ഉപരാഷ്ട്രപതിയുടെ കാര്യാലയം
ന്യൂഡല്‍ഹി എയിംസിന്റെ 51-ാമത് ബിരുദദാന ചടങ്ങിനെ ഉപരാഷ്ട്രപതി അഭിസംബോധന ചെയ്തു
പോസ്റ്റഡ് ഓണ്‍:
12 MAY 2026 6:18PM by PIB Thiruvananthpuram
ഉപരാഷ്ട്രപതി ശ്രീ. സി.പി. രാധാകൃഷ്ണന്‍ ഇന്ന്, ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) 51-ാമത് ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്തു.
ആരോഗ്യ പരിപാലന മേഖലയില്‍ എയിംസ് നല്കുന്ന സംഭാവനകളെക്കുറിച്ച് എടുത്തുപറഞ്ഞ ഉപരാഷ്ട്രപതി, സാധാരണക്കാര്‍ക്ക് അസാധാരണമാംവിധം കുറഞ്ഞ ചെലവില്‍ ചികിത്സ ലഭ്യമാക്കിക്കൊണ്ടുതന്നെ, മെഡിക്കല്‍ നവീകരണത്തിന്റേയും ആരോഗ്യരംഗത്തെ മികവിന്റേയും രാജ്യത്തെ പ്രധാന ചാലകശക്തിയായി ഈ സ്ഥാപനം ഉയര്‍ന്നുവന്നിട്ടുണ്ടെന്നും, രോഗീപരിചരണത്തിലും ആധുനിക വൈദ്യശാസ്ത്രത്തിലും ഏറ്റവും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നുണ്ടെന്നും പറഞ്ഞു. മഹാമാരികളെ അതിജീവിക്കാനുള്ള കരുത്ത് മുതല്‍ ഗ്രാമീണ ആരോഗ്യ സേവന പ്രവര്‍ത്തനങ്ങള്‍ വരെ കണക്കിലെടുത്താല്‍, 'എയിംസ് ബ്രാന്‍ഡ്' എന്നത് ഇന്ത്യയിലുടനീളവും തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലും വിശ്വാസ്യതയുടേയും സമഗ്രതയുടേയും പര്യായമായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അക്കാദമിക് നിലവാരത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ വലിയ തോതിലുള്ള രോഗികളെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയും എയിംസ് പ്രസിഡന്റുമായ ശ്രീ. ജഗത് പ്രകാശ് നദ്ദയേയും എയിംസിന്റെ ഡയറക്ടറേയും ഫാക്കല്‍റ്റി അംഗങ്ങളേയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. വൈദ്യശാസ്ത്ര മികവിനോടൊപ്പം ധാര്‍മ്മികതയും സഹാനുഭൂതിയും ഒത്തിണങ്ങിയ പണ്ഡിതന്മാരെ എയിംസ് പതിറ്റാണ്ടുകളായി വളര്‍ത്തിയെടുക്കുന്നുണ്ടെന്നും, ഇവിടുത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ലോകമെമ്പാടുമുള്ള പ്രശസ്തമായ സ്ഥാപനങ്ങളില്‍ മുന്‍നിര സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ആദ്യം അന്റാര്‍ട്ടിക്കയില്‍ വിദൂര നിയന്ത്രിത റോബോട്ടിക് അള്‍ട്രാസൗണ്ട് നടത്തിയ എയിംസിന്റെ നേട്ടത്തെ പരാമര്‍ശിച്ചുകൊണ്ട്, ഇന്ത്യന്‍ ക്ലിനിക്കല്‍ മികവിന് ഭൂമിശാസ്ത്രപരമായ തടസ്സങ്ങള്‍ ഇനിയൊരു തടസ്സമല്ലെന്ന് ഈ നേട്ടം തെളിയിച്ചതായി ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. കൂടാതെ, ആരോഗ്യരംഗത്തെ നിര്‍മ്മിതബുദ്ധിയ്ക്കായുള്ള (എഐ) ഇന്‍ഡോഫ്രഞ്ച് സെന്റര്‍ ഉള്‍പ്പെടെ, ഇന്‍സ്റ്റിറ്റിയൂട്ട് വിപുലീകരിച്ചുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര സഹകരണങ്ങളെക്കുറിച്ചും അദ്ദേഹം എടുത്തുപറഞ്ഞു.
ആരോഗ്യ പരിപാലനത്തിലും മെഡിക്കല്‍ വിദ്യാഭ്യാസത്തിലും എയിംസ് ഇപ്പോള്‍ ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിക്കുകയാണെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. ക്യു.എസ് വേള്‍ഡ് റാങ്കിംഗിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ 40 സ്ഥാനങ്ങള്‍ ഉയര്‍ന്ന് എയിംസ് ആഗോളതലത്തില്‍ 105-ാം സ്ഥാനത്തെത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്‍സ്റ്റിറ്റിയൂട്ട് ഉടന്‍ തന്നെ ആദ്യ 100 സ്ഥാനങ്ങളില്‍ ഇടംപിടിക്കുമെന്നും, ഒരു ദിവസം ലോകത്തിലെ ഒന്നാം നമ്പര്‍ സ്ഥാപനമായി ഉയര്‍ന്നുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടാതെ, എന്‍.ഐ.ആര്‍.എഫ് മെഡിക്കല്‍ വിഭാഗത്തില്‍ 2018 മുതല്‍ 2025 വരെ തുടര്‍ച്ചയായി എയിംസ് ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍സ്റ്റിറ്റിയൂട്ടിലെ ഫാക്കല്‍റ്റികളേയും ഗവേഷകരേയും അഭിനന്ദിച്ച ഉപരാഷ്ട്രപതി, വര്‍ഷങ്ങളായി ഇവിടുത്തെ ഫാക്കല്‍റ്റി അംഗങ്ങള്‍ക്ക് ലഭിച്ച നിരവധി പത്മ പുരസ്‌കാരങ്ങളില്‍ എയിംസിന്റെ മികവ് പ്രതിഫലിക്കുന്നുണ്ടെന്ന് പറഞ്ഞു. ഈ വിശിഷ്ട പട്ടികയില്‍ 2 പത്മവിഭൂഷണ്‍, 15 പത്മഭൂഷണ്‍, 51 പത്മശ്രീ പുരസ്‌കാര ജേതാക്കള്‍ ഉള്‍പ്പെടുന്നുണ്ടെന്നും, കൂടാതെ 57 ഫാക്കല്‍റ്റി അംഗങ്ങള്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയുടെ ലോകത്തെ മികച്ച രണ്ട് ശതമാനം ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം എയിംസ് സ്ഥാപനങ്ങള്‍ വ്യാപിപ്പിച്ചത് എടുത്തുപറഞ്ഞുകൊണ്ട്, ഈ വിപുലീകരണം മതിയായ സേവനം ലഭിക്കാത്ത പ്രദേശങ്ങളിലെ ആരോഗ്യ സേവന വിതരണത്തെ ഗണ്യമായി ശക്തിപ്പെടുത്തിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി രാജ്യത്തുടനീളം കൂടുതല്‍ മെഡിക്കല്‍, നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കുന്നതിനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.
ബിരുദധാരികളായ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത ഉപരാഷ്ട്രപതി, ഇന്ത്യയുടെ ആരോഗ്യ പരിപാലന മേഖല ഒരു നിര്‍ണ്ണായക ഘട്ടത്തിലൂടെ കടന്നുപോകുന്ന വേളയിലാണ് അവര്‍ ഈ തൊഴില്‍മേഖലയിലേക്ക് പ്രവേശിക്കുന്നതെന്ന് ഓര്‍മ്മിപ്പിച്ചു. 'ഒരു രാഷ്ട്രം, ഒരു ആരോഗ്യം' എന്ന കാഴ്ചപ്പാട് കൂടുതല്‍ സംയോജിതവും നീതിയുക്തവും ഭാവിയിലേക്ക് സജ്ജവുമായ ഒരു ആരോഗ്യ പരിപാലന സംവിധാനത്തിന് രൂപം നല്കുന്ന കാലഘട്ടമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആരോഗ്യ പരിപാലനത്തില്‍ സഹാനുഭൂതിയും നൂതനത്വവും പൊതുജന വിശ്വാസവും വളര്‍ത്തിയെടുക്കാന്‍ യുവ ഡോക്ടര്‍മാരോടും ശാസ്ത്രജ്ഞരോടും ആരോഗ്യപ്രവര്‍ത്തകരോടും അദ്ദേഹം ആഹ്വാനം ചെയ്തു.
എഐ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ വൈദ്യശാസ്ത്രത്തിലും മറ്റ് നിരവധി മേഖലകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നുണ്ടെങ്കിലും, ഒരു രോഗിയുടെ കിടക്കയ്ക്ക് അരികില്‍ ഡോക്ടറുടെ സാന്നിധ്യം നല്കുന്ന ധാര്‍മ്മികമായ മൂല്യത്തിന് പകരമാവാന്‍ ഒരു നിര്‍മ്മിത ബുദ്ധിക്കും കഴിയില്ലെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തൊഴിലില്‍ എപ്പോഴും സഹാനുഭൂതിയും സത്യസന്ധതയും മാനുഷിക മൂല്യങ്ങളും മുറുകെ പിടിക്കാന്‍ അദ്ദേഹം ബിരുദധാരികളോട് ആഹ്വാനം ചെയ്തു.
ബിരുദം നേടിയ വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചുകൊണ്ട്, അവര്‍ ധരിക്കുന്ന വെള്ള കോട്ട് കേവലം വ്യക്തിപരമായ വിജയത്തിനപ്പുറമുള്ള വലിയ പ്രതീക്ഷകളെയാണ് പ്രതിനിധീകരിക്കുന്നതെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. വിനയത്തോടും മികവോടും സഹാനുഭൂതിയോടും കൂടി സമൂഹത്തെ സേവിക്കണമെന്നും, അവരുടെ ഓരോ പ്രവൃത്തിയും പ്രൊഫഷണല്‍ വൈദഗ്ധ്യത്തിനൊപ്പം സമൂഹത്തിന്റെ വലിയ നന്മയ്ക്കായുള്ള അര്‍പ്പണബോധവും പ്രതിഫലിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം അവരോട് അഭ്യര്‍ത്ഥിച്ചു.
ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രിയും ന്യൂഡല്‍ഹി എയിംസ് പ്രസിഡന്റുമായ ശ്രീ. ജഗത് പ്രകാശ് നദ്ദ, എയിംസ് ഡയറക്ടര്‍ പ്രൊഫ. നിഖില്‍ ടണ്ടന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഡീന്‍ പ്രൊഫ. രാധിക ടണ്ടന്‍, ഇന്‍സ്റ്റിറ്റിയൂട്ട് രജിസ്ട്രാര്‍ പ്രൊഫ. ഗിരിജ പ്രസാദ് രഥ്, ഫാക്കല്‍റ്റി അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, മറ്റ് വിശിഷ്ടാതിഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
****
( റിലീസ് ഐ.ഡി: 2260447)
സന്ദര്‍ശക കൗണ്ടര്‍ : 7