പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളിലെ ഏറ്റവും പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 26 APR 2026 4:06PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഏകോപിത പ്രതികരണ നടപടികളിലൂടെ പ്രധാന മേഖലകളിലെ തയ്യാറെടുപ്പുകളും പ്രവര്‍ത്തനങ്ങളിലെ തുടർച്ചയും ഉറപ്പാക്കാൻ ഇന്ത്യാ ഗവണ്മെൻ്റ് സജീവമായി ഇടപെടുന്നു. ഊർജ്ജ ലഭ്യത, സമുദ്ര ഗതാഗതം, പ്രവാസികളുടെ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ വിവരങ്ങൾ താഴെ:
ഇന്ധന ലഭ്യതയും വിതരണവും
ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട നിലവിലെ സാഹചര്യത്തിൽ രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ്. മന്ത്രാലയം നൽകുന്ന വിവരങ്ങൾ:

പൊതുജനങ്ങൾക്കുള്ള നിർദേശങ്ങളും ബോധവൽക്കരണവും

  • രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ സ്റ്റോക്ക് ലഭ്യമാണ്. അതിനാൽ പൊതുജനങ്ങൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടേണ്ട സാഹചര്യമില്ല.
  • കിംവദന്തികൾ സൂക്ഷിക്കുക, ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.
  • എൽപിജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും വിതരണക്കാരെ സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.
  • പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ബദൽ പാചക ഇന്ധന മാര്‍ഗങ്ങള്‍ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
  • നിലവിലെ സാഹചര്യത്തിൽ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.

സർക്കാർ തയ്യാറെടുപ്പുകളും വിതരണ നിർവഹണ നടപടികളും

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും, ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി എന്നിവയുടെ വിതരണം 100 ശതമാനവും സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്.
  • വാണിജ്യ എൽപിജി വിതരണത്തിൽ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഔഷധനിർമാണം, സ്റ്റീൽ, വാഹനനിര്‍മാണം, വിത്ത്, കൃഷി മുതലായവയ്ക്കും മുൻഗണന നൽകിയിട്ടുണ്ട്. മാത്രമല്ല, കുടിയേറ്റ തൊഴിലാളികൾക്ക് നല്‍കുന്ന അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ വിതരണം 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തിൻ്റെ അടിസ്ഥാനത്തിൽ ഇരട്ടിയാക്കിയിട്ടുമുണ്ട്.
  • എണ്ണ സംസ്കരണശാലകളിലെ ഉല്പാദന വർധന, സിലിണ്ടർ ബുക്കിങ് ഇടവേള നഗരപ്രദേശങ്ങളിൽ 21-ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും ക്രമീകരണം, വിതരണത്തിന് മുൻഗണനാ മേഖലാ നിര്‍ണയം തുടങ്ങി വിതരണ-ആവശ്യകത മേഖലകളിൽ യുക്തിസഹമായ നിരവധി നടപടികൾ ഗവണ്മെൻ്റ് ഇതിനകം നടപ്പാക്കുകയും ചെയ്തു.
  • എൽ.പി.ജി ആവശ്യകതയുടെ സമ്മർദം കുറയ്ക്കാന്‍ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
  • ചെറുകിട-ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിന് സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി അനുവദിക്കാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യ ലിമിറ്റഡിനോടും സിംഗരേണി കോളിയറീസിനോടും നിർദേശിച്ചു.
  • ഗാർഹിക-വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പി.എൻ.ജി കണക്ഷനുകൾ നല്‍കുന്ന നടപടി സുഗമമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായുള്ള ഏകോപിത പ്രവർത്തനങ്ങളും ഔദ്യോഗിക സംവിധാനങ്ങളും

  • 1955-ലെ അവശ്യസാധന നിയമം, 2000-ത്തിലെ എൽ.പി.ജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നടപടിയെടുക്കാനും സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്.
  • പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയടക്കം അവശ്യസാധനങ്ങളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്മെൻ്റുകൾക്ക് പ്രധാന പങ്കുണ്ട്. വിവിധ കത്തുകളിലൂടെയും വീഡിയോ കോൺഫറൻസുകളിലൂടെയും ഇന്ത്യാ ഗവണ്മെൻ്റ് ഇക്കാര്യം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
  • ഇന്ധന ലഭ്യതയെക്കുറിച്ച് പൗരന്മാർക്ക് ഉറപ്പുനൽകുന്നതിന് സജീവ പൊതുജന ആശയവിനിമയം അനിവാര്യമാണെന്ന് 2026 മാർച്ച് 27, 2026 ഏപ്രിൽ 2 തീയതികളിലെ കത്തുകളിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവ് അവലോകന യോഗങ്ങൾ ചേർന്നു വരുന്നു. ഈ സാഹചര്യത്തിൽ 2026 ഏപ്രിൽ 2-ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിലും 2026 ഏപ്രിൽ 6-ന് പെട്രോളിയം പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി, വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി, ഉപഭോക്തൃ കാര്യ മന്ത്രാലയ സെക്രട്ടറി എന്നിവരുടെ സംയുക്ത അധ്യക്ഷതയിലും യോഗങ്ങൾ ചേർന്നു. ഈ യോഗങ്ങളിൽ താഴെ പറയുന്ന കാര്യങ്ങളിലാണ് ഊന്നൽ നൽകിയത്:


* പ്രതിദിന പത്രക്കുറിപ്പുകളും പതിവ് പൊതുനിർദേശങ്ങളും പുറപ്പെടുവിക്കുക.

* സമൂഹമാധ്യമങ്ങളിലെ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

* ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തിൽ പ്രതിദിന പരിശോധനകൾ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ചേർന്ന് പരിശോധന നടപടികള്‍ തുടരുകയും ചെയ്യുക.

* അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും  വാണിജ്യ എൽ.പി.ജി വിഹിതവുമായി ബന്ധപ്പെട്ട ഉത്തരവുകൾ പുറപ്പെടുവിക്കുക.

* സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ച മണ്ണെണ്ണയുടെ വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.

 * പി.എൻ.ജി ഉപയോഗവും ബദൽ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.

  * എൽ.പി.ജി വിതരണത്തിൽ ഗാർഹിക ആവശ്യങ്ങൾക്ക് പ്രത്യേകം മുൻഗണന നൽകുകയും വിതരണ സ്ഥിരത ഉറപ്പാക്കുന്നതിന് അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ ലക്ഷ്യാധിഷ്ഠിത വിതരണം നടപ്പാക്കുകയും ചെയ്യുക.

 

  • പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയുന്നതിന്  എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.
  • പല സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വിതരണ സാഹചര്യം വിശദീകരിക്കുന്നതിൻ്റെ ഭാഗമായി കൃത്യമായ ഇടവേളകളിൽ പത്രക്കുറിപ്പുകൾ പുറത്തിറക്കുകയും പതിവ് വാർത്താ സമ്മേളനങ്ങൾ നടത്തിവരികയും ചെയ്യുന്നു.

നിയമനിർവഹണവും നിരീക്ഷണ നടപടികളും

  • എൽ.പി.ജി പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ രാജ്യത്ത് നിയമനിർവഹണ നടപടികൾ തുടരുകയാണ്. ഇന്നലെ മാത്രം രാജ്യവ്യാപകമായി 2100-ലധികം പരിശോധനകള്‍ നടത്തി.
  • പൊതുമേഖലാ എണ്ണക്കമ്പനികൾ മിന്നൽ പരിശോധനകൾ ശക്തമാക്കുകയും ഇന്നലെ വരെ 310 എൽ.പി.ജി വിതരണക്കാർക്കെതിരെ പിഴ ചുമത്തുകയും 70 എൽ.പി.ജി വിതരണ ഏജൻസികളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

എൽ.പി.ജി  വിതരണം

ഗാർഹിക എൽ.പി.ജി വിതരണ നില:

  • നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എൽ.പി.ജി വിതരണത്തെ ബാധിക്കുന്നത് തുടരുന്നുണ്ട്.
  • ഗാർഹിക എൽ.പി.ജി വിതരണത്തിന് സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്.
  • എൽ.പി.ജി വിതരണ ഏജൻസികളിൽ ഒരിടത്തും സ്റ്റോക്ക് തീരുന്ന സാഹചര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
  • എൽ.പി.ജി സിലിണ്ടറുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് ഇന്നലെ വ്യാവസായികാടിസ്ഥാനത്തിൽ ഏകദേശം 98 ശതമാനമായി വർധിച്ചു.
  • ദുരുപയോഗം തടയുന്നതിനായി ഏര്‍പ്പെടുത്തിയ 'ഡെലിവറി ഓതൻ്റിക്കേഷൻ കോഡ്' (ഡി.എ.സി) അധിഷ്ഠിത വിതരണം 94 ശതമാനത്തിലധികമായി ഉയർന്നു. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്കാണ് ഡി.എ.സി ലഭിക്കുന്നത്.
  • 25.04.2026 ന്, 51.8 ലക്ഷത്തിലധികം ഗാർഹിക എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.

വാണിജ്യ എൽ.പി.ജി വിഹിതവും വിതരണ നടപടികളും

  • ആകെ വാണിജ്യ എൽ.പി.ജി വിഹിതം പ്രതിസന്ധിക്ക് മുൻപത്തെ വിതരണത്തിൻ്റെ 70 ശതമാനത്തോളമായി വർധിപ്പിച്ചു. ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
  • ഓരോ സംസ്ഥാനത്തും ലഭ്യമായ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുടെ പ്രതിദിന അളവ് 2026 മാർച്ച് 21-ലെ കത്തിൽ പരാമർശിച്ച 20 ശതമാനം എന്ന പരിധിക്ക് പുറമെ 2026 മാർച്ച് 2, 3 തീയതികളിൽ കുടിയേറ്റ തൊഴിലാളികൾക്ക് നൽകിയ ശരാശരി പ്രതിദിന സിലിണ്ടറുകളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ ഇരട്ടിയാക്കിയതായി 2026 ഏപ്രിൽ 6-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് അറിയിച്ചു. ഈ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾ എണ്ണക്കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിന് സംസ്ഥാന ഗവണ്മെൻ്റുകൾക്ക് വിട്ടുനൽകിയിട്ടുണ്ട്.
  • 2026 ഏപ്രിൽ 1 മുതൽ ഇതുവരെ 19.44 ലക്ഷത്തിലധികം അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റഴിച്ചു. 
  • ഇന്നലെ മാത്രം രാജ്യത്ത് ഏകദേശം 82,000 അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളാണ് വിറ്റത്.  
  • 2026 ഏപ്രിൽ 3 മുതൽ പൊതുമേഖലാ എണ്ണക്കമ്പനികൾ അഞ്ചുകിലോ എഫ്.ടി.എൽ സിലിണ്ടറുകളുമായി ബന്ധപ്പെട്ട് 8950-ലധികം ബോധവല്‍ക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതിലൂടെ 1,42,000-ലേറെ എഫ്.ടി.എൽ സിലിണ്ടറുകൾ വിൽക്കാനായി.  
  • ഇന്നലെ നടത്തിയ 190-ലേറെ ക്യാമ്പുകളിലൂടെ 3846 എഫ്.ടി.എൽ സിലിണ്ടറുകൾ വിറ്റു.
  • ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവിടങ്ങളിലെ എക്സിക്യൂട്ടീവ് ഡയറക്ടർമാരടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യാവസായിക സ്ഥാപനങ്ങളുമായും ഏകോപനത്തോടെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എൽ.പി.ജി വിതരണം ആസൂത്രണം ചെയ്യുന്നുണ്ട്.
  • 2026 ഏപ്രിലില്‍ (ഏപ്രിൽ 25 വരെ) ആകെ 1,64,655 മെട്രിക് ടൺ (19 കിലോയുടെ 86.66 ലക്ഷത്തിലധികം എൽ.പി.ജി സിലിണ്ടറുകൾക്ക് തുല്യം) വാണിജ്യ എൽ.പി.ജി വില്പന നടത്തി.  
  • 25.04.2026 ന് 9131 മെട്രിക് ടൺ വാണിജ്യ എൽപിജി (ഏകദേശം 4.80 ലക്ഷം - 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യം) വില്പന നടത്തി.

പ്രകൃതിവാതക വിതരണവും പി.എൻ.ജി വിപുലീകരണ നടപടികളും

  • ഉപഭോക്താക്കൾക്ക് മുൻഗണന നൽകിക്കൊണ്ട് ഗാർഹിക പി.എൻ.ജി, ഗതാഗത മേഖലയിലെ സി.എൻ.ജി എന്നിവയുടെ 100 ശതമാനം വിതരണം ഉറപ്പാക്കി.
  • വളം നിര്‍മാണ പ്ലാൻ്റുകളുടെ ആകെ ഗ്യാസ് വിഹിതം അവരുടെ ആറുമാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 95 ശതമാനമായി വർധിപ്പിച്ചു.
  • കൂടാതെ  സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾ വഴി നടത്തുന്ന വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലെ ഗ്യാസ് വിതരണം 80 ശതമാനം വരെ ഉയര്‍ത്തി.  
  • വാണിജ്യ എൽ.പി.ജി ലഭ്യതയിലെ ആശങ്കകൾ പരിഹരിക്കുന്നതിന് വിവിധ ഭൂമിശാസ്ത്ര മേഖലകളിലെ ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പി.എൻ.ജി കണക്ഷനുകൾക്ക് മുൻഗണന നല്‍കാന്‍ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
  • ഐ.ജി.എൽ, എം.ജി.എൽ‌, ഗെയിൽ ഗ്യാസ്, ബി.പി.സി.എൽ തുടങ്ങിയ സിറ്റി ഗ്യാസ് വിതരണ കമ്പനികൾ ഗാർഹിക-വാണിജ്യ പി.എൻ.ജി കണക്ഷനുകൾക്ക് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
  • സിറ്റി ഗ്യാസ് വിതരണ ശൃംഖലകളുടെ വിപുലീകരണത്തിനാവശ്യമായ അംഗീകാരങ്ങൾ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചു.
  • എൽ.പി.ജിയിൽ നിന്ന് പി.എൻ.ജിയിലേക്ക് ദീർഘകാല മാറ്റത്തിന് സഹായിക്കുന്ന സാഹചര്യങ്ങളില്‍ സംസ്ഥാനങ്ങൾക്ക് വാണിജ്യ എൽ.പി.ജി വിഹിതത്തിൽ 10 ശതമാനം അധികം നൽകാമെന്ന് 2026 മാര്‍ച്ച് 18-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാഗ്ദാനം നല്‍കിയിട്ടുണ്ട്.
  • 22 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ പി.എൻ.ജി വിപുലീകരണ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട ഈ അധിക വാണിജ്യ എൽ.പി.ജി വിഹിതം നിലവിൽ കൈപ്പറ്റുന്നുണ്ട്.
  • സിറ്റി ഗ്യാസ് വിതരണ അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കുന്നതിന് ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം 2026 മാര്‍ച്ച് 24-ലെ കത്തിലൂടെ മൂന്ന് മാസക്കാലയളവിലേക്ക് പ്രത്യേക 'അതിവേഗ അംഗീകാര ചട്ടക്കൂട്' നടപ്പാക്കി.
  • 2026 മാർച്ച് 24-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് 1955-ലെ അവശ്യസാധന നിയമത്തിന് കീഴിൽ 'പ്രകൃതിവാതക പെട്രോളിയം ഉല്പന്ന വിതരണ ഉത്തരവ് 2026' വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ് ലൈനുകൾ സ്ഥാപിക്കാനും വിപുലീകരിക്കാനും ലളിതവും സമയബന്ധിതവുമായ ചട്ടക്കൂട് നല്‍കുന്ന ഈ ഉത്തരവ് അനുമതികളിലെ കാലതാമസവും ഭൂമി ലഭ്യമാക്കുന്നതിലെ തടസ്സങ്ങളും പരിഹരിച്ച് പാർപ്പിട മേഖലകളിലടക്കം പ്രകൃതിവാതക അടിസ്ഥാനസൗകര്യങ്ങളുടെ അതിവേഗ വികസനം സാധ്യമാക്കാന്‍ സഹായിക്കും. പി.എൻ.ജി ശൃംഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്ന ഈ നടപടി സേവനലഭ്യത കുറഞ്ഞ മേഖലകളിലെ സേവനവിതരണം മെച്ചപ്പെടുത്തുമെന്നും സംശുദ്ധ ഇന്ധനങ്ങളിലേക്ക് മാറാന്‍ പിന്തുണയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു. ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്താനും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയെ മുന്നോട്ട് നയിക്കാനും ഇതിലൂടെ സാധിക്കും.
  • ഗാര്‍ഹിക പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ സിറ്റി ഗ്യാസ് വിതരണ സ്ഥാപനങ്ങൾക്ക് പി.എൻ.ജി.ആർ.ബി നിർദേശം നൽകി. കൂടാതെ, പി.എൻ.ജി വിപുലീകരണത്തിൻ്റെ വേഗം നിലനിർത്തുന്നതിന് 'ദേശീയ പി.എൻ.ജി യ‍ജ്ഞം 2.0' 2026 ജൂണ്‍ 30 വരെ നീട്ടിയിട്ടുണ്ട്.
  • സംശുദ്ധവും സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്മെൻ്റ് സംസ്ഥാന കംപ്രസ്ഡ് ബയോഗ്യാസ് മാതൃകാ നയം തയ്യാറാക്കിയിട്ടുണ്ട്. കംപ്രസ്ഡ് ബയോഗ്യാസ് വികസനത്തിന് നിക്ഷേപക സൗഹൃദവും എളുപ്പത്തില്‍ നടപ്പാക്കാവുന്നതുമായ സാഹചര്യം സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന സമഗ്രവും ലളിതവുമായ വഴികാട്ടിയായി ഈ മാതൃകാ നയം നിലകൊള്ളും. നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക് അധിക വാണിജ്യ എൽ.പി.ജി വിഹിതത്തിൻ്റെ അടുത്ത ഗഡുവിൽ മുൻഗണന നൽകും.
  • സിറ്റി ഗ്യാസ് വിതരണ ശൃംഖലകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും 15 ദിവസത്തിനകം പ്രവർത്തനാനുമതി നൽകുന്നതിനാവശ്യമായ നിർദേശങ്ങൾ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾക്കും മലിനീകരണ നിയന്ത്രണ സമിതികൾക്കും നൽകാൻ കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ഏപ്രില്‍ 7-ലെ ഉത്തരവിലൂടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിനോട് നിർദേശിച്ചു.
  • 2026 മാർച്ച് മുതല്‍ 5.45 ലക്ഷത്തിലധികം പി.എൻ.ജി കണക്ഷനുകൾ ലഭ്യമാക്കി. കൂടാതെ 2.62 ലക്ഷം അധിക കണക്ഷനുകൾക്ക് അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയും ചെയ്തു. ഇതോടെ ആകെ കണക്ഷനുകൾ 8.07 ലക്ഷമായി ഉയര്‍ന്നു. 6.14 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
  • 2026 ഏപ്രിൽ 25 വരെയുള്ള കണക്കനുസരിച്ച്, 42,500-ലധികം പിഎൻജി ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി കണക്ഷനുകൾ MYPNGD.in എന്ന വെബ്സൈറ്റ് വഴി സറണ്ടർ ചെയ്തിട്ടുണ്ട്.

അസംസ്കൃത ഇന്ധനത്തിൻ്റെ തൽസ്ഥിതിയും റിഫൈനറി പ്രവർത്തനങ്ങളും

  • മതിയായ അസംസ്കൃത ഇന്ധന ലഭ്യതയോടെ എല്ലാ എണ്ണ ശുദ്ധീകരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു. പെട്രോളിൻ്റെയും ഡീസലിൻ്റെയും ആവശ്യത്തിനുള്ള സംഭരണമുണ്ട്.
  • ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
  • ആഭ്യന്തര വിപണിയിലേക്ക് പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ വിതരണ ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു മന്ത്രാലയ തല സംയുക്ത പ്രവർത്തക സമിതി (ജെഡബ്ല്യുജി) രൂപീകരിച്ചു. തുടർന്ന്, സെൻ്റർ ഫോർ ഹൈ ടെക്‌നോളജി (സിഎച്ച്ടി) നിർണ്ണയിക്കുന്ന പ്രകാരം പ്രധാന മേഖലകൾക്ക് പ്രവർത്തിക്കാൻ ഏറ്റവും കുറഞ്ഞ ആവശ്യമായ C3 & C4 സംയുക്തങ്ങൾ ലഭ്യമാക്കാൻ പെട്രോകെമിക്കൽ കോംപ്ലക്‌സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 2026 ഏപ്രിൽ ഒന്നിലെ ഉത്തരവ് പ്രകാരം ഇന്ത്യാ ഗവണ്മെൻ്റ് അനുമതി നൽകി.
  • ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ പ്രോത്സാഹന ആഭ്യന്തര വ്യാപാര വകുപ്പ് (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ, കെമിക്കൽ മേഖലയിലെ കമ്പനികൾക്ക് എൽപിജി പൂളിൽ നിന്ന് പ്രതിദിനം 1000 മെട്രിക് ടൺ ഇന്ധനം എന്ന വ്യവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ട്.
  • 2026 ഏപ്രിൽ 9 മുതൽ കെമിക്കൽ, ഫാർമ വ്യവസായ മേഖലയ്ക്ക് മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര എന്നിവിടങ്ങളിലെ റിഫൈനറികൾ 7600 മെട്രിക് ടണ്ണിലധികം പ്രൊപിലീൻ വിറ്റു.
ഇന്ധനത്തിൻ്റെ ചില്ലറ ലഭ്യതയും വിലനിർണ്ണയ നടപടികളും
  • രാജ്യത്തുടനീളമുള്ള ചില്ലറ ഇന്ധന വിൽപ്പന ശാലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
  • പശ്ചിമേഷ്യൻ പ്രതിസന്ധി അസംസ്കൃത എണ്ണ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവണ്മെൻ്റ് പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് ₹10 കുറച്ചു.
  • ഇന്ത്യാ ഗവണ്മെൻ്റ് 11.04.2026 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഡീസലിൻ്റെ കയറ്റുമതി തീരുവ ലിറ്ററിന് 55.50 രൂപയായും എടിഎഫിന് 42 രൂപയായും വർദ്ധിപ്പിച്ചു. ഈ നടപടി ഈ ഉൽപ്പന്നങ്ങളുടെ ആഭ്യന്തര വിപണി ലഭ്യത ഉറപ്പാക്കുന്നു.
  • കിംവദന്തികൾ കാരണം, ആശങ്കയോടെ ചില റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നും പതിവിൽ കവിഞ്ഞ അളവിൽ ഇന്ധനം വാങ്ങുന്നതായി കാണപ്പെടുന്നു. രാജ്യത്തെ എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് അറിയിക്കുന്നു. പെട്രോളിൻ്റെയും ഡീസലിൻ്റെയും റീട്ടെയിൽ വിലകളിൽ മാറ്റമില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ വിലവർദ്ധന ഇല്ല.
മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും
  • പതിവ് വിഹിതത്തിന് പുറമേ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
  • 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിത ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഹിമാചൽ പ്രദേശും ലഡാക്കും ആവശ്യകത ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും
 
മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളെയും നാവികരെയും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം ഇപ്രകാരമറിയിച്ചു:
  • നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്ര പങ്കാളികൾ എന്നിവരുമായി ഏകോപനത്തോടെ പ്രവർത്തിക്കുന്നത് തുടരുന്നു.
  • മേഖലയിലെ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാക വഹിക്കുന്ന കപ്പലുകൾ ഉൾപ്പെട്ട ഒരു അനിഷ്ട സംഭവവും റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം സജീവമാക്കിയതിനുശേഷം ഇതുവരെ 7,755 കോളുകളും 16,518 ഇമെയിലുകളും കൈകാര്യം ചെയ്തു. ഇതിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലഭിച്ച 57 കോളുകളും 192 ഇമെയിലുകളും ഉൾപ്പെടുന്നു.
  • ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 24 പേർ ഉൾപ്പെടെ ഇതുവരെ 2,764 ൽ അധികം ഇന്ത്യൻ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.
  • ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണഗതിയിൽ തുടരുന്നു. എവിടെയും തിരക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ
 
ഗൾഫ്, പശ്ചിമേഷ്യ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം തുടർന്നും നിരീക്ഷിച്ചുവരികയാണ്. മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ, സംരക്ഷണം, ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മന്ത്രാലയം അറിയിച്ചത് ഇപ്രകാരം:
  • ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ മുൻകൈയെടുത്ത് സഹായിക്കുകയും ചെയ്യുന്നു. അവർ പ്രാദേശിക ഭരണ സ്ഥാപനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്.
  • തദ്ദേശ ഭരണകൂടങ്ങളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പതിവായി പുറപ്പെടുവിച്ചുവരുന്നു.
  • മേഖലയിലെ വിവിധ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ, മറ്റു പങ്കാളികൾ എന്നിവരുൾപ്പെടെയുള്ളവരുമായി ഇന്ത്യൻ മിഷനുകൾ സജീവമായി ഇടപഴകുന്നു.
  • ഇന്ത്യൻ നാവികരുടെ ക്ഷേമം ഗവണ്മെൻ്റിനെ സംബന്ധിച്ചിടത്തോളം മുൻ‌ഗണനയായി തുടരുന്നു. പ്രാദേശിക അധികാരികളുമായി ഏകോപനം, കോൺസുലാർ പിന്തുണ, ആവശ്യമുള്ളപ്പോൾ ഇന്ത്യയിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കൽ എന്നിവയുൾപ്പെടെ മേഖലയിലെ കപ്പലുകളിലെ ഇന്ത്യൻ ജീവനക്കാർക്ക് വേണ്ട സഹായം മിഷനുകൾ നൽകുന്നു.
  • ഫെബ്രുവരി 28 മുതൽ ഏകദേശം 12,96,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.
  • യുഎഇയിൽ നിന്നും, പ്രവർത്തനപരവും സുരക്ഷാപരവുമായ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലേക്ക് പരിമിതമായ വാണിജ്യ വിമാനങ്ങൾ മാത്രമാണ് വിമാനക്കമ്പനികൾ നടത്തുന്നത്. യുഎഇ- ഇന്ത്യ പാതയിൽ ഇന്ന് ഏകദേശം 110 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
  • സൗദി അറേബ്യയിലെയും ഒമാനിലെയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലേക്ക് വിമാനങ്ങൾ തുടർന്നും സർവീസ് നടത്തും.
  • ഖത്തർ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നതിനാൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുന്നു.
  • കുവൈറ്റ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും കുവൈറ്റിൽ നിന്ന് ഇന്ത്യയിലേക്കുള്ള പരിമിതമായ എണ്ണം വിമാന സർവീസുകൾ പുനരാരംഭിച്ചു. 
  • ബഹ്‌റൈൻ വ്യോമാതിർത്തി തുറന്നിരിക്കുന്നു. ഗൾഫ് എയർ, ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസുകൾ നടത്തുന്നു. 
  • ഇറാഖ് വ്യോമാതിർത്തി തുറന്നിരിക്കുന്നു. മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ മാത്രമേയുള്ളൂ, ഇത് ഇന്ത്യയിലേക്കുള്ള തുടർന്നുള്ള യാത്രയ്ക്ക് ഉപയോഗിക്കാം.
  • ചരക്ക്, ചാർട്ടേഡ് വിമാനങ്ങൾക്കായി ഇറാൻ വ്യോമാതിർത്തി ഭാഗികമായി തുറന്നിരിക്കുന്നു. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യൻ പൗരന്മാരോട് നിർദ്ദേശിക്കുന്നു. കൂടാതെ നേരത്തെ ഇറാനിലുള്ളവർ ഞങ്ങളുടെ എംബസിയുടെ പിന്തുണയോടെ കര അതിർത്തി വഴി മടങ്ങാൻ അഭ്യർത്ഥിക്കുന്നു. ഇതുവരെ, 2,445 ഇന്ത്യൻ പൗരന്മാർക്ക് കര അതിർത്തികൾ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ ടെഹ്റാനിലെ ഇന്ത്യൻ എംബസി സൗകര്യമൊരുക്കിയിട്ടുണ്ട്.
  • ഇസ്രായേൽ വ്യോമാതിർത്തി തുറന്നിരിക്കുന്നു, മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇത് ഇന്ത്യയിലേക്ക് തുടർന്നുള്ള യാത്രയ്ക്ക് പ്രയോജനപ്പെടുത്താം.

​​​​​​​****

 

( റിലീസ് ഐ.ഡി: 2255755) സന്ദര്‍ശക കൗണ്ടര്‍ : 9