തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2026 ലെ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും: തിരഞ്ഞെടുപ്പ് കമ്മീഷൻ അന്തർ സംസ്ഥാന അതിർത്തി യോഗങ്ങൾ നടത്തി

പോസ്റ്റഡ് ഓണ്‍: 24 MAR 2026 2:55PM by PIB Thiruvananthpuram
1.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) ഇന്ന് ഉന്നതതല അവലോകന യോഗം ചേർന്നു.  തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, ചീഫ് ഇലക്ടറൽ ഓഫീസർമാർ, ഡി.ജി.പിമാർ എന്നിവർ തയ്യാറെടുപ്പുകൾ  അവലോകനം ചെയ്യുന്നതിനും   ഏകോപനം വർദ്ധിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച    യോഗത്തിൽ പങ്കെടുത്തു.  കൂടാതെ, ഈ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 12 സംസ്ഥാനങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും വിവിധ എൻഫോഴ്സ്‌മെന്റ് ഏജൻസി മേധാവികളും യോഗത്തിൽ സംബന്ധിച്ചു. അക്രമരഹിതവും ഭീഷണിരഹിതവും പ്രലോഭനരഹിതവുമായ തിരഞ്ഞെടുപ്പ്  ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാവരോടും നിർദ്ദേശിച്ചു.

2.അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും  കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലുമായി  വരുന്ന  പൊതുതിരഞ്ഞെടുപ്പിന്റെയും ആറ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും മുന്നൊരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രീ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. എസ്.എസ്. സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് അവലോകന യോഗം നടന്നത്. ഇവിടങ്ങളിൽ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ, ക്രമസമാധാന നില, അനധികൃത പണം, മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ എന്നിവയുടെ കടത്ത് കർശനമായി നിയന്ത്രിക്കൽ ,അന്തർസംസ്ഥാന ചെക്ക്‌പോസ്റ്റുകളിൽ പരിശോധന കർശനമാക്കൽ, ചെലവ് നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങൾ  യോഗത്തിൽ അവലോകനം ചെയ്തു.

3.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങൾ തങ്ങളുടെ പൊതുവായ മുന്നൊരുക്കങ്ങൾ, ക്രമസമാധാന നില, തിരഞ്ഞെടുപ്പ് ചെലവ് നിയന്ത്രണം എന്നിവയെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചു. കൂടാതെ കേന്ദ്ര ഏജൻസികളുമായും അയൽ സംസ്ഥാനങ്ങളുമായും ബന്ധപ്പെട്ട ആശങ്കകളും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളും ചർച്ച ചെയ്തു. സമാധാനം നിലനിർത്തുന്നതിനായി അതിർത്തി ജില്ലകളിലെ അതിർത്തികൾ അടയ്ക്കുന്നതിനും  പ്രത്യേക ശ്രദ്ധ നൽകി.

4.പ്രലോഭനങ്ങളും അക്രമങ്ങളും ഇല്ലാത്ത സമാധാപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ, വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും സഹായിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ അയൽ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

5.സിബിഡിടി (CBDT), സിബിഐസി (CBIC), ഇഡി (ED), ഡി.ആർ.ഐ (DRI), സി.ഇ.ഐ.ബി (CEIB), എഫ്.ഐ.യു-ഇന്ത്യ (FIU-IND), ആർ.ബി.ഐ (RBI), ഐ.ബി.എ (IBA), എൻ.സി.ബി (NCB), ഐ.സി.ജി (ICG), ബി.സി.എ.എസ് (BCAS), എ.എ.ഐ (AAI), തപാൽ, സി.ആർ.പി.എഫ് (CRPF), സി.ഐ.എസ്.എഫ് (CISF), ബി.എസ്.എഫ് (BSF), എസ്.എസ്.ബി (SSB), ആർ.പി.എഫ് (RPF), ഐ.ടി.ബി.പി (ITBP), ഇന്ത്യൻ കോസ്റ്റ് ഗാർഡ്, അസം റൈഫിൾസ് എന്നിവർക്ക് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും അവയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം നൽകി. അന്തർസംസ്ഥാന ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ കർശനമാക്കാനും നിർദ്ദേശമുണ്ട്.

6.നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (NCB), ആദായനികുതി വകുപ്പ്, സെൻട്രൽ ഗുഡ്‌സ് ആൻഡ് സർവീസസ് ടാക്സ് (CGST), ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ് (DRI) എന്നിവയുൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളോട് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവർത്തനം ശക്തമാക്കാൻ നിർദ്ദേശിച്ചു. കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ  അടിസ്ഥാനത്തിൽ പരിശോധനകൾ നടത്തി അനധികൃത പണം, മദ്യം, മയക്കുമരുന്ന്, ആയുധങ്ങൾ തുടങ്ങിയവ പരമാവധി പിടിച്ചെടുക്കാനും നിർദ്ദേശം നൽകി.
 
SKY
 
*******

( റിലീസ് ഐ.ഡി: 2244563) സന്ദര്‍ശക കൗണ്ടര്‍ : 21
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Assamese , Gujarati , Tamil