പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള സമഗ്ര തന്ത്രപരമായ പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സംയുക്ത പ്രസ്താവന

പോസ്റ്റഡ് ഓണ്‍: 06 MAY 2026 5:24PM by PIB Thiruvananthpuram


ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം, വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും വിയറ്റ്നാം പ്രസിഡന്റുമായ തോ ലാം 2026 മെയ് 5 മുതൽ മെയ് 7 വരെ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തി. ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമിനോടൊപ്പം ഉന്നതതല പ്രതിനിധി സംഘവും ഉണ്ടായിരുന്നു. ശക്തമായ ബിസിനസ് പ്രതിനിധി സംഘവും അദ്ദേഹത്തെ അനുഗമിച്ചു.

2026 മെയ് 6-ന് ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമിനു രാഷ്ട്രപതിഭവനിൽ ഔദ്യോഗിക സ്വീകരണം നൽകി. അദ്ദേഹം മഹാത്മാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘാട്ട് സന്ദർശിച്ചു പുഷ്പാർച്ചന നടത്തി. തുടർന്നു പ്രധാനമന്ത്രി മോദിയും ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമും തമ്മിൽ ഉഭയകക്ഷിചർച്ച നടന്നു. അതിനുശേഷം ഇരുനേതാക്കളും ഉഭയകക്ഷിരേഖകളുടെ കൈമാറ്റത്തിനു സാക്ഷ്യംവഹിച്ചു. സന്ദർശകനായ വിശിഷ്ടാതിഥിയുടെ ബഹുമാനാർഥം പ്രധാനമന്ത്രി മോദി മധ്യാഹ്നവിരുന്നൊരുക്കി. ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാം രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമുവിനെ സന്ദർശിച്ചു; അവർ അദ്ദേഹത്തിനായി വിരുന്നൊരുക്കി. ഇന്ത്യൻ കൗൺസിൽ ഓഫ് വേൾഡ് അഫയേഴ്സിൽ (ICWA) ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാം നയപരമായ പ്രസംഗം നടത്തി. വിയറ്റ്നാം-ഇന്ത്യ നവീകരണ ഫോറത്തെ അദ്ദേഹം അഭിസംബോധന ചെയ്തു. സംസ്ഥാന ഗവണ്മെന്റുമായും വ്യാവസായിക പ്രതിനിധികളുമായും സംവദിക്കുന്നതിനും വിയറ്റ്നാം-ഇന്ത്യ വ്യാവസായിക ചർച്ചാവേദിയെ അഭിസംബോധന ചെയ്യുന്നതിനുമായി ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാം മുംബൈ സന്ദർശിക്കാനും തീരുമാനിച്ചിട്ടുണ്ട്.

രാഷ്ട്രീയം

പ്രധാനമന്ത്രി മോദിയും ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാമും ഊഷ്മളവും സൗഹൃദപരവുമായ അന്തരീക്ഷത്തിൽ വിപുലമായ ചർച്ചകൾ നടത്തി. ഉഭയകക്ഷിബന്ധങ്ങളുടെ എല്ലാ വശങ്ങളും അവർ അവലോകനം ചെയ്യുകയും പരസ്പരതാൽപ്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ചെയ്തു. വിയറ്റ്നാം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജനറൽ സെക്രട്ടറി തോ ലാമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിക്കുകയും, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിയറ്റ്നാം വികസന ലക്ഷ്യങ്ങളിലേക്കു സുസ്ഥിരമായ പുരോഗതി കൈവരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. ദേശീയ വികസനത്തിലെ സുപ്രധാന നേട്ടങ്ങൾക്കും ഉയർന്ന സാമ്പത്തിക വളർച്ചയ്ക്കും, ബഹുസ്വരത ശക്തിപ്പെടുത്തുന്നതിനും ഗ്ലോബൽ സൗത്ത് സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യയുടെ മുൻകൈക്കും ജനറൽ സെക്രട്ടറിയും പ്രസിഡന്റുമായ തോ ലാം പ്രധാനമന്ത്രി മോദിയെ അഭിനന്ദിച്ചു. ഇന്ത്യ-വിയറ്റ്നാം ബന്ധം ആഴത്തിലാക്കുന്നത് ഇരുരാജ്യങ്ങളിലെയും ജനങ്ങൾക്കു പരസ്പര പ്രയോജനമേകുന്നതു തുടരുമെന്നും ഇന്ത്യയുടെ വികസിത ഇന്ത്യ 2047, വിയറ്റ്നാമിന്റെ വിഷൻ 2045 എന്നീ ദേശീയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അർഥവത്തായ സംഭാവനകൾ നൽകുമെന്നും നേതാക്കൾ അടിവരയിട്ടു.

ആഗോളതലത്തിലും പ്രാദേശികതലത്തിലുമുള്ള പരിവർത്തനപരമായ മാറ്റങ്ങളെക്കുറിച്ചുള്ള പൊതുവായ കാഴ്ചപ്പാടുകൾ പങ്കുവച്ച ഇരുനേതാക്കളും, പരസ്പരവിശ്വാസം, ബഹുമാനം, ധാരണ, സമാനമായ വീക്ഷണം, വിവിധ മേഖലകളിലെ ഫലപ്രദമായ സഹകരണം എന്നിവയിലധിഷ്ഠിതമായ ബന്ധത്തിന്റെ ശക്തമായ അടിത്തറ അംഗീകരിച്ചു. അതിനാൽ, ‘പങ്കിട്ട കാഴ്ചപ്പാട്, തന്ത്രപരമായ യോജിപ്പ്, ഗണ്യമായ സഹകരണം’ എന്ന ചൈതന്യത്തോടെ ഉഭയകക്ഷിബന്ധത്തെ മെച്ചപ്പെടുത്തിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്താൻ അവർ തീരുമാനിച്ചു. ഇതിലൂടെ നിലവിലുള്ള വലിയ സൗഹൃദത്തെ ദൃശ്യമായ ഫലങ്ങളിലേക്കു മാറ്റാനും അവർ ധാരണയായി.

2026 ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പത്താം വാർഷികമാണെന്ന് ഇരുപക്ഷവും കണക്കിലെടുക്കുകയും ഈ അവസരം ഉചിതമായ രീതിയിൽ ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. കഴിഞ്ഞ ദശകത്തിൽ ഉഭയകക്ഷിസഹകരണത്തിൽ കൈവരിച്ച സുപ്രധാന പുരോഗതിയെ സ്വാഗതംചെയ്ത ഇരുരാജ്യങ്ങളും, സമീപകാല ഉന്നതതല ചർച്ചകളുടെയും സന്ദർശനങ്ങളുടെയും ഫലങ്ങൾ വിജയകരമായി നടപ്പാക്കുന്നതു തുടരാൻ ധാരണയായി. 2024 ഓഗസ്റ്റിലെ ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള സംയുക്ത പ്രസ്താവന, 2020-ലെ സമാധാനത്തിനും സമൃദ്ധിക്കും ജനങ്ങൾക്കുമായുള്ള ഇന്ത്യ-വിയറ്റ്നാം സംയുക്ത വീക്ഷണം, ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചകളിലെ തീരുമാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. നേതൃതലത്തിൽ ഉൾപ്പെടെ എല്ലാ തലങ്ങളിലും പതിവായ സമ്പർക്കം നിലനിർത്താൻ നേതാക്കൾ തീരുമാനിച്ചു.

ഇന്ത്യൻ പാർലമെന്റിൽ ഇന്ത്യ-വിയറ്റ്നാം പാർലമെന്ററി സൗഹൃദ ഗ്രൂപ്പ് രൂപീകരിച്ചതു കണക്കിലെടുത്ത നേതാക്കൾ, ഇരുരാജ്യങ്ങളിലെയും നിയമനിർമാണ സഭകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനെയും ഇന്റർ പാർലമെന്ററി യൂണിയൻ (IPU), ആസിയാൻ ഇന്റർ പാർലമെന്ററി അസംബ്ലി (AIPA) എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിൽ ഇരുപക്ഷത്തെയും പാർലമെന്ററി പ്രതിനിധിസംഘങ്ങൾ തമ്മിൽ അടുത്ത ഏകോപനം തുടരുന്നതിനെയും സ്വാഗതം ചെയ്തു.

സഹകരണത്തിന്റെ വിവിധ മേഖലകളിൽ നിലവിലുള്ള സ്ഥാപനപരമായ സംവിധാനങ്ങൾക്കു കീഴിലുള്ള പതിവായ ചർച്ചകളും വിനിമയങ്ങളും, വിശ്വാസം ആഴത്തിലാക്കാനും പരസ്പര ധാരണ വർധിപ്പിക്കാനും സഹായിച്ചതായി നേതാക്കൾ അംഗീകരിച്ചു. ഇക്കാര്യത്തിൽ, രാഷ്ട്രീയ കൂടിയാലോചനയും തന്ത്രപരമായ സംഭാഷണവും, സാമ്പത്തിക-വ്യാപാര-ശാസ്ത്ര സഹകരണത്തിനായുള്ള സംയുക്ത കമ്മീഷൻ യോഗം എന്നിവ ഇന്ത്യ-വിയറ്റ്നാം ബന്ധത്തിന്റെ പ്രധാന സ്തംഭങ്ങളായി തുടരുമെന്ന് അവർ വിലയിരുത്തി. രാജ്യരക്ഷ, സമുദ്ര സുരക്ഷാ മേഖല, വ്യാപാരം-നിക്ഷേപം, കൃഷി, ആരോഗ്യം, ICT, സൈബർ, ശാസ്ത്ര-സാങ്കേതികവിദ്യ, ബഹിരാകാശം, ആണവോർജം എന്നീ മേഖലകളിൽ ഈ സംവിധാനങ്ങൾക്കു കീഴിലുള്ള യോഗങ്ങൾ കൃത്യമായ ഇടവേളകളിൽ വിളിച്ചുകൂട്ടാനും നേതാക്കൾ തീരുമാനിച്ചു. തന്ത്രപരമായ നയതന്ത്രം - പ്രതിരോധ സംഭാഷണം (2+2) സ്ഥാപിക്കുന്നതിലേക്ക് ഇരുപക്ഷവും ഉറ്റുനോക്കുന്നു.

2024 - 2028 കാലയളവിലേക്ക് ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള പ്രവർത്തന പദ്ധതിയുടെയും ഈ സംയുക്ത പ്രസ്താവനയുടെയും ഫലപ്രദമായ നടപ്പാക്കൽ വേഗത്തിലാക്കാൻ നേതാക്കൾ തീരുമാനിച്ചു.

സാമ്പത്തിക-വ്യാപാര-നിക്ഷേപ മേഖലകൾ

ഉഭയകക്ഷി വ്യാപാരം, നിക്ഷേപം, സാങ്കേതിക പങ്കാളിത്തം എന്നിവ വർധിപ്പിക്കുന്നതിനായി അതിവേഗം വളരുന്ന രണ്ടു സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ ഗവണ്മെന്റ്-വ്യാവസായിക തലങ്ങളിലുള്ള സഹകരണം ശക്തിപ്പെടുത്താൻ ഇരുപക്ഷവും ധാരണയായി. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉഭയകക്ഷിവ്യാപാരത്തിലുണ്ടായ വർധന ശ്രദ്ധയിൽപ്പെടുത്തിയ നേതാക്കൾ, സന്തുലിതവും പരസ്പര പ്രയോജനകരവുമായ രീതിയിൽ ഇതു കൂടുതൽ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നൽ നൽകുകയും 2030-ഓടെ 25 ശതകോടി ഡോളറിന്റെ പുതിയ വ്യാപാര ലക്ഷ്യം കൈവരിക്കാൻ തീരുമാനിക്കുകയും ചെയ്തു.

അതതു രാജ്യങ്ങളിലെ കാർഷിക ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിപണിപ്രവേശനത്തിനു സൗകര്യമൊരുക്കാൻ ഇരുപക്ഷവും തീരുമാനിച്ചു. ഇന്ത്യൻ മുന്തിരികൾക്കും വിയറ്റ്നാമീസ് ഡുറിയാനുകൾക്കും വിപണിപ്രവേശനം അനുവദിക്കാനുള്ള തീരുമാനത്തെ അവർ സ്വാഗതം ചെയ്തു. ഇന്ത്യൻ മാതളനാരങ്ങകൾക്കും വിയറ്റ്നാമീസ് പോമെലോകൾക്കും വിപണിപ്രവേശനം നൽകുന്നതിനായി, ഉഭയകക്ഷി ചർച്ചകളിലൂടെ സാങ്കേതിക പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാനും ധാരണയായി.

പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ വിതരണശൃംഖലകൾ ശക്തിപ്പെടുത്താൻ ഇരുപക്ഷവും ധാരണയായി. ആഭ്യന്തര ഉൽപ്പാദനത്തിനും കയറ്റുമതി ആവശ്യങ്ങൾക്കുമായി വിതരണ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുമെന്നും ഇന്ത്യയിൽനിന്നു കൂടുതൽ ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുമെന്നും വിയറ്റ്നാം ഉറപ്പുനൽകി. മാനദണ്ഡങ്ങൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട സർട്ടിഫിക്കേഷൻ ഉൾപ്പെടെ, ഇരുരാജ്യങ്ങളിലെയും കമ്പനികൾക്കു വ്യവസായ നടത്തിപ്പു സുഗമമാക്കുന്നതിനു കൂടുതൽ അനുകൂലമായ നിയന്ത്രണ സാഹചര്യങ്ങൾ ഒരുക്കുന്നതിനുള്ള വഴികൾ തേടാൻ ഇരുപക്ഷവും തീരുമാനിച്ചു. ഉഭയകക്ഷി സ്ഥാപന സംവിധാനങ്ങൾക്കു കീഴിൽ പരസ്പര ആശങ്കകൾ പരിഹരിക്കുന്നതിനു ക്രിയാത്മകമായ ചർച്ചകൾ നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തിനും അവർ ഊന്നൽ നൽകി.

ആസിയാൻ-ഇന്ത്യ ചരക്കു വ്യാപാര കരാറിന്റെ (AITIGA) നിലവിൽ നടന്നുവരുന്ന അവലോകനം എത്രയും വേഗം പൂർത്തിയാക്കാൻ നേതാക്കൾ തീരുമാനിച്ചു. ഇതിന്റെ ഫലമായുണ്ടാകുന്ന കരാർ പരസ്പര പ്രയോജനകരവും, വ്യാപാരം സുഗമമാക്കുന്നതും, നിലവിലെ ആഗോള വ്യാപാര രീതികൾക്ക് അനുയോജ്യവുമാകണമെന്ന് അവർ അഭിപ്രായപ്പെട്ടു.

ഇന്ത്യ-വിയറ്റ്നാം സാമ്പത്തിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഉന്നത സാങ്കേതികവിദ്യ, ഗതാഗതം, ഉൽപ്പാദനം, ലോജിസ്റ്റിക്സ്, പുനരുൽപ്പാദക ഊർജം, അത്യാധുനിക കൃഷി, വൈദ്യുതവാഹനങ്ങൾ, വിവരസാങ്കേതികവിദ്യ, ആരോഗ്യം, കൃഷി, കാർഷിക സംസ്കരണം, ജലജീവിക്കൃഷി, വിനോദസഞ്ചാരം, അതിഥിസൽക്കാരം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാൻ നേതാക്കൾ തീരുമാനിച്ചു. ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും നൂതനാവിഷ്കാരങ്ങൾക്കായുള്ള കേന്ദ്രങ്ങൾ തമ്മിലുള്ള ഗണ്യമായ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും അവർ ധാരണയായി.

എണ്ണ-വാതക പര്യവേക്ഷണ മേഖലയിൽ ഇന്ത്യയും വിയറ്റ്നാമും തമ്മിൽ പതിറ്റാണ്ടുകളായുള്ള സ്ഥാപനപരമായ ബന്ധത്തെ പ്രശംസിച്ച നേതാക്കൾ, ഈ മേഖലയിലെ പരസ്പര പ്രയോജനകരമായ സഹകരണം തിരിച്ചറിഞ്ഞു. വിയറ്റ്നാം നിയമങ്ങൾക്കും അന്താരാഷ്ട്ര നിയമങ്ങൾക്കും, പ്രത്യേകിച്ച് 1982-ലെ UNCLOS എന്നിവയ്ക്കും വിധേയമായി, ഇന്ത്യൻ കമ്പനികൾക്കു താൽപ്പര്യമുള്ള പുതിയ കിണറുകളുടെ വികസനം ഉൾപ്പെടെയുള്ള പര്യവേക്ഷണ-ഉൽപ്പാദന പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ അവർ തീരുമാനിച്ചു.

ഇ-കൊമേഴ്സിന്റെയും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ നേതാക്കൾ, ഈ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഇവയുടെ വളർച്ച പിന്തുണയ്ക്കുന്നതിനും വ്യവസായങ്ങളെ സഹായിക്കുന്നതിനുമായി, അനുയോജ്യമായ ചട്ടങ്ങളും നയങ്ങളും വികസിപ്പിക്കുന്നതിലെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ ഇതു നടപ്പാക്കും. പ്രത്യേകിച്ച്, പ്രാദേശികവും ആഗോളവുമായ മൂല്യശൃംഖലകളിൽ ആഴത്തിലും സുസ്ഥിരമായും സംയോജിക്കുന്നതിനു സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളെ  ഇ-കൊമേഴ്സിൽ പങ്കാളികളാക്കാൻ പിന്തുണ നൽകാനും ധാരണയായി.

ആരോഗ്യം

ആരോഗ്യ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. ഇന്ത്യൻ ഔഷധ വ്യവസായം കൈവരിച്ച മുന്നേറ്റങ്ങളെ അംഗീകരിച്ച്, പരസ്പര സമ്മതപ്രകാരം 2027 മുതൽ വിയറ്റ്നാമിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള മരുന്നുകളുടെ സംഭരണത്തിൽ ഇന്ത്യൻ കമ്പനികൾക്കു പങ്കെടുക്കാനുള്ള സാധ്യതകൾ ആരായുന്നതിന് ഇരുപക്ഷവും ധാരണയായി. സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ്, ആരോഗ്യ മേഖലയിൽ നിർമിതബുദ്ധിയുടെ ഉപയോഗം ഉൾപ്പെടെയുള്ള ഡിജിറ്റൽ പരിവർത്തനത്തിൽ സഹകരിക്കാൻ അവർ പ്രോത്സാഹനം നൽകി.

ഇരുരാജ്യങ്ങൾക്കുമുള്ള പരമ്പരാഗത വൈദ്യശാസ്ത്രത്തിലെ ദീർഘകാല ചരിത്രവും സമ്പന്നമായ പൈതൃകവും കണക്കിലെടുത്ത്, അറിവ്, ഗവേഷണം, മികച്ച രീതികൾ എന്നിവയുടെ കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനപരമായ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിനും നേതാക്കൾ തീരുമാനിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രം സംബന്ധിച്ച ധാരണാപത്രം പൂർത്തിയാക്കുന്നതിലെ പുരോഗതിയെയും വിയറ്റ്നാമിൽ ആയുർവേദത്തിനായി അക്കാദമിക് ചെയർ സ്ഥാപിക്കുന്നതിനുള്ള നിർദിഷ്ട ധാരണാപത്രത്തെയും അവർ സ്വാഗതം ചെയ്തു.

പ്രതിരോധവും സുരക്ഷയും

പ്രതിരോധ-സുരക്ഷാ സഹകരണം ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭമാണെന്നു നേതാക്കൾ ആവർത്തിച്ചുറപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള വർധിച്ചുവരുന്ന പ്രതിരോധ ബന്ധങ്ങൾക്കു വഴികാട്ടിയായി തുടരുന്ന, 2030-ലേക്കുള്ള ഇന്ത്യ-വിയറ്റ്നാം പ്രതിരോധ പങ്കാളിത്തത്തെക്കുറിച്ചുള്ള സംയുക്ത വീക്ഷണ പ്രസ്താവനയുടെ ഫലപ്രദമായ നടപ്പാക്കലിനെ അവർ പ്രശംസിച്ചു.

​പ്രതിരോധ നയതന്ത്ര ചർച്ചകൾ, സംയുക്ത അഭ്യാസങ്ങൾ, ഉദ്യോഗസ്ഥ ചർച്ചകൾ, സംയുക്ത ഗവേഷണം, പുതിയ പ്രതിരോധ സാങ്കേതികവിദ്യകളുടെ സംയുക്ത-ഉൽപ്പാദനം, നാവിക കപ്പലുകളുടെയും വ്യോമസേനാ വിമാനങ്ങളുടെയും കൂടുതൽ പോർട്ട് കോളുകൾ (സന്ദർശനങ്ങൾ), സമാധാന പരിപാലന പ്രവർത്തനങ്ങൾ, വിവരങ്ങൾ പങ്കുവയ്ക്കൽ, ഹൈഡ്രോഗ്രാഫി, പ്രതിരോധ പ്രദർശനങ്ങൾ, ശേഷി വികസനം, പ്രതിരോധ വ്യവസായ സഹകരണം, സമുദ്ര സുരക്ഷ, സമുദ്ര സുരക്ഷാ മാനദണ്ഡങ്ങൾ, തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ എന്നിങ്ങനെയുള്ള പരമ്പരാഗതവും പുതിയതുമായ പ്രതിരോധ മേഖലകളിൽ സഹകരണം വർധിപ്പിക്കാൻ നേതാക്കൾ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്കും മുൻഗണനകൾക്കും അനുസൃതമായുള്ള ഈ നടപടികൾ വിശാലമായ ഇൻഡോ-പസഫിക് മേഖലയുടെ കൂടുതൽ സ്ഥിരതയ്ക്കു സംഭാവന നൽകും. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സംവിധാനങ്ങളുടെ സംഭരണം വർധിപ്പിക്കാനും അവർ തീരുമാനിച്ചു.

ഇന്ത്യ വിയറ്റ്നാമിന് അനുവദിച്ച ഡിഫൻസ് ലൈൻസ് ഓഫ് ക്രെഡിറ്റ് നടപ്പാക്കലിലെ സ്ഥിരമായ പുരോഗതിയെ നേതാക്കൾ സ്വാഗതം ചെയ്തു. വിയറ്റ്നാമിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും ഉഭയകക്ഷി പ്രതിരോധ സഹകരണം മെച്ചപ്പെടുത്തുന്നതിനും ഇവ വലിയ സംഭാവന നൽകിയിട്ടുണ്ട്.

പരസ്പര ലോജിസ്റ്റിക്സ് പിന്തുണ കരാർ, അന്തർവാഹിനി തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള സഹകരണ ധാരണാപത്രം, പ്രതിരോധ വ്യവസായ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള താൽപ്പര്യപത്രം എന്നിവയുൾപ്പെടെയുള്ള ഉഭയകക്ഷി പ്രതിരോധ കരാറുകളുടെ നടപ്പാക്കലിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി.

മെയ് 2025-ൽ വിയറ്റ്നാം തീരത്ത് ഇരുനാവികസേനകളും ചേർന്നു നടത്തിയ കന്നി സംയുക്ത ഹൈഡ്രോഗ്രാഫിക് സർവേയെ നേതാക്കൾ സ്വാഗതം ചെയ്യുകയും ഭാവിയിൽ ഇത്തരം അഭ്യാസങ്ങൾ പതിവായി നടത്താൻ ധാരണയാകുകയും ചെയ്തു.

ടെലികമ്മ്യൂണിക്കേഷൻസ് യൂണിവേഴ്‌സിറ്റി (TCU), നേവൽ അക്കാദമി, എയർഫോഴ്‌സ് കോളേജ്, നാ ട്രാങ് (Nha Trang) എന്നിവിടങ്ങളിൽ ഇന്ത്യൻ കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ പരിശീലന സംഘങ്ങളിലൂടെ ഇന്ത്യൻ സാങ്കേതിക-സാമ്പത്തിക സഹകരണ (ITEC) പദ്ധതിപ്രകാരം വിയറ്റ്നാം പ്രതിരോധ ഉദ്യോഗസ്ഥർക്ക് ഇന്ത്യ നൽകുന്ന പരിശീലനത്തെ വിയറ്റ്നാം അഭിനന്ദിച്ചു. നാ ട്രാങ്ങിലെ TCU-വിൽ ആർമി സോഫ്റ്റ്‌വെയർ പാർക്ക് സ്ഥാപിക്കുന്നതിന് ഇന്ത്യ നൽകുന്ന പിന്തുണയെയും അവർ പ്രശംസിച്ചു. 2027 - 2030 കാലയളവിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ മീറ്റിങ്-പ്ലസ് വിദഗ്ധ കർമസംഘത്തിന്റെ (ADMM-Plus EWG) സഹ-അധ്യക്ഷരായി ഇരുരാജ്യങ്ങളും പ്രവർത്തിക്കുമെന്നതിനെ നേതാക്കൾ സ്വാഗതം ചെയ്തു.

ഇന്ത്യയിലെ നിയമ-നീതി മന്ത്രാലയവും വിയറ്റ്നാമിലെ നീതിന്യായ മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം ഫലപ്രദമായി നടപ്പാക്കുന്നതിലൂടെ ഇരുരാജ്യങ്ങളും തമ്മിൽ നിയമ-നീതിന്യായ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു.

ഇരുരാജ്യങ്ങളുടെയും പൊതുലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി വിയറ്റ്നാമിലെ പൊതു സുരക്ഷാ മന്ത്രാലയവും ഇന്ത്യയിലെ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയറ്റും തമ്മിലുള്ള സഹകരണം ശക്തമാക്കാൻ ഇരുപക്ഷവും ധാരണയായി. വിവരങ്ങൾ പങ്കുവയ്ക്കൽ, സൈബർ സുരക്ഷ, ഭീകരവാദ വിരുദ്ധ പ്രവർത്തനം, ഹൈടെക് കുറ്റകൃത്യങ്ങൾ, രാജ്യാന്തര കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ, ഓൺലൈൻ തട്ടിപ്പുകൾ എന്നിവ തടയുന്നതിനുള്ള മേഖലകളിൽ സഹകരണം വ്യാപിപ്പിക്കാനും അവർ തീരുമാനിച്ചു. കൂടാതെ, ഇന്ത്യ-വിയറ്റ്നാം സുരക്ഷാസംവാദം ഉൾപ്പെടെ, നിലവിലെ സഹകരണ സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തിനും ഇരുപക്ഷവും ഊന്നൽ നൽകി.

ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള ആദ്യ സൈബർ നയ സംവാദം വിജയകരമായി സംഘടിപ്പിച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു. ഈ സംവാദത്തിൽ സൈബർ നയങ്ങളിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് ഇരുപക്ഷവും കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും, സൈബർ ഭീഷണികൾ അവലോകനം ചെയ്യുകയും, ഉഭയകക്ഷി സഹകരണത്തിനുള്ള മേഖലകൾ കണ്ടെത്തുകയും ചെയ്തു. കൂടാതെ, ICT വിഷയങ്ങളിൽ സംയുക്ത ശേഷി വികസന പ്രവർത്തനങ്ങളെക്കുറിച്ചും ബഹുരാഷ്ട്ര വേദികളിലെ സഹകരണത്തെക്കുറിച്ചും അവർ ചർച്ച ചെയ്തു.

നിയമപാലകർക്കുള്ള പരിശീലനം, ശേഷി വികസനം, പ്രൊഫഷണൽ പരിശീലനം, വിദേശഭാഷാ പഠനം, സൈബർ സുരക്ഷാ അതിക്രമങ്ങളോടുള്ള പ്രതികരണ നൈപുണ്യങ്ങൾ, ഐക്യരാഷ്ട്രസഭയുടെ സമാധാന പരിപാലന പ്രവർത്തനങ്ങൾ, കൂടാതെ പരസ്പര സമ്മതപ്രകാരമുള്ള മറ്റു സഹകരണ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ സുരക്ഷാമേഖലയിൽ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും സ​ഹകരണം വ്യാപിപ്പിക്കുന്നതിനും ഇരുപക്ഷവും തീരുമാനിച്ചു.

സമുദ്രമേഖല

ഇന്ത്യയും വിയറ്റ്‌നാമും ആയിരക്കണക്കിന് വർഷത്തെ വിനിമയ ചരിത്രമുള്ള സമുദ്രതീര രാജ്യങ്ങളാണെന്ന് അംഗീകരിച്ച ഇരു നേതാക്കളും തങ്ങളുടെ സഹകരണത്തിന്റെ പ്രധാന സ്തംഭങ്ങളിൽ ഒന്നായി സമുദ്രമേഖലയെ എടുത്തുപറയുകയും  ഇരുപക്ഷവും തമ്മിലുള്ള സമുദ്ര സഹകരണം വർദ്ധിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഉഭയകക്ഷി സമുദ്ര സുരക്ഷാ സംഭാഷണം പരസ്പര വിശ്വാസവും അതത് ആശങ്കകളെക്കുറിച്ചുള്ള മികച്ച ധാരണയും വളർത്തിയെടുക്കുന്നതിൽ സഹായിച്ചതായി അവർ വിലയിരുത്തി. ഇത് കൃത്യമായ ഇടവേളകളിൽ സംഘടിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും അവർ അടിവരയിട്ടു. സമുദ്രമേഖലയിലെ അവബോധം ശക്തിപ്പെടുത്തുന്നതിനായി, ഇന്ത്യയിലെ ഗുരുഗ്രാമിലുള്ള ഇൻഫർമേഷൻ ഫ്യൂഷൻ സെന്റർ - ഇന്ത്യൻ ഓഷ്യൻ റീജിയനിൽ (IFC-IOR) ഒരു ഇന്റർനാഷണൽ ലെയ്‌സൺ ഓഫീസറെ നിയോഗിക്കാൻ ക്ഷണിച്ചതിന് വിയറ്റ്‌നാം ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. ഇൻഡോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവിൽ (IPOI) വിയറ്റ്‌നാം ചേരുന്നതിനെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്യുകയും ആ ചട്ടക്കൂടിന് കീഴിലുള്ള സഹകരണം വർദ്ധിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. IPOI ചട്ടക്കൂടിനുള്ളിൽ ഇന്ത്യയുമായും മറ്റ് പങ്കാളികളുമായും വിയറ്റ്‌നാം തുടർന്നും സഹകരിക്കും. അതോടൊപ്പം തന്നെ IPOI-യും ഇൻഡോ-പസഫിക്കിനെക്കുറിച്ചുള്ള ആസിയാൻ കാഴ്ചപ്പാടും (AOIP) തമ്മിലുള്ള കൂടുതൽ ഏകോപനം വളർത്താനും ആസിയാൻ-ഇന്ത്യ സമുദ്ര സഹകരണ വർഷമായ 2026-ൽ ക്രിയാത്മകമായ സഹകരണം പ്രോത്സാഹിപ്പിക്കാനും തീരുമാനിച്ചു.

സമുദ്ര നിരീക്ഷണ പ്ലാറ്റ്‌ഫോമുകൾ, ഡാറ്റ മാനേജ്‌മെന്റ്, സമുദ്ര പ്രവചനവും സേവനങ്ങളും, ശേഷി വികസനം, സമുദ്ര ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകൾ ഉൾപ്പെടെ സമുദ്രശാസ്ത്രത്തിലെ സഹകരണം വർദ്ധിപ്പിക്കാൻ ഇരു നേതാക്കളും സമ്മതമറിയിച്ചു. ഇന്ത്യയിൽ പാൻഗാസിയസ് മത്സ്യങ്ങളുടെ പ്രജനന-കൃഷി കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും കല്ലുമ്മക്കായ പ്രജനനവും സംഭരണവും സാധ്യമാക്കുന്നതിലും വിയറ്റ്‌നാമുമായുള്ള സഹകരണത്തെ പ്രധാനമന്ത്രി മോദി സ്വാഗതം ചെയ്തു.

നിർണായകവും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ ഉൾപ്പെടെയുള്ള ശാസ്ത്രവും സാങ്കേതികവിദ്യയും

ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ പ്രാധാന്യം ആവർത്തിച്ച നേതാക്കൾ, സാമ്പത്തിക നവീകരണത്തിലും ഡിജിറ്റൽ പേയ്‌മെന്റുകളിലും ഭാരതീയ റിസർവ് ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് വിയറ്റ്‌നാമും തമ്മിലുള്ള ധാരണാപത്രം ഒപ്പിട്ടതിനെ സ്വാഗതം ചെയ്തു. ഇരുപക്ഷത്തെയും വിനോദസഞ്ചാരത്തിനും ബിസിനസ്സിനും സഹായകരമാകുന്ന രീതിയിൽ ക്യുആർ കോഡുകൾ വഴിയുള്ള റീട്ടെയിൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളുടെ ബന്ധം പ്രോത്സാഹിപ്പിക്കാൻ അവർ സമ്മതമറിയിച്ചു.

ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, 6G, നിർമ്മിതബുദ്ധി, ബഹിരാകാശ-ആണവ സാങ്കേതികവിദ്യ, സമുദ്ര ശാസ്ത്രം, ബയോടെക്‌നോളജി, ഫാർമസ്യൂട്ടിക്കൽസ്, നൂതന വസ്തുക്കൾ, നിർണ്ണായക ധാതുക്കൾ തുടങ്ങിയ നിർണ്ണായകവും വളർന്നുവരുന്നതുമായ സാങ്കേതിക മേഖലകളിൽ കൂടുതൽ സഹകരണവും പങ്കാളിത്തവും സുഗമമാക്കാൻ നേതാക്കൾ സമ്മതിച്ചു. സംയുക്ത ഗവേഷണം, ഗവേഷണ വികസന കേന്ദ്രങ്ങൾ, ഉൽപ്പന്ന വികസനം തുടങ്ങിയ പ്രായോഗിക സംരംഭങ്ങളിൽ പരസ്പര പ്രയോജനപ്രദമായ രീതിയിലുള്ള സഹകരണത്തിൽ ഇരു രാജ്യങ്ങളും ശ്രദ്ധ കേന്ദ്രീകരിക്കും.

കാലാവസ്ഥ, സുസ്ഥിര വികസന ലക്ഷ്യങ്ങൾ, ഊർജ്ജ പരിവർത്തന മുൻഗണനകൾ എന്നിവ നേതാക്കൾ അംഗീകരിക്കുകയും ശുദ്ധമായതും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജത്തിലും കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കുന്ന സാങ്കേതികവിദ്യകളിലും സഹകരണം വർദ്ധിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി), അന്താരാഷ്ട്ര സൗരോർജ്ജ സഖ്യം (ISA) തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രസക്തി ഈ പശ്ചാത്തലത്തിൽ അവർ അംഗീകരിച്ചു. ഗ്ലോബൽ ബയോഫ്യുവൽസ് അലയൻസിൽ (GBA) ചേരാനുള്ള വിയറ്റ്‌നാമിന്റെ താൽപ്പര്യത്തെ ഇന്ത്യ സ്വാഗതം ചെയ്തു. ദുരന്ത നിവാരണത്തിലും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് കോളിഷൻ ഫോർ ഡിസാസ്റ്റർ റെസിലിയന്റ് ഇൻഫ്രാസ്ട്രക്ചറിന്റെ (CDRI) പ്രാധാന്യം നേതാക്കൾ തിരിച്ചറിഞ്ഞു. സ്മാർട്ട് കൃഷി, സുസ്ഥിര ജല മാനേജ്‌മെന്റ്, വായുമലിനീകരണ നിയന്ത്രണം എന്നിവയിൽ ഡിജിറ്റൽ - നൂതന സാങ്കേതികവിദ്യകൾ പ്രയോഗിക്കുന്നതിൽ കൂടുതൽ സഹകരണം അവർ പ്രോത്സാഹിപ്പിച്ചു.

ആണവോർജ്ജത്തിന്റെ സമാധാനപരമായ ഉപയോഗത്തിനായുള്ള സഹകരണം തുടരുന്നതിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. ആണവോർജ്ജത്തെക്കുറിച്ചുള്ള നാലാമത് ഇന്ത്യ-വിയറ്റ്‌നാം സംയുക്ത സമിതി യോഗത്തിൽ നിന്ന് ഉയർന്നുവന്ന വിവിധ സഹകരണ സാധ്യതകൾ കൂടുതൽ ശക്തമാക്കാൻ അവർ തീരുമാനിച്ചു. വിയറ്റ്‌നാമിന്റെ ആണവോർജ്ജ മേഖലയിൽ പങ്കാളികളാകാനുള്ള ക്ഷണത്തെ ഇന്ത്യ അഭിനന്ദിക്കുന്നു. കൊബാൾട്ട്-60 (Cobalt-60) വിതരണം ചെയ്തതിന് വിയറ്റ്‌നാം ഇന്ത്യയ്ക്ക് നന്ദി അറിയിക്കുകയും അത് വിയറ്റ്‌നാമിലേക്ക് തുടർച്ചയായി വിതരണം ചെയ്യുന്നതിനുള്ള മാർഗങ്ങൾ പര്യവേക്ഷണം ചെയ്യാൻ ഇരുപക്ഷവും സമ്മതിക്കുകയും ചെയ്തു.

വിയറ്റ്‌നാമിൽ ആസിയാൻ-ഇന്ത്യ ട്രാക്കിംഗ്, ഡാറ്റാ റിസപ്ഷൻ സ്റ്റേഷൻ, ഡാറ്റാ പ്രോസസിംഗ് സൗകര്യം എന്നിവ സ്ഥാപിക്കുന്നതിലുണ്ടായ പുരോഗതി അവർ വിലയിരുത്തി. പദ്ധതി എത്രയും വേഗം പൂർത്തിയാക്കുന്നതിന് തങ്ങളുടെ ഭാഗത്തുനിന്നുള്ള തുടർ നടപടികൾ വേഗത്തിലാക്കാൻ വിയറ്റ്‌നാം സമ്മതിച്ചു.

ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡും വിയറ്റ്‌നാം ഗവൺമെന്റിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടെക്നോളജി ഓഫ് റേഡിയോ ആക്ടീവ് ആൻഡ് റെയർ എലമെന്റ്‌സും (VINATOM) തമ്മിൽ അപൂർവ്വ ധാതുക്കളുടെ മേഖലയിലെ പരസ്പര സഹകരണത്തിനായി ധാരണാപത്രം ഒപ്പിട്ടതിനെ നേതാക്കൾ സ്വാഗതം ചെയ്യുകയും അതിന്റെ വേഗത്തിലുള്ളതും പൂർണ്ണവുമായ നടപ്പാക്കലിന് ഊന്നൽ നൽകുകയും ചെയ്തു.

വികസന പങ്കാളിത്തം

മേകോങ്-ഗംഗ സഹകരണ ചട്ടക്കൂടിന് കീഴിലുള്ള ക്വിക്ക് ഇംപാക്ട് പ്രോജക്റ്റുകൾ (QIP), ഐടിഇസി (ITEC) പ്രോഗ്രാമുകൾ, വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ എന്നിവയിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വിപുലവും സ്വാധീനമുള്ളതുമായ വികസന പങ്കാളിത്തത്തെ നേതാക്കൾ പ്രശംസിച്ചു. ഇന്ത്യയുടെ പിന്തുണയോടെ വിയറ്റ്‌നാമിലെ 34 പ്രവിശ്യകളിൽ 32 എണ്ണത്തിലായി 66 ക്വിക്ക് ഇംപാക്ട് പ്രോജക്റ്റുകൾ നടപ്പിലാക്കിയതിൽ അവർ സംതൃപ്തി രേഖപ്പെടുത്തി. താഴെത്തട്ടിലുള്ള സാമൂഹിക-സാമ്പത്തിക സ്വാധീനം കണക്കിലെടുത്ത് പ്രാദേശിക ഗവണ്മെന്റുകളിൽ നിന്നും സമൂഹങ്ങളിൽ നിന്നും ഇതിന് വലിയ പ്രശംസ ലഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ഐടിഇസി പ്രോഗ്രാം ഉഭയകക്ഷി വികസന സഹകരണത്തിന്റെ പ്രധാന സ്തംഭമാണെന്ന് നേതാക്കൾ അടിവരയിട്ടു. വിയറ്റ്‌നാമീസ് ഉദ്യോഗസ്ഥരുടെ ആവശ്യങ്ങൾക്കനുസൃതമായി രൂപകൽപ്പന ചെയ്ത പ്രത്യേക പരിശീലന കോഴ്സുകൾ ഉൾപ്പെടെയുള്ള ഐടിഇസി പ്രോഗ്രാമിലൂടെയും വിദ്യാർത്ഥികൾക്കും വിദഗ്ധർക്കുമായുള്ള ഐസിസിആർ (ICCR) സ്കോളർഷിപ്പുകളിലൂടെയും വിയറ്റ്‌നാമീസ് ഉദ്യോഗസ്ഥരുടെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിൽ ഇന്ത്യ നൽകുന്ന ശക്തവും തുടർച്ചയായതുമായ പിന്തുണയ്ക്ക് വിയറ്റ്‌നാം നന്ദി അറിയിച്ചു.

ഇരുരാജ്യങ്ങളിലെയും സർവ്വകലാശാലകൾ, തിങ്ക് ടാങ്കുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്കിടയിൽ കൂടുതൽ വിദ്യാർത്ഥി, ഫാക്കൽറ്റി, ഗവേഷണ വിനിമയങ്ങൾ നടത്തുന്നതിനെ നേതാക്കൾ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിലെ നാളന്ദ സർവ്വകലാശാലയും ഹോ ചി മിൻ നാഷണൽ അക്കാദമി ഓഫ് പൊളിറ്റിക്സും തമ്മിലുള്ള ധാരണാപത്രത്തെ അവർ സ്വാഗതം ചെയ്തു.

സാംസ്കാരിക, വിനോദസഞ്ചാര സഹകരണവും ജനങ്ങൾ തമ്മിലുള്ള വിനിമയവും

2025 മെയ്-ജൂൺ മാസങ്ങളിൽ  ബുദ്ധഭഗവാന്റെ വിശുദ്ധ തിരുശേഷിപ്പുകൾ വിയറ്റ്‌നാമിലേക്ക് പ്രദർശനത്തിനായി അയച്ച ഇന്ത്യയുടെ നടപടിയെ വിയറ്റ്‌നാം അഭിനന്ദിച്ചു. വിശുദ്ധ തിരുശേഷിപ്പുകളോട് വിയറ്റ്‌നാം ജനത കാണിച്ച ആഴമേറിയ  പ്രതികരണം ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധമായ നാഗരിക ബന്ധങ്ങളെയും പങ്കിട്ട ആത്മീയ പൈതൃകത്തെയും സുസ്ഥിരമായ സൗഹൃദത്തെയും പ്രതിഫലിപ്പിക്കുന്നതാണെന്ന് നേതാക്കൾ അംഗീകരിച്ചു.

വിനോദസഞ്ചാരം ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെയും സാമ്പത്തിക വളർച്ചയുടെയും പ്രധാന ചാലകശക്തിയാണെന്ന് നേതാക്കൾ സമ്മതിച്ചു. ടൂറിസം മേഖലയിലെ സഹകരണത്തിനായുള്ള ധാരണാപത്രം ഒപ്പിട്ടതിനെ അവർ സ്വാഗതം ചെയ്യുകയും സാംസ്കാരിക, പൈതൃക, മെഡിക്കൽ, വെൽനസ് ടൂറിസം ഉൾപ്പെടെ സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രീതിയിൽ ഉഭയകക്ഷി ടൂറിസത്തിന്റെ വളർച്ച പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇന്ത്യയിലെ ബുദ്ധിസ്റ്റ് സർക്യൂട്ട് സന്ദർശിക്കാൻ വിയറ്റ്‌നാമിലെ വിനോദസഞ്ചാരികളെയും തീർത്ഥാടകരെയും പ്രധാനമന്ത്രി മോദി ക്ഷണിച്ചു. ഇരുരാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള വിമാന സർവീസുകളുടെ വർദ്ധനവിനെ സ്വാഗതം ചെയ്തുകൊണ്ട്, വിമാന കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ തങ്ങളുടെ സിവിൽ വ്യോമയാന അധികൃതരെ പ്രോത്സാഹിപ്പിച്ചു.

2026-2030 കാലയളവിലേക്കുള്ള സാംസ്കാരിക വിനിമയ പരിപാടി ഒപ്പിട്ടതിനെ നേതാക്കൾ സ്വാഗതം ചെയ്യുകയും സാംസ്കാരിക വിനിമയങ്ങളും ജനങ്ങൾ തമ്മിലുള്ള ബന്ധവും കൂടുതൽ പ്രോത്സാഹിപ്പിക്കാൻ സമ്മതിക്കുകയും ചെയ്തു.

ഇരുരാജ്യങ്ങളും തമ്മിലുള്ള അഗാധമായ നാഗരിക ബന്ധത്തിന് ഊന്നൽ നൽകിക്കൊണ്ട് ബുദ്ധ പണ്ഡിതന്മാർ, സന്യാസിമാർ, തീർത്ഥാടകർ, വിദ്യാർത്ഥികൾ എന്നിവരുടെ കൂടുതൽ വിനിമയത്തിന് നേതാക്കൾ പ്രോത്സാഹനം നൽകി. വിയറ്റ്‌നാമിലെ മൈ സൺ യുനെസ്‌കോ ലോക പൈതൃക കേന്ദ്രത്തിന്റെ സംരക്ഷണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയും, അവിടെ എ, എച്ച്, കെ ബ്ലോക്കുകളിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയ പുനരുദ്ധാരണ-സംരക്ഷണ പ്രവർത്തനങ്ങളെയും വിയറ്റ്‌നാം അഭിനന്ദിച്ചു. കൂടാതെ, ഇ, എഫ് ബ്ലോക്കുകളിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെയും വിയറ്റ്‌നാമിലെ ദാക് ലാക്  പ്രവിശ്യയിലെ നാൻ ടവർ പദ്ധതിയെയും അവർ പ്രശംസിച്ചു.

നിരവധി വിയറ്റ്‌നാമീസ് നഗരങ്ങളിലും പ്രവിശ്യകളിലും അന്താരാഷ്ട്ര യോഗാ ദിനം വാർഷികാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നതിന് വിയറ്റ്‌നാം നൽകുന്ന പിന്തുണയെ ഇന്ത്യ അഭിനന്ദിച്ചു. ഇരുരാജ്യങ്ങളിലെയും യോഗ സ്ഥാപനങ്ങൾ തമ്മിലുള്ള കൂടുതൽ സഹകരണത്തിന് നേതാക്കൾ പിന്തുണ അറിയിച്ചു. സാംസ്കാരിക വിനിമയം വർദ്ധിപ്പിക്കാനും ഡാ നാങ് സർവ്വകലാശാലയിലും യൂണിവേഴ്സിറ്റി ഓഫ് സോഷ്യൽ സയൻസസ് ആൻഡ് ഹ്യുമാനിറ്റീസിലും ഐസിസിആർ ചെയർ ഓഫ് ഇന്ത്യ സ്റ്റഡീസ് സ്ഥാപിക്കാനും അവർ തീരുമാനിച്ചു.

മുംബൈയും ഹോ ചി മിൻ സിറ്റിയും തമ്മിലുള്ള സൗഹൃദവും സഹകരണവും സ്ഥാപിക്കുന്നതിനായുള്ള ധാരണാപത്രം ഒപ്പിട്ടതിനെ നേതാക്കൾ സ്വാഗതം ചെയ്യുകയും അത്തരം സഹകരണങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മാനവ വിഭവശേഷിയുടെ ചലനാത്മകതയിൽ സഹകരണത്തിന്റെ പ്രാധാന്യം ഇരുപക്ഷവും ഊന്നിപ്പറഞ്ഞു. തൊഴിൽ വിപണിയിലെ ചലനാത്മകത സുഗമമാക്കുന്നതുൾപ്പെടെയുള്ള പരസ്പര താല്പര്യമുള്ള വിഷയങ്ങൾ പരിഹരിക്കുന്നതിനായി കൺസുലർ സംഭാഷണം ആരംഭിക്കുന്നതിനെ ഇരുപക്ഷവും സ്വാഗതം ചെയ്തു.

പ്രാദേശിക, അന്താരാഷ്ട്ര സഹകരണം

മാറിക്കൊണ്ടിരിക്കുന്ന ആഗോള ഭൗമരാഷ്ട്രീയ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത്, അന്താരാഷ്ട്ര നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമം പ്രോത്സാഹിപ്പിക്കുന്നതിനും സമാധാനം, സ്ഥിരത, സഹകരണം എന്നിവയിലൂന്നിയുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള വളർന്നുവരുന്ന തന്ത്രപരമായ യോജിപ്പിനെ നേതാക്കൾ അടിവരയിട്ടു. ആഗോള ഭരണത്തിൽ ഗ്ലോബൽ സൗത്തിന്റെ ശബ്ദവും പങ്കും ശക്തിപ്പെടുത്താനും അവർ ആഹ്വാനം ചെയ്തു.

ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ബഹുരാഷ്ട്ര വേദികളിൽ സഹകരണം ശക്തിപ്പെടുത്താൻ നേതാക്കൾ തീരുമാനിച്ചു. ബഹുരാഷ്ട്രവാദത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുകൊണ്ട്, യുഎൻ സുരക്ഷാ കൗൺസിൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകളെ സമകാലിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന രീതിയിൽ പരിഷ്കരിക്കണമെന്ന ശക്തമായ നിലപാട് നേതാക്കൾ പ്രകടിപ്പിച്ചു. പരിഷ്കരിച്ച യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയുടെ സ്ഥിരം അംഗത്വത്തിന് വിയറ്റ്‌നാം നൽകുന്ന തുടർച്ചയായ പിന്തുണയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു.

ഇന്ത്യയുടെ 2026-ലെ ബ്രിക്സ് അധ്യക്ഷപദവിയെ വിയറ്റ്‌നാം സ്വാഗതം ചെയ്തപ്പോൾ, ബ്രിക്സ് പങ്കാളി രാജ്യം എന്ന നിലയിൽ വിയറ്റ്‌നാമിന്റെ പങ്കിനെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത ഇന്ത്യ ആവർത്തിച്ചു.

ഇന്ത്യയുടെ ആക്ട് ഈസ്റ്റ് പോളിസി, വിഷൻ മഹസാഗർ , ഇൻഡോ-പസഫിക് കാഴ്ചപ്പാട് എന്നിവയിലെ പ്രധാന സ്തംഭമാണ് വിയറ്റ്‌നാമെന്നും, മേകോങ് ഉപമേഖല, ആസിയാൻ, ഇൻഡോ-പസഫിക് എന്നിവയുമായുള്ള ഇന്ത്യയുടെ ഇടപെടലുകളെ നയിക്കുന്നതിൽ വിയറ്റ്‌നാമിന് വലിയ പങ്കുണ്ടെന്നും നേതാക്കൾ അംഗീകരിച്ചു. സ്വതന്ത്രവും തുറന്നതും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ഒരു ഇൻഡോ-പസഫിക് മേഖലയ്ക്കായുള്ള തങ്ങളുടെ പങ്കിട്ട കാഴ്ചപ്പാട് നേതാക്കൾ ആവർത്തിച്ചു. പ്രാദേശിക സമാധാനത്തിനും സ്ഥിരതയ്ക്കും ഐശ്വര്യത്തിനുമായി വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക ചട്ടക്കൂടുകളിൽ ആസിയാൻ ഐക്യത്തിനും ആസിയാൻ കേന്ദ്രീകരണത്തിനും ഇന്ത്യ നൽകുന്ന നിരന്തരമായ പിന്തുണയെ വിയറ്റ്‌നാം അഭിനന്ദിച്ചു. അതത് അംഗരാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധത്തെ പൂരകമാക്കുന്ന ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെ ഇരുപക്ഷവും പിന്തുണച്ചു.

അഭിവൃദ്ധിയും സുരക്ഷയും തമ്മിലുള്ള ബന്ധത്തിന് അടിവരയിട്ടുകൊണ്ട്, ദക്ഷിണ ചൈനാ കടലിൽ സമാധാനം, സ്ഥിരത, സുരക്ഷ എന്നിവ നിലനിർത്തുന്നതിന്റെയും കപ്പൽ ഗതാഗതത്തിനും വിമാന സഞ്ചാരത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെയും പ്രാധാന്യം നേതാക്കൾ ആവർത്തിച്ചു. ഭീഷണിപ്പെടുത്താനോ ബലപ്രയോഗത്തിനോ മുതിരാതെ, അന്താരാഷ്ട്ര നിയമങ്ങൾ, പ്രത്യേകിച്ച് 1982-ലെ ഐക്യരാഷ്ട്ര സമുദ്ര നിയമ കൺവെൻഷൻ (UNCLOS) അനുസരിച്ച് തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണുന്നതിന് അവർ ഊന്നൽ നൽകി. തർക്കങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരും മറ്റ് എല്ലാ രാജ്യങ്ങളും തങ്ങളുടെ പ്രവർത്തനങ്ങളിൽ സൈനികവൽക്കരണം ഒഴിവാക്കേണ്ടതിന്റെയും സംയമനം പാലിക്കേണ്ടതിന്റെയും പ്രാധാന്യം നേതാക്കൾ എടുത്തുപറഞ്ഞു. സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നതോ സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുന്ന തരത്തിൽ തർക്കങ്ങൾ വർദ്ധിപ്പിക്കുന്നതോ ആയ നടപടികൾ ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു. സമുദ്രങ്ങളിലെയും കടലിലെയും എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന സമഗ്രമായ നിയമചട്ടക്കൂടാണ് UNCLOS എന്ന് നേതാക്കൾ അടിവരയിട്ടു. ദക്ഷിണ ചൈനാ കടലിലെ കക്ഷികളുടെ പെരുമാറ്റത്തെക്കുറിച്ചുള്ള പ്രഖ്യാപനം (DOC) പൂർണ്ണമായും ഫലപ്രദമായും നടപ്പിലാക്കണമെന്നും, അന്താരാഷ്ട്ര നിയമങ്ങൾക്കും UNCLOS-നും അനുസൃതമായി ദക്ഷിണ ചൈനാ കടലിനായുള്ള പെരുമാറ്റച്ചട്ടം (COC) സംബന്ധിച്ച ചർച്ചകൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഈ ചർച്ചകളിൽ പങ്കാളികളല്ലാത്ത രാജ്യങ്ങളുടേത് ഉൾപ്പെടെ എല്ലാ രാജ്യങ്ങളുടെയും നിയമപരമായ അവകാശങ്ങളെയും താൽപ്പര്യങ്ങളെയും ഹനിക്കാത്ത രീതിയിലായിരിക്കണം ഇതെന്നും അവർ കൂട്ടിച്ചേർത്തു.

അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ എല്ലാ രൂപത്തിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും നേതാക്കൾ ശക്തമായി അപലപിച്ചു. ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണമെന്നും, ഐക്യരാഷ്ട്രസഭ, എഫ്.എ.ടി.എഫ് എന്നിവയിലൂടെ ഉൾപ്പെടെ ഭീകരവാദത്തെ സമഗ്രവും സുസ്ഥിരവുമായ രീതിയിൽ നേരിടാൻ ഏകോപിത അന്താരാഷ്ട്ര ശ്രമങ്ങൾ വേണമെന്നും അവർ ആഹ്വാനം ചെയ്തു. ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായ ശൃംഖലകളും സുരക്ഷിത താവളങ്ങളും തകർക്കാനും ഭീകരവാദ പശ്ചാത്തല സൗകര്യങ്ങൾ ഇല്ലാതാക്കാനും ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരാനും നേതാക്കൾ ആവശ്യപ്പെട്ടു.

തനിക്കും തന്റെ പ്രതിനിധി സംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും മികച്ച ക്രമീകരണങ്ങൾക്കും ജനറൽ സെക്രട്ടറി, പ്രെസിഡന്റ് ടോ ലാം പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ചു. വിയറ്റ്‌നാം സന്ദർശിക്കാനായി അദ്ദേഹം പ്രധാനമന്ത്രി മോദിയെ ക്ഷണിക്കുകയും ചെയ്തു.

 

-NK-


( റിലീസ് ഐ.ഡി: 2258522) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Gujarati , Kannada