യുവജനകാര്യ, കായിക മന്ത്രാലയം
കോമൺവെൽത്ത് ഗയിംസ് (CWG) 2026: ഇന്ത്യയുടെ ഒരുക്കങ്ങൾ വിലയിരുത്തി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ
പോസ്റ്റഡ് ഓണ്‍:
15 MAY 2026 2:57PM by PIB Thiruvananthpuram
2026-ൽ സ്കോട്ട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു.

ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ പങ്കാളികൾക്കിടയിലും സുഗമമായ ഏകോപനം ഉറപ്പാക്കുന്നതിലായിരുന്നു യോഗം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. കായികതാരങ്ങൾക്ക് ആവശ്യമായ പരിശീലന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, പിന്തുണ സംവിധാനം ശക്തിപ്പെടുത്തുക എന്നിവയ്ക്കും യോഗം മുൻഗണന നൽകി.
യുവജനകാര്യ-കായിക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രതിനിധികൾ എന്നിവർക്ക് പുറമെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുത്തു. ഗ്ലാസ്‌ഗോ ഗെയിംസിനായുള്ള ഇന്ത്യയുടെ ഷെഫ് ഡേ മിഷൻ കായികതാരങ്ങളുടെ തയ്യാറെടുപ്പുകൾ, പ്രവർത്തന പദ്ധതികൾ, ഏകോപന സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ യോഗത്തിൽ വിശദീകരിച്ചു.

കായികതാരങ്ങളുടെ പരിശീലനം, യാത്രാ സൗകര്യങ്ങൾ, അവരുടെ ക്ഷേമം, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം എന്നിവ കേന്ദ്രമന്ത്രി അവലോകനം ചെയ്തു.
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ കായികതാരങ്ങൾക്ക് അവരുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ആവശ്യമായ എല്ലാവിധ പിന്തുണയും ഉറപ്പാക്കാൻ ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. മാണ്ഡവ്യ ഊന്നിപ്പറഞ്ഞു.
രാജ്യത്തിന്റെ കായിക മുന്നേറ്റം വിജയകരമാക്കുന്നതിനായി കൃത്യസമയത്തുള്ള ആസൂത്രണം, വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, കായികതാരങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള തയ്യാറെടുപ്പുകൾ എന്നിവയുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു.
2026-ലെ കോമൺവെൽത്ത് ഗെയിംസിന്റെ സമാപന ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദ് ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി, ഇന്ത്യ ഔദ്യോഗികമായി ബാറ്റൺ ഏറ്റുവാങ്ങും.

ഗ്ലാസ്‌ഗോ 2026 ഗെയിംസിന്റെ പ്രവർത്തനപരവും ലോജിസ്റ്റിക്സ്പരവുമായ തയ്യാറെടുപ്പുകളെക്കുറിച്ച് സ്പോർട്സ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രതിനിധികളുമായി നടത്തുന്ന അന്തർ-മന്ത്രാലയ ഏകോപന ശ്രമങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.
ഇന്ത്യൻ സംഘത്തിന്റെ സുഗമമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി വിവിധ മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനം, ഔദ്യോഗിക നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുള്ള സംവിധാനങ്ങൾ, മറ്റു ക്രമീകരണങ്ങളുടെ കൃത്യമായ നടത്തിപ്പ് എന്നിവയിൽ യോഗം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു.

അന്താരാഷ്ട്ര മത്സരങ്ങളിലെ സാന്നിധ്യം, പരിശീലന സമയക്രമം, കായികതാരങ്ങൾക്കൊപ്പം വിദേശത്തേക്ക് അയക്കേണ്ട സഹായ ഉദ്യോഗസ്ഥരുടെ വിന്യാസം, അപ്രതീക്ഷിത സാഹചര്യങ്ങൾ നേരിടാനുള്ള മുൻകരുതൽ പദ്ധതികൾ തുടങ്ങി ഗെയിംസുമായി ബന്ധപ്പെട്ട രൂപരേഖയെക്കുറിച്ച് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിലെയും കായിക മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ വിശദീകരിച്ചു.

ഗ്ലാസ്‌ഗോയിൽ നടക്കാനിരിക്കുന്ന 2026-ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പങ്കാളിത്തം സജീവമാക്കുന്നതിനും വിപുലമായ ഒരുക്കങ്ങൾ ഉറപ്പാക്കുന്നതിനുമായി കായിക മന്ത്രാലയം, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, ഗുജറാത്ത് ഗവൺമെന്റ് എന്നിവരുടെ സംയുക്ത പ്രതിജ്ഞാബദ്ധതയെ അവലോകന യോഗം ആവർത്തിച്ച് ഉറപ്പിച്ചു.
****
( റിലീസ് ഐ.ഡി: 2261555)
സന്ദര്‍ശക കൗണ്ടര്‍ : 5