പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'മൻ കി ബാത്തിന്റെ' 132-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-03-2026)

പോസ്റ്റഡ് ഓണ്‍: 29 MAR 2026 11:54AM by PIB Thiruvananthpuram

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമസ്‌കാരം. 'മൻ കി ബാത്'-ലേക്ക് ഏവർക്കും ഒരിക്കൽക്കൂടി സ്വാഗതം. ഈ മാർച്ച് മാസം ആഗോളതലത്തിൽ വളരെ പ്രക്ഷുബ്ധമായിരുന്നു. കോവിഡ് കാരണം മുൻപ് ലോകം മുഴുവൻ വളരെക്കാലം നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്നുവെന്ന് നമുക്കെല്ലാവർക്കും ഓർമ്മയുണ്ടല്ലോ. കൊറോണ പ്രതിസന്ധിയിൽ നിന്ന് കരകയറിയ ശേഷം, ലോകം പുരോഗതിയുടെ പുതിയ പാതയിലേക്ക് മുന്നേറുമെന്ന് നമ്മൾ എല്ലാവരും പ്രതീക്ഷിച്ചു. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി യുദ്ധത്തിന്റെയും സംഘർഷത്തിന്റെയും സാഹചര്യങ്ങൾ ഉയർന്നുവന്നിരിക്കുന്നു. നിലവിൽ, ഒരു മാസമായി നമ്മുടെ അയൽപക്കത്ത് ഒരു ഭയാനകമായ യുദ്ധം നടന്നുവരുന്നു. നമ്മുടെ ലക്ഷക്കണക്കിന് കുടുംബാംഗങ്ങൾ ഈ രാജ്യങ്ങളിൽ താമസിക്കുന്നു, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അവിടെയുള്ള ഒരു കോടിയിലധികം വരുന്ന ഭാരതീയർക്ക് എല്ലാത്തരം സഹായങ്ങളും നൽകുന്ന ഗൾഫ് രാജ്യങ്ങളോട് ഞാൻ നന്ദിയുള്ളവനാണ്.

സുഹൃത്തുക്കളേ, നിലവിൽ യുദ്ധം നടക്കുന്ന പ്രദേശം നമ്മുടെ ഊർജ്ജ ആവശ്യങ്ങളുടെ ഒരു പ്രധാന കേന്ദ്രമാണ്. ഇക്കാരണത്താൽ, പെട്രോളും ഡീസലും സംബന്ധിച്ച് ലോകമെമ്പാടും ഒരു പ്രതിസന്ധി ഉണ്ടായിരിക്കുകയാണ്. നമ്മുടെ ആഗോള ബന്ധങ്ങൾ, വിവിധ രാജ്യങ്ങളിൽ നിന്ന് നമുക്ക് ലഭിക്കുന്ന പിന്തുണ, സഹകരണം, കഴിഞ്ഞ ദശകത്തിൽ രാജ്യം കെട്ടിപ്പടുത്ത കരുത്ത് എന്നിവയാണ് ഭാരതത്തിനെ ഈ സാഹചര്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ പ്രാപ്തമാക്കിയത്.

സുഹൃത്തുക്കളേ, ഇത് ശരിക്കും വെല്ലുവിളി നിറഞ്ഞ സമയമാണ്. ഇന്ന്, "മൻ കി ബാത്" വഴി, ഞാൻ എന്റെ എല്ലാ നാട്ടുകാരോടും ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നത്, നമ്മൾ ഒന്നിച്ച് ഈ വെല്ലുവിളിയെ മറികടക്കണമെന്നാണ്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കുന്നവർ അങ്ങനെ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കണം. ഇത് 140 കോടി പൗരന്മാരുടെ താൽപ്പര്യങ്ങളെ സംബന്ധിച്ച കാര്യമാണ്; സ്വാർത്ഥ രാഷ്ട്രീയത്തിന് ഇവിടെ സ്ഥാനമില്ല. അതിനാൽ, കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ രാജ്യത്തിന് കാര്യമായ ദോഷം വരുത്തുന്നു. എല്ലാ പൗരന്മാരോടും ജാഗ്രത പാലിക്കാനും കിംവദന്തികളിൽ വഴിതെറ്റാതിരിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. സർക്കാർ നിരന്തരമായി നൽകുന്ന വിവരങ്ങൾ വിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയും ചെയ്യുക. എല്ലായ്‌പ്പോഴും എന്നപോലെ, നമ്മുടെ 140കോടി പൗരന്മാരുടെ ശക്തിയാൽ കഴിഞ്ഞ പ്രതിസന്ധികളെ മറികടന്നതുപോലെ, ഇത്തവണയും, ഈ ദുഷ്‌കരമായ സാഹചര്യത്തിൽ നിന്ന് നമ്മൾ ഒരുമിച്ച് വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതത്തിന്റെ ശക്തി അതിന്റെ കോടിക്കണക്കിന് ജനങ്ങളിലാണ്. ഇന്ന്, 'മൻ കി ബാത്' എന്ന പരിപാടിയിൽ, നമ്മുടെ രാജ്യത്തെ ജനങ്ങളുടെ പങ്കാളിത്തമനോഭാവത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സംരംഭത്തെക്കുറിച്ച് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. ഈ സംരംഭം ഗ്യാൻ ഭാരതം സർവേയാണ്, ഇത് നമ്മുടെ മഹത്തായ സംസ്കാരവുമായും സമ്പന്നമായ പൈതൃകവുമായും ബന്ധപ്പെട്ടിരിക്കുന്നു. രാജ്യത്തുടനീളമുള്ള മാനുസ്ക്രിപ്റ്റുകളെ അതായത് കൈയെഴുത്തുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഈ സർവേയിൽ പങ്കെടുക്കാനുള്ള ഒരു മാർഗം ഗ്യാൻ ഭാരതം ആപ്പ് വഴിയാണ്. നിങ്ങൾക്ക് ഒരു മാനുസ്ക്രിപ്റ്റോ, കൈയെഴുത്തുപ്രതിയോ, അല്ലെങ്കിൽ അതിനെക്കുറിച്ചുള്ള വിവരങ്ങളോ ഉണ്ടെങ്കിൽ, ദയവായി അതിന്റെ ഫോട്ടോ ഗ്യാൻ ഭാരതം ആപ്പിൽ ഷെയർ ചെയ്യുക. ഓരോ എൻട്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനുമുമ്പ് പരിശോധിച്ചുറപ്പിച്ചിരിക്കണം. ആയിരക്കണക്കിന് കൈയെഴുത്തുപ്രതികൾ ഇതിനോടകംഷെയർ ചെയ്തതിൽ എനിക്ക് സന്തോഷമുണ്ട്. ഉദാഹരണത്തിന്, അരുണാചൽ പ്രദേശിലെ നാംസായിയിലെ ചാവോ നന്തിസിംധ് ലോകാങ്, തായ് ലിപിയിലുള്ള കൈയെഴുത്തുപ്രതികൾ പങ്കിട്ടു. അമൃത്സറിലെ അമിത് സിംഗ് റാണ, നമ്മുടെ മഹത്തായ സിഖ് പാരമ്പര്യവുമായും പഞ്ചാബി ഭാഷയുമായും അടുത്ത ബന്ധമുള്ള ഗുരുമുഖി ലിപിയിലുള്ള കൈയെഴുത്തുപ്രതികൾ ഷെയർ ചെയ്തു. ചില സ്ഥാപനങ്ങൾപാം ലീഫിൽ എഴുതിയ മാനുസ്ക്രിപ്റ്റ് സംഭാവന ചെയ്തിട്ടുണ്ട്. രാജസ്ഥാനിലെ അഭയ് ജെയിൻ ലൈബ്രറി കോപ്പർ പ്ലേറ്റുകളിൽ എഴുതിയ ധാരാളംപുരാതന മാനുസ്ക്രിപ്റ്റുകൾ ഷെയർ ചെയ്തു. അതേസമയം, ലഡാക്കിലെ ഹാമിസ് മൊണാസ്ട്രി വിലയേറിയ ടിബറ്റൻ കൈയെഴുത്തുപ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുണ്ട്. ഞാൻ കുറച്ച് ഉദാഹരണങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്. ഈ സർവേ ജൂൺ പകുതി വരെ തുടരും. നമ്മുടെ സംസ്കാരവുമായി ബന്ധപ്പെട്ട ഏടുകൾ കണ്ടെത്താനും പങ്കിടാനും ഞാൻ നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഭാരതം ലോകത്തിൽഏറ്റവും കൂടുതൽ യുവതീയുവാക്കളുള്ള രാജ്യമാണ്. രാജ്യത്തെ യുവാക്കളുടെ ശക്തി രാഷ്ട്രനിർമ്മാണത്തിൽ പ്രയോജനപ്പെടുത്തുന്നത് വളരെ സഹായകമാകും. രാഷ്ട്രനിർമ്മാണത്തിന്റെ ഈ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ‘മേരാ യുവ ഭാരത്’ അഥവാ ‘മൈ ഭാരത് സംഘാതൻ’ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ സംഘടന രാജ്യത്തെ യുവാക്കളെ വിവിധ പോസിറ്റീവ് പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്നു. അടുത്തിടെ, മൈ ഭാരത് ബജറ്റ് ക്വസ്റ്റ് സംഘടിപ്പിച്ചു. രാജ്യത്തുടനീളമുള്ള യുവാക്കളെ ബജറ്റ് പ്രക്രിയയുമായും നയരൂപീകരണവുമായും ബന്ധിപ്പിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. രാജ്യത്തുടനീളമുള്ള ഏകദേശം 12 ലക്ഷം യുവാക്കൾ ക്വിസിൽ പങ്കെടുത്തു. ക്വിസിനെ തുടർന്ന്, ഏകദേശം 1,60,000 പേരെ ഉപന്യാസ മത്സരത്തിനായിതെരഞ്ഞെടുത്തു. ഈ ഉപന്യാസങ്ങളിൽ ചിലത് വായിക്കാനുള്ള അവസരം എനിക്കും ലഭിച്ചു. എന്റെ യുവ സുഹൃത്തുക്കൾ രാജ്യത്തിന്റെ വികസനത്തിന് സംഭാവന ചെയ്യാൻ എത്രമാത്രം ആഗ്രഹിക്കുന്നുവെന്ന് ഇതിൽനിന്നും മനസ്സിലാക്കാം. തെലങ്കാനയിലെ സൂര്യാപേട്ടിൽ നിന്നുള്ള കോട്‌ല രഘുവീർ റെഡ്ഡി, ഉത്തർപ്രദേശിലെ ബരാബങ്കിയിൽ നിന്നുള്ള സൗരഭ് ബൈസ്വാർ, ബീഹാറിലെ ഗോപാൽഗഞ്ചിൽ നിന്നുള്ള സുമിത് കുമാർ എന്നിവർ കർഷക ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് എഴുതി. പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള ആഞ്ചലും ഒഡീഷയിലെ കേന്ദ്രപാടയിൽ നിന്നുള്ള ഓം പ്രകാശ് രത്തും സ്ത്രീകൾ നയിക്കുന്ന വികസനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിനെക്കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ചു. ഹരിയാനയിലെ യമുനനഗറിൽ നിന്നുള്ള പ്രഥം ബരാർ എഴുതിയത് ഹരിതവും വൃത്തിയുള്ളതുമായ ഭാരതമാണ് സമൃദ്ധഭാരതത്തിലേക്കുള്ള പാത എന്നാണ്. ഇത് അദ്ദേഹത്തിന്റെ ഗഹന ചിന്തയെ പ്രതിഫലിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ കായിക പ്രതിഭകളെ തിരിച്ചറിയാൻ കൂടുതൽ ശ്രമങ്ങൾ നടത്തണമെന്ന് ഡൽഹിയിൽ നിന്നുള്ള ശംഖ് ഗുപ്ത നിർദ്ദേശിക്കുന്നു. നൈപുണ്യ വികസനവും ബിസിനസ് ചെയ്യുന്നത് ലളിതമാക്കലും എന്ന വിഷയത്തിൽ ഞങ്ങളുടെ യുവ സഹപ്രവർത്തകർ അവരുടെ ആശയങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ആശയങ്ങൾ പങ്കുവയ്ക്കുന്ന എല്ലാ യുവാക്കളെയും ഞാൻ അഭിനന്ദിക്കുന്നു. രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഈ ആശയങ്ങൾ നിർണായകമാണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഈ മാസം രാജ്യത്തുടനീളമുള്ള ക്രിക്കറ്റ് ആരാധകർക്ക് ആവേശവും ഉത്സാഹവും നിറഞ്ഞതാണ്. ടി20 ലോകകപ്പിൽ ഭാരതം ചരിത്ര വിജയം നേടിയപ്പോൾ, രാജ്യമെമ്പാടും സന്തോഷത്തിന്റെ തിരമാല അലയടിച്ചു. നമ്മുടെ ടീമിന്റെ ഗംഭീര വിജയത്തിൽ നമുക്കെല്ലാവർക്കും വളരെ അഭിമാനമുണ്ട്. കഴിഞ്ഞ മാസം അവസാനം, കർണാടകയിലെ ഹൂബ്ലിയിൽ ഒരു ആവേശകരമായ മത്സരം നടന്നു. ഈ മത്സരത്തിൽ ജമ്മു കശ്മീർ ക്രിക്കറ്റ് ടീം രഞ്ജി ട്രോഫി നേടി. ഏഴ് പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷം ടീം ആദ്യത്തെ രഞ്ജി ട്രോഫി കിരീടം നേടിയത് സന്തോഷകരമാണ്. കളിക്കാരുടെ വർഷങ്ങളായുള്ള നിരന്തര പരിശ്രമത്തിന്റെ ഫലമാണ് ഈ അഭൂതപൂർവമായ വിജയം. ടീം ക്യാപ്റ്റൻ പാരസ് ഡോഗ്ര ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. ഈ വിജയത്തിൽ അദ്ദേഹത്തിന്റെ നേതൃത്വം നിർണായക പങ്ക് വഹിച്ചു. രഞ്ജി സീസണിൽ60 വിക്കറ്റുകൾ നേടിയ യുവ കശ്മീരി ബൗളർ ആഖിബ് നബിയുടെ പ്രകടനം രാജ്യമെമ്പാടും വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. ഈ വിജയം ടീമിലെ കളിക്കാരെയും പരിശീലകരെയും അതോടൊപ്പം ജമ്മു കശ്മീരിലെ ജനങ്ങളെയും ആവേശഭരിതരാക്കി. ക്രിക്കറ്റ് മൈതാനത്തിലെ ഈ ശ്രദ്ധേയമായ പ്രകടനത്തിനുശേഷം അവിടത്തെ യുവാക്കൾക്കിടയിൽ കായിക മേഖലയോടുള്ള ആവേശവും ഉത്സാഹവും വർദ്ധിച്ചിരിക്കുകയാണ്. ഭാവിയിൽ, ഇത് കൂടുതൽ യുവാക്കളെ സ്പോർട്സിലേക്ക് വരാൻ പ്രേരിപ്പിക്കും. ജമ്മു കശ്മീരിലെ ജനങ്ങൾക്ക് കായിക വിനോദങ്ങളോട് അതിയായ അഭിനിവേശമുണ്ട്. പ്രധാന കായിക മത്സരങ്ങളുടെ ഹബ്ബായി സംസ്ഥാനം മാറുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഖേലോ ഇന്ത്യ വിന്റർ ഗെയിംസിനുള്ള വേദിയായി ഗുൽമാർഗ് ഇതിനകം തന്നെ പ്രസിദ്ധമാണ്. ഫുട്ബോൾ പോലുള്ള കായിക ഇനങ്ങളും ഇവിടുത്തെ യുവാക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. ജമ്മു കശ്മീരിലെ അത്‌ലറ്റുകളുടെ ഈ വിജയ പരമ്പര ഭാവിയിലും തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഞാൻ പലപ്പോഴും പറയാറുണ്ട്, "जो खेलेगा वो खिलेगा."‘കളിക്കുന്നവർക്കേശോഭിക്കാനാവൂ’ മുമ്പ് അത്ര പ്രചാരത്തിലില്ലാതിരുന്ന കായിക ഇനങ്ങളെപ്പോലും നമ്മുടെ രാജ്യത്തെ യുവാക്കൾ ഇപ്പോൾ സ്വീകരിക്കുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമുണ്ട്. ഉത്തർപ്രദേശിൽ നിന്നുള്ള പ്രതിഭാധനനായ അത്‌ലറ്റ് ഗുൽവീർ സിംഗ് അത്തരമൊരു കായിക ഇനത്തിൽ മികവ് തെളിയിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ്, ന്യൂയോർക്ക് സിറ്റി ഹാഫ് മാരത്തണിൽ മൂന്നാം സ്ഥാനം നേടി അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. ഒരു മണിക്കൂറിനുള്ളിൽ ഹാഫ് മാരത്തൺ പൂർത്തിയാക്കിയ ആദ്യ ഭാരതീയ അത്‌ലറ്റായി അദ്ദേഹം മാറി. സ്ക്വാഷ് കളിക്കാരിയായ അനാഹത് സിംഗ് സ്ക്വാഷ് ഓൺ ഫയർ ഓപ്പണിൽ പ്രശസ്തമായ ഒരു അന്താരാഷ്ട്ര കിരീടം സ്വന്തമാക്കി. വെറും 17 വയസ്സിലാണ് അവർ ഈ വിജയം നേടിയത്. ഇതോടെ, പി.എസ്.എ. ലോക റാങ്കിംഗിൽ ടോപ്-20-യിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഏഷ്യൻ വനിതാ അത്‌ലറ്റായി അവർ മാറി. അസ്മിത അത്‌ലറ്റിക്സ് ലീഗിനെക്കുറിച്ചും ഞാൻ മനസ്സിലാക്കി. മാർച്ച് 8 ന് വനിതാ ദിനത്തോടനുബന്ധിച്ച് നിരവധി കായിക പരിപാടികൾ അവർ ഭംഗിയായി സംഘടിപ്പിച്ചു. ഏകദേശം 2 ലക്ഷം പെൺകുട്ടികൾ ലീഗിൽ പങ്കെടുത്തു. രാജ്യത്ത് നടക്കുന്ന കായികമേഖലയിലെ ഈ പരിവർത്തനത്തിൽ സ്ത്രീശക്തി നിർണായക പങ്ക് വഹിക്കുന്നത് കാണുന്നത് സന്തോഷകരമാണ്.

സുഹൃത്തുക്കളേ, നിങ്ങൾ എല്ലാവരും അവരവരുടെ ഫിറ്റ്നസിൽ ശ്രദ്ധിക്കണമെന്ന് ഞാൻ എപ്പോഴും അഭ്യർത്ഥിക്കാറുണ്ട്. അന്താരാഷ്ട്ര യോഗ ദിനത്തിന് 100 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, ലോകമെമ്പാടും യോഗയോടുള്ള താൽപര്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കയിലെ ജിബൂട്ടിയിൽ, അൽമിസ് തന്റെ അരവിന്ദ് യോഗ സെന്റർ വഴി യോഗ പ്രചരിപ്പിക്കുന്നു. അദ്ദേഹം മറ്റ് പല സ്ഥലങ്ങളിലുമുള്ള ആളുകളെ യോഗ പഠിപ്പിക്കുന്നു. ഇൻസ്റ്റാ​ഗ്രാമിലെ കണ്ടൻ്റ് ക്രിയേറ്റർ യുവരാജ് ദുവയുടെ പോസ്റ്റിനുള്ള എന്റെ മറുപടിയിൽ നിങ്ങളിൽ പലരും കമൻ്റ് ചെയ്തു. മധുരം കഴിക്കുന്നത് കുറയ്ക്കാൻ അദ്ദേഹത്തിന്റെ അച്ഛനോട് പറയാൻ അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചിരുന്നു. എന്റെ അഭ്യർത്ഥന അദ്ദേഹത്തിന്റെ അച്ഛനിൽ നല്ല സ്വാധീനം ചെലുത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളും മധുരം കഴിക്കുന്നത് കുറയ്ക്കാനും, ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതുപോലെ, പാചക എണ്ണയുടെ ഉപഭോഗം 10 ശതമാനം കുറയ്ക്കാനും അഭ്യർത്ഥിക്കുന്നു. ഈ ചെറിയ ശ്രമങ്ങൾ നിങ്ങളെ അമിതവണ്ണത്തിൽ നിന്നും ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നും അകറ്റി നിർത്തും.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, 'കരത് കരത് അഭ്യാസ് കേ, ജട്മത് ഹോത്ത് സുജാൻ' എന്നൊരു പഴഞ്ചൊല്ലുണ്ട്, അതായത് തുടർച്ചയായി പരിശീലിക്കുമ്പോൾ നമുക്ക് കൂടുതൽ ബുദ്ധിശക്തി ലഭിക്കും. സജീവമായി പങ്കെടുക്കുമ്പോഴാണ് ആളുകൾ നന്നായി പഠിക്കുന്നത്. ബെംഗളൂരുവിൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഒരു നവ സംരംഭത്തെക്കുറിച്ച് ഞാൻ മനസ്സിലാക്കി. പ്രയോഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ റിസർച്ച് എന്ന സ്ഥാപനം ഇവിടെ ഒരുകൂട്ടർ നടത്തുന്നു. ​ഗവേഷണ പ്രോജക്ടുകളിൽ ഈ ടീമിന് പ്രത്യേക ശ്രദ്ധയാണ്. സ്കൂൾ തലത്തിൽ ശാസ്ത്ര പഠനം ജനപ്രിയമാക്കുന്നതിൽ ഈ ടീം ഏർപ്പെട്ടിരിക്കുന്നു. അവർ 'അന്വേഷൺ' എന്ന പേരിൽ ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്, അതിലൂടെ 9-ാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് രസതന്ത്രം, ഭൗമശാസ്ത്രം, വെൽനെസ് തുടങ്ങിയ മേഖലകളിൽ നൂതനാശയങ്ങൾ കൊണ്ടുവരാനുള്ള അവസരം ലഭിക്കുന്നു –കൂടാതെ, വിദ്യാർത്ഥികൾക്ക് ​ഗവേഷണത്തിൽ മികച്ച അനുഭവവും അവരുടെ പ്രോജക്ടുകൾ പബ്ലിഷ് ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോമും ലഭിക്കുന്നു.

സുഹൃത്തുക്കളേ, പരീക്ഷ പേ ചർച്ചയ്ക്കിടെ, ചില വിദ്യാർത്ഥികൾ എന്നോട് പറഞ്ഞു, അവർ സയൻസ് പഠിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ അവർ അതിനെ ഭയപ്പെടുന്നു. ഈ ദിശയിലുള്ള പ്രയോഗ് ടീമിന്റെ ശ്രമങ്ങൾ വളരെ പ്രശംസനീയമാണ്. ഈ സംരംഭം വിദ്യാർത്ഥികൾക്ക് സയൻസുമായി ഇടപഴകാനും പ്രാക്ടിക്കലായി എന്തെങ്കിലും ചെയ്തു കാണിക്കാനും അവസരം നൽകുന്നു. നമ്മൾ സ്വന്തമായി എന്തെങ്കിലും ചെയ്തുനോക്കുമ്പോൾജിജ്ഞാസയും താൽപ്പര്യവും ഉണ്ടാകുന്നു. ആർക്കറിയാം, എന്റെ ഈ യുവ സുഹൃത്തുക്കളിൽ ചിലരെങ്കിലും ഭാവിയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരായി മാറില്ലെന്ന്.

സുഹൃത്തുക്കളേ, നാഗാ സമൂഹം വിദ്യാഭ്യാസത്തിലൂടെ ഭൂതകാലത്തെ സംരക്ഷിക്കാനും ഭാവിയെ കെട്ടിപ്പടുക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അവർ അവരുടെ ഗോത്ര പാരമ്പര്യങ്ങളെ വളരെയധികം ബഹുമാനിക്കുന്നു. അവയിൽ അഭിമാനം കൊള്ളുന്നു.അതേസമയം ആധുനിക സമീപനം നിലനിർത്തുകയും ചെയ്യുന്നു. നാ​ഗാ ​ഗോത്രവിഭാ​ഗങ്ങൾക്ക് ഒരു പരമ്പരാഗത മൊറുങ് പഠന സമ്പ്രദായമുണ്ടായിരുന്നു, അതിൽ മുതിർന്നവർ അവരുടെ അനുഭവങ്ങളിലൂടെ യുവാക്കൾക്ക് പരമ്പരാഗത അറിവും ചരിത്രവും ജീവിതനൈപുണ്യവും പകർന്നു നൽകിയിരുന്നു. കാലക്രമേണ, ഈ സിസ്റ്റം മൊറുങ് വിദ്യാഭ്യാസ ആശയമായി പരിണമിച്ചു. ഇതിലൂടെ, ഗണിതം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ താൽപ്പര്യം കാണിക്കാൻ അവർ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു. ഇതിൽ, സമൂഹത്തിലെ മുതിർന്നവർ കഥകൾ, നാടൻ പാട്ടുകൾ, പരമ്പരാഗത ഗെയിമുകൾ എന്നിവയിലൂടെ കുട്ടികളെ ലൈഫ് സ്കില്ലുകൾ പഠിപ്പിക്കുന്നു. ഈ രീതിയിൽ, നാഗാലാൻഡ് അതിന്റെ സാംസ്കാരിക പൈതൃകം നിലനിർത്തിക്കൊണ്ട് കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകുന്നു. നിങ്ങളുടെ പ്രദേശത്തെ അത്തരം ശ്രമങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ, തീർച്ചയായും പങ്കിടുക.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, രാജ്യത്തിന്റെ പല ഭാഗങ്ങളിലും വേനൽക്കാലം ആരംഭിച്ചു.ജലസംരക്ഷണത്തോടുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കേണ്ട സമയമാണിത്. കഴിഞ്ഞ 11 വർഷത്തിനിടയിൽ, 'जल संचय अभियान' ജനങ്ങളെ ജാഗരൂഗരാക്കിയിട്ടുണ്ട്. ഈ കാമ്പെയ്‌നിന്റെ കീഴിൽ, രാജ്യത്തുടനീളം ഏകദേശം 50 ലക്ഷം കൃത്രിമ ജലസംഭരണികൾ നിർമ്മിച്ചിട്ടുണ്ട്. ജലപ്രതിസന്ധി പരിഹരിക്കുന്നതിനായി എല്ലാ ഗ്രാമങ്ങളിലും കമ്മ്യൂണിറ്റി തലത്തിലുള്ള ശ്രമങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെന്ന് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ചിലയിടങ്ങളിൽ പഴയ കുളങ്ങൾ വൃത്തിയാക്കുകയാണെങ്കിൽ ചിലയിടങ്ങളിൽ മഴവെള്ളം സംരക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. അമൃത് സരോവർ അഭിയാന്റെ കീഴിൽ, രാജ്യത്തുടനീളം ഏകദേശം 70,000 അമൃത് സരോവറുകൾ നിർമ്മിച്ചിട്ടുണ്ട്. മഴക്കാലം വരുന്നതിന് മുമ്പ് ഈ തടാകങ്ങളുടെ ശുചീകരണവും ആരംഭിച്ചു. ഇന്ന്, പ്രചോദനാത്മകമായ ചില ഉദാഹരണങ്ങൾ പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു. പൊതുജന പങ്കാളിത്തത്തോടെ ജലസംരക്ഷണം എത്രത്തോളം വ്യാപകമാകുമെന്ന് ഈ ഉദാഹരണങ്ങൾ തെളിയിക്കുന്നു.

സുഹൃത്തുക്കളേ, ത്രിപുരയിലെ ജംപുയി കുന്നുകളിൽ സ്ഥിതി ചെയ്യുന്ന വാങ്മുൻ ഗ്രാമം 3,000 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമം കടുത്ത ജലപ്രതിസന്ധി നേരിടുകയായിരുന്നു. വേനൽക്കാലത്ത്, ഗ്രാമവാസികൾ വെള്ളം കൊണ്ടുവരാൻ ദീർഘദൂരം സഞ്ചരിക്കുമായിരുന്നു. ഒടുവിൽ, ഓരോ മഴത്തുള്ളിയും സംരക്ഷിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. ഇന്ന്, വാങ്മുൻ ഗ്രാമത്തിലെ മിക്കവാറും എല്ലാ വീടുകളിലും പുരപ്പുറ ജലസംരക്ഷണ മാ‍ർ​ഗങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് ജലക്ഷാമം നേരിട്ടിരുന്ന ഈ ഗ്രാമം ജലസംരക്ഷണത്തിന്റെ പ്രചോദനാത്മകമായ ഒരു ഉദാഹരണമായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ, ഛത്തീസ്ഗഡിലെ കൊറിയ ജില്ലയിലും ഇതുപോലൊരു സവിശേഷ സംരംഭം കണ്ടു. ഇവിടുത്തെ കർഷകർ ലളിതവും എന്നാൽ ഫലപ്രദവുമായ ഒരു ആശയം നടപ്പിലാക്കി. അവർ ചെറിയ റീചാർജ് കുളങ്ങളും സോക്ക് പിറ്റുകളും അവരുടെ വയലുകളിൽ നിർമ്മിച്ചു, അങ്ങനെ മഴവെള്ളം വയലുകളിൽ തങ്ങിനിൽക്കാനും ക്രമേണ ഭൂമിക്കടിയിലേക്ക് ഒഴുകാനും തുടങ്ങി. ഇന്ന്, ഈ പ്രദേശത്തെ 1,200-ലധികം കർഷകർ ഈ മാതൃക സ്വീകരിച്ചു കഴിഞ്ഞു. ഗ്രാമത്തിലെ ഭൂ​ഗർഭ ജലത്തിന്റെ തോത് ഗണ്യമായി മെച്ചപ്പെട്ടു. അതുപോലെ, തെലങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ മുധിഗുണ്ട ഗ്രാമത്തിലും ആളുകൾ ഒത്തുചേർന്ന് ജലപ്രശ്നം പരിഹരിച്ചു. 400 കുടുംബങ്ങൾ അവരുടെ വീടുകളിൽ സോക്ക് പിറ്റുകൾ നിർമ്മിച്ചു, ഇത് ജലസംരക്ഷണത്തിനായി നടത്തിയ ഒരു ബഹുജന വിപ്ലവമായി. ഇതുമൂലം, ഗ്രാമത്തിലെ ഭൂ​ഗർഭജലത്തിന്റെ നില മെച്ചപ്പെട്ടു. മാത്രമല്ല, മലിനമായ വെള്ളം മൂലമുണ്ടാകുന്ന രോഗങ്ങളും ഗണ്യമായി കുറഞ്ഞു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരീസഹോദരന്മാർ കടലിന്റെ യോദ്ധാക്കൾ മാത്രമല്ല, സ്വയം പര്യാപ്തഭാരതത്തിന്റെ ശക്തമായ അടിത്തറയും കൂടിയാണ്. പ്രഭാതത്തിനുമുമ്പ് കടലിലെ തിരമാലകളോട് പോരാടി, അവർ കുടുംബാംഗങ്ങളെയും അതോടൊപ്പം രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്താൻ പരിശ്രമിക്കുന്നു. കഠിനാധ്വാനികളായ ഈ മത്സ്യത്തൊഴിലാളികൾ ഇന്ന് അനായാസമായ ജീവിതം നയിക്കുന്നു. തുറമുഖ വികസനമായിക്കൊള്ളട്ടെ മത്സ്യത്തൊഴിലാളി ഇൻഷുറൻസാകട്ടെ, നിരവധി സംരംഭങ്ങൾ അവർക്ക് വളരെയധികം പ്രയോജനപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനങ്ങൾ കടലിലെ അവരുടെ പ്രവർത്തനങ്ങളെ വളരെയധികം സ്വാധീനിക്കുന്നുവെന്ന് നമുക്കറിയാം. ഇത് മനസ്സിലാക്കി, സാങ്കേതികവിദ്യയിലൂടെ അവർക്ക് പൂർണ്ണ പിന്തുണ ഉറപ്പുവരുത്തുന്നു. അത്തരം ശ്രമങ്ങളിലൂടെ നമ്മുടെ മത്സ്യബന്ധന മേഖല സമ്പന്നമാകുക മാത്രമല്ല, നവീകരിക്കാനുള്ള ആവേശം വളർത്തുകയും ചെയ്യുന്നതിൽ ഞാൻ വളരെയധികം സന്തോഷിക്കുന്നു. ഇന്ന്, മത്സ്യബന്ധന, കടൽപ്പായൽ മേഖലകളിൽ നൂതനാശയങ്ങളുടെ പ്രാവർത്തികമാക്കൽ നടക്കുന്നുണ്ട്, നമ്മുടെ മത്സ്യത്തൊഴിലാളി സഹോദരീസഹോദരന്മാർ സ്വയംപര്യാപ്തരാകുകയാണ്. ഒഡീഷയിലെ സംബൽപൂരിലെ സുജാത ഭൂയാൻ ഒരു വീട്ടമ്മയാണ്. എന്നാൽ എന്തെങ്കിലും പുതുതായി ചെയ്തുകൊണ്ട് അവർതന്റെ കുടുംബത്തെ സഹായിക്കാൻ ആഗ്രഹിച്ചു. അതിനായി, കുറച്ച് വർഷങ്ങൾക്ക് മുമ്പ്, അവർ ഹിരാക്കുഡ് റിസർവോയറിൽ മത്സ്യക്കൃഷി ആരംഭിച്ചു. ആദ്യ ദിവസങ്ങൾ അവർക്ക് എളുപ്പമായിരുന്നില്ല. കാലാവസ്ഥാ വ്യതിയാനങ്ങൾ, മത്സ്യങ്ങൾക്ക് ഭക്ഷണം ക്രമീകരിക്കൽ, വീട്ടിലെ ചുമതലകൾ തുടങ്ങി നിരവധി വെല്ലുവിളികൾ അവർ നേരിട്ടു. പക്ഷേ അവരുടെ മനസ്സ് അചഞ്ചലമായി തുടർന്നു. വെറും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ, അവർ തന്റെ ശ്രമങ്ങളെ വിജയകരമായഒരു ബിസിനസാക്കി മാറ്റി. ഇന്ന്, അവരുടെ വിജയം സമൂഹത്തിലെ സ്ത്രീകൾക്ക് ഒരു പുതിയ കിരണമായി മാറിയിരിക്കുന്നു. 

സുഹൃത്തുക്കളേ, ലക്ഷദ്വീപിലെ മിനിക്കോയിൽ നിന്നുള്ള ഹാവ്വ ഗുൽസാറിന്റെ കഥ നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും അത്ഭുതകരമായ ദൃഢനിശ്ചയത്തെ എടുത്തുകാണിക്കുന്നു. അവർ ഒരു മത്സ്യ സംസ്കരണ യൂണിറ്റ് നടത്തിയിരുന്നു. എന്നാൽ നല്ലൊരു കോൾഡ് സ്റ്റോറേജ് സൗകര്യം കൂടി ഉണ്ടെങ്കിൽ കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ കഴിയുമെന്ന് അവർ കരുതി. അതിനാൽ, ഒരു കോൾഡ് സ്റ്റോറേജ് യൂണിറ്റ് സ്ഥാപിക്കാൻ അവർ തീരുമാനിച്ചു. ഇന്ന്, ഇത് അവരുടെ ശക്തിയായി മാറിയിരിക്കുന്നു. ഇപ്പോൾ, മികച്ച പ്ലാനിങ്ങോടെ അവർക്ക് തന്റെ ബിസിനസ്സ് നടത്താൻ കഴിയുന്നു.

സുഹൃത്തുക്കളേ, ഇന്ന് രാജ്യമെമ്പാടും പ്രചോദനാത്മകമായ പ്രവർത്തനങ്ങൾ നടക്കുന്നു. ബേൽഗാവിയിലെ ശിവ്‌ലിംഗ് സതപ്പ ഹുദ്ദാർ പരമ്പരാഗത കൃഷിയിൽ നിന്ന് വ്യത്യസ്തമായ ഒരു പാത തിരഞ്ഞെടുത്തു. ഇതിനായി അദ്ദേഹം ഒരു കുളത്തിൽ ഫാം സൃഷ്ടിച്ചു. ഈ ബിസിനസിനായി അദ്ദേഹത്തിന് പരിശീലനവും ലഭിച്ചു. ഇപ്പോൾ, അദ്ദേഹം തന്റെ കുളത്തിലെ മത്സ്യം വിറ്റ് നല്ല വരുമാനം നേടുന്നു. അതുപോലെതന്നെ കടൽപ്പായലിന്റെ ആവശ്യകത കണ്ട്, പലരും കടൽപ്പായൽ കൃഷി നടത്തിഗണ്യമായ നേട്ടങ്ങളും കൊയ്യുന്നു. മത്സ്യബന്ധനമേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും ഞാൻ വീണ്ടും അഭിനന്ദിക്കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള അവരുടെ ശ്രമങ്ങൾ വളരെ പ്രശംസനീയമാണ്.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, സമൂഹം സ്വയം മുന്നോട്ട് കുതിക്കുമ്പോൾ, ചെറിയ ശ്രമങ്ങൾ പോലും വലിയ മാറ്റത്തിന് അടിത്തറയായി മാറുന്നു. നമ്മുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം നിരവധി ഉദാഹരണങ്ങൾ കാണാം. അവ നമ്മെ ഇതുതന്നെ പഠിപ്പിക്കുന്നു. അടുത്തിടെ, ഉത്തർപ്രദേശിലെ വാരണാസിയിൽ പ്രചോദനാത്മകമായ ഒരു പ്രയത്നം കണ്ടു. അവിടെ, ഒരു മണിക്കൂറിനുള്ളിൽ 2,51,000-ത്തിലധികം തൈകൾ നട്ടുപിടിപ്പിച്ചു, അങ്ങനെ ഒരു പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് ഉണ്ടായി. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം ആയിരക്കണക്കിന് ആളുകളുടെ ഒരുമിച്ചുള്ള പങ്കാളിത്തമായിരുന്നു. വിദ്യാർത്ഥികൾ, യുവാക്കൾ, സന്നദ്ധ സംഘടനകൾ, വിവിധ സ്ഥാപനങ്ങൾ ഒക്കെ ഈ പ്രവർത്തനം സാധ്യമാക്കാൻ ഒന്നിച്ചു. "ഏക് പേഡ് മാം കേ നാം" എന്ന കാമ്പെയ്‌നിലും ഇതേ തരത്തിലുള്ള പൊതുജനപങ്കാളിത്തം പ്രകടമാണല്ലോ. ഈ കാമ്പെയ്‌നിന്റെ കീഴിൽ, രാജ്യമെമ്പാടും കോടിക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്.

സുഹൃത്തുക്കളേ, നാഗാലാൻഡിലെ ചിസാമി ഗ്രാമത്തിൽ നിന്ന് വളരെ പ്രോത്സാഹനജനകമായ ഒരു ശ്രമം ഉയർന്നുവന്നിട്ടുണ്ട്. ചിസാമി ഗ്രാമത്തിലെ സ്ത്രീകൾ ഒരുമിച്ചുചേർന്ന് 150-ലധികം ഇനം പരമ്പരാഗത വിത്തുകൾ സംരക്ഷിക്കുന്നു. ഗ്രാമത്തിലെ സ്ത്രീകൾ തന്നെ നടത്തുന്ന ഒരു കമ്മ്യൂണിറ്റി സീഡ് ബാങ്കിലാണ് ഈ വിത്തുകൾ സംരക്ഷിക്കുന്നത്. അരി, തിന, ചോളം, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ, വിവിധതരം ഔഷധസസ്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. അറിവുകൾ സംരക്ഷിക്കുകയും പാരമ്പര്യങ്ങൾ നിലനിർത്തുകയും ഭാവി തലമുറയ്ക്ക് ശക്തമായ അടിത്തറയിടുകയും ചെയ്യുന്ന ഒരു ശ്രമമാണിത്.

സുഹൃത്തുക്കളേ, ലോകം ഇന്ന് കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ നേരിടുമ്പോൾ, പരിഹാരങ്ങൾ എല്ലായ്പ്പോഴും അകലെയല്ലെന്ന് ഇത്തരം ശ്രമങ്ങൾ നമ്മെ പഠിപ്പിക്കുന്നു. പലപ്പോഴും നമ്മുടെ സ്വന്തം പരമ്പരാഗത അറിവുകളും കൂട്ടായ പരിശ്രമങ്ങളും നമുക്ക് മുന്നോട്ടുള്ള ഏറ്റവും ശക്തമായ പാത വാഗ്ദാനം ചെയ്യുന്നു.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നിങ്ങൾ ഇന്ന് വലുതോ ചെറുതോ ആയ നമ്മുടെ ഏതെങ്കിലും നഗരം സന്ദർശിക്കുകയാണെങ്കിൽ, തീർച്ചയായും ഒരു മാറ്റം നിങ്ങൾ ശ്രദ്ധിക്കും. വീടുകളുടെ മേൽക്കൂരകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത് നിങ്ങൾക്ക് കാണാം. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഇത് കുറച്ച് വീടുകളിൽ മാത്രമേ കണ്ടിരുന്നുള്ളൂ. എന്നാൽ ഇന്ന്, "പി.എം. സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന"യുടെ സ്വാധീനം രാജ്യത്തിന്റെ എല്ലാ കോണുകളിലും കാണപ്പെടുന്നു. ഈ പദ്ധതിയിലൂടെ ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിലെ പായൽ മുംജ്പാരയുടെ ജീവിതത്തിൽ വലിയ മാറ്റം വന്നിരിക്കുന്നു. സൂര്യ ഇനിഷ്യേറ്റീവിലൂടെ സൗരോർജ്ജ സാങ്കേതികവിദ്യയിൽ പരിശീലനം നേടിയ അവർ നാല് മാസത്തെ സോളാർ പി.വി. ടെക്നീഷ്യൻ കോഴ്സ് പൂർത്തിയാക്കി. അവർ ഇപ്പോൾ ഒരു നൈപുണ്യമുള്ള സോളാർ ടെക്നീഷ്യനായി മാറിയിരിക്കുന്നു. ഒരു സോളാർ സംരംഭക എന്ന നിലയിൽ പായൽ പ്രശസ്തയാണ്. അടുത്തുള്ള ജില്ലകളിലെ സോളാർ റൂഫ്‌ടോപ്പ് ഇൻസ്റ്റലേഷനുകളിലൂടെ അവർ എല്ലാ മാസവും ആയിരക്കണക്കിന് രൂപ സമ്പാദിക്കുന്നു.

സുഹൃത്തുക്കളേ, മീററ്റിൽ നിന്നുള്ള അരുൺ കുമാറും ഇപ്പോൾ തന്റെ പ്രദേശത്തെ ഒരു ഊർജ്ജ ദാതാവായി മാറിയിരിക്കുന്നു. അടുത്തിടെ, ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ അരുൺ കുമാർ പങ്കെടുക്കുകയും തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു. വൈദ്യുതി ബില്ലുകൾ ലാഭിക്കുക മാത്രമല്ല, തന്റെ മിച്ച വൈദ്യുതി വിൽക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കളേ, ജയ്പൂരിൽ നിന്നുള്ള മുരളീധർ സമാനമായ വിജയം നേടിയിട്ടുണ്ട്. മുമ്പ്, അദ്ദേഹത്തിന്റെ കൃഷി ഡീസൽ പമ്പിനെ ആശ്രയിച്ചിരുന്നു, അതിന് എല്ലാ വർഷവും ആയിരക്കണക്കിന് രൂപ ചിലവാകുമായിരുന്നു. അദ്ദേഹം ഒരു സോളാർ പമ്പ് സ്ഥാപിച്ചപ്പോൾ, കൃഷി രീതി പൂർണ്ണമായും മാറി. ഇപ്പോൾ അദ്ദേഹത്തിന് ഇന്ധനത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല, കൃത്യസമയത്ത് ജലസേചനം നടക്കുന്നു, അദ്ദേഹത്തിന്റെ വാർഷിക വരുമാനവും വർദ്ധിച്ചു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബം ശുദ്ധ ഊർജ്ജം ഉപയോഗിച്ച് മെച്ചപ്പെട്ട ജീവിതം നയിക്കുന്നു എന്നതാണ്.

സുഹൃത്തുക്കളേ, "പി.എം. സൂര്യ ഘർ മുഫ്ത് ബിജ്ലി യോജന"യുടെ ഗുണങ്ങൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും ലഭിക്കുന്നുണ്ട്. ത്രിപുരയിൽ, റിയാങ് ഗോത്രത്തിലെ നിരവധി ഗ്രാമങ്ങളിൽ വൈദ്യുതി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ, സോളാർ മിനി ഗ്രിഡുകൾ വഴി, അവരുടെ വീടുകൾ പ്രകാശപൂരിതമായി. ഇപ്പോൾ സന്ധ്യയ്ക്കു ശേഷവും അവിടത്തെ കുട്ടികൾക്ക് പഠിക്കാൻ കഴിയുന്നു. ആളുകൾക്ക് അവരുടെ മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ കഴിയുന്നു. ഗ്രാമത്തിന്റെ സാമൂഹിക ജീവിതവും മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ, രാജ്യത്ത് സൗരോർജ്ജ വിപ്ലവത്തിന്റെ എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്. ഈ വിപ്ലവത്തിൽ നിങ്ങളും പങ്ക് ചേരൂ, മറ്റുള്ളവരെയും ചേർക്കൂ.

എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എല്ലാ മാസവും "മൻ കി ബാത്" പരിപാടിക്കായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എനിക്ക് അസംഖ്യം സന്ദേശങ്ങൾ ലഭിക്കുന്നു. ഉൾപ്രദേശങ്ങളിലെ ആളുകൾ ഈ പരിപാടി എത്രമാത്രം താല്പര്യത്തോടെ കേൾക്കുന്നുവെന്നും ഈ സന്ദേശങ്ങൾ വെളിപ്പെടുത്തുന്നു. നിങ്ങളുടെ നിർദ്ദേശങ്ങൾ വായിക്കുമ്പോൾ, ഇത് വെറുമൊരു പരിപാടിയല്ല; നമ്മൾ പരസ്പരം പങ്കിടുന്ന സംഭാഷണമായി ഇത് മാറിയിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങളുടെ നിർദ്ദേശങ്ങളും അനുഭവങ്ങളും ഈ പരിപാടി തുടർച്ചയായി മെച്ചപ്പെടുത്താൻ എനിക്ക് പ്രേരണ നൽകുന്നു. നിങ്ങളുടെ ചുറ്റുപാടുകളിൽ നിന്നുള്ള പ്രേരണാദായകമായ കഥകൾ പങ്കിടുന്നത് തുടരുക. ഒരുപക്ഷേ നിങ്ങളുടെ ചെറിയ പരിശ്രമം മറ്റൊരാളുടെ ജീവിതത്തിൽ വലിയ മാറ്റം വരുത്താം, ചിലർക്ക് മുന്നോട്ട് പോകാൻ ധൈര്യം നൽകാം. ഇതുതന്നെയാണ് റേഡിയോയുടെ യഥാർത്ഥ ശക്തി. രാജ്യത്തിന്റെ വിവിധ കോണുകളിലുള്ള ആളുകളെ ഒരേ ചിന്ത, ഒരേ വികാരം, ഒരേ ലക്ഷ്യം എന്നിവയുമായി ഇത് ബന്ധിപ്പിക്കുന്നു. പുതിയ സ്വാധീനമുള്ള വ്യക്തികളുമായി, മുന്നോട്ട് പോകാൻ നമുക്ക് പുതിയ ഊർജ്ജം നൽകുന്ന ചില ശ്രമങ്ങളുമായിഅടുത്ത മാസം നമ്മൾ വീണ്ടും ഒത്തുചേരും.

അതുവരെ, സ്വയം പരിപാലിക്കുക, സ്വന്തം കുടുംബത്തെയും പരിപാലിക്കുക, ആരോഗ്യത്തോടെയിരിക്കുക, സന്തോഷത്തോടെയിരിക്കുക. 
നന്ദി, ഒരായിരം നന്ദി.


-SK-


( റിലീസ് ഐ.ഡി: 2246619) സന്ദര്‍ശക കൗണ്ടര്‍ : 14