PIB Backgrounder
azadi ka amrit mahotsav

സെൻസസ് 2027: ഇന്ത്യയുടെ പ്രഥമ ഡിജിറ്റൽ ജനസംഖ്യാ കണക്കെടുപ്പ്

പോസ്റ്റഡ് ഓണ്‍: 25 APR 2026 10:33AM by PIB Thiruvananthpuram

പ്രധാന വസ്തുതകൾ

  • ഇന്ത്യയിലെ പ്രഥമ ഡിജിറ്റൽ കാനേഷുമാരി പ്രക്രിയയായി സെൻസസ് 2027 മാറും, മൊബൈൽ അധിഷ്ഠിത വിവര ശേഖരണം ഉപയോഗപ്പെടുത്തി രാജ്യമെമ്പാടുമുള്ള ഡാറ്റ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും സമാഹരിക്കാൻ സാധിക്കും.
  • 2025 ഏപ്രിൽ 30-ന് ചേർന്ന രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതി, 2027-ലെ സെൻസസിൽ ജാതി അടിസ്ഥാനത്തിലുള്ള കണക്കെടുപ്പ് കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചു.
  • ശക്തമായ സ്ഥാപന സംവിധാനവും 11,718.24 കോടി രൂപയുടെ ബജറ്റും വിനിയോഗിച്ച്, ഇതിനായി സമഗ്ര പദ്ധതി തയ്യാറാക്കി വരുന്നു. ജീവനക്കാർക്ക് പരിശീലനം നൽകുക, പ്രീ-ടെസ്റ്റുകൾ നടത്തുക, രാജ്യവ്യാപകമായി സുഗമമായ നിർവ്വഹണം ഉറപ്പാക്കാൻ ഭരണപരമായ ക്രമീകരണങ്ങൾ സജ്ജമാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
  • സുരക്ഷിതമായ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ (CII) അധിഷ്ഠിത ഡാറ്റാ സെൻ്ററുകളും ഒരു വിപുലമായ തൊഴിൽ ശക്തിയും കൈമുതലാക്കി, ലക്ഷ്യവേധിയും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ നയരൂപീകരണത്തിനുതകുന്ന വിശ്വസനീയമായ ഡാറ്റ 2027 ലെ സെൻസസ് ലഭ്യമാക്കും.


ആമുഖം

ഒരു രാജ്യത്തെയോ ഒരു പ്രത്യേക പ്രദേശത്തെയോ ജനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനും, സമാഹരിക്കുന്നതിനും, വിശകലനം ചെയ്യുന്നതിനും, പങ്കിടുന്നതിനുമുള്ള പ്രക്രിയയാണ് സെൻസസ്. ജനസംഖ്യ, സമൂഹം, സംസ്കാരം, സമ്പദ്‌ വ്യവസ്ഥ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സെൻസസ് മുഖേന ശേഖരിക്കുന്ന വിവരങ്ങൾ, ആസൂത്രകർ, ഭരണകർത്താക്കൾ, ഗവേഷകർ, ഡാറ്റ ഉപയോക്താക്കൾ അടക്കമുള്ളവർക്ക് സമ്പന്നമായ ഡാറ്റാ ഉറവിടമായി മാറുന്നു. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ അവബോധപൂർണ്ണമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹായിക്കുന്നു. കൃത്യവും വിശദവുമായ ഡാറ്റ ലഭ്യമാക്കുന്നതിലൂടെ, ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായതും, ലക്ഷ്യവേധിയും എല്ലാവരെയും ഉൾക്കുള്ളുന്നതുമായ നയങ്ങൾ രൂപീകരിക്കാൻ സെൻസസ് സഹായിക്കുന്നു.

ഇന്ത്യയിൽ സെൻസസ് നടത്തിയതിൻ്റെ ആദ്യകാല രേഖകൾ കൗടില്യയുടെ അർത്ഥശാസ്ത്രത്തിലും (ബിസി 321–296) പിന്നീട് അക്ബർ ചക്രവർത്തിയുടെ ഭരണകാലത്ത് അബുൽ ഫസലിൻ്റെ ഐൻ-ഇ-അക്ബരിയിലും കാണാം. ഇന്ത്യയിലെ ആധുനിക കാലത്തെ ആദ്യ ജനസംഖ്യാ കണക്കെടുപ്പ് 1865 നും 1872 നും മധ്യേയാണ് നടന്നത്, എന്നാൽ എല്ലാ പ്രദേശങ്ങളിലും ഒരേസമയം ഇത് നടന്നിരുന്നില്ല. ഇന്ത്യയുടെ പ്രഥമ സമഗ്ര സെൻസസ് 1881 ൽ നടന്നു. അതിനുശേഷം, ഓരോ 10 വർഷം കൂടുമ്പോഴും ജനസംഖ്യയെക്കുറിച്ചുള്ള വിശ്വാസയോഗ്യവും കാലികവുമായ വിവരങ്ങൾ സെൻസസിലൂടെ സ്ഥിരമായി സമാഹരിച്ചു വരുന്നു. ഓരോ സെൻസസ്‌ കഴിയുംതോറും പ്രക്രിയകളും രീതികളും മെച്ചപ്പെടുത്താനായിട്ടുണ്ട്, ജനസംഖ്യാ കണക്കെടുപ്പ് ഏറെ വിപുലീകരിച്ചു, ജനസംഖ്യയുടെ സവിശേഷതകളും ആവശ്യങ്ങളും കൃത്യമായി മനസ്സിലാക്കാനുതകും വിധം ചോദ്യങ്ങൾ ക്രമീകരിച്ചു.

ഇന്ത്യയിലെ 16-ാമത്തെയും രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷമുള്ള 8-ാമത്തെയും സെൻസസ് ആയിരിക്കും 2027 ൽ നടക്കുക. ലോകത്തിലെ ഏറ്റവും വലിയ സെൻസസ് പ്രക്രിയയായിരിക്കും ഇത്. ഡിജിറ്റൽ ഉപാധികൾ ഉപയോഗപ്പെടുത്തുന്നതിലൂടെയും, ഡാറ്റ സുരക്ഷ മെച്ചപ്പെടുത്തുന്നതിലൂടെയും, പ്രക്രിയകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിലൂടെയും സെൻസസ് ഒരു സുപ്രധാന മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു, കൃത്യമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള നയ രുപീകരണത്തെ ഇത് പിന്തുണയ്ക്കുന്നു. മൊബൈൽ അധിഷ്ഠിത ഡാറ്റ ശേഖരണം, സെൻസസ് മാനേജ്മെൻ്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CMMS) പോർട്ടലിലൂടെയുള്ള തത്സമയ നിരീക്ഷണം, സ്വമേധയാ വിവരങ്ങൾ നൽകാൻ ജനങ്ങൾക്ക് അവസരമൊരുക്കുക, കൃത്യതയ്ക്കായി ജിയോ-മാപ്പ് ഉപയോഗിക്കുക തുടങ്ങിയ ഒട്ടേറെ പുതിയ സവിശേഷതകൾ സെൻസസ് മുന്നോട്ട് വയ്ക്കുന്നു. കൂടാതെ, ജനസംഖ്യാ കണക്കെടുപ്പിൽ ജാതി വിവരങ്ങൾ വിശദമായി ശേഖരിക്കും.

നൂതന ഡിജിറ്റൽ ഉപകരണങ്ങളുടെ പിന്തുണയോടെ, ഉന്നത നിലവാരത്തിലുള്ള ഡാറ്റ സുരക്ഷയും പൊതുജന പങ്കാളിത്തവും ഉറപ്പാക്കിക്കൊണ്ട്, വേഗതയേറിയതും കൃത്യവും സൂക്ഷ്മവുമായ ഡാറ്റ ലഭ്യമാക്കുക എന്നതാണ് സെൻസസ് പ്രക്രിയയുടെ ലക്ഷ്യം.

ഇന്ത്യൻ സെൻസസിൻ്റെ ചരിത്ര പശ്ചാത്തലം

ഭരണപരവും സ്ഥിതിവിവരക്കണക്കുകളുമായി ബന്ധപ്പെട്ട ആഗോളതലത്തിലെ ഏറ്റവും വലിയ പ്രക്രിയയായി ഇന്ത്യയിലെ സെൻസസ് വളർന്നു. 1865 നും 1872 നും മദ്ധ്യേയാണ് ആദ്യ ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത്, രാജ്യത്തുടനീളം ഒരേസമയം നടത്തിയ ആദ്യ സെൻസസാകട്ടെ 1881 ൽ നടന്നു. അതിനുശേഷം, ഓരോ 10 വർഷം കൂടുമ്പോഴും സെൻസസ് നടന്നുവരുന്നു. എന്നാൽ, കോവിഡ് -19 മഹാമാരി കാരണം 2021 ലെ സെൻസസ് കൃത്യസമയത്ത് നടത്താൻ കഴിഞ്ഞില്ല. അതിനാൽ തുടർ പരമ്പരയിലെ അടുത്ത കണക്കെടുപ്പായി 2027 ലെ സെൻസസ് മാറും. ഇന്ത്യയുടെ ചരിത്രത്തിലെ 16-ാമത്തെയും രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള എട്ടാമത്തെയും സെൻസസായിരിക്കും ഇത്.



2027ലെ സെൻസസിൻ്റെ സ്ഥാപനപരവും നിയമപരവുമായ ഘടന

രാജ്യത്തുടനീളം സ്ഥിരതയാർന്നതും വിശ്വസനീയവും ഏകീകൃതവുമായ ഡാറ്റ ശേഖരണം ഉറപ്പാക്കുന്ന സംഘടനാപരവും ഭരണപരവുമായ ശക്തമായ ചട്ടക്കൂട് ആധാരമാക്കിയാണ് 2027 ലെ സെൻസസ് കെട്ടിപ്പടുത്തിരിക്കുന്നത്. 1948 ലെ സെൻസസ് ആക്ടും 1990 ലെ സെൻസസ് ചട്ടങ്ങളുമാണ് സ്വാതന്ത്ര്യാനന്തരം, സെൻസസ് പ്രക്രിയയെ നിയന്ത്രിച്ചു പോരുന്നത്, നിയമപരമായും സ്ഥാപനപരമായും ശക്തമായ അടിത്തറ ഇത് ഒരുക്കുന്നു. ഭരണഘടനയുടെ ഏഴാം ഷെഡ്യൂൾ (സീരിയൽ നമ്പർ 69 ൽ പട്ടികപ്പെടുത്തിയിരിക്കുന്നു) പ്രകാരം സെൻസസ് ഒരു കേന്ദ്ര വിഷയമാണ്. കേന്ദ്ര സർക്കാരാണ് സെൻസസ് ഏകോപിപ്പിക്കുന്നത്. അതേസമയം സംസ്ഥാന, കേന്ദ്രഭരണ പ്രദേശ സർക്കാരുകളുമായി അടുത്ത സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുന്നത്. ഇത് ഇന്ത്യയിലെ വൈവിധ്യമാർന്ന പ്രദേശങ്ങളിലുടനീളം സുഗമവും കാര്യക്ഷമവുമായ നിർവ്വഹണം ഉറപ്പാക്കുന്നു.

വ്യക്തിഗത ഡാറ്റയുടെ കർശനമായ രഹസ്യസ്വഭാവം ഈ ചട്ടക്കൂട് ഉറപ്പുനൽകുന്നു, ഇത് പൊതുജന വിശ്വാസം വളർത്താൻ സഹായിക്കുകയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സെൻസസ് നിയമത്തിലെ സെക്ഷൻ 15 പ്രകാരം, ജനങ്ങൾ നൽകുന്ന വിവരങ്ങൾ വിവരാവകാശ നിയമ പ്രകാരം വെളിപ്പെടുത്താൻ കഴിയില്ല, ഒരു കോടതിയിലും തെളിവായി ഉപയോഗിക്കാനും കഴിയില്ല, മറ്റ്  സ്ഥാപനങ്ങളുമായി പങ്കിടാനും കഴിയില്ല.

2027 ൽ സെൻസസ് നടത്താനുള്ള പദ്ധതി 2025 ജൂൺ 16 ന് ഇന്ത്യാ ഗവണ്മെൻ്റ് ഔദ്യോഗികമായി ഗസറ്റിൽ വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം സെൻസസ് നടത്തുന്നതിനായി 11,718.24 കോടി രൂപയുടെ ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.



രണ്ട് ഘട്ടങ്ങളിലായി സെൻസസ് നടത്താനുള്ള പദ്ധതിയും ഓരോ ഘട്ടത്തിൻ്റെയും സമയക്രമവും

രാജ്യത്തുടനീളം സമഗ്രവും വ്യവസ്ഥാപിതവുമായ ഡാറ്റ ശേഖരണം ഉറപ്പാക്കുന്നതിനായി 2027 ലെ സെൻസസ് രണ്ട് ഘട്ടങ്ങളിലായാണ് നടത്തുന്നത്.  

  • ഒന്നാം ഘട്ടം: 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ഭവന ലിസ്റ്റിംഗും ഭവന സെൻസസും (HLO) നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്. സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെൻ്റുകളുടെ സൗകര്യാർത്ഥം, ഓരോ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലും 30 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. വീടുതോറുമുള്ള 30 ദിവസത്തെ സർവേയ്ക്ക് മുമ്പ്, സ്വമേധയാ വിവരങ്ങൾ സമർപ്പിക്കാൻ 15 ദിവസം അനുവദിക്കും. ഈ ഘട്ടത്തിൽ, ഭവന സാഹചര്യങ്ങൾ, സൗകര്യങ്ങളുടെ ലഭ്യത, ഗാർഹിക ആസ്തികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ഡാറ്റ ശേഖരിക്കും. സെൻസസിൻ്റെ തുടർ ഘട്ടത്തിനുള്ള അവശ്യ ചട്ടക്കൂട് ഇതിലൂടെ സൃഷ്ടിക്കും.
  • രണ്ടാം ഘട്ടം: ജനസംഖ്യാ കണക്കെടുപ്പ് (PE) 2027 ഫെബ്രുവരിയിൽ നടക്കും. വിവിധ വീടുകളുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങൾ, സാമൂഹിക-സാമ്പത്തിക നില, സംസ്‌കാരം, കുടിയേറ്റം, ജനനനിരക്ക് എന്നിവയുൾപ്പെടെ വ്യക്തികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കും. CCPA തീരുമാനിച്ച പ്രകാരം ജാതി സംബന്ധിച്ച കണക്കെടുപ്പും രണ്ടാം ഘട്ടത്തിൽ നടക്കും. ലഡാക്ക്, ജമ്മു കാശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് അടക്കമുള്ള മഞ്ഞുമൂടിയ ആയാസകരമായ പ്രദേശങ്ങളിൽ, രണ്ടാം ഘട്ടം 2026 സെപ്റ്റംബറിൽ നേരത്തെ നടത്തും. ജനസംഖ്യാ കണക്കെടുപ്പിനുള്ള കൃത്യമായ തീയതികളും ഉന്നയിക്കേണ്ട പ്രത്യേക ചോദ്യങ്ങളും യഥാസമയം അറിയിക്കും.

ഭവന ലിസ്റ്റിംഗിനും ഭവന സെൻസസിനും ഉള്ള ചോദ്യങ്ങൾ

ഒന്നാം ഘട്ടമായ ഭവന ലിസ്റ്റിംഗിനും ഭവന സെൻസസിനും ഉന്നയിക്കേണ്ട ചോദ്യങ്ങളുടെ പൂർണ്ണമായ പട്ടിക സർക്കാർ ഇതിനോടകം 2026 ജനുവരിയിൽ  പ്രഖ്യാപിച്ചിട്ടുണ്ട്.

2027 ലെ സെൻസസിൻ്റെ റഫറൻസ് തീയതി 2027 മാർച്ച് 1 ന് അർദ്ധരാത്രി (00:00 മണിക്കൂർ) ആയി സജ്ജീകരിച്ചിരിക്കുന്നു. ലഡാക്ക്, ജമ്മു കാശ്മീരിലെ മഞ്ഞുമൂടിയ പ്രദേശങ്ങൾ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾ തുടങ്ങിയ ദുഷ്‌കരമായ പ്രദേശങ്ങൾക്ക്, റഫറൻസ് തീയതി 2026 ഒക്ടോബർ 1 ന് അർദ്ധരാത്രിയായിരിക്കും. ഈ റഫറൻസ് തീയതിയെ സെൻസസ് മൊമെൻ്റ് എന്നും വിളിക്കുന്നു.
 
സെൻസസിൽ ആരെയാണ് ഉൾപ്പെടുത്തേണ്ടതെന്ന് നിർണ്ണയിക്കാൻ സെൻസസ് ജീവനക്കാരെ സഹായിക്കുന്ന റഫറൻസ് പോയിൻ്റായി സെൻസസ് മൊമെൻ്റ് വർത്തിക്കുന്നു.

2027 ലെ സെൻസസിൻ്റെ പ്രധാന സവിശേഷതകൾ

എണ്ണൽ പ്രക്രിയ കൂടുതൽ കൃത്യവും, കാര്യക്ഷമവും, സുതാര്യവും, വേഗമേറിയതുമാക്കുന്നതിന് ഭരണനിർവ്വഹണത്തിലും സാങ്കേതികവിദ്യയിലും നിരവധി സുപ്രധാന പരിവർത്തനങ്ങൾ 2027 ലെ സെൻസസ് കൊണ്ടുവരും. ഈ നൂതനാശയങ്ങൾ സെൻസസ് പ്രക്രിയയെ ആധുനികവത്ക്കരിക്കുകയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള നയരൂപീകരണത്തിനുതകുന്ന സമഗ്രവും സമയബന്ധിതവുമായ ജനസംഖ്യാ ഡാറ്റ സൃഷ്ടിക്കുകയും ചെയ്യും.

ജാതി കണക്കെടുപ്പ്

2027 ലെ ഇന്ത്യൻ സെൻസസിൻ്റെ ഒരു പ്രധാന സവിശേഷതയായി ജാതി കണക്കെടുപ്പ് മാറും. 2011 ലെ സെൻസസ് വരെ, പട്ടികജാതി (എസ്‌സി) പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങളുടെ മാത്രം വ്യവസ്ഥാപിത കണക്കെടുപ്പ് സെൻസസ് പ്രക്രിയയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, 2025 ഏപ്രിൽ 30 ന് രാഷ്ട്രീയകാര്യ മന്ത്രിസഭാ സമിതിയുടെ തീരുമാനത്തെത്തുടർന്ന്, എല്ലാ ജാതികളെയും കുറിച്ചുള്ള വിവരങ്ങൾ 2027 ലെ സെൻസസ് ശേഖരിക്കും.

ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയുള്ള ആദ്യ സെൻസസ്

ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഇന്ത്യ ആദ്യമായി സെൻസസ് നടത്തുന്ന വർഷമായിരിക്കും 2027. ഇതിൻ്റെ വിജയകരമായ നടത്തിപ്പിനായി സർക്കാർ ഇതിനോടകം വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

സെൻസസ് മാനേജ്മെൻ്റ് ആൻഡ് മോണിറ്ററിംഗ് സിസ്റ്റം (CMMS) പോർട്ടൽ

തയ്യാറെടുപ്പുകളെ പിന്തുണയ്ക്കുന്നതിനായി, സെൻസസ് മാനേജ്മെൻ്റ് ആൻഡ്  മോണിറ്ററിംഗ് സിസ്റ്റം (CMMS) എന്ന പേരിൽ ഒരു സമർപ്പിത പോർട്ടൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉപജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിലെ ഉദ്യോഗസ്ഥർക്ക് മുഴുവൻ സെൻസസ് പ്രക്രിയയും തത്സമയം കൈകാര്യം ചെയ്യാനും നിരീക്ഷിക്കാനും ഈ പോർട്ടൽ സഹായിക്കുന്നു. ഒരു സംയോജിത ഡാഷ്‌ബോർഡിലൂടെ, കണക്കെടുപ്പിലെ പുരോഗതി, ഫീൽഡ് സ്റ്റാഫിൻ്റെ പ്രകടനം, പ്രവർത്തന സന്നദ്ധത എന്നിവ നിരീക്ഷിക്കാൻ കഴിയും.

 


ഭവന ലിസ്റ്റിംഗും ഭവന സെൻസസും (HLO) മൊബൈൽ ആപ്ലിക്കേഷൻ

ഭവന ലിസ്റ്റിംഗ് ഡാറ്റ ശേഖരിച്ച് സമർപ്പിക്കുന്നതിനായി ഒരു സുരക്ഷിത ഓഫ്‌ലൈൻ മൊബൈൽ ആപ്ലിക്കേഷൻ സൃഷ്ടിച്ചിട്ടുണ്ട്. CMMS പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് മാത്രമേ ഇതിൽ പ്രവേശിക്കാൻ കഴിയൂ. കടലാസ് ജോലികളുടെ ആവശ്യകത ഒഴിവാക്കി ഫീൽഡിൽ നിന്ന് നേരിട്ട് സെൻട്രൽ സെർവറിലേക്ക് ഡാറ്റ അയയ്ക്കാൻ ആപ്പ് സഹായിക്കുന്നു. 16 പ്രാദേശിക ഭാഷകളിൽ ആൻഡ്രോയിഡ്, iOS പ്ലാറ്റ്‌ഫോമിൽ ഇത് പ്രവർത്തിക്കും.

ഹൗസ്‌ലിസ്റ്റിംഗ് ബ്ലോക്ക് ക്രിയേറ്റർ (HLBC) വെബ് മാപ്പിംഗ് ആപ്ലിക്കേഷൻ

2027 ലെ സെൻസസിനായുള്ള മറ്റൊരു നൂതനാശയ ഉപാധിയാണ് HLB ക്രിയേറ്റർ, ചാർജ് ഓഫീസർമാർക്കുള്ള വെബ് അധിഷ്ഠിത മാപ്പിംഗ് ആപ്ലിക്കേഷൻ. ഉപഗ്രഹ ചിത്രങ്ങൾ ഉപയോഗിച്ച് ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളുടെ (വീടുകളുടെ പട്ടികപ്പെടുത്തൽ) ഡിജിറ്റൽ സൃഷ്ടിക്ക് ഇത് സൗകര്യമൊരുക്കും. ഒരു സ്ഥലവും ഒഴിവാക്കാതെ, ഒരേ പ്രദേശം ഒന്നിലധികം തവണ എണ്ണാതെ, രാജ്യത്തിൻ്റെ എല്ലാ പ്രദേശങ്ങളും കൃത്യമായി ഉൾക്കൊള്ളുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.

സെൽഫ് എന്യൂമറേഷൻ പോർട്ടൽ

വീടുതോറുമുള്ള സർവേ ആരംഭിക്കുന്നതിന് മുമ്പ്, 15 ദിവസത്തെ ഓപ്ഷണൽ സെൽഫ് എന്യൂമറേഷൻ കാലയളവ് ഉണ്ടായിരിക്കും. ഈ സമയത്ത്, കുടുംബാംഗങ്ങൾക്ക് അവരുടെ ഭവന വിവരങ്ങൾ സ്വയം സമർപ്പിക്കാൻ സുരക്ഷിത ഓൺലൈൻ പോർട്ടൽ ഉപയോഗിക്കാം. ഡാറ്റ വിജയകരമായി സമർപ്പിക്കുമ്പോൾ, ഒരു സമർപ്പിത സെൽഫ് എന്യൂമറേഷൻ ഐഡി (SE ID) സൃഷ്ടിക്കപ്പെടും. ഈ SE ID എന്യൂമറേറ്ററുമായി പങ്കിടേണ്ടതാണ്, അതിൻ്റെ അടിസ്ഥാനത്തിൽ എന്യൂമറേറ്റർക്ക് വിവരങ്ങൾ സ്ഥിരീകരിക്കാൻ കഴിയും.

സെൽഫ് എന്യൂമറേഷൻ സൗകര്യം

2027 ലെ സെൻസസിൽ പൗര കേന്ദ്രീകൃതമായ ഒരു പുതിയ സവിശേഷത സെൽഫ് എന്യൂമറേഷൻ സൗകര്യമാണ്, ഇത് സ്വന്തം ഭവന വിവരങ്ങൾ നൽകാൻ ജനങ്ങളെ അനുവദിക്കുന്നു. പങ്കെടുക്കുന്നവർക്ക് പ്രക്രിയ സുഗമവും സൗകര്യപ്രദവും കൃത്യവുമാക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒട്ടേറെ പ്രധാന സവിശേഷതകളോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

  • ഈ സൗകര്യം ഒരു സമർപ്പിത ഓൺലൈൻ പോർട്ടൽ മുഖേന ലഭ്യമാണ് - https://se.census.gov.in/;
  • 16 ഭാഷകളിൽ (അസമീസ്, ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു) ലഭ്യമാകും;
  • പ്രതികരിക്കുന്നവർക്ക് സ്വതന്ത്രമായി വിശദാംശങ്ങൾ പൂരിപ്പിക്കാൻ കഴിയും, അതിനുശേഷം ഒരു സമർപ്പിത സെൽഫ് എന്യൂമറേഷൻ ഐഡി (SE) സൃഷ്ടിക്കപ്പെടും;
  • ഡാറ്റയുടെ കൃത്യത ഉറപ്പാക്കാൻ ഉപയോക്തൃ ഗൈഡ്, ഫ്ലോ ചാർട്ട്, പതിവുചോദ്യങ്ങൾ, ആവശ്യമായ 'ടൂൾ ടിപ്പുകൾ', ട്യൂട്ടോറിയൽ വീഡിയോ, ചോദ്യങ്ങൾക്കുള്ള വാലിഡേഷൻ പരിശോധനകൾ എന്നിവ സെൽഫ് എന്യൂമറേഷൻ പോർട്ടലിൽ നൽകിയിട്ടുണ്ട്.
  • വീടുകൾ സന്ദർശിക്കുമ്പോൾ ഓൺലൈനായി സമർപ്പിക്കുന്ന വിവരങ്ങൾ സെൻസസ് ജീവനക്കാർ പരിശോധിച്ച് ഉറപ്പുവരുത്തുകയും തുടർന്ന് ഔദ്യോഗിക സെൻസസ് രേഖകളിൽ ചേർക്കുകയും ചെയ്യും.

ഏറ്റവും കുറഞ്ഞ സമയത്തിൽ പൂർത്തിയാക്കുക ലക്‌ഷ്യം

വിവര ശേഖരണം മുതൽ ഡാറ്റ പ്രോസസ്സിംഗ് വരെയുള്ള പ്രക്രിയയിലുടനീളം സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട്, രാജ്യമെമ്പാടും സെൻസസ് ഡാറ്റ എത്രയും വേഗം സമാഹരിക്കുക എന്നതാണ് ലക്ഷ്യം. ചാർട്ടുകൾ, ഗ്രാഫുകൾ പോലുള്ള കൂടുതൽ സൗഹൃദപരവും എളുപ്പത്തിൽ മനസ്സിലാക്കാവുന്നതുമായ ദൃശ്യവത്ക്കരണ ഉപാധികളിലൂടെ സെൻസസ് ഫലങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കും.

സുഗമമായ നടത്തിപ്പിനുള്ള സമഗ്രമായ തയ്യാറെടുപ്പ് ചട്ടക്കൂട്

സെൻസസ് പ്രവർത്തനങ്ങൾ നടത്തുന്നതിന് സ്ഥിരതയാർന്ന ഒരു സംവിധാനം ഉറപ്പാക്കുന്നതിന്, 2026 ജനുവരി 1 മുതൽ ഭരണ മേഖലകളുടെ അതിരുകൾ നിശ്ചയിച്ചിട്ടുണ്ട്, അതിനാൽ പ്രക്രിയയ്ക്കിടെ അവ മാറില്ല. കൂടാതെ, യഥാർത്ഥ സെൻസസ് ആരംഭിക്കുന്നതിന് മുമ്പ് രീതികൾ, ഡിജിറ്റൽ ഉപകരണങ്ങൾ, പരിശീലന സംവിധാനങ്ങൾ എന്നിവ ഫലപ്രദമായി പ്രവർത്തിക്കുമെന്ന് ഉറപ്പാക്കുന്നതിനും സാധൂകരിക്കുന്നതിനുമായി 2025 നവംബറിൽ ഏകദേശം 5,000 സെൻസസ് ബ്ലോക്കുകളിൽ രാജ്യവ്യാപക ട്രയൽ സംഘടിപ്പിച്ചു.

ഏകോപനവും മേൽനോട്ടവും മെച്ചപ്പെടുത്തുന്നതിനായി, 2026 ജനുവരിയിൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന നോഡൽ ഓഫീസർമാർ, സെൻസസ് ഉദ്യോഗസ്ഥർ എന്നിവരുമായി ചേർന്ന് ഉന്നതതല യോഗങ്ങൾ സംഘടിപ്പിച്ചു, ജില്ലാ, ചാർജ് തലങ്ങളിലെ സെൻസസ് ജീവനക്കാരുടെ നിയമനങ്ങളും പൂർത്തിയായി. കൂടാതെ, എല്ലാ പ്രദേശങ്ങളിലും സ്ഥിരത ഉറപ്പാക്കുന്നതിന് 19 ഭാഷകളിൽ വിശദമായ നിർദ്ദേശ പത്രികകൾ, സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ, സർക്കുലറുകൾ എന്നിവ തയ്യാറാക്കിയിട്ടുണ്ട്.

ഇതിനുപുറമെ, തുടർച്ചയായ നിരീക്ഷണവും സമയബന്ധിതമായ നിർവ്വഹണവും സാധ്യമാക്കുന്നതിനായി പ്രവർത്തനങ്ങളുടെ ഒരു കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്, അതുവഴി സെൻസസ് പ്രക്രിയയുടെ മൊത്തത്തിലുള്ള തയ്യാറെടുപ്പും ഭരണപരമായ കാര്യക്ഷമതയും ശക്തിപ്പെടുത്തുന്നു.

ഡാറ്റ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനുള്ള ശക്തമായ സംവിധാനം

2027 ലെ സെൻസസിനായി, പ്രക്രിയയുടെ ഓരോ ഘട്ടത്തിലും വിവരങ്ങളുടെ കൃത്യതയും സ്വകാര്യതയും സംരക്ഷിക്കും വിധം സമഗ്രമായ, ബഹുതല ഡാറ്റ സുരക്ഷാ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. അതിൽ ഇനിപ്പറയുന്ന കാര്യങ്ങൾ ഉൾപ്പെടുന്നു:

  • എല്ലാ സെൻസസ് ഡാറ്റയും തുടക്കം മുതൽ അവസാനം വരെ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിച്ച് സംരക്ഷിക്കപ്പെടും, ഇത് ശേഖരണ, പ്രക്ഷേപണ, സംഭരണ വേളകളിൽ ഡാറ്റയെ സുരക്ഷിതമാക്കുന്നു. കൂടാതെ, ഒരു അനധികൃത വ്യക്തിക്കും ഒരു ഘട്ടത്തിലും ഡാറ്റ ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കാൻ സുരക്ഷിത ആശയവിനിമയ രീതികൾ ഉപയോഗിക്കും.
  • സെൻസസ് ഡാറ്റ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയതും ഉന്നത സുരക്ഷയുള്ളതുമായ ഡാറ്റാ സെൻ്ററുകളിലാണ് സൂക്ഷിക്കുന്നത്, ഇവ ക്രിട്ടിക്കൽ ഇൻഫർമേഷൻ ഇൻഫ്രാസ്ട്രക്ചർ (CII) എന്ന് അറിയപ്പെടുന്നു. ഡാറ്റ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഇത് ഉറപ്പാക്കുന്നു.
  • കൂടാതെ, ഈ സംവിധാനങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ISO/IEC 27001:2022 മാനദണ്ഡങ്ങൾ പാലിക്കുന്നു, പ്രശസ്ത ഏജൻസികളുടെ പതിവ് സുരക്ഷാ ഓഡിറ്റുകൾക്ക് വിധേയവുമാണ്.


ഈ സുരക്ഷാ നടപടികളെല്ലാം ചേർന്ന് സെൻസസ് ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള ശക്തവും സുരക്ഷിതവുമായ ഒരു സംവിധാനം സൃഷ്ടിക്കുന്നു, സെൻസസ് പ്രക്രിയ വിശ്വസനീയവും സുരക്ഷിതവുമാണെന്ന് ഉറപ്പാക്കുന്നു.

ശേഷി വികസനവും മാനവ വിഭവശേഷിയുടെ തയ്യാറെടുപ്പും

2027 ലെ സെൻസസിൻ്റെ ഒരു പ്രധാന ഘട്ടം നൈപുണ്യവികസനത്തിലും പരിശീലനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ തൊഴിൽ ശക്തിയെ സജ്ജമാക്കുക എന്നതാണ്. സെൻസസ് കാര്യക്ഷമമായി നടത്തുന്നതിന് ഏകദേശം 3.1 ദശലക്ഷം വിദഗ്ധരെയും സൂപ്പർവൈസർമാരെയും 100,000-ത്തിലധികം സെൻസസ് ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. അവരെ സജ്ജരാക്കുന്നതിനായി, ഓരോ ഘട്ടത്തിലും 80,000-ത്തിലധികം പരിശീലന പരിപാടികൾ നടത്തുന്നു, അതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത പരിശീലന സാമഗ്രികൾ ഉപയോഗിക്കുന്നു. രാജ്യത്തുടനീളം ഉന്നത നിലവാരമുള്ളതും കൃത്യവുമായ ഡാറ്റയും സുഗമമായ പ്രവർത്തനങ്ങളും മുഖേന സെൻസസ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഈ സംഘടിത സമീപനം സഹായിക്കും.

2027 ലെ സെൻസസ് വിജയകരമാക്കുന്നതിന് ആവശ്യമായ എല്ലാ ജോലികളും നിർവഹിക്കുന്നതിന്, ഏകദേശം 18,600 സാങ്കേതിക ജീവനക്കാർ ഏകദേശം 550 ദിവസം പ്രാദേശിക തലത്തിൽ പ്രവർത്തിക്കും. ഇത് ഏകദേശം 10.2 ദശലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കും, ഇത് സെൻസസ് പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർക്ക് ഗണ്യമായ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കും.

ഉപസംഹാരം: ഭാവി ഭരണനിർവ്വഹണത്തിൻ്റെ ആധാരശിലയായി വർത്തിക്കുന്ന സെൻസസ്

ഭരണനിർവ്വഹണത്തിൻ്റെ ആധാരശിലയായി സെൻസസ് വർത്തിക്കുന്നു, ഇത് അവബോധപൂർണ്ണമായ നയരൂപീകരണത്തിനും സമഗ്ര വികസനത്തിനും ആവശ്യമായ വിശ്വസനീയവും സമഗ്രവുമായ ഡാറ്റ ലഭ്യമാക്കുന്നു. ജനസംഖ്യാ പ്രവണതകളുടെ കൃത്യമായ വിലയിരുത്തൽ ലഭ്യമാക്കുകയും ഭക്ഷണം, ജലം, ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിലുടനീളം ഫലപ്രദമായ ആസൂത്രണം ഉറപ്പാക്കുകയും ചെയ്യുന്നു. പ്രാദേശിക തലത്തിലെ സൂക്ഷ്മമായ ഉൾക്കാഴ്ചകൾ ലഭ്യമാക്കുന്നതിലൂടെ, സർക്കാർ പദ്ധതികളുടെ ലക്ഷ്യവേധിയായ നടത്തിപ്പിനും പരമാവധി വിഭവ വിഹിത വിനിയോഗത്തിനും സഹായിക്കുന്നു.

വരാനിരിക്കുന്ന 2027 ലെ സെൻസസ്, ഏറ്റവും പുതിയ വിശദവിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഈ ചട്ടക്കൂടിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് അതീവ കൃത്യവും ഡാറ്റാധിഷ്ഠിതവുമായ ആസൂത്രണത്തെ പിന്തുണയ്ക്കുകയും അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക-സാമ്പത്തിക മേഖലകളിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ നേരിടാൻ സഹായിക്കുകയും ചെയ്യും.

സൂചനകൾ:

Click here to see pdf 

******


( റിലീസ് ഐ.ഡി: 2255760) സന്ദര്‍ശക കൗണ്ടര്‍ : 42
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Nepali , Bengali , Punjabi , Gujarati , Kannada