുക്ത നിർവഹണ ഏജൻസി (DIA), തേർഡ് പാർട്ടി ഇൻസ്പെക്ഷൻ ഏജൻസി (TPIAs), ഫീൽഡ് എൻജിനിയർമാർ എന്നിവരെ ഉൾപ്പെടുത്തിയുള്ള ക്രമീകൃതമായ പ്രവർത്തനരീതി സമന്വയിപ്പിക്കുന്നതിലൂടെ സുതാര്യതയും ഉത്തരവാദിത്വവും തത്സമയ നിരീക്ഷണവും ഇത് ഉറപ്പാക്കുന്നു. വിവിധ ഏജൻസികളെ ഈ സംവിധാനവുമായി ബന്ധിപ്പിക്കാനും ഈ മൊഡ്യൂൾ സജീവമായി ഉപയോഗിക്കാനും സംസ്ഥാനങ്ങളോട് അഭ്യർഥിച്ചു. NJJM ഡെപ്യൂട്ടി സെക്രട്ടറി ഡോ. അങ്കിത ചക്രവർത്തിയാണ് അവതരണം നടത്തിയത്.
ഭൗതികമായ പുരോഗതി, സാമ്പത്തിക നിരീക്ഷണം, ഭരണപരിഷ്കാരങ്ങൾ, ജലഗുണനിലവാര പരിശോധന, ഉറവിട സുസ്ഥിരത, ഡിജിറ്റൽ സംവിധാനങ്ങൾ, ശേഷി വികസനം എന്നിവ ഉൾക്കൊള്ളുന്ന സമഗ്ര നടപ്പാക്കൽ-പരിഷ്കരണ ആസൂത്രണ (CIRP) ചട്ടക്കൂടിനെക്കുറിച്ച് NJJM ഡയറക്ടർ ശ്രീ വൈ കെ സിങ് അവതരണം നടത്തി. പദ്ധതിനിർവഹണത്തെയും പരിഷ്കരണ നടപടികളെയും നിശ്ചിത നിരീക്ഷണ സംവിധാനത്തിനു കീഴിൽ ഈ ചട്ടക്കൂടു കൊണ്ടുവരുന്നു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുക, ധനവിനിയോഗം സുതാര്യമാക്കുക, സേവനവിതരണം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ ചട്ടക്കൂടിന്റെ ലക്ഷ്യങ്ങൾ.

മറ്റു ജില്ലകൾ അവതരിപ്പിച്ച നൂതനമായ മികച്ച രീതികൾ
പേയ്ജൽ സംവാദത്തിൽ കൊല്ലത്തിനു പുറമെ മറ്റ് അഞ്ചു ജില്ലകൾകൂടി പുരോഗതിയും മികച്ച പ്രവർത്തനരീതികളും അവതരിപ്പിച്ചു. JJM 2.0-നു കീഴിൽ മികച്ച രീതിയിൽ വികസിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ ജില്ലകളെ സഹായിക്കുന്നതായിരുന്നു ഈ അവതരണങ്ങൾ. ഓരോ ജില്ലയുടെയും കളക്ടർമാർ/ ജില്ലാ മജിസ്‌ട്രേറ്റ്/ ഡെപ്യൂട്ടി കമ്മീഷണർ/ ജില്ലാ ഉദ്യോഗസ്ഥർ എന്നിവരാണ് അവതരണങ്ങൾ നടത്തിയത്.

നാഗ്‌പുർ, മഹാരാഷ്ട്ര: ഭൂഗർഭജലനിരപ്പ് താഴുന്നതിനാൽ ജലക്ഷാമം നേരിട്ടിരുന്ന ലാഡ്ഗാവ് എന്ന ഗോത്രവർഗ ഗ്രാമത്തിൽ നടപ്പാക്കിയ ജനകീയവും ചെലവു കുറഞ്ഞതുമായ ഇടപെടൽ ജില്ലാ കളക്ടർ ശ്രീ കുമാർ ആശിർവാദ് അവതരിപ്പിച്ചു. നിലവിലുള്ള ഹാൻഡ്‌പമ്പിനെ മഴവെള്ള സംഭരണത്തിലൂടെ റീചാർജ് ചെയ്താണ് ഇവിടെ ജലക്ഷാമം പരിഹരിച്ചത്. സംഭരണ സംവിധാനത്തോടും ഗാർഹിക കണക്ഷനുകളോടും കൂടിയ സൗരോർജനിലയം സ്ഥാപിച്ചതിലൂടെ 24 മണിക്കൂറും പൈപ്പിലൂടെയുള്ള ജലവിതരണം ഉറപ്പാക്കി. ഇതിലൂടെ പദ്ധതി ചെലവ് 90 ലക്ഷം രൂപയിൽനിന്ന് ഏതാണ്ട് 14 ലക്ഷം രൂപയായി കുറയ്ക്കാൻ സാധിച്ചു. ശക്തമായ ജനപങ്കാളിത്തം, കുറഞ്ഞ ചെലവിലുള്ള രൂപകൽപ്പന, സുസ്ഥിരമായ നടത്തിപ്പും പരിപാലനവും എന്നിവയ്ക്ക് ഈ മാതൃക ഉദാഹരണമായി.

കോരാപുട്ട്, ഒഡിഷ: മലയോര ഭൂപ്രകൃതി, ചിതറിക്കിടക്കുന്ന ഗോത്രവർഗ ആവാസവ്യവസ്ഥകൾ, കുറഞ്ഞ ജനസാന്ദ്രത എന്നിവ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും അവയെ മറികടക്കാൻ നടപ്പാക്കിയ സ്പ്രിങ് അധിഷ്ഠിത ഗ്രാവിറ്റി സംവിധാനങ്ങൾ, സൗരോർജ പദ്ധതികൾ, പൈപ്പിലൂടെയുള്ള ബൃഹദ് ജലവിതരണ പദ്ധതികൾ (ബസുധ) എന്നിവയെക്കുറിച്ചും ജില്ലാ കളക്ടർ ശ്രീ മനോജ് മഹാജൻ വിശദീകരിച്ചു. സ്വയംസഹായ സംഘങ്ങളെയും ലാബുകളെയും ഉൾപ്പെടുത്തിയുള്ള ജലഗുണനിലവാര പരിശോധനയും ഡിജിറ്റൽ നിരീക്ഷണവും ജില്ല ശക്തമാക്കിയിട്ടുണ്ട്. കാലവർഷത്തിനു മുന്നോടിയായുള്ള അണുനശീകരണം, സുസ്ഥിരതാനടപടികൾ എന്നിവയ്‌ക്കൊപ്പം ശക്തമായ പരാതി പരിഹാര സംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. വിവരശേഖരണ അധിഷ്ഠിത നിരീക്ഷണ രീതിയാണു കോരാപുട്ട് പിന്തുടരുന്നത്. പോർട്ടൽ അധിഷ്ഠിത സ്റ്റോക്ക്-വർക്ക് വാലിഡേഷനിലൂടെ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ജോലികളുടെ ദൈനംദിന പുരോഗതി ജില്ല നിരീക്ഷിക്കുന്നു. മുമ്പു പൂർത്തിയായ ചില ജോലികൾ പോർട്ടലിൽ അപ്‌ഡേറ്റ് ചെയ്യാത്തതു നിരീക്ഷണത്തിൽ വിടവുകൾ ഉണ്ടാക്കിയിരുന്നതായി കളക്ടർ ചൂണ്ടിക്കാട്ടി. ഇപ്പോൾ ഓരോ പ്രവർത്തനവും പൂർത്തിയായതായി കണക്കാക്കുന്നതിനുമുമ്പ് അതു പോർട്ടലിൽ കൃത്യമായി രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കാനുള്ള സംവിധാനം ശക്തിപ്പെടുത്തിയിട്ടുണ്ട്.

മുസാഫർനഗർ, ഉത്തർപ്രദേശ്: നദി പുനരുജ്ജീവനം, കുളങ്ങളുടെ വീണ്ടെടുപ്പ്, ‘പാനീ കീ പാഠശാല’ പോലുള്ള ജനകീയ യജ്ഞങ്ങൾ എന്നിവ ഉൾപ്പെടെ ജൽ ജീവൻ ദൗത്യം നടപ്പാക്കലിനൊപ്പം ജലസംരക്ഷണ പ്രവർത്തനങ്ങളും സമന്വയിപ്പിച്ചുള്ള വിപുലമായ മാതൃക ജില്ലാ മജിസ്‌ട്രേറ്റ് ശ്രീ ഉമേഷ് മിശ്ര അവതരിപ്പിച്ചു. ഗ്രാമസഭകൾ വഴിയുള്ള കൃത്യമായ നിരീക്ഷണം, ‘ജൽ സേവ ആങ്കലൻ’, സ്ത്രീകൾ നേതൃത്വം നൽകുന്ന ജലഗുണനിലവാര പരിശോധന എന്നിവയ്ക്കൊപ്പം ഭൂഗർഭജല നിരപ്പിലുണ്ടായ വർധനയും പ്രാദേശിക ജനവിഭാഗങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ഉത്തരവാദിത്വബോധവും അദ്ദേഹം എടുത്തുപറഞ്ഞു. ‘ധാര സേ ധരോഹർ തക്’ യജ്ഞത്തിനും ജില്ല തുടക്കംകുറിച്ചു. ജനപങ്കാളിത്തത്തിലൂടെ ഏകദേശം 42 കിലോമീറ്ററോളം ദൂരത്തിൽ ബാൻ നദിയും 17 കിലോമീറ്ററോളം ദൂരത്തിൽ സോത്ത് നദിയും ഖനനംചെയ്തു പുനരുജ്ജീവിപ്പിച്ചു. ഇതിന്റെ ഫലമായി അംറോഹയിലെ ഭൂഗർഭജല നിരപ്പു മെച്ചപ്പെട്ടു. ഈ നേട്ടം പ്രധാനമന്ത്രി ‘മൻ കീ ബാത്തി’ൽ പരാമർശിച്ചിരുന്നു. അംറോഹയ്ക്കുശേഷം സമാനമായ നദീസംരക്ഷണ പ്രവർത്തനങ്ങൾ ബിജ്‌നോറിലും ഏറ്റെടുത്തു. കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തള’ത്തിൽ ചരിത്രപരമായ പരാമർശമുള്ള മാലിനി നദി ശുചീകരിക്കുകയും പ്രാദേശിക തൊഴിലവസരങ്ങളുമായും ജനകീയ പ്രവർത്തനങ്ങളുമായും കൂട്ടിയിണക്കുകയും ചെയ്തു. കുശിനഗറിൽ, ശ്രീബുദ്ധന്റെ മഹാപരിനിർവാണവുമായി ബന്ധപ്പെട്ടതും ഏതാണ്ട് അപ്രത്യക്ഷമായതുമായ ഹിരണ്യവതി നദി സംരക്ഷിച്ചു. മുസാഫർനഗറിൽ, ചരിത്രപ്രസിദ്ധമായ ശുക്രതാൽ പ്രദേശവുമായി ബന്ധപ്പെട്ട സോലാനി നദിയിലാണ് പ്രവർത്തനം ആരംഭിച്ചത്. മാധ്യമങ്ങൾ, അധ്യാപകർ, ജീവനക്കാർ, വ്യാപാരികൾ, പ്രാദേശിക ജനങ്ങൾ എന്നിവരുടെ ശക്തമായ പിന്തുണയോടെയാണ് ഈ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോയത്.

പാലി, രാജസ്ഥാൻ: വാട്ടർ ട്രെയിനുകളെ ആശ്രയിച്ചിരുന്ന ജലക്ഷാമം നേരിടുന്ന ജില്ലയിൽനിന്ന്, ഭൂഗർഭജലത്തിന്റെയും ഉപരിതല ജലത്തിന്റെയും സംയുക്ത ഉപയോഗം, മഴവെള്ള സംഭരണം, വൻതോതിലുള്ള റീചാർജ് സംവിധാനങ്ങൾ എന്നിവയിലൂടെ സേവനവിതരണം മെച്ചപ്പെടുത്തിയ രീതിയെക്കുറിച്ച് ജില്ലാ കളക്ടർ ശ്രീ രവീന്ദ്ര ഗോസ്വാമി വിശദീകരിച്ചു. പ്രവർത്തനങ്ങൾക്കും പരിപാലനത്തിനുമായി പ്രാദേശിക സമൂഹത്തിന്റെ ശേഷി വികസിപ്പിക്കൽ, ബഫർ സ്റ്റോറേജ് നിർമാണം, വിതരണത്തിനിടയിലുണ്ടാകുന്ന ജലനഷ്ടം കുറയ്ക്കൽ എന്നിവയിൽ ജില്ല ശ്രദ്ധ കേന്ദ്രീകരിച്ചു. ലവണാംശം, ദൈർഘ്യമേറിയ പൈപ്പ് ലൈനുകൾ തുടങ്ങിയ വെല്ലുവിളികളെയും ജില്ല മറികടന്നു. ഇതിനായി ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും അവരുടെ ശേഷി വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. പൂർത്തിയാക്കിയ പദ്ധതികളുടെ പ്രവർത്തനക്ഷമത നിലനിർത്തുന്നതിനായി ഓരോ വേനൽക്കാലത്തും 25 ലക്ഷം രൂപ വീതം വിട്ടുനൽകി, സംസ്ഥാന ഗവണ്മെന്റ് ജില്ലകളെ ശാക്തീകരിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. കഠിനമായ വേനൽമാസങ്ങളിൽ നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങൾ പ്രവർത്തനക്ഷമമായി തുടരുന്നുവെന്ന് ഉറപ്പാക്കാൻ ഇതു സഹായിച്ചു.

ധൻബാദ്, ഝാർഖണ്ഡ്: ജലലഭ്യതയിലെ കുറവ് പരിഹരിക്കുന്നതിനായി വലിയ തോതിലുള്ള കുളങ്ങളുടെ പുനരുജ്ജീവനം, വറ്റിയ കുഴൽക്കിണറുകളുടെ വീണ്ടെടുപ്പ്, മലിനജലം കൈകാര്യം ചെയ്യൽ, സ്ഥാപനങ്ങളിലെ മഴവെള്ള സംഭരണം എന്നിവ ഉൾപ്പെടെ വിവരശേഖരണ അധിഷ്ഠിതമായി നടപ്പാക്കിയ രീതികളെക്കുറിച്ച് ഡെപ്യൂട്ടി കമ്മീഷണർ ശ്രീ ആദിത്യ രഞ്ജൻ വിശദീകരിച്ചു. പ്രാദേശികമായി വികസിപ്പിച്ച ‘ജൽ സേവ ആപ്പ്’ ആസ്തികളുടെ തത്സമയ നിരീക്ഷണത്തിനും പരാതി പരിഹാരത്തിനും സഹായിക്കുന്നു. പരിശീലനം ലഭിച്ച ‘ജൽ സഹിയ’മാരുടെ പിന്തുണയും വികേന്ദ്രീകൃത അറ്റകുറ്റപ്പണി സംവിധാനങ്ങളും പ്രവർത്തനക്ഷമതയും സേവനവിതരണവും മെച്ചപ്പെടുത്തി. വറ്റിയ കുഴൽക്കിണറുകൾ പുനരുജ്ജീവിപ്പിക്കുന്നതിലും ജില്ല ശ്രദ്ധ കേന്ദ്രീകരിച്ചു. സിംഗിൾ വില്ലേജ് സ്കീമുകൾ, പഴയ ജൽ മിനാറുകൾ, 14-15 ധനകാര്യ കമ്മീഷൻ ധനസഹായമുപയോഗിച്ച് നിർമിച്ച പദ്ധതികൾ എന്നിവയിലായി വറ്റിയ ഏകദേശം 104 കുഴൽക്കിണറുകൾ കണ്ടെത്തി. ഇവയ്ക്ക് സമീപത്തുള്ള 300 ജലാശയങ്ങളെ ഈ കുഴൽക്കിണറുകളുമായി ബന്ധിപ്പിച്ചു. വറ്റിയ ഓരോ കുഴൽക്കിണറിനും 500 മീറ്റർ ചുറ്റളവിലുള്ള താഴ്ന്ന പ്രദേശങ്ങളും നിലവിലുള്ള കുളങ്ങളും കണ്ടെത്തി എട്ട് വ്യത്യസ്ത ധനസഹായ സ്രോതസ്സുകൾ ഉപയോഗിച്ച് അവയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾ ഏറ്റെടുത്തു.
‘ഹർ ഘർ ജൽ’ പദ്ധതിയുടെ പുരോഗതി വേഗത്തിലാക്കാൻ സ്വീകരിച്ച വൈവിധ്യമാർന്ന സമീപനങ്ങളെ അടിവരയിടുന്നതായിരുന്നു ഈ അവതരണങ്ങൾ. ജൽ ജീവൻ ദൗത്യത്തിനു കീഴിലുള്ള നേട്ടങ്ങൾ, നേരിടുന്ന വെല്ലുവിളികൾ, മികച്ച പ്രവർത്തനരീതികൾ എന്നിവ ഇതിലൂടെ വിശദീകരിക്കപ്പെട്ടു.
സമാപന പ്രസംഗത്തിൽ, ജില്ലകൾ പങ്കുവച്ച നൂതനാശയങ്ങളെ ദേശീയ ജൽ ജീവൻ ദൗത്യം (NJJM) അഡീഷണൽ സെക്രട്ടറിയും ദൗത്യം ഡയറക്ടറുമായ ശ്രീ കമൽ കിഷോർ സോൺ അഭിനന്ദിച്ചു. JJM 2.0-ന്റെ വിജയം ജില്ലാ കളക്ടർമാരുടെ സജീവമായ നേതൃത്വത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എട്ടാമതു ജില്ലാ കളക്ടർമാരുടെ പേയ്ജൽ സംവാദത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നുമുള്ള ജില്ലാ കളക്ടർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ, ജില്ലാ ഉദ്യോഗസ്ഥർ, ദൗത്യം ഡയറക്ടർമാർ, സംസ്ഥാന ദൗത്യ സംഘങ്ങൾ എന്നിവർ പങ്കെടുത്തു.
-SK-
( റിലീസ് ഐ.ഡി: 2261607)
സന്ദര്‍ശക കൗണ്ടര്‍ : 6