റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

സുസ്ഥിരതയിലേക്ക് കുതിച്ച് ഇന്ത്യൻ റെയിൽവേ; 2025-26 കാലയളവില്‍ വിവിധ റെയിൽവേ മേഖലകളിലായി നട്ടുപിടിപ്പിച്ചത് 81,59,000 മരങ്ങൾ

പോസ്റ്റഡ് ഓണ്‍: 22 APR 2026 6:26PM by PIB Thiruvananthpuram
"നമ്മുടെ ഊര്‍ജം, നമ്മുടെ ഗ്രഹം"  എന്ന ആഗോള പ്രമേയത്തിലൂന്നി ലോകം ഈ വര്‍ഷത്തെ ഭൗമദിനം ആചരിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധത ആവര്‍ത്തിച്ചുറപ്പിക്കുകയാണ് ഇന്ത്യൻ റെയിൽവേ. വൈവിധ്യമാർന്ന ഭൂപ്രകൃതിയിലുടനീളം പ്രതിദിനം രണ്ട് കോടിയിലധികം യാത്രക്കാരെ വഹിക്കുന്ന ഇന്ത്യന്‍ റെയിൽവേ കേവലമൊരു ഗതാഗത മാർഗം മാത്രമല്ല; മറിച്ച് ഹരിതാഭമായ ഭാവിയിലേക്കുള്ള ഇന്ത്യയുടെ പരിവര്‍ത്തനത്തെ മുന്നോട്ട് നയിക്കാനാവശ്യമായ  വ്യാപ്തിയും സ്വാധീനവും കൈമുതലാക്കിയ സംവിധാനം കൂടിയാണ്.  

കഴിഞ്ഞ ദശകം ഇന്ത്യൻ റെയിൽവേ അതിന്റെ പ്രവർത്തനങ്ങളിൽ വ്യവസ്ഥാപിത മാറ്റങ്ങൾ കൊണ്ടുവരികയും അടിസ്ഥാന സൗകര്യ വികസനം, സ്റ്റേഷൻ പരിപാലനം,  യാത്രാ-ചരക്ക് കോച്ചുകളുടെ ശേഖരം, ഭൂവിനിയോഗം എന്നിവയിൽ പാരിസ്ഥിതിക ഉത്തരവാദിത്തം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സുസ്ഥിര ഗതാഗത മേഖലയില്‍ ലോകത്തെ  സുപ്രധാന ചാലകശക്തികളിലൊന്നായി ഇന്ന് ഇന്ത്യന്‍ റെയിൽവേ നിലകൊള്ളുന്നു.

ഹരിതാഭ വളർച്ച, സുരക്ഷിത യാത്ര: റെയിൽവേ വൃക്ഷത്തൈ നടീൽ പദ്ധതി പാതകളെ പുനർനിർമിക്കുന്നതെങ്ങനെ?

എല്ലാ റെയിൽവേ മേഖലകളിലും ഇന്ത്യൻ റെയിൽവേ നടപ്പാക്കിവരുന്ന വൃക്ഷത്തൈ നടീൽ പദ്ധതി  പാരിസ്ഥിതിക സുസ്ഥിരതയ്ക്കായി നടത്തുന്ന രാജ്യവ്യാപക ഏകോപിത ശ്രമത്തെ പ്രതിഫലിപ്പിക്കുന്നു.  2025-26 കാലയളവില്‍ എല്ലാ മേഖലകളിലുമായി ആകെ നട്ടുപിടിപ്പിച്ച 81.59 ലക്ഷം മരങ്ങളിൽ വലിയൊരു പങ്കും വടക്കുകിഴക്കന്‍ അതിര്‍ത്തി   റെയിൽവേ (9.3 ലക്ഷം മരങ്ങൾ), ദക്ഷിണ മധ്യ റെയിൽവേ (9 ലക്ഷം മരങ്ങൾ), വടക്കുകിഴക്കന്‍ റെയിൽവേ (8.7 ലക്ഷം മരങ്ങൾ), വടക്കന്‍ റെയിൽവേ (8.5 ലക്ഷം മരങ്ങൾ) എന്നീ മേഖലകളിൽ നിന്നാണ്. റെയിൽ പാളങ്ങള്‍ക്ക്  ഇരുവശവും സ്റ്റേഷൻ പരിസരങ്ങളിലും ലഭ്യമായ റെയിൽവേ ഭൂമിയിലും നടത്തിയ വിപുലമായ നടീൽ പ്രക്രിയ വിവിധ പ്രദേശങ്ങളിലെ ഹരിതാവരണം വർധിപ്പിക്കുന്നു. കാർബൺ സാന്നിധ്യം കുറയ്ക്കുന്ന ഈ ഉദ്യമം ജൈവവൈവിധ്യത്തെ പിന്തുണയ്ക്കുകയും പാരിസ്ഥിതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ ജനങ്ങള്‍ക്ക് ട്രെയിന്‍ യാത്ര കൂടുതൽ ഹരിതാഭവും ആരോഗ്യപൂര്‍ണവുമാക്കുന്നു.  

വൻതോതില്‍ നടത്തുന്ന വൃക്ഷത്തൈ നടീൽ പ്രക്രിയ ഒരു സ്വാഭാവിക കാർബൺ ആഗിരണ സംവിധാനമായി  പ്രവർത്തിക്കുകയും കാലാവസ്ഥാ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഒപ്പം ശബ്ദ-പൊടി മലിനീകരണം കുറയ്ക്കാനും ഇത് സഹായിക്കുന്നു. മെച്ചപ്പെട്ട ഹരിതാവരണം സ്റ്റേഷനുകളിലും റെയിൽപാളങ്ങളിലും മികച്ച സൂക്ഷ്മ കാലാവസ്ഥാ സാഹചര്യങ്ങൾ ഉറപ്പാക്കുകയും യാത്രികര്‍ക്ക്  യാത്രാവേളയില്‍ കൂടുതൽ സുഖസൗകര്യങ്ങൾ നല്‍കുകയും ചെയ്യുന്നു.

കൂടാതെ, റെയിൽപാളങ്ങള്‍ക്ക് ഇരുവശത്തെയും മരങ്ങൾ അടിസ്ഥാന സൗകര്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. മരങ്ങളുടെ വേരുകൾ മണ്ണൊലിപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ മലയോര മേഖലകളിലും മഴ കൂടുതലായി ലഭിക്കുന്ന പ്രദേശങ്ങളിലും ഉരുൾപൊട്ടൽ തടയാനും ഇത് വഴിയൊരുക്കുന്നു.  സസ്യജാലങ്ങളുടെ ആവരണം ഉപരിതല ജലപ്രവാഹം നിയന്ത്രിക്കുകയും ജലത്തിന്റെ ആഗിരണം വർധിപ്പിക്കുകയും ചെയ്യുന്നു. ഇത് റെയിൽപാളങ്ങളുടെ അസ്ഥിരത കുറയ്ക്കാന്‍ സഹായിക്കുന്നു.  പ്രകൃതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഇത്തരം ഇടപെടലുകൾ റെയിൽവേയുടെ ആസ്തികള്‍ സംരക്ഷിക്കുന്നതിനൊപ്പം യാത്രക്കാർക്ക് സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കുകയും ചെയ്യുന്നു.

ജലം: സംഭരണം, പുനരുപയോഗം, ജലവിനിയോഗ കണക്കെടുപ്പ്, പുനരുദ്ധാരണം

ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ജലക്ഷാമം. നൂറുകണക്കിന് റെയില്‍വേ കോച്ചുകള്‍ കഴുകുന്ന പാതകള്‍,  അറ്റകുറ്റപ്പണി നടത്തുന്ന ഡിപ്പോകൾ, ഭക്ഷണവിതരണ സൗകര്യങ്ങൾ, യാത്രക്കാർക്ക്  ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങൾ എന്നിവയ്ക്ക് പ്രതിദിനം ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗിക്കുന്ന സ്ഥാപനമെന്ന നിലയിൽ ജലഉപഭോഗം കുറയ്ക്കാന്‍ ഇന്ത്യൻ റെയിൽവേ  ബോധപൂർവം നിര്‍ണായക നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മഴവെള്ളം പാഴാകുന്നതിന് മുൻപ് സംഭരിക്കുക, കുടിക്കാനല്ലാത്ത ആവശ്യങ്ങൾക്കായി മലിനജലം പുനരുപയോഗിക്കുക, ജലദുരുപയോഗം കണ്ടെത്താന്‍ ജലവിനിയോഗ കണക്കെടുപ്പ്   നടത്തുക, റെയിൽവേ ഭൂമിയിലെ നശിച്ച ജലസ്രോതസ്സുകൾ പുനരുദ്ധാരണം ചെയ്യുക എന്നിവയടങ്ങുന്ന സമഗ്ര സമീപനമാണിത്.  

മേല്‍ക്കൂര മഴവെള്ള സംഭരണം: മഴ പെയ്യുന്നിടത്തു തന്നെ ജലസംഭരണം

2016-17 മുതൽ ഇതുവരെ ഇന്ത്യൻ റെയിൽവേ എല്ലാ റെയിൽവേ മേഖലകളിലുമായി ആകെ 8,313 മേല്‍ക്കൂര മഴവെള്ള സംഭരണ സംവിധാനങ്ങൾ  സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ മാത്രം 2,915 പുതിയ സംവിധാനങ്ങളാണ് കമ്മീഷൻ ചെയ്തത്.  2024-25 ലെ 'ജൽ സഞ്ചയ് ജൻ ഭാഗീദാരി'  പ്രചാരണ പരിപാടിയ്ക്ക് കീഴിൽ സ്ഥാപിച്ച 1,215 യൂണിറ്റുകളും ഇതിലുൾപ്പെടുന്നു.  ദേശീയ ജലസംരക്ഷണ ദൗത്യങ്ങളുമായി സജീവ സഹകരണത്തെ ഇത് അടിവരയിടുന്നു. 3,128 മഴവെള്ള സംഭരണ സംവിധാനങ്ങൾ സ്ഥാപിച്ച ദക്ഷിണ മധ്യ റെയിൽവേയാണ് ഈ ഉദ്യമത്തിൽ മുൻപന്തിയില്‍.  

ഇരട്ട ലക്ഷ്യങ്ങള്‍ പൂർത്തീകരിക്കുന്ന  ഇന്ത്യൻ റെയിൽവേയുടെ മഴവെള്ള സംഭരണ സംവിധാനം കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങളുടെ സമയത്ത്  അതിന്റെ പ്രയോജനം പ്രത്യേകം പ്രകടമാക്കുന്നു. സ്റ്റേഷനുകളിലും യാർഡുകളിലും സ്ഥാപിച്ച മേല്‍ക്കൂര ജലസംഭരണ സംവിധാനങ്ങൾ മഴവെള്ളം ശേഖരിച്ച് ഒഴുക്കിവിടുന്നതിലൂടെ പ്ലാറ്റ്‌ഫോമുകളിലെയും പാളങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായിക്കുന്നതിനൊപ്പം ഭൂഗർഭ ജലനിരപ്പ് ഉയർത്തുകയും ചെയ്യുന്നു. രാജസ്ഥാനിലെ ജലക്ഷാമമേറിയ പ്രദേശങ്ങളിലും ഡെക്കാനിലെ മഴ നിഴൽ പ്രദേശങ്ങളിലും ഈ സംവിധാനങ്ങൾ  വലിയ ആശ്വാസമാണ്. ഇത്തരത്തിൽ ശേഖരിക്കുന്ന വെള്ളം ശുചിമുറികളിലും ശുചീകരണത്തിനും പൂന്തോട്ട നിർമാണത്തിനും ഉപയോഗിക്കുന്നതിലൂടെ ടാങ്കർ ലോറികളെയും മുനിസിപ്പൽ ജലവിതരണത്തെയും ആശ്രയിക്കുന്നത് കുറയ്ക്കാനും  സഹായിക്കുന്നു.

ജല പുനരുപയോഗ പ്ലാന്റ്  

ഇന്ത്യന്‍ റെയില്‍വേയുടെ എല്ലാ മേഖലകളിലും ആകെ 185 ജല പുനരുപയോഗ പ്ലാന്റുകൾ   കമ്മീഷൻ ചെയ്തിട്ടുണ്ട്. 2015-16 കാലയളവിന് മുൻപ് കേവലം 21 പ്ലാന്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്.  കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 26 പുതിയ പ്ലാന്റുകൾ കമ്മീഷൻ ചെയ്ത് ഈ പ്രവർത്തനം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നു. 27 പ്ലാന്റുകളുമായി വടക്കന്‍ റെയിൽവേയാണ് മുന്നിൽ. തൊട്ടുപിന്നിൽ മധ്യ റെയിൽവേയും (21), ദക്ഷിണ റെയിൽവേയും (20) സ്ഥാനംപിടിച്ചിട്ടുണ്ട്. കോച്ചുകൾ കഴുകിയതിന്റെയും യാർഡ് പ്രവർത്തനങ്ങളുടെയും ഭാഗമായ മലിനജലം ഈ പ്ലാന്റുകളിൽ ശുദ്ധീകരിച്ച് പ്ലാറ്റ്‌ഫോം ശുചീകരണത്തിനും പൂന്തോട്ട നിർമാണത്തിനുമടക്കം കുടിക്കാനല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു.  ഭൂഗർഭ ജലത്തെയും മുനിസിപ്പൽ സംവിധാനങ്ങളെയും ആശ്രയിക്കുന്നത് ഇതിലൂടെ കുറയ്ക്കുന്നു.

2019-ൽ ചെന്നൈ നഗരം കടുത്ത ജലക്ഷാമം നേരിട്ടപ്പോൾ ദശലക്ഷക്കണക്കിന് യാത്രക്കാരെത്തുന്ന റെയിൽവേ സ്റ്റേഷനുകളും പ്രതിസന്ധിയിലായി. അന്ന് ബേസിൻ ബ്രിഡ്ജിലെയും എഗ്‌മോറിലെയും ദക്ഷിണ റെയിൽവേയുടെ ജല പുനരുപയോഗ പ്ലാന്റുകൾ നിർണായകമായി. പൊതു ജലവിതരണം തടസ്സപ്പെട്ടപ്പോഴും കോച്ചുകൾ കഴുകാനും പ്ലാറ്റ്‌ഫോം വൃത്തിയാക്കാനും ഇവ വഴിയൊരുക്കി.   ജല പുനരുപയോഗ പ്ലാന്റുകൾ കേവലം പരിസ്ഥിതി സംരക്ഷണ നടപടി മാത്രമല്ല, മറിച്ച് പ്രവർത്തനക്ഷമത നിലനിർത്തുന്ന അനിവാര്യ സൗകര്യം കൂടിയാണെന്ന പാഠമാണ് ഇത് പകര്‍ന്നു നൽകുന്നത്.

ജലവിനിയോഗ കണക്കെടുപ്പ്

2015-16 മുതൽ ഇതുവരെ എല്ലാ റെയിൽവേ മേഖലകളിലുമായി ആകെ 1,944 ജലവിനിയോഗ കണക്കെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. ഇതിൽ 2025-26 വർഷം  മാത്രം 310 കണക്കെടുപ്പുകളാണ് നടത്തിയത്.   ഒരു വർഷത്തെ  ഏറ്റവും ഉയർന്ന എണ്ണമാണിത്.  442 കണക്കെടുപ്പുകള്‍ നടത്തിയ ദക്ഷിണ മധ്യ റെയിൽവേയാണ്  പട്ടികയിൽ മുന്നില്‍.  തൊട്ടുപിന്നാലെ വടക്കന്‍ റെയിൽവേയും (323) പശ്ചിമ റെയിൽവേയും (216) സ്ഥാനംപിടിച്ചു.  ജല ഉപഭോഗം കൂടുതലായ ഇടങ്ങൾ, പൈപ്പുകളിലെ ചോർച്ചകൾ, സംവിധാനങ്ങളിലെ കാര്യക്ഷമതയില്ലായ്മ എന്നിവ കണ്ടെത്താൻ ഈ കണക്കെടുപ്പുകള്‍ സഹായിക്കുന്നു.  ജലസംരക്ഷണം സംബന്ധിച്ച അറിവിനെ പ്രായോഗിക സമ്പാദ്യമാക്കി ഈ നടപടിയിലൂടെ മാറ്റുന്നു. അളവുകൾ കൃത്യമായി രേഖപ്പെടുത്തുക എന്നതാണ് അർത്ഥപൂര്‍ണമായ സംരക്ഷണത്തിന്റെ അടിസ്ഥാനം.

ജലാശയങ്ങളുടെ പുനരുദ്ധാരണം: പ്രകൃതിക്കായി തിരികെ നല്‍കാം

റെയിൽവേയുടെ ആഭ്യന്തര പ്രവർത്തനങ്ങൾക്കപ്പുറം റെയിൽവേ ഭൂമിയിലും അതിനോട് ചേർന്നുകിടക്കുന്നതുമായ  സ്ഥലങ്ങളിലെ  ഉപയോഗശൂന്യമോ കയ്യേറ്റം ചെയ്യപ്പെട്ടതോ നശിച്ചതോ ആയ 109 ജലാശയങ്ങൾ ഇന്ത്യൻ റെയിൽവേ പുനരുദ്ധാരണം ചെയ്തു.   കുളങ്ങളും ടാങ്കുകളും തണ്ണീർത്തടങ്ങളും ഇതിലുൾപ്പെടുന്നു. ദക്ഷിണ മധ്യ റെയിൽവേ (34), ദക്ഷിണ പൂര്‍വ മധ്യ റെയിൽവേ (44), പശ്ചിമ റെയിൽവേ (11) എന്നിവയാണ് ഇതിൽ പ്രധാന സംഭാവന നൽകിയ മേഖലകൾ. പുനരുദ്ധരിച്ച ഈ ജലാശയങ്ങൾ പ്രാദേശികമായി ഭൂഗർഭ ജലനിരപ്പ് ഉയർത്തുകയും ജൈവവൈവിധ്യത്തിന് അനുയോജ്യമായ ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. കൂടാതെ  പ്രകൃതിദത്തമായ മഴവെള്ള നിയന്ത്രണ സംവിധാനങ്ങളായും ഇവ പ്രവർത്തിക്കുന്നു. റെയിൽവേയുടെ അതിരുകൾക്കപ്പുറം പരിസരത്തെ സമൂഹങ്ങളിലേക്കും ഇതിന്റെ ഗുണഫലങ്ങൾ വ്യാപിക്കുന്നു. ഉപയോഗശൂന്യമായതോ നശിച്ചതോ ആയ ഭൂമിയെ പാരിസ്ഥിതിക ആസ്തികളാക്കി മാറ്റാൻ ജലാശയ പുനരുദ്ധാരണത്തിലൂടെ സാധിക്കുന്നു. പ്രകൃതിദത്തമായ പ്രളയ നിയന്ത്രണ സംവിധാനങ്ങളായി നിലകൊള്ളുന്നതിലൂടെ പ്രളയത്തെയും വരൾച്ചയെയും പ്രതിരോധിക്കാൻ ഇവ സമീപവാസികളെ സഹായിക്കുന്നു.
 
ഇന്ത്യയിലെ ആദ്യത്തെ വാട്ടർ ന്യൂട്രൽ റെയിൽവേ ഡിപ്പോ അഹമ്മദാബാദിലെ കാങ്കരിയയിൽ
 

അഹമ്മദാബാദിൽ പശ്ചിമ റെയിൽവേയുടെ കീഴിലുള്ള കാങ്കരിയ കോച്ചിങ് ഡിപ്പോ, ഇന്ത്യയിലെ ചുരുക്കം ചില വ്യവസായ ശാലകൾക്ക് മാത്രം അവകാശപ്പെടാനാവുന്ന സമ്പൂർണ ജല നിഷ്പക്ഷത (Water Neutrality) എന്ന നാഴികക്കല്ലിൽ. കോച്ചുകൾ കഴുകുന്നതിലൂടെയും അറ്റകുറ്റപ്പണികളിലൂടെയും ഉണ്ടാകുന്ന മലിനജലം ഈ ഡിപ്പോ ഏതാണ്ട് പൂർണമായും സംസ്കരിച്ച് പുനരുപയോഗിക്കുന്നു. ഇതിലൂടെ ശുദ്ധജലത്തിനായി പുറത്തുള്ള സ്രോതസ്സുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സാധിക്കുന്നു.

നിർണായകമായ ഇടപെടൽ: വൈദ്യുതവൽക്കരണ ദൗത്യം

ഇന്ത്യൻ റെയിൽവേയുടെ പരിസ്ഥിതിസൗഹൃദ സ്വഭാവത്തിൽ അടിസ്ഥാനപരമായ മാറ്റം വരുത്തിയ ഇടപെടലാണ് ബ്രോഡ്‌ഗേജ് ശൃംഖലയുടെ ഊർജിതമായ വൈദ്യുതവൽക്കരണം. കഴിഞ്ഞ പത്തു വർഷത്തിനിടെ ദൗത്യം എന്ന നിലയിൽ നടപ്പാക്കിയ മാറ്റങ്ങളിലൂടെ ഇന്ത്യയിലെ ബ്രോഡ്‌ഗേജ് ശൃംഖലയുടെ 99.6 ശതമാനവും വൈദ്യുതവൽക്കരിച്ചു. 2014-ൽ വെറും 21,801 റൂട്ട് കിലോമീറ്റർ (rkm) മാത്രം ആയിരുന്ന വൈദ്യുതവൽക്കരണം, 2026 മാർച്ചിലെ കണക്കനുസരിച്ച് 69,873 റൂട്ട് കിലോമീറ്ററായി കുതിച്ചുയർന്നു. പുതിയ പാതകളും മൾട്ടി-ട്രാക്കിങ് പദ്ധതികളും ഇപ്പോൾ നിർബന്ധിത വൈദ്യുതവൽക്കരണത്തോടെയാണ് നിർമിക്കുന്നത്.

2016-17 കാലയളവിനെ അപേക്ഷിച്ച് 2024-25-ൽ ഇന്ത്യൻ റെയിൽവേ 178 കോടി ലിറ്റർ ഡീസൽ ലാഭിച്ചു. ഇത് 62 ശതമാനം ലാഭമാണ് രേഖപ്പെടുത്തുന്നത്. ഇതിലൂടെ അസംസ്കൃത എണ്ണയുടെ ഇറക്കുമതി ആശ്രയിക്കുന്നതു കുറയ്ക്കാനും സാധിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നതിനെ ഇന്ത്യ ആശ്രയിക്കുന്നതു കുറയ്ക്കാൻ ഇത് നേരിട്ട് സഹായിക്കുന്നു. ഡീസലിൽ നിന്ന് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതിയിലേക്കും, കൂടുതൽ കരുത്താർന്ന പുനരുൽപ്പാദക ഊർജ സ്രോതസ്സുകളിലേക്കും ക്രമാനുഗതമായി മാറുന്നതിലൂടെ ആഗോള എണ്ണ വിപണിയിലെ അസ്ഥിരതയിൽ നിന്ന് സ്വന്തം പ്രവർത്തനങ്ങളെ വേർപെടുത്താൻ റെയിൽവേയ്ക്ക് കഴിഞ്ഞു. ബയോഡീസൽ പോലുള്ള ഇതരമാർഗങ്ങളേക്കാൾ ഇലക്ട്രിക് ട്രാക്ഷൻ കൂടുതൽ ചെലവ് കുറഞ്ഞതും പരിസ്ഥിതിസൗഹൃദവുമാണെന്ന് വിലയിരുത്തപ്പെടുന്നു. ഇത് വെറും പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് മാത്രമല്ല; മറിച്ച്, സാമ്പത്തിക ഉത്തരവാദിത്വമുള്ള നടപടി കൂടിയാണ്.

ബയോ ടോയ്‌ലറ്റുകൾ: റെയിലുകളിലെ പരിസ്ഥിതി സൗഹൃദ ശുചിത്വം

ജൈവ ശുചിമുറികൾ വൻതോതിൽ വിന്യസിച്ചതിലൂടെ പരിസ്ഥിതി സുസ്ഥിരതയ്ക്കും യാത്രക്കാരുടെ ശുചിത്വത്തിനും ഇന്ത്യൻ റെയിൽവേ വലിയ സംഭാവന നൽകിയിട്ടുണ്ട്. 2014 മുതൽ പാസഞ്ചർ കോച്ചുകളിൽ 3.66 ലക്ഷത്തിലധികം ബയോ ടോയ്‌ലറ്റുകൾ സ്ഥാപിച്ചു. ഈ ദൗത്യത്തിലൂടെ റെയിൽവേ ട്രാക്കുകളിലേക്ക് നേരിട്ട് മലമൂത്രവിസർജ്യം തള്ളുന്നത് ഒഴിവാക്കാൻ സാധിച്ചു. ഇത് സ്റ്റേഷനുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് കൂടുതൽ ശുചിത്വമുള്ള യാത്രാനുഭവം നൽകുകയും ചെയ്യുന്നു. സൂക്ഷ്മാണുക്കളുടെ പ്രവർത്തനം വഴി മനുഷ്യമാലിന്യങ്ങളെ ജലമായും വാതകങ്ങളായും വിഘടിപ്പിക്കുന്ന തദ്ദേശീയ സാങ്കേതികവിദ്യയാണ് ബയോ ടോയ്‌ലറ്റ് സംവിധാനം ഉപയോഗിക്കുന്നത്. പരിസ്ഥിതി മലിനീകരണവും ദുർഗന്ധവും ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം റെയിൽവേ ശൃംഖലയിലുടനീളം ശുചിത്വം നിലനിർത്താൻ ഇത് സഹായിക്കുന്നു

മണ്ണും ട്രാക്കുകളും മലിനമാകുന്നത് തടയുന്നതിലൂടെയും റെയിൽവേ ആസ്തികളുടെ തുരുമ്പിക്കൽ കുറയ്ക്കുന്നതിലൂടെയും പരിസ്ഥിതിസൗഹൃദ മാലിന്യസംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ഈ ദൗത്യം പരിസ്ഥിതി സംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്നു. മാലിന്യങ്ങൾ നേരിട്ട് പുറന്തള്ളുന്നത് ഇല്ലാതാക്കുകയും സുസ്ഥിരമായ ശുചിത്വ ശീലങ്ങൾ പിന്തുണയ്ക്കുകയും ചെയ്യുന്നതിലൂടെ, ഇന്ത്യൻ റെയിൽവേ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം സംശുദ്ധ ആവാസവ്യവസ്ഥയ്ക്കും ഹരിതാഭമായ ഭാവിയിലേക്കും സംഭാവന നൽകുന്നു.

പുനരുൽപ്പാദക ഊർജം: സൂര്യനിൽ നിന്നും കാറ്റിൽ നിന്നും ഭാവിക്കുള്ള കരുത്ത്

പുനരുൽപ്പാദക ഊർജത്തെ ദീർഘകാല പ്രവർത്തന തന്ത്രത്തിന്റെ പ്രധാന ഭാഗമാക്കാൻ ഇന്ത്യൻ റെയിൽവേയ്ക്ക് സാധിച്ചു. 2025 ഡിസംബറിലെ കണക്കനുസരിച്ച് റെയിൽവേ ശൃംഖലയിലുടനീളം ഏകദേശം 909 മെഗാവാട്ട് സൗരോർജ പ്ലാന്റുകളും 103 മെഗാവാട്ട് പവനോർജ നിലയങ്ങളും കമ്മീഷൻ ചെയ്തിട്ടുണ്ട്. നിലവിൽ പ്രവർത്തനക്ഷമമായവയ്ക്ക് പുറമെ, 3,300 മെഗാവാട്ട് പുനരുൽപ്പാദക ശേഷിക്കായി റെയിൽവേ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. ദീർഘകാല ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനായി രാജസ്ഥാൻ, ഗുജറാത്ത്, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ നിർമാതാക്കളുമായി ചേർന്ന് സൗരോർജം, പവനോർജം, ഹൈബ്രിഡ് റൗണ്ട് ദി ക്ലോക്ക് (RTC) സംവിധാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ദീർഘകാലാടിസ്ഥാനത്തിലുള്ളതും വിലസ്ഥിരതയുള്ളതുമായ ഹരിത സംഭരണത്തിലേക്കുള്ള ബോധപൂർവമായ മാറ്റമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.


എൽഇഡി ലൈറ്റിങ്: കാര്യക്ഷമമായ പ്രകാശശൃംഖല

ഇന്ത്യൻ റെയിൽവേ ഓഫീസുകൾ, റെയിൽവേ സ്റ്റേഷനുകൾ, സർവീസ് കെട്ടിടങ്ങൾ, റെസിഡൻഷ്യൽ കോളനികൾ എന്നിവിടങ്ങളിൽ 100 ശതമാനം എൽഇഡി ലൈറ്റിങ് കൈവരിച്ചു. ഉൾനാടൻ സ്റ്റേഷനുകൾ മുതൽ രാജ്യത്തെ ഏറ്റവും വലിയ ജങ്ഷനുകൾ വരെയുള്ള ആയിരക്കണക്കിന് ഇടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന സമ്പൂർണ പരിവർത്തനമാണിത്. പരമ്പരാഗത വിളക്കുകളിൽ നിന്ന് എൽഇഡിയിലേക്കുള്ള മാറ്റം രണ്ട് പ്രധാന നേട്ടങ്ങളാണ് നൽകിയത്: വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായ ഗണ്യമായ കുറവും പ്രകാശത്തിന്റെ ഗുണനിലവാരത്തിലുണ്ടായ വർധനയും. യാത്രക്കാരെ സംബന്ധിച്ചിടത്തോളം വെയിറ്റിങ് ഹാളുകൾ, പ്ലാറ്റ്‌ഫോമുകൾ, സബ്‌വേകൾ എന്നിവിടങ്ങളിൽ മികച്ച വെളിച്ചം ലഭ്യമാകാൻ ഇത് സഹായിക്കുന്നു. പരിസ്ഥിതിയെ സംബന്ധിച്ച്, ഒരു സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിപ്പിക്കുമ്പോഴുണ്ടാകുന്ന കാർബൺ ആഘാതത്തിൽ വലിയ കുറവുണ്ടാക്കാൻ ഇതിലൂടെ സാധിക്കുന്നു.


ഊർജ സംരക്ഷണം: ദേശീയ അംഗീകാരത്തിന്റെ നെറുകയിൽ

ഇന്ത്യൻ റെയിൽവേയുടെ ഊർജ കാര്യക്ഷമതയിലുള്ള പ്രതിജ്ഞാബദ്ധത കേവലം ഒറ്റപ്പെട്ട നടപടികളിലൊതുങ്ങാതെ പ്രവർത്തനങ്ങളിലുടനീളം ഊർജ സംരക്ഷണത്തിന്റെ സംസ്കാരം തന്നെ രൂപപ്പെടുത്തിയെടുക്കാൻ സഹായിച്ചിട്ടുണ്ട്. BEE 5-സ്റ്റാർ റേറ്റിങ് ഉള്ള ഉപകരണങ്ങൾ, BLDC ഫാനുകൾ, വേരിയബിൾ ഫ്രീക്വൻസി ഡ്രൈവുകൾ, കാര്യക്ഷമതയേറിയ മോട്ടോറുകൾ, പമ്പുകൾ എന്നിവയുടെ ഉപയോഗം റെയിൽവേ കെട്ടിടങ്ങൾ, ഡിപ്പോകൾ, യാർഡുകൾ എന്നിവിടങ്ങളിലെ ഊർജ ഉപഭോഗം ക്രമാനുഗതമായി കുറച്ചു. ഈ പ്രവർത്തനങ്ങൾക്ക് ഏറ്റവും ഉയർന്ന തലത്തിലുള്ള ഔദ്യോഗിക അംഗീകാരവും ലഭിച്ചിട്ടുണ്ട്.

2025-ലെ ദേശീയ ഊർജ സംരക്ഷണ അവാർഡുകളിൽ മൂന്ന് വിഭാഗങ്ങളിലായി 7 പുരസ്കാരങ്ങൾ ഇന്ത്യൻ റെയിൽവേ കരസ്ഥമാക്കി. ഈ അവാർഡുകൾ കേവലം പ്രതീകാത്മകമല്ല; മറിച്ച് ഇന്ത്യയിലെ ഊർജ കാര്യക്ഷമതാ മേഖലയിലെ മാതൃകാ സ്ഥാപനമായി റെയിൽവേയെ അടയാളപ്പെടുത്തുന്ന ഒന്നുകൂടിയാണ്. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള മാനദണ്ഡമായി ഇന്ത്യൻ റെയിൽവേ മാറിയിരിക്കുന്നു.
 
SKY
 
******

( റിലീസ് ഐ.ഡി: 2254824) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Gujarati , Kannada