പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ ഹർദോയിയിൽ 594 കിലോമീറ്റർ ദൈർഘ്യമുള്ള ആക്സസ് കൺട്രോൾഡ് ഗ്രീൻഫീൽഡ് ഗംഗാ അതിവേഗ പാതയുടെ ഉദ്ഘാടനം നിർവ്വഹിച്ചു


ഈ പരിവർത്തനപരമായ അടിസ്ഥാന സൗകര്യ പദ്ധതി ഉത്തർപ്രദേശിലുടനീളം കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും പുരോഗതിക്ക് കരുത്തേകുകയും ചെയ്യും: പ്രധാനമന്ത്രി

ആയിരക്കണക്കിന് വർഷങ്ങളായി ഗംഗാമാതാവ് ഉത്തർപ്രദേശിന്റെയും ഈ രാജ്യത്തിന്റെയും ജീവരക്തമായിരിക്കുന്നത് പോലെ തന്നെ, ആധുനിക പുരോഗതിയുടെ ഈ കാലഘട്ടത്തിൽ, ഗംഗാ നദിക്ക് സമീപത്തുകൂടി കടന്നുപോകുന്ന ഈ അതിവേഗ പാത ഉത്തർപ്രദേശിന്റെ വികസനത്തിന്റെ പുതിയ ജീവരക്തമായി മാറും: പ്രധാനമന്ത്രി

അടുത്തിടെ, ഡൽഹി-ഡെറാഡൂൺ അതിവേഗ പാത രാഷ്ട്രത്തിന് സമർപ്പിക്കാൻ എനിക്ക് അവസരം ലഭിച്ചു.

വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ വിധി രൂപപ്പെടുത്തുന്ന ജീവനാഡികളാണ് ഉയർന്നുവരുന്ന ഈ അതിവേഗ പാതകളെന്നും, ഈ ആധുനിക പാതകൾ ഇന്ത്യയുടെ ശോഭനമായ ഭാവി വിളിച്ചോതുന്നവയാണെന്നും ഞാൻ അന്ന് സൂചിപ്പിച്ചിരുന്നു: പ്രധാനമന്ത്രി

ഗംഗാ അതിവേഗ പാത ഉത്തർപ്രദേശിന്റെ ഒരറ്റത്തെ മറ്റേ അറ്റവുമായി ബന്ധിപ്പിക്കുക മാത്രമല്ല, എൻസിആർ (NCR) മേഖലയിലെ അനന്തമായ സാധ്യതകളെ കൂടുതൽ അടുത്തേക്ക് കൊണ്ടുവരികയും ചെയ്യും: പ്രധാനമന്ത്രി

प्रविष्टि तिथि: 29 APR 2026 3:10PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉത്തർപ്രദേശിലെ ഹർദോയിയിൽ 594 കിലോമീറ്റർ നീളമുള്ള ആക്‌സസ് കൺട്രോൾഡ് ഗ്രീൻഫീൽഡ് ഗംഗാ അതിവേഗ പാത  ഉദ്ഘാടനം ചെയ്തു. നരസിംഹമൂർത്തിയുടെ പുണ്യഭൂമിയെയും ഏതാനും കിലോമീറ്റർ മാത്രം അകലെയുള്ള ഗംഗാമാതാവിന്റെ സാന്നിധ്യത്തെയും വണങ്ങിക്കൊണ്ട് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി, ഈ പ്രദേശം മുഴുവൻ ഗംഗാ നദിയുടെ ആത്മീയവും  സകലരേയും പരിപാലിക്കുന്നതുമായ കൃപയാൽ അനുഗ്രഹിക്കപ്പെട്ട ഒരു തീർത്ഥാടന കേന്ദ്രമാണെന്ന് ഊന്നിപ്പറഞ്ഞു. "ഉത്തർപ്രദേശിന് ലഭിച്ചിട്ടുള്ള എക്സ്പ്രസ് വേകളുടെ ഈ വരദാനം ഗംഗാമാതാവിന്റെ തന്നെ അനുഗ്രഹമാണ്," - ശ്രീ മോദി പ്രസ്താവിച്ചു. പുണ്യസ്ഥലങ്ങളിലേക്കുള്ള യാത്ര വെറും മണിക്കൂറുകൾക്കുള്ളിലാക്കി മാറ്റാൻ ഈ അതിവേഗ പാത  എങ്ങനെ സഹായിക്കുമെന്നതും അദ്ദേഹം എടുത്തുപറഞ്ഞു.

ഗംഗാമാതാവിന്റെ കാലാതീതമായ പ്രാധാന്യവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും തമ്മിലുള്ള സാമ്യം ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, സംസ്ഥാനത്തിന്റെ വികസന യാത്രയിൽ ഈ അതിവേഗ പാത  വഹിക്കുന്ന പരിവർത്തനപരമായ പങ്കിനെ ഊന്നിപ്പറഞ്ഞു. പുതുതായി നിർമ്മിച്ച ഈ ഉയരപാതകൾ  വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ജീവനാഡികളാണെന്ന് സൂചിപ്പിച്ചുകൊണ്ട് ശ്രീ മോദി പറഞ്ഞു, "ഈ ആധുനിക ജീവനാഡികൾ ഇന്ന് ഇന്ത്യയുടെ ശോഭനമായ ഭാവി പ്രഖ്യാപിക്കുകയാണ്."

തന്റെ സമീപകാല ആത്മീയ ഇടപെടലുകളെക്കുറിച്ച് ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, കഴിഞ്ഞ ദിവസങ്ങളിൽ, ഏപ്രിൽ 24 ന് ബംഗാളിൽ നിന്ന് കാശിയിലേക്കും ഇന്ന് രാവിലെയും, മാ ഗംഗയ്ക്ക് സമീപമുള്ള തന്റെ സാന്നിധ്യം വിശ്വാസത്തിന്റെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും ശ്രദ്ധേയമായ സംയോജനമാണെന്ന് നിരീക്ഷിച്ചു. എക്സ്പ്രസ് വേയ്ക്ക് മാ ഗംഗയുടെ പേര് നൽകാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച ശ്രീ മോദി, "ഇത് ഞങ്ങളുടെ വികസന ദർശനത്തെ പ്രതിഫലിപ്പിക്കുകയും ഞങ്ങളുടെ പൈതൃകത്തിന്റെ നേർക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു" എന്ന് പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിൽ ഗവൺമെൻറ് കൈവരിച്ച വേഗതയെ ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, രാജ്യത്തെ ഏറ്റവും നീളം കൂടിയ ഗ്രീൻ കോറിഡോർ അതിവേഗപാതയായ  ഗംഗാ എക്സ്പ്രസ് വേ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കിയ കാര്യം എടുത്തുപറഞ്ഞു. അതിവേഗ ആധുനികവൽക്കരണത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടു, "ഇതാണ് നിലവിലെ ഗവൺമെൻ്റിൻ്റെ  പ്രവർത്തന വേഗത! ഇതാണ് നിലവിലെ ഗവൺമെൻറ് പ്രവർത്തിക്കുന്ന രീതി!"

അതിവേഗ പാതയുടെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിച്ച പ്രധാനമന്ത്രി, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ വാണിജ്യ കേന്ദ്രങ്ങളെയും മധ്യ ഉത്തർപ്രദേശിലെ കാർഷിക മേഖലകളെയും കിഴക്കൻ ഉത്തർപ്രദേശിലെ സാംസ്കാരിക കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഇതിന്റെ 600 കിലോമീറ്റർ ദൈർഘ്യം പന്ത്രണ്ട് ജില്ലകളിലെ കോടിക്കണക്കിന് പൗരന്മാർക്ക് ഏറെ  ഗുണകരമാകുമെന്ന്  ചൂണ്ടിക്കാട്ടി. "ഗംഗാ എക്സ്പ്രസ് വേ വെറുമൊരു അതിവേഗ പാത മാത്രമല്ല. ഇത് പുതിയ സാധ്യതകളിലേക്കും പുതിയ സ്വപ്നങ്ങളിലേക്കും പുതിയ അവസരങ്ങളിലേക്കുമുള്ള ഒരു കവാടമാണ്," എന്ന് ശ്രീ മോദി ഉറപ്പിച്ചു പറഞ്ഞു.

കാർഷിക മേഖല നേരിടുന്ന വിട്ടുമാറാത്ത വെല്ലുവിളികളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, ഈ ഫലഭൂയിഷ്ഠമായ പ്രദേശങ്ങളിലെ കർഷകർക്ക് മതിയായ ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യങ്ങളുടെയും കോൾഡ് സ്റ്റോറേജ് സംവിധാനങ്ങളുടെയും അഭാവം മൂലം പ്രധാന വിപണികളിൽ എത്തിച്ചേരാൻ ചരിത്രപരമായി വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു എന്ന് നിരീക്ഷിച്ചു. മെച്ചപ്പെട്ട കണക്റ്റിവിറ്റിയിലൂടെ വരാനിരിക്കുന്ന വലിയ മാറ്റങ്ങളെക്കുറിച്ച് ഉറച്ചു പറഞ്ഞുകൊണ്ട് അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചു, "ഇത് നമ്മുടെ കർഷകരുടെ വരുമാനം വർദ്ധിപ്പിക്കും."

അതിവേഗ പാതയുടെ കണക്റ്റിവിറ്റി ഗുണങ്ങളെക്കുറിച്ച് എടുത്തുപറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു, "ഇത് ഉത്തർപ്രദേശിന്റെ ഒരറ്റത്തെ മറ്റേ അറ്റവുമായി ബന്ധിപ്പിക്കുമ്പോൾ തന്നെ, നാഷണൽ ക്യാപിറ്റൽ റീജിയണിലെ (NCR) വലിയ സാധ്യതകളെ കൂടുതൽ അടുത്തേക്ക് കൊണ്ടുവരുകയും ചെയ്യും. വാഹനങ്ങൾ ഇതിലൂടെ ഓടിത്തുടങ്ങുന്നതോടെ ഇതിന്റെ ഇരുവശങ്ങളിലുമായി പുതിയ വ്യവസായ അവസരങ്ങൾ വികസിച്ചുവരും."

അതിവേഗ പാതയുടെ ഇരുവശങ്ങളിലുമായി ഉയർന്നുവരുന്ന വ്യവസായ അവസരങ്ങളെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, കൈത്തറി, തുകൽ ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നീ മേഖലകളിൽ മാനുഫാക്ചറിംഗ് ക്ലസ്റ്ററുകളെ ആകർഷിക്കുന്നതിനായി ഹർദോയ് പോലുള്ള ജില്ലകളിൽ തന്ത്രപരമായി വ്യവസായ ഇടനാഴികൾ വികസിപ്പിക്കുന്നുണ്ടെന്നും ഇത് യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും വ്യക്തമാക്കി. മുദ്ര യോജന, ഒഡിഒപി (ഒരു ജില്ല ഒരു ഉൽപ്പന്നം) തുടങ്ങിയ പദ്ധതികളിലൂടെ ശാക്തീകരിക്കപ്പെട്ട സംസ്ഥാനത്തെ യുവാക്കളുടെ സംരംഭകത്വ മനോഭാവത്തെ പ്രശംസിച്ച പ്രധാനമന്ത്രി, ചെറുകിട വ്യവസായങ്ങൾക്കും എംഎസ്എംഇകൾക്കും (MSME) ഇത് ഉത്തേജനം നൽകുന്നുണ്ടെന്നും, പുതിയ പാതകൾ അവർക്കായി മെച്ചപ്പെട്ട കണക്റ്റിവിറ്റി സാധ്യമാക്കുമെന്നും  നിരീക്ഷിച്ചു."ഇവയെല്ലാം വലിയ തോതിൽ ആഭ്യന്തര-അന്തർദേശീയ വിപണികളിലേക്ക് എത്തും. ഇത് ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കും," ശ്രീ മോദി പറഞ്ഞു.

ഉത്തർപ്രദേശിന്റെ ശ്രദ്ധേയമായ പരിവർത്തനത്തെക്കുറിച്ച് എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഒരുകാലത്ത് പിന്നാക്കമെന്നും 'ബിമാരു' എന്നും മുദ്രകുത്തപ്പെട്ട സംസ്ഥാനം ഇന്ന് ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ലക്ഷ്യത്തിലേക്ക് കുതിക്കുകയാണെന്ന് അനുസ്മരിച്ചു. സംസ്ഥാനത്തിന്റെ വലിയ ശേഷിയും രാജ്യത്തെ യുവാക്കളുടെ കരുത്തും മുൻനിർത്തി വലിയ തയ്യാറെടുപ്പുകളോടെയാണ് ഈ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ ജനസംഖ്യാപരമായ നേട്ടം  പ്രയോജനപ്പെടുത്തുന്നതിനുള്ള തന്ത്രം വിശദീകരിച്ചുകൊണ്ട്, ഉത്തർപ്രദേശിനെ ഒരു മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റാനാണ് ഈ കരുത്ത് ഉപയോഗിക്കുന്നതെന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. അവിടെ പുതിയ വ്യവസായങ്ങളും ഫാക്ടറികളും സ്ഥാപിക്കപ്പെടും, വൻതോതിലുള്ള നിക്ഷേപങ്ങൾ എത്തും, സാമ്പത്തിക പുരോഗതി വേഗത്തിലാകും, യുവാക്കൾക്കായി ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ലോകത്തെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാണ രാജ്യമായി ഇന്ത്യ മാറിയതും അതിന്റെ പകുതിയോളം ഉൽപ്പാദനം ഉത്തർപ്രദേശിൽ നടക്കുന്നതും ചൂണ്ടിക്കാട്ടിക്കൊണ്ട് ശ്രീ മോദി ഇപ്രകാരം  നിരീക്ഷിച്ചു, "ഇക്കാര്യത്തിൽ ഉത്തർപ്രദേശ് വലിയ സംഭാവനയാണ് നൽകിയിരിക്കുന്നത്."

നൂതന സാങ്കേതിക വിദ്യാരംഗത്ത് സംസ്ഥാനം കൈവരിച്ചുകൊണ്ടിരിക്കുന്ന മുന്നേറ്റത്തെ അടിവരയിട്ടു കാണിച്ച പ്രധാനമന്ത്രി, നോയിഡയിൽ അടുത്തിടെ നടന്ന തറക്കല്ലിടലിന് പിന്നാലെ സെമികണ്ടക്ടർ നിർമ്മാണ മേഖലയിൽ ഉത്തർപ്രദേശ് കൈവരിച്ച പുരോഗതിയെക്കുറിച്ച് സംസാരിച്ചു. "അനന്തമായ സാധ്യതകൾ നിറഞ്ഞ വലിയ മേഖലകളാണ് ഭാവിയിൽ ഉത്തർപ്രദേശിലെ ജനങ്ങൾക്കായി തുറക്കപ്പെടുന്നത്," എന്ന് കുറിച്ച ശ്രീ മോദി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ സംസ്ഥാനത്തെ ഒരു മുൻനിര ശക്തിയായി അടയാളപ്പെടുത്തി.

ഉത്തർപ്രദേശിന്റെ വ്യവസായ വികസനത്തെ ദേശീയ സുരക്ഷയുടെ തന്ത്രപ്രധാനമായ ആസ്തിയായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ രണ്ട് പ്രതിരോധ ഇടനാഴികളിൽ ഒന്ന് ഈ സംസ്ഥാനത്താണെന്നും പ്രമുഖ പ്രതിരോധ ഉപകരണ നിർമ്മാതാക്കൾ ഇവിടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ചു. ആഗോളതലത്തിൽ ആദരിക്കപ്പെടുന്ന ബ്രഹ്മോസ് മിസൈലുകൾ പോലുള്ള സംവിധാനങ്ങൾ ഉത്തർപ്രദേശിൽ നിർമ്മിക്കുന്ന കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ശ്രീ മോദി ഇപ്രകാരം പറഞ്ഞു, "ഉത്തർപ്രദേശിന്റെ വ്യാവസായിക വികസനം ഇന്ന് ഇന്ത്യയുടെ തന്ത്രപ്രധാനമായ കരുത്തായി മാറുകയാണ്."

ഉത്തർപ്രദേശിന്റെ കണക്റ്റിവിറ്റി അടിസ്ഥാന സൗകര്യങ്ങളുടെ സമഗ്രമായ ആധുനികവൽക്കരണത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, വളരെ കുറഞ്ഞ എണ്ണത്തിൽ നിന്നും 5 അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 21 വിമാനത്താവളങ്ങളിലേക്ക് ശൃംഖല വിപുലീകരിച്ചതായി അറിയിച്ചു. പുതുതായി ഉദ്ഘാടനം ചെയ്ത നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഗംഗാ അതിവേഗ പാത ഇടനാഴിയിൽ നിന്ന് ഏതാനും മണിക്കൂറുകളുടെ ദൂരത്തിൽ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിന്റെ നിലവിലെ പാതയെ അതിന്റെ പ്രശ്നഭരിതമായ ഭൂതകാലവുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി, സംസ്ഥാനം കുറ്റകൃത്യങ്ങൾക്കും നിയമരാഹിത്യത്തിനും പേരുകേട്ട പഴയ കാലഘട്ടവും, ക്രമസമാധാനം മാതൃകാപരമായി മാറിയ ഇന്നത്തെ യാഥാർത്ഥ്യവും തമ്മിലുള്ള വലിയ വ്യത്യാസം ചൂണ്ടിക്കാട്ടി. "ഇന്ന് ഉത്തർപ്രദേശിലെ ക്രമസമാധാന നില രാജ്യത്തുടനീളം ഒരു ഉദാഹരണമായി ഉദ്ധരിക്കപ്പെടുന്നു," ശ്രീ മോദി പറഞ്ഞു.

ഇന്ത്യയുടെ വിശാലമായ നാഗരികവും സാമ്പത്തികവുമായ ലക്ഷ്യങ്ങൾക്കുള്ളിൽ ഉത്തർപ്രദേശിന്റെ വികസനത്തെ പ്രതിഷ്ഠിച്ച പ്രധാനമന്ത്രി, സംസ്ഥാനത്തിന്റെ ഈ പരിവർത്തനം രാജ്യത്തിന്റെ പ്രധാന ദൃഢനിശ്ചയത്തെയാണ് ഉൾക്കൊള്ളുന്നതെന്ന് ഉറപ്പിച്ചു പറഞ്ഞു. "ഇന്ന് രാജ്യം മുഴുവൻ ഒരു ലക്ഷ്യവുമായി മുന്നേറുകയാണ് — വികസിത ഭാരതം എന്ന ലക്ഷ്യം! ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ ഉത്തർപ്രദേശിന് വലിയ പങ്കുവഹിക്കാനുണ്ട്," ശ്രീ മോദി പ്രസ്താവിച്ചു.

ആഗോള അസ്ഥിരതയെയും ഇന്ത്യയുടെ വളർച്ചയോടുള്ള ബാഹ്യമായ എതിർപ്പുകളെയും അംഗീകരിച്ചുകൊണ്ട്, പുറത്തുനിന്നുള്ള ഭീഷണികൾക്കിടയിലും വികസനത്തോടുള്ള രാജ്യത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു. "നമ്മൾ സുരക്ഷിതരാണെന്ന് മാത്രമല്ല, വികസനത്തിന്റെ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കുകയുമാണ്. നമ്മൾ ആത്മനിർഭർ ഭാരത് പ്രചാരണം മുന്നോട്ട് കൊണ്ടുപോകുന്നു. ഏറ്റവും ആധുനികമായ അടിസ്ഥാന സൗകര്യങ്ങൾ നമ്മൾ നിർമ്മിക്കുന്നു," ശ്രീ മോദി വ്യക്തമാക്കി.

ഗംഗാ അതിവേഗ പാത  ഈ വിപുലമായ വികസന മാതൃകയുടെ പ്രതീകമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് പ്രസംഗം ഉപസംഹരിച്ച പ്രധാനമന്ത്രി, ഉയർന്നുവരുന്ന അവസരങ്ങളെ യഥാർത്ഥ സമൃദ്ധിയാക്കി മാറ്റാൻ ഉത്തർപ്രദേശിലെ ജനങ്ങൾക്ക് കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. "ഗംഗാ അതിവേഗ പാത നമ്മുടെ വീട്ടുപടിക്കൽ എത്തിക്കുന്ന സാധ്യതകളെ ഉത്തർപ്രദേശിലെ ജനങ്ങൾ അവരുടെ കഠിനാധ്വാനത്തിലൂടെയും കഴിവിലൂടെയും യാഥാർത്ഥ്യമാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്," ശ്രീ മോദി പറഞ്ഞു.




***

SK


(रिलीज़ आईडी: 2260215) आगंतुक पटल : 27
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Bengali-TR , Assamese , Punjabi , Gujarati , Odia , Telugu , Kannada