വാണിജ്യ വ്യവസായ മന്ത്രാലയം
ഇന്ത്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 2026-ലെ കിംബെർലി പ്രോസസ് ഇടക്കാല സമ്മേളനത്തിന് മുംബൈയിൽ സമാപനം; പ്രകൃതിദത്ത വജ്രമേഖലയുടെ ഭാവിയ്ക്ക് ഊന്നല്‍
പോസ്റ്റഡ് ഓണ്‍:
15 MAY 2026 11:53AM by PIB Thiruvananthpuram
ഇന്ത്യയുടെ അധ്യക്ഷതയിൽ ചേര്‍ന്ന 2026-ലെ കിംബെർലി പ്രോസസ് ഇടക്കാല സമ്മേളനം മുംബൈയിൽ സമാപിച്ചു. പ്രകൃതിദത്ത വജ്ര മേഖലയുടെ ഭാവി സംബന്ധിച്ച നാല് ദിവസത്തെ ചർച്ചകളിൽ കിംബെർലി പ്രോസസ് അംഗങ്ങളും നിരീക്ഷകരും വ്യവസായ പ്രമുഖരും സാമൂഹ്യ സംഘടനകളും പങ്കെടുത്തു.
ഡയമണ്ടിന്റെ കട്ടിങിലെയും പോളിഷിങിലെയും ആഗോള മുൻനിര കേന്ദ്രമെന്ന നിലയിൽ പ്രകൃതിദത്ത വജ്രം വിശ്വാസ്യതയുടെയും ഉത്തരവാദിത്തത്തിന്റെയും പങ്കിട്ട സമൃദ്ധിയുടെയും പ്രതീകമായി നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിൽ കിംബെർലി പ്രോസസിന്റെ സുപ്രധാന പങ്കിനെ ഇന്ത്യ അംഗീകരിക്കുന്നതായി സമാപന സെഷനില്‍ സ്വാഗതമാശംസിച്ച കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയുടെ അധ്യക്ഷതയില്‍ വിശ്വാസ്യത, അനുവര്‍ത്തനം, ഉപഭോക്തൃ ആത്മവിശ്വാസം എന്നീ ആശയങ്ങളിലൂന്നി മുന്നോട്ടുപോകാനും കിംബെർലി പ്രോസസിന് ആഗോള വിപണിയിൽ കൂടുതൽ കരുത്തേകുന്നതിന് എല്ലാ പങ്കാളികളുമായും ചേർന്ന് പ്രവർത്തിക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉല്പാദന, സംസ്കരണ, ഉപഭോഗ രാജ്യങ്ങളിലായി ദശലക്ഷക്കണക്കിന് പേരുടെ ഉപജീവനമാർഗമാണ് പ്രകൃതിദത്ത വജ്ര മേഖലയെന്നും വ്യവസായത്തിന്റെയും ഉപഭോക്താക്കളുടെയും പ്രതീക്ഷകൾക്കനുസരിച്ച് സുതാര്യവും പ്രതികരണാത്മകവുമായ കിംബെർലി പ്രോസസിനായി ഇന്ത്യ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ അധ്യക്ഷതയില്‍ വിശ്വാസ്യത, അനുവര്‍ത്തനം, ഉപഭോക്തൃ ആത്മവിശ്വാസം എന്നിവയിലൂന്നിയ പ്രമേയത്തിന് കീഴിൽ ചേര്‍ന്ന സമ്മേളനം കിംബെർലി പ്രോസസ് ചട്ടക്കൂടിന്റെ വിശ്വാസവും സഹകരണവും ശക്തിപ്പെടുത്തുന്ന ചർച്ചകൾക്ക് ആക്കംകൂട്ടി. നിരീക്ഷണം, സാങ്കേതിക പ്രക്രിയകൾ, ഭരണനിര്‍വഹണം, സ്ഥിതിവിവരക്കണക്കുകൾ, ചെറുകിട ഉല്പാദനം എന്നിവ സംബന്ധിച്ച് ഇടക്കാല സമ്മേളനത്തില്‍ പ്രവര്‍ത്തക സമിതികളും കമ്മിറ്റികളും വിശദമായ ചർച്ചകൾ നടത്തി. സുതാര്യത വർധിപ്പിക്കുന്നതിലും പ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിലും പ്രകൃതിദത്ത വജ്ര മൂല്യശൃംഖലയിലുടനീളം വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിലുമാണ് സമ്മേളനം ശ്രദ്ധ കേന്ദ്രീകരിച്ചത്.
കിംബെർലി പ്രോസസിനെ ആഗോള വജ്ര വ്യാപാരത്തിലെയും ഉപഭോക്തൃ പ്രതീക്ഷകളിലെയും മാറ്റങ്ങൾക്കനുസരിച്ച് വിശ്വാസ്യതയുള്ളതും പ്രസക്തവുമാക്കി നിലനിർത്തുന്നതിൽ പങ്കാളികളുടെ പങ്കിട്ട പ്രതിജ്ഞാബദ്ധതയാണ് മുംബൈയിലെ പുരോഗതി പ്രതിഫലിപ്പിക്കുന്നതെന്ന് 2026-ലെ കിംബെര്‍ലി പ്രോസസ് അധ്യക്ഷന്‍ ശ്രീ സുചിന്ദ്ര മിശ്ര പറഞ്ഞു. പ്രകൃതിദത്ത വജ്ര വ്യാപാരത്തിന്റെ അടിസ്ഥാനം വിശ്വാസ്യതയാണെന്ന് എടുത്തുപറഞ്ഞ അദ്ദേഹം ഉത്തരവാദിത്തപൂർണമായ സ്രോതസ്സിനും സുതാര്യതയ്ക്കും ആത്മവിശ്വാസത്തിനും കിംബെർലി പ്രോസസിനെ മുഖ്യസ്തംഭമായി ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. .
ഉല്പാദന രാജ്യങ്ങളിലും സമൂഹങ്ങളിലും ഉത്തരവാദിത്തപൂര്‍ണമായ സ്രോതസ്സുകൾ കണ്ടെത്തൽ, വികസന ഫലങ്ങൾ, ഉപജീവന പിന്തുണ എന്നിവയുൾപ്പെടെ കിംബെർലി പ്രോസസിന്റെ മികച്ച സ്വാധീനം ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ ആശയവിനിമയവും പ്രചാരണ പ്രവർത്തനങ്ങളും ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും സമ്മേളനം എടുത്തുപറഞ്ഞു.
ഇടക്കാല സമ്മേളനത്തിലെ ചർച്ചകൾ ഈ വർഷം അവസാനം ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന കിംബെര്‍ലി പ്രോസസ് പ്ലീനറി യോഗത്തിൽ തുടരും. ഇന്ത്യയുടെ അധ്യക്ഷതയിൽ 2026-ലുടനീളം വിശ്വാസ്യതയിലും അനുവര്‍ത്തനത്തിലും ഉപഭോക്തൃ ആത്മവിശ്വാസത്തിലും ശ്രദ്ധകേന്ദ്രീകരിക്കും.
ലോക ഡയമണ്ട് കൗൺസിൽ, സിവിൽ സൊസൈറ്റി സഖ്യകക്ഷി അംഗങ്ങൾ, വ്യവസായ സംഘടനകൾ തുടങ്ങിയവർ സമ്മേളനത്തില്‍ പങ്കെടുത്തു. സർക്കാരുകളെയും വ്യവസായ രംഗത്തെയും പൊതുസമൂഹത്തെയും ഒന്നിച്ചുകൊണ്ടുവരുന്ന കിംബെർലി പ്രോസസിന്റെ സവിശേഷ ത്രികക്ഷി ഘടനയും സമവായത്തിലധിഷ്ഠിതമായ സമീപനവും അതിന്റെ സുപ്രധാന ശക്തിയാണെന്ന് അധ്യക്ഷന്‍ വ്യക്തമാക്കി.
ഐക്യരാഷ്ട്ര പൊതു സഭയുടെ 2000-ത്തിലെ 55/56 പ്രമേയത്തിന് കീഴിൽ സ്ഥാപിതമായ കിംബെർലി പ്രോസസ് സാക്ഷ്യപ്പെടുത്തല്‍ സംരംഭം സംഘര്‍ഷമേഖലകളിലെ അനധികൃത വജ്രങ്ങൾ നിയമാനുസൃത വ്യാപാരത്തിലേക്ക് പ്രവേശിക്കുന്നത് തടയാനും ഉത്തരവാദിത്തപൂർണമായ രീതികൾ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്ന ആഗോള സംരംഭമാണ്. ഡയമണ്ട് കട്ടിങിലും പോളിഷിങിലും ആഗോള തലത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യ കിംബെർലി പ്രോസസിന്റെ ലക്ഷ്യങ്ങളോടും പ്രകൃതിദത്ത വജ്ര മേഖലയിലെ സുസ്ഥിരതയോടും ഉത്തരവാദിത്തത്തോടും പ്രതിജ്ഞാബദ്ധത ആവർത്തിച്ചു.
( റിലീസ് ഐ.ഡി: 2261392)
സന്ദര്‍ശക കൗണ്ടര്‍ : 9