പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങൾ സംബന്ധിച്ച അന്തർ- മന്ത്രാലയ പത്ര സമ്മേളനം
പോസ്റ്റഡ് ഓണ്‍:
04 MAY 2026 6:33PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പൗരന്മാരെ അറിയിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യാ ഗവൺമെൻ്റ് തുടരുന്നു. ഇതിൻ്റെ ഭാഗമായി, നാഷണൽ മീഡിയ സെൻ്ററിൽ ഇന്ന് ഒരു വാര്‍ത്താ സമ്മേളനം വിളിച്ചുചേർത്തു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഇന്ധന ലഭ്യത, സമുദ്ര പ്രവർത്തനങ്ങൾ, ഈ മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നല്കുന്ന പിന്തുണ, പ്രധാന മേഖലകളിൽ സ്ഥിരത നിലനിർത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികൾ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പങ്കുവെച്ചു. രാസവളത്തിൻ്റെ നിലവിലെ സ്റ്റോക്ക് നിലയെക്കുറിച്ചും ലഭ്യതയെക്കുറിച്ചുമുള്ള വിവരങ്ങൾ രാസവസ്തു, രാസവളം മന്ത്രാലയം മാധ്യമങ്ങളെ അറിയിച്ചു.
രാസവളത്തിൻ്റെ സ്റ്റോക്ക് നിലയും ലഭ്യതയും
രാജ്യത്തെ രാസവളത്തിൻ്റെ മൊത്തത്തിലുള്ള സ്റ്റോക്ക് നില
|
ഉൽപ്പന്നം
|
ഇന്നത്തെ നില
|
കഴിഞ്ഞ വർഷം ഇതേ ദിവസത്തെ നില
|
|
യൂറിയ
|
74.48
|
74.03
|
|
ഡി.എ.പി
|
22.47
|
15.22
|
|
എൻ.പി.കെ-കൾ
|
59.53
|
46.26
|
|
എസ്.എസ്.പി
|
26.71
|
26.63
|
|
എം.ഒ.പി
|
12.52
|
12.84
|
|
ആകെ
|
195.71
|
174.98
|
2026-ലെ ഖാരിഫ് സീസണിലേക്ക്, വളത്തിൻ്റെ ആവശ്യകത 390.54 ലക്ഷം മെട്രിക് ടൺ ആണെന്ന് കൃഷി, കർഷക ക്ഷേമ വകുപ്പ് വിലയിരുത്തിയിട്ടുണ്ട്. ഇതിനെതിരെ ഇന്നത്തെ സ്റ്റോക്ക് ഏകദേശം 195.71 ലക്ഷം മെട്രിക് ടൺ ( 50 ശതമാനത്തിലധികം) ആണ്. ഇത് സാധാരണ നിലയായ 33 ശതമാനത്തേക്കാൾ വളരെ കൂടുതലാണ്. ഗവൺമെൻ്റിൻ്റെ മെച്ചപ്പെട്ട ആസൂത്രണം, മുൻകൂട്ടിയുള്ള സംഭരണം, കാര്യക്ഷമമായ ലോജിസ്റ്റിക് മാനേജ്‌മെൻ്റ് എന്നിവയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.
സംസ്ഥാനങ്ങളിലുടനീളം വിതരണ സാഹചര്യം ശക്തമായി തുടരുന്നു. 2026 മെയ് 1 മുതൽ 3 വരെയുള്ള കാലയളവിൽ, ആവശ്യകതയേക്കാൾ വളരെ ഉയർന്ന അളവിൽ വളം ലഭ്യമാണ്. യൂറിയയുടെ ആവശ്യകത 2.66 ലക്ഷം മെട്രിക് ടൺ ആയിരിക്കെ ലഭ്യത 62.28 ലക്ഷം മെട്രിക് ടൺ ആണ്. ഡി.എ.പി ആവശ്യകത 0.85 ലക്ഷം മെട്രിക് ടണ്ണും ലഭ്യത 20.32 ലക്ഷം മെട്രിക് ടണ്ണുമാണ്. എം.ഒ.പി ആവശ്യകത 0.22 ലക്ഷം മെട്രിക് ടണ്ണും ലഭ്യത 7.60 ലക്ഷം മെട്രിക് ടണ്ണുമാണ്. എൻ.പി.കെ ആവശ്യകത 1.16 ലക്ഷം മെട്രിക് ടൺ ആയിരിക്കെ ലഭ്യത 49.71 ലക്ഷം മെട്രിക് ടൺ ആണ്, എസ്.എസ്.പി ആവശ്യകത 0.55 ലക്ഷം മെട്രിക് ടണ്ണും ലഭ്യത 24.60 ലക്ഷം മെട്രിക് ടണ്ണുമാണ്. നിലവിലുള്ള ഖാരിഫ് സീസണിലേക്ക് വളത്തിൻ്റെ വളരെ ശക്തമായ ഒരു പ്രാരംഭ ശേഖരം ലഭ്യമാണെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രധാന വളങ്ങളുടെ എംആർപി - പ്രധാന വളങ്ങളുടെ എംആർപിയിൽ മാറ്റമില്ല.
|
ഉൽപ്പന്നം
|
വില (ഒരു ബാഗിന്)
|
|
ഡി.എ.പി
|
266.5
|
|
യൂറിയ
|
1350
|
|
ടി.എസ്.പി
|
1300
|
പ്രതിസന്ധിക്ക് ശേഷമുള്ള വളത്തിൻ്റെ ആഭ്യന്തര ഉത്പാദനവും ഇറക്കുമതിയും
|
ഉൽപ്പന്നം
|
പ്രതിസന്ധിക്ക് ശേഷമുള്ള ആഭ്യന്തര ഉത്പാദനം
|
പ്രതിസന്ധിക്ക് ശേഷം ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിയ ഇറക്കുമതി
|
|
യൂറിയ
|
40.72
|
9.98
|
|
ഡി.എ.പി
|
5.39
|
0.76
|
|
എൻ.പി.കെ-കൾ
|
13.65
|
3.54
|
|
എസ്.എസ്.പി
|
7.95
|
0
|
|
എം.ഒ.പി
|
0
|
2.41
|
|
ആകെ
|
67.71
|
16.69
|
• പ്രതിസന്ധി ഘട്ടത്തിന് ശേഷം ഏകദേശം 84 ലക്ഷം മെട്രിക് ടൺ വളം കൂടി ലഭ്യമായ അളവിലേക്ക് ചേർക്കപ്പെട്ടു.
• നിലവിലെ ഏപ്രിൽ-26 കാലയളവിൽ, യൂറിയ ഉത്പാദനം 20.98 ലക്ഷം മെട്രിക് ടണ്ണിലെത്തി. 2025 ഏപ്രിലിലെ ആഭ്യന്തര ഉത്പാദനം 21.89 ലക്ഷം മെട്രിക് ടൺ ആയിരുന്നു.
• ആഗോള യൂറിയ ടെൻഡർ - ഫെബ്രുവരി അവസാനം മുതൽ ഇതുവരെ ഇന്ത്യ മൊത്തം 38.07 ലക്ഷം മെട്രിക് ടൺ (13.07 RCF + 25 ലക്ഷം മെട്രിക് ടൺ IPL) ഉറപ്പാക്കിയിട്ടുണ്ട്.
• മെയ്, ജൂൺ മാസങ്ങളിൽ ഇന്ത്യൻ തുറമുഖങ്ങളിൽ എത്തിക്കുന്നതിനായി ഇന്ത്യ SOH-ൽ നിന്ന് ഏകദേശം 6 ലക്ഷം മെട്രിക് ടൺ എൻ.പി.കെ-കൾ ഉറപ്പാക്കിയിട്ടുണ്ട്.
• DAP, TSP, അമോണിയം സൾഫേറ്റ് എന്നിവയ്ക്കുള്ള ആഗോള ടെൻഡർ - ഇന്ത്യൻ രാസവള കമ്പനികൾ 12 ലക്ഷം മെട്രിക് ടൺ DAP, 4 ലക്ഷം മെട്രിക് ടൺ TSP, 3 ലക്ഷം മെട്രിക് ടൺ അമോണിയം സൾഫേറ്റ് എന്നിവ സംഭരിക്കുന്നതിനായി 24.04.2026 വെള്ളിയാഴ്ച സംയുക്ത ആഗോള ടെൻഡർ പുറപ്പെടുവിച്ചു. ഇത് തിരക്കേറിയ സീസണിൽ മതിയായ ലഭ്യത ഉറപ്പാക്കാൻ സഹായിക്കും.
• വളത്തിൻ്റെ ഉത്പാദനത്തിനാവശ്യമായ യൂറിയ, പി & കെ വളങ്ങൾ പോലുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത രാസവളം വകുപ്പ് കൃത്യമായി അവലോകനം ചെയ്യുന്നുണ്ട്.
• വളത്തിൻ്റെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനായി ഇതുവരെ 7 EGoS യോഗങ്ങൾ ചേർന്നു, കൂടാതെ ലഭ്യതയുമായി ബന്ധപ്പെട്ട മിക്ക വെല്ലുവിളികളും EGoS പരിഹരിക്കുകയും ചെയ്തു.
• എല്ലാ പ്രധാന വളങ്ങളുടേയും ലഭ്യത ആവശ്യകതയേക്കാൾ കൂടുതലായി നിലനിർത്തുന്നതിലൂടെ, ഇന്ത്യയുടെ വളം സുരക്ഷ ശക്തവും സുസ്ഥിരവും മികച്ച രീതിയിൽ നിയന്ത്രിക്കപ്പെടുന്നതുമായി തുടരുന്നു.
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടേയും എൽപിജി-യുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ചുവരുന്ന നടപടികൾ വിശദീകരിച്ചുകൊണ്ട്, പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി:
പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും പൗര ബോധവൽക്കരണവും
• പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവൺമെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാൽ ഇവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു.
• കിംവദന്തികൾക്കെതിരെ ജാഗ്രത പാലിക്കാനും ശരിയായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
• എൽപിജി ഉപഭോക്താക്കൾ ബുക്കിംഗിനായി ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.
• സാധ്യമായ ഇടങ്ങളിലൊക്കെ പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ തുടങ്ങിയ ഇതര ഇന്ധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
• നിലവിലെ സാഹചര്യത്തിൽ, ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങൾ നടത്താൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.
ഗവൺമെൻ്റിൻ്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും, ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ വിതരണം നൂറു ശതമാനവും ഉറപ്പാക്കാൻ ഗവൺമെൻ്റിന് സാധിച്ചിട്ടുണ്ട്.
• വാണിജ്യ എൽപിജി വിതരണത്തിൽ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നല്കിയിട്ടുണ്ട്. ഇതിനുപുറമെ ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി തുടങ്ങിയ മേഖലകൾക്കും മുൻഗണന നല്കുന്നുണ്ട്. കൂടാതെ, അതിഥി തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ സിലിണ്ടറുകളുടെ വിതരണം 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തെ അടിസ്ഥാനമാക്കി ഇരട്ടിയാക്കിയിട്ടുണ്ട്.
• റിഫൈനറി ഉത്പാദനം വർദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകൾ നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകൾക്ക് മുൻഗണന നിശ്ചയിക്കുക എന്നിവയുൾപ്പെടെ വിതരണ-ആവശ്യകത മേഖലകളിൽ ഗവൺമെൻ്റ് ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
• എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
• ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ അളവിൽ കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയ്ക്കും സിംഗരേണി കൽക്കരി ഖനികൾക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
• ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ നല്കുന്നതിന് സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
• പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എൽപിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന ഗവൺമെൻ്റുകൾക്ക് അധികാരം നല്കിയിട്ടുണ്ട്.
• പെട്രോൾ, ഡീസൽ, എൽപിജി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും പ്രധാന പങ്കുണ്ട്. കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും കേന്ദ്ര ഗവൺമെൻ്റ് ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
• ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാർക്ക് ഉറപ്പുനല്കുന്നതിനായി സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാർച്ച് 27-ലേയും 2026 ഏപ്രിൽ 2-ലേയും കത്തുകളിലൂടെ ഇന്ത്യാ ഗവൺമെൻ്റ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങൾ ചേരുന്നുണ്ട്. ഇതിൻ്റെ ഭാഗമായി, 2026 ഏപ്രിൽ 2-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറിയുടെ അധ്യക്ഷതയിൽ), 2026 ഏപ്രിൽ 6-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി, വാർത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർ എന്നിവരുടെ അധ്യക്ഷതയിൽ) യോഗങ്ങൾ വിളിച്ചുചേർത്തു. ഈ യോഗങ്ങളിൽ താഴെ പറയുന്ന നിർദ്ദേശങ്ങൾ നല്കി:
◦ ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും കൃത്യമായ ഇടവേളകളിൽ പൊതുജനങ്ങൾക്കുള്ള ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുക.
◦ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
◦ ജില്ലാ ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ ദൈനംദിന പരിശോധനകൾ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.
◦ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.
◦ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ വിതരണം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിക്കുക.
◦ പിഎൻജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.
◦ എൽപിജി വിതരണത്തിൽ പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നല്കുക , വിതരണ സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.
• പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.
• ഒട്ടുമിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായ ഇടവേളകളിൽ പത്രസമ്മേളനങ്ങൾ നടത്തുകയും വിവരങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.
പരിശോധനയും നിരീക്ഷണ നടപടികളും
• എൽപിജിയുടെ പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള കർശന പരിശോധനകൾ രാജ്യത്തുടനീളം തുടരുന്നു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്നലെ മാത്രം 1570-ലധികം റെയ്ഡുകൾ നടത്തി.
• പൊതുമേഖലാ എണ്ണക്കമ്പനികൾ മിന്നൽ പരിശോധനകൾ ശക്തമാക്കുകയും തുടരുകയും ചെയ്യുന്നുണ്ട്. ഇതിൻ്റെ ഭാഗമായി, ഇതുവരെ 349 എൽപിജി വിതരണ കേന്ദ്രങ്ങൾക്ക് പിഴ ചുമത്തുകയും 74 എൽപിജി വിതരണകേന്ദ്രങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എൽപിജി വിതരണം
ഗാർഹിക എൽപിജി വിതരണ സ്ഥിതി:
• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്.
• ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നല്കിയിട്ടുണ്ട്.
• എൽപിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീർന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
• ഓൺലൈൻ എൽപിജി സിലിണ്ടർ ബുക്കിംഗ് ഇൻഡസ്ട്രി അടിസ്ഥാനത്തിൽ 99 ശതമാനമായി വർദ്ധിച്ചു.
• വിതരണത്തിലെ ക്രമക്കേടുകൾ തടയുന്നതിനായി, ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 94 ശതമാനമായി വർദ്ധിച്ചു. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഡിഎസി ലഭിക്കും.
• ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിതരണം ഉറപ്പാക്കുന്നതിനായി ഒട്ടുമിക്ക എൽപിജി വിതരണ കേന്ദ്രങ്ങളും ഞായറാഴ്ചയും പ്രവർത്തിച്ചിരുന്നു.
വാണിജ്യ എൽപിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:
• മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിൻ്റെ ഏകദേശം 70 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
• അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകളുടെ ദൈനംദിന അളവ് ഇരട്ടിയാക്കുന്നതായി 2026 ഏപ്രിൽ 6-ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ് അറിയിച്ചിട്ടുണ്ട്. 2026 മാർച്ച് 2-3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിൻ്റെ (സിലിണ്ടറുകളുടെ എണ്ണം) അടിസ്ഥാനത്തിലാണ് ഈ വർദ്ധന. 2026 മാർച്ച് 21-ലെ കത്തിൽ സൂചിപ്പിച്ചിരുന്ന 20 ശതമാനം എന്ന പരിധിക്ക് പുറമെയാണിത്. ഈ 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രമായി വിതരണം ചെയ്യാൻ സംസ്ഥാന ഗവൺമെൻ്റുകൾക്ക് അധികാരമുണ്ടാകും.
• 2026 ഏപ്രിൽ ഒന്ന് മുതൽ ഇതുവരെ 23.58 ലക്ഷത്തിലധികം 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.
• 5 കിലോ എഫ്.ടി.എൽ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 2026 ഏപ്രിൽ 3 മുതൽ,പൊതുമേഖലാ എണ്ണക്കമ്പനികൾ ഏകദേശം 10,170 ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് ഏകദേശം 1,76,500, 5 കിലോഗ്രാം എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.
• സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽപിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപിച്ച് പ്രവർത്തിക്കുന്നു.
• 2026 ഏപ്രിൽ മുതൽ ഇതുവരെ മൊത്തം 2,15,332 മെട്രിക് ടൺ (ഇത് 113.33 ലക്ഷത്തിലധികം 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുല്യമാണ്) വാണിജ്യ എൽപിജി വിറ്റഴിക്കപ്പെട്ടു.
• 2026 ഏപ്രിൽ മുതൽ ഇതുവരെ പൊതുമേഖലാ എണ്ണക്കമ്പനികൾ വഴിയുള്ള ഓട്ടോ എൽപിജി വില്പന 11,106 മെട്രിക് ടൺ ആണ്.
പ്രകൃതിവാതക വിതരണവും PNG വിപുലീകരണ സംരംഭങ്ങളും
· മുൻഗണനാ മേഖലകൾക്ക് വിതരണ സുരക്ഷിതത്വം തുടർന്നും ഉറപ്പാക്കുന്നു , ഇതിൽ ആഭ്യന്തര PNG, CNG ഗതാഗത മേഖലയ്ക്കുള്ള 100% വിതരണവും ഉൾപ്പെടുന്നു.
·വളം പ്ലാൻ്റുകളിലേക്കുള്ള വാതക വിതരണം നിലവിൽ അവയുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ 98 ശതമാനമാണ്.
കൂടാതെ, സിജിഡി ശൃംഖല വഴിയുള്ള വിതരണങ്ങൾ ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 80% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
· വാണജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട് ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് PNG കണക്ഷനുകൾക്ക് മുൻഗണന നൽകാൻ CGD സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
· IGL, MGL, GAIL, BPCL എന്നിവയുൾപ്പെടെയുള്ള CGD കമ്പനികൾ ഗാർഹിക, വാണിജ്യ PNG കണക്ഷനുകൾ എടുക്കുന്നതിനു ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
· CGD ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, കേന്ദ്ര മന്ത്രാലയങ്ങൾ എന്നിവയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
· എൽപിജിയിൽ നിന്ന് പിഎൻജിയിലേക്ക് ദീർഘകാലാടിസ്ഥാനത്തിൽ മാറാൻ സഹായിക്കുമെങ്കിൽ, എല്ലാ സംസ്ഥാനങ്ങൾക്കും / യുടികൾക്കും വാണിജ്യ എൽപിജിയുടെ 10% അധികമായി അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ കേന്ദ്ര ഗവൺമെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
· പിഎൻജി വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട അധിക വാണിജ്യ എൽപിജി വിഹിതം 22 സംസ്ഥാനങ്ങൾക്കും / കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഇതിനകം ലഭിക്കുന്നുണ്ട്.
· അപേക്ഷകൾ മുൻഗണനാക്രമത്തിൽ പരിഗണിക്കുന്നതിനായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക് സിജിഡി അടിസ്ഥാന സൗകര്യങ്ങൾക്കായി ഒരു ദ്രുത അംഗീകാര ചട്ടക്കൂട് സ്വീകരിച്ചു.
•1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെയും മറ്റ് സൗകര്യങ്ങളിലൂടെയും) ഉത്തരവ് 2026, ഇന്ത്യാ ഗവൺമെൻ്റ് 2026 മാർച്ച് 24 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ഒരു കാര്യക്ഷമവും സമയബന്ധിതവുമായ ചട്ടക്കൂട് ഈ ഉത്തരവ് നൽകുന്നു . അനുമതി, ഭൂമിലഭ്യത എന്നിവയിലേക്കുള്ള കാലതാമസം പരിഹരിക്കുന്നതിനും, ജനവാസ മേഖലകളിലുൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇത് PNG ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുകയും, എല്ലായിടത്തും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യും. കൂടാതെ അതുവഴി ഊർജ്ജ സുരക്ഷയെ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
·•ഡി-പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ സിജിഡി സ്ഥാപനങ്ങൾക്ക് പിഎൻജിആർബി നിർദ്ദേശം നൽകി.PNG വിപുലീകരണത്തിൻ്റെ ആക്കം നിലനിർത്താൻ ദേശീയ പിഎൻജി യജ്ഞം 2.0,PNGRB 2026 ജൂൺ 30 വരെ നീട്ടി.
· കൂടുതൽ വൃത്തിയുള്ളതും കൂടുതൽ സുരക്ഷിതവും സ്വാശ്രയവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവൺമെൻ്റ് , സംസ്ഥാന സിബിജി കരട് മാതൃകാനയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി സംസ്ഥാനങ്ങൾക്ക് നിക്ഷേപക സൗഹൃദപരവും നിർവഹണ -അധിഷ്ഠിതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ പ്രാപ്തമാക്കുന്നതിന് സമഗ്രമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയത്തിൻ്റെ ലക്ഷ്യം. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അടുത്ത ഘട്ടത്തിൽ വാണിജ്യ എൽപിജിയുടെ അധിക വിഹിതം നൽകുന്നതിന് മുൻഗണന നൽകും.
•സിജിഡി ശൃംഖലകൾ / അടിസ്ഥാന സൗകര്യം എന്നിവ സ്ഥാപിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ 15 ദിവസത്തിനുള്ളിൽ അനുമതി നൽകുന്നതിന് എസ്‌പിസിബി/പിസിസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ സിപിസിബിയോട് 07.04.2026 ലെ ഉത്തരവ് പ്രകാരം MoEFCC നിർദ്ദേശിച്ചിട്ടുണ്ട്.
2026 മാർച്ച് മുതൽ ഏകദേശം 6.12 ലക്ഷം പിഎൻജി കണക്ഷനുകൾ സജീവമാക്കുകയും 2.67 ലക്ഷം കണക്ഷനുകൾക്കായി അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്തു, ഇത് മൊത്തം കണക്ഷനുകളുടെ എണ്ണം 8.79 ലക്ഷംആക്കി . കൂടാതെ, ഏകദേശം 6.79 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
· 03.05.2026 വരെയുള്ള കണക്കുകൾ പ്രകാരം 43,760-ലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in വെബ്സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ ഉപേക്ഷിച്ചു.
അസംസ്കൃത എണ്ണയുടെ നിലവിലെ സ്ഥിതിയും എണ്ണ ശുദ്ധീകരണ ശാലയുടെ പ്രവർത്തനങ്ങളും
· എല്ലാ എണ്ണ ശുദ്ധീകരണശാലകളും മതിയായ അസംസ്കൃത എണ്ണ സംഭരണത്തോടെ ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, അതേസമയം പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ സംഭരണം നിലനിർത്തുന്നു.
· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി എണ്ണ ശുദ്ധീകരണശാലകളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര വിപണിയിലേക്ക് പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണ ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു മന്ത്രാലയ തല സംയുക്ത പ്രവർത്തക സമിതി (ജെഡബ്ല്യുജി) രൂപീകരിച്ചു. തുടർന്ന്, സെൻ്റർ ഫോർ ഹൈ ടെക്‌നോളജി (സിഎച്ച്ടി) നിർണ്ണയിക്കുന്ന പ്രകാരം പ്രധാന മേഖലകൾക്ക് പ്രവർത്തിക്കാൻ ഏറ്റവും മിനിമം ആവശ്യമായ C3 & C4 സംയുക്തങ്ങൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്‌സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 01.04.2026 ലെ ഉത്തരവ് പ്രകാരം ഇന്ത്യാ ഗവൺമെൻ്റ് അനുമതി നൽകി.
•ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് & പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ പ്രോത്സാഹന വകുപ്പ്, ആഭ്യന്തര വ്യാപാര വകുപ്പ് (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ, കെമിക്കൽ മേഖലയിലെ കമ്പനികൾക്ക് LPG പൂളിൽ നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ ഇന്ധനം എന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.
•2026 ഏപ്രിൽ 9 മുതൽ കെമിക്കൽ, ഫാർമ, പെയിന്റ് വ്യവസായ മേഖലയ്ക്ക് മുംബൈ, കൊച്ചി, വിശാഖ പട്ടണം , ചെന്നൈ, മഥുര, ഗുജറാത്ത് എന്നിവിടങ്ങളിലെ റിഫൈനറികൾ 10,759 മെട്രിക് ടണ്ണിലധികം പ്രൊപിലീൻ,1670 മെട്രിക് ടൺ ബ്യൂട്ടൈൽ അക്രിലേറ്റ് എന്നിവ വിറ്റു.
ചില്ലറ ഇന്ധന ലഭ്യതയും വിലനിർണ്ണയ നടപടികളും
· രാജ്യത്തുടനീളമുള്ള ചില്ലറ വില്പനകേന്ദ്രങ്ങൾ സാധാരണയായി പ്രവർത്തിക്കുന്നു.
· പശ്ചിമേഷ്യയിലെ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, കേന്ദ്രഗവൺമെൻ്റ് പെട്രോളിൻ്റെയും ഡീസലിൻ്റെ യും എക്സൈസ് തീരുവ ലിറ്ററിന് ₹10 കുറച്ചു.
ഡീസലിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയിൽ നിന്ന് 23 രൂപയായും എടിഎഫിൻ്റേ ത് ലിറ്ററിന് 42 രൂപയിൽ നിന്ന് 33 രൂപയായും കുറച്ചുകൊണ്ട് ഇന്ത്യാ ഗവൺമെൻ്റ് 30.04.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഉത്തരവിറക്കി.
രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണ്. പെട്രോളിൻ്റെയും ഡീസലിൻ്റെയും ചില്ലറ വിൽപ്പന വിലകളിൽ മാറ്റമില്ല. പൊതുമേഖലാ എണ്ണ വിപണന സ്ഥാപനങ്ങളുടെ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ വില വർദ്ധനയും ഇല്ല.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
· സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും പതിവ് വിഹിതത്തിന് പുറമേ 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
· 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ എസ്‌കെഒ വിഹിത ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ഹിമാചൽ പ്രദേശും ലഡാക്കും ആവശ്യകത ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്.
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും:
മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളെയും നാവികരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ തുറമുഖ, ഷിപ്പിംഗ്& ജലപാത മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം ഇപ്രകാരമറിയിച്ചു
•നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ , സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുന്നു.
· മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.
• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം 24×7 സജീവമാക്കിയതിനുശേഷം ഇതുവരെ 8414 കോളുകളും 18,064 ഇമെയിലുകളും കൈകാര്യം ചെയ്തു. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച 41 കോളുകളും 99 ഇമെയിലുകളും ഉൾപ്പെടുന്നു.
· ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേർ ഉൾപ്പെടെ ഇതുവരെ 2,976 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.
· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുന്നു.എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ:
ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം തുടർന്നും നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ,സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം :
• വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും ശ്രമങ്ങളുടെ മികച്ച ക്രമീകരണത്തിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവൺമെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി ബന്ധപ്പെട്ടുവരുന്നു.
•ഇന്ത്യൻ എംബസികളും കോൺസുലേറ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ മുൻകൈയെടുത്ത് സഹായിക്കുകയും ചെയ്യുന്നു. അവർ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്
•തദ്ദേശ ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പതിവായി പുറപ്പെടുവിച്ചുവരുന്നു.
•മേഖലയിലെ വിവിധ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ,മറ്റു പങ്കാളികൾ എന്നിവരുൾപ്പെടെയുള്ളവരുമായി ഇന്ത്യൻ മിഷനുകൾ സജീവമായി ഇടപഴകുന്നു.
• ഇന്ത്യൻ നാവികരുടെ ക്ഷേമം ഗവൺമെൻ്റിനെ സംബന്ധിച്ചിടത്തോളം മുൻഗണനയായി തുടരുന്നു.പ്രാദേശിക അധികാരികളുമായി ഏകോപനം, കോൺസുലാർ പിന്തുണ, ആവശ്യമുള്ളപ്പോൾ ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ മേഖലയിലെ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാർക്ക് വേണ്ട സഹായം മിഷനുകൾ നൽകുന്നു.
•മൊത്തത്തിലുള്ള വിമാന യാത്രാ സ്ഥിതി മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു. മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുന്നു.
•യുഎഇയിൽ നിന്നും , പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പരിമിതമായ വാണിജ്യ വിമാനങ്ങൾ മാത്രമാണ് വിമാനക്കമ്പനികൾ നടത്തുന്നത്.
•സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങൾ തുടർന്നും സർവീസ് നടത്തും.
•ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഖത്തർ എയർവേയ്‌സ് എന്നിവ ഖത്തറിൽ നിന്ന് ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് വിമാന സർവീസുകൾ നടത്തുന്നു.
•കുവൈറ്റ് വ്യോമാതിർത്തി തുറന്നിരിക്കുന്നു.ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ നടത്തുന്നു .
•ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നിരിക്കുന്നു. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗൾഫ് എയർ എന്നിവ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നു
• ഇറാഖ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേ ഉള്ളൂ, ഇത് ഇന്ത്യയിലേക്കുള്ള തുടർന്നുള്ള യാത്രയ്ക്ക് ഉപയോഗിക്കാം
•ചരക്ക്, ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു.ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു.കൂടാതെ ഇറാനിലുള്ളവർ നമ്മുടെ എംബസിയുടെ പിന്തുണയോടെ കര അതിർത്തി വഴി മടങ്ങാൻ അഭ്യർത്ഥിക്കുന്നു.ഇതുവരെ, 2,504 ഇന്ത്യൻ പൗരന്മാർക്ക് കര അതിർത്തികൾ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്.
ഇസ്രായേൽ വ്യോമാതിർത്തി തുറന്നിരിക്കുന്നു, മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചു, ഇത് ഇന്ത്യയിലേക്ക് തുടർന്നുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം .
****
( റിലീസ് ഐ.ഡി: 2257924)
സന്ദര്‍ശക കൗണ്ടര്‍ : 8