തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2026-ലെ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും

പോസ്റ്റഡ് ഓണ്‍: 18 APR 2026 6:07PM by PIB Thiruvananthpuram

1. തെരഞ്ഞെടുപ്പ് പ്രക്രിയ റിപ്പോർട്ട് ചെയ്യുന്നതിനായി പോളിംഗ് സ്റ്റേഷനുകളിലേക്കുള്ള മാധ്യമപ്രവർത്തകരുടെ പ്രവേശനം, 1961-ലെ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളിലെ ചട്ടം 32-ലെ വ്യവസ്ഥകൾക്കനുസൃതമായി, പ്രിസൈഡിംഗ് ഓഫീസർമാർ കർശനമായി നിയന്ത്രിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആവർത്തിച്ച് വ്യക്തമാക്കുന്നു.



2. ഇതനുസരിച്ച്, പൊതുതെരഞ്ഞെടുപ്പോ, ഉപതെരഞ്ഞെടുപ്പോ, ദ്വിവത്സര തെരഞ്ഞെടുപ്പോ പ്രഖ്യാപിച്ചതിന് ശേഷം, അത്തരം പ്രവേശനത്തിനുള്ള അനുമതി പത്രങ്ങൾ അനുവദിക്കുന്നതിനായി മാധ്യമപ്രവർത്തകരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കാനും അവ കൈമാറാനുമുള്ള നിർദ്ദേശങ്ങൾ നിശ്ചിത സ്പോൺസറിംഗ് അതോറിറ്റികൾക്ക് നല്കുന്നു. ഈ സ്പോൺസറിംഗ് അതോറിറ്റികളിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോയും (PIB), സംസ്ഥാന വിവര പൊതുജന സമ്പർക്ക വകുപ്പ് (DIPR) മുഖേന ചീഫ് ഇലക്ടറൽ ഓഫീസർമാരും ഉൾപ്പെടുന്നു.



3. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ അംഗീകാരമുള്ള മാധ്യമപ്രവർത്തകരുടെ കാര്യത്തിൽ, അനുമതി പത്രങ്ങൾ പിഐബിക്കാണ് നല്കുന്നത്. ഇത്തരം കത്തുകൾ നല്കുന്നതിന് മുൻപ് പിഐബി സ്വന്തം നിലയിൽ സൂക്ഷ്മപരിശോധന നടത്തുന്നു. തുടർന്ന്, തെരഞ്ഞെടുപ്പ് നടപടികളിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കിക്കൊണ്ട്, അംഗീകൃത മാധ്യമപ്രവർത്തകരുടെ പട്ടിക പിഐബി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്നു.



4. സംസ്ഥാന വിവര-പൊതുജനസമ്പർക്ക വകുപ്പ് വഴി അപേക്ഷിക്കുന്ന മാധ്യമപ്രവർത്തകരുടെ കാര്യത്തിൽ, അപേക്ഷകൾ ആദ്യം ഡിഐപിആർ പരിശോധിക്കുന്നു. തുടർന്ന്, അവരുടെ ശുപാർശകൾ ബന്ധപ്പെട്ട മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറുന്നു. ഈ പട്ടിക കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്നും, അപേക്ഷകർ യഥാർത്ഥ മാധ്യമ പ്രതിനിധികളാണെന്നും, അവർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ  മാർഗ്ഗനിർദ്ദേശങ്ങളിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും സിഇഒ/ഡിഐപിആർ സാക്ഷ്യപ്പെടുത്തുന്നു.



5. ശുപാർശ ചെയ്യപ്പെട്ട മാധ്യമപ്രവർത്തകരുടെ ഏകീകൃത പട്ടിക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പിന്നീട് അംഗീകാരത്തിനായി കമ്മീഷന് കൈമാറുന്നു. സിഇഒ/ഡിഇഒ അല്ലെങ്കിൽ അധികാരപ്പെടുത്തിയ മറ്റൊരു ഉദ്യോഗസ്ഥൻ കൃത്യമായ സാക്ഷ്യപ്പെടുത്തൽ നടത്തിയതിനുശേഷം മാത്രമാണ് അനുമതി പത്രം നല്കുന്നത്. ഈ നടപടി ക്രമത്തിൻ്റെ ആധികാരികതയും വിശ്വാസ്യതയും നിലനിർത്തുന്നതിനായി, ഇതിൽ ഫാക്സിമിലി അല്ലെങ്കിൽ റബ്ബർ സ്റ്റാമ്പ് എന്നിവ ഉപയോഗിക്കാൻ പാടില്ലെന്ന് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.



6. അനുമതി പത്രങ്ങളുടെ ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗവും കർശനമായി നിരോധിച്ചിരിക്കുന്നു. വോട്ടിൻ്റെ രഹസ്യസ്വഭാവം ലംഘിക്കപ്പെടാതിരിക്കാൻ വോട്ടിംഗ് കമ്പാർട്ട്മെൻ്റിനുള്ളിൽ ഫോട്ടോഗ്രാഫിയും വീഡിയോഗ്രഫിയും കർശനമായി നിരോധിച്ചിരിക്കുന്നു.



7. കൃത്യമായി പരിശോധിച്ചുറപ്പിച്ചതും അംഗീകാരമുള്ളതുമായ മാധ്യമപ്രവർത്തകർക്ക് മാത്രമേ പോളിംഗ് സ്റ്റേഷനുകളിലേക്കും വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കും പ്രവേശനം അനുവദിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കാനാണ് ഇത്തരത്തിലുള്ള ഘടനാപരവും ബഹുമുഖവുമായ പരിശോധന പ്രക്രിയ ലക്ഷ്യമിടുന്നതെന്ന് കമ്മീഷൻ ആവർത്തിക്കുന്നു. ഇതിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷിതത്വവും ക്രമബദ്ധമായ നടത്തിപ്പും നിലനിർത്താൻ സാധിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.



8. തെരഞ്ഞെടുപ്പ് ദിവസം വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അധികാരപ്പെടുത്തിയിട്ടുള്ള മാധ്യമപ്രവർത്തകരേയും അവശ്യ സേവനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർക്ക് പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകളിൽ തപാൽ ബാലറ്റ് സൗകര്യത്തിന് അർഹതയുണ്ടെന്നും ആവർത്തിച്ചു വ്യക്തമാക്കുന്നു.

 

****


( റിലീസ് ഐ.ഡി: 2253400) സന്ദര്‍ശക കൗണ്ടര്‍ : 12
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Kannada