തെരഞ്ഞെടുപ്പ് കമ്മീഷന്‍
azadi ka amrit mahotsav

2026 ലെ പൊതുതെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും: എല്ലാ പോളിംഗ് സ്റ്റേഷനുകളിലും വോട്ടർമാർക്ക് മിനിമം അടിസ്ഥാന സൗകര്യങ്ങളും സഹായവും ഉറപ്പാക്കണം

പോസ്റ്റഡ് ഓണ്‍: 22 MAR 2026 11:54AM by PIB Thiruvananthpuram
1. അസം, കേരളം, പുതുച്ചേരി, തമിഴ്‌നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനും 6 സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുമുള്ള തീയതികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ECI) 2026 മാർച്ച് 15 ന് പ്രഖ്യാപിച്ചു.
 
2.പോളിംഗ് ദിവസം 2,18,807 പോളിംഗ് സ്റ്റേഷനുകളിൽ ഓരോന്നിലും വോട്ടർമാർക്ക് മിനിമം അടിസ്ഥാന സൗകര്യങ്ങളും (Assured Minimum Facilities-AMFs) സഹായവും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ECI സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് (CEOs) നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
 
3.കുടിവെള്ളം, തണലുള്ള കാത്തിരിപ്പ് സ്ഥലം, ജല സൗകര്യമുള്ള ശുചിമുറി , മതിയായ വെളിച്ചം, പിഡബ്ല്യുഡി വോട്ടർമാർക്കായി ശരിയായി സജ്ജമാക്കിയ റാമ്പ്, ഒരു ഏകീകൃത വോട്ടിംഗ് കമ്പാർട്ട്‌മെൻ്റ്, ശരിയായ അടയാളങ്ങൾ എന്നിവ എഎംഎഫിൽ ഉൾപ്പെടുന്നു. വോട്ടുചെയ്യാൻ വരിയിൽ കാത്തു നിൽക്കേണ്ടിവന്നാൽ വോട്ടർമാർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിൽ കൃത്യമായ അകലത്തിൽ ബെഞ്ചുകൾ സ്ഥാപിക്കാനും സിഇഒമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
 4.വോട്ടർ അവബോധം ശക്തിപ്പെടുത്തുന്നതിനായി, എല്ലാ പോളിംഗ് സ്റ്റേഷനുകളിലും പോളിംഗ് സ്റ്റേഷൻ വിശദാംശങ്ങൾ, സ്ഥാനാർത്ഥികളുടെ പട്ടിക, ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ, അംഗീകൃത തിരിച്ചറിയൽ രേഖകളുടെ പട്ടിക, വോട്ടിംഗ് പ്രക്രിയ എന്നിവ ഉൾക്കൊള്ളുന്ന നാല് ഏകീകൃത വോട്ടർ സഹായ പോസ്റ്ററുകൾ (VFP) പ്രദർശിപ്പിക്കണം.
 
5.എല്ലാ പോളിംഗ് സ്റ്റേഷൻ സ്ഥലങ്ങളിലും ബൂത്ത് ലെവൽ ഓഫീസർമാർ (BLO)/ഉദ്യോഗസ്ഥർ എന്നിവരുടെ ഒരു സംഘം ഉൾപ്പെട്ട വോട്ടർ സഹായ ബൂത്തുകൾ (VAB) സ്ഥാപിക്കും. ബന്ധപ്പെട്ട ബൂത്തിലെ വോട്ടർ പട്ടികയിൽ പോളിംഗ് ബൂത്ത് നമ്പറും സീരിയൽ നമ്പറും കണ്ടെത്താൻ വോട്ടർമാരെ സഹായിക്കുന്നതിന് VAB-കളിൽ പ്രധാന അടയാളങ്ങൾ ഉണ്ടായിരിക്കും. വോട്ടർമാർ എത്തുമ്പോൾ അവ എളുപ്പത്തിൽ കണ്ടെത്താനാകും.
 
6.വോട്ടർമാരുടെ സൗകര്യാർത്ഥം ECI സ്വീകരിച്ച നിരവധി സംരംഭങ്ങളിലൊന്നായി,പോളിംഗ് സ്റ്റേഷൻ്റെ  പ്രവേശന കവാടത്തിന് പുറത്ത് വോട്ടർമാർക്കായി മൊബൈൽ ഫോൺ സൂക്ഷിക്കാനുള്ള സൗകര്യം ഒരുക്കും. വോട്ടർമാർക്ക് സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഫോൺ (സ്വിച്ച് ഓഫ് ചെയ്ത് ) ഒരു നിയുക്ത സന്നദ്ധ പ്രവർത്തകന് കൈമാറാനും വോട്ട് ചെയ്ത ശേഷം അത് തിരികെ എടുക്കാനും കഴിയും.
 
7.AMF-ഉം അനുബന്ധ പ്രവേശനക്ഷമതാ നടപടികളും നിർബന്ധമാണെന്നും എല്ലാ പോളിംഗ് സ്റ്റേഷനുകളിലും അവ കർശനമായി പാലിക്കുന്നെണ്ടെന്ന് നിരീക്ഷിക്കുമെന്നും കമ്മീഷൻ ആവർത്തിച്ചു വ്യക്തമാക്കി . എല്ലാ വോട്ടർമാർക്കും സുഗമവും സുഖകരവുമായ വോട്ടിംഗ് അനുഭവം ഉറപ്പാക്കുന്നതിന് വോട്ടെടുപ്പ് ദിനത്തിന്  മുമ്പായി ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ എല്ലാ ഫീൽഡ് തല പ്രവർത്തകരോടും നിർദ്ദേശിച്ചിട്ടുണ്ട്.
****

( റിലീസ് ഐ.ഡി: 2243552) സന്ദര്‍ശക കൗണ്ടര്‍ : 22
ഈ റിലീസ് വായിക്കുക: Tamil , English , Urdu , हिन्दी , Marathi , Bengali , Gujarati , Telugu