വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
താങ്ങാനാവുന്നതും അഭിഗമ്യവുമായ വിദ്യാഭ്യാസ സാങ്കേതിക പ്രതിവിധികൾ വികസിപ്പിക്കുന്നതിന് വേവ്സ് 2025-ൽ 'ഇന്നൊവേറ്റ്2എഡ്യൂക്കേറ്റ്' ചലഞ്ച്
പോസ്റ്റഡ് ഓണ്‍:
01 APR 2026 4:41PM by PIB Thiruvananthpuram
വിദ്യാഭ്യാസത്തെയും സാങ്കേതികവിദ്യയെയും സർഗാത്മകമായി ഇഴചേർത്ത് നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചിൻ്റെ (CIC) ആദ്യ സീസണിലെ 'ഇന്നോവേറ്റ്2എഡ്യൂക്കേറ്റ്' ചലഞ്ച് സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, ഇന്നൊവേറ്റർമാർ എന്നിവർക്കായി നടത്തിയ ഈ മത്സരം, കൈപ്പിടിയിൽ ഒതുക്കാവുന്ന പഠന ഉപകരണങ്ങളുടെ രൂപകൽപ്പനയിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു.
കാഴ്ച വൈകല്യമുള്ളവരും നാഡീ സംബന്ധമായ വെല്ലുവിളി നേരിടുന്നവരും ഉൾപ്പെടെ വൈവിധ്യമാർന്ന പഠിതാക്കൾക്ക് നൂതനവും അഭിഗമ്യവുമായ പഠന പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യാൻ ഈ മത്സരത്തിലൂടെ പങ്കാളികളെ പ്രോത്സാഹിപ്പിച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും നൂതനാശയ വിദഗ്ധരും ഉൾപ്പെടെ രാജ്യത്തുടനീളമുള്ളവരുടെ പങ്കാളിത്തം ഈ സംരംഭത്തിന് ലഭിച്ചു. മന്ത്രാലയത്തിൻ്റെ പിന്തുണയോടെ ഒരു വ്യവസായ അസോസിയേഷൻ ഈ മത്സരം നടപ്പിലാക്കുകയും സ്കൂളുകൾ, സർവകലാശാലകൾ മുതലായവയിൽ അവബോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. എല്ലാ മേഖലയിൽ നിന്നുമുള്ളവരുടെ വിശാലമായ പങ്കാളിത്തം ഇത് ഉറപ്പാക്കി
1,000 രൂപ ചെലവ് പരിധിക്കുള്ളിൽ ഹാർഡ്‌വെയർ ഘടകങ്ങൾ ഉപയോഗിച്ച് കൈപ്പിടിയിൽ ഒതുക്കാവുന്ന ഉപകരണങ്ങൾ രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുക എന്നതായിരുന്നു മത്സരത്തിൻ്റെ മാനദണ്ഡം. വിദ്യാഭ്യാസ സാങ്കേതിക പ്രതിവിധികളിൽ താങ്ങാനാവുന്ന വില, അഭിഗമ്യത, മിതവ്യയം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതായിരുന്നു ഇത് ലക്ഷ്യമിട്ടത്. പ്രാഥമികമായി തിരഞ്ഞെടുത്ത പങ്കാളികളുമായുള്ള മെൻ്ററിംഗ്, ശില്പശാല സെഷനുകൾക്ക് ശേഷം, കണ്ടെത്തലുകൾ കൂടുതൽ മെച്ചപ്പെടുത്തുകയും കാര്യക്ഷമമാക്കുകയും ചെയ്തു.
1,800-ലധികം രജിസ്ട്രേഷനുകളിൽ നിന്ന് ആകെ 10 ഫൈനലിസ്റ്റുകളെ തിരഞ്ഞെടുത്തു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ ടീമുകൾക്ക്, വേവ്സ് 2025-ലെ ക്രീയേറ്റോസ്‌ഫിയറിൽ അവരുടെ മൂലരൂപങ്ങൾ പ്രദർശിപ്പിക്കാനും വ്യവസായ പങ്കാളികളുമായി സംവദിക്കാനും അവസരങ്ങൾ നൽകി.
വിജയികളായ മികച്ച മൂന്ന് ടീമുകൾക്ക് അവരുടെ നൂതനാശയത്തിനും പരിശ്രമത്തിനും അംഗീകാരമായി ₹50,000 വരെ സമ്മാനത്തുക നൽകി. പ്രദർശിപ്പിച്ച ഡിസൈനുകളും മൂലരൂപങ്ങളും അഭിഗമ്യത, സംവേദനാത്മക പഠനം, സാങ്കേതികവിദ്യ അധിഷ്ഠിത വിദ്യാഭ്യാസം എന്നിവയിലേക്കുള്ള വ്യത്യസ്ത സമീപനങ്ങളെ പ്രതിഫലിപ്പിച്ചു.
ഉച്ചകോടിക്ക് ശേഷം, 10 ഫൈനലിസ്റ്റ് ടീമുകളിൽ 4 ടീമുകൾ സ്റ്റാർട്ടപ്പുകളായി മാറി. കൂടാതെ ഈ സ്റ്റാർട്ടപ്പുകളിൽ 2 എണ്ണം വേവ്എക്സ് സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പരിപാടിയിലൂടെ ഇൻകുബേഷൻ ചെയ്യുന്നു. വിജയികൾക്ക് അവരുടെ പ്രതിവിധികൾ വിപുലമാക്കുന്നതിന് സാധ്യതയുള്ള നിക്ഷേപകരുമായി സംവദിക്കാനുള്ള അവസരങ്ങൾ വേവ്സ് ബസാർ ജനസമ്പർക്ക പരിപാടികൾ വഴി നൽകി.
ശ്രീ ബസവരാജ് ബൊമ്മൈ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായി ലോക്‌സഭയിൽ ഇന്ന് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ ഈ വിവരങ്ങൾ സമർപ്പിച്ചു.
***
( റിലീസ് ഐ.ഡി: 2247990)
സന്ദര്‍ശക കൗണ്ടര്‍ : 8