വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഓൺലൈൻ ഗെയിമിങ് നിയമം-2025 നടപ്പാക്കി സർക്കാർ; എല്ലാത്തരം ഓൺലൈൻ സാമ്പത്തിക ഗെയിമുകളും നിരോധിച്ച് സുരക്ഷിത ഡിജിറ്റൽ ആവാസവ്യവസ്ഥയ്ക്ക് പ്രോത്സാഹനം
പോസ്റ്റഡ് ഓണ്‍:
18 MAR 2026 4:14PM by PIB Thiruvananthpuram
രാജ്യത്ത് സുരക്ഷിതവും ഉത്തരവാദിത്തപൂര്‍ണവും സുതാര്യവുമായ ഓൺലൈൻ ഗെയിമിങ് ആവാസവ്യവസ്ഥ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ സാഹചര്യത്തിൽ ഇ-സ്‌പോർട്‌സുകളിലും ഓൺലൈൻ സോഷ്യൽ ഗെയിമുകളിലും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും പണമിടപാട് നടത്തുന്ന ഓൺലൈൻ സാമ്പത്തിക ഗെയിമുകൾ നിരോധിക്കാനും ലക്ഷ്യമിട്ട് ‘ഓൺലൈൻ ഗെയിമുകളുടെ പ്രോത്സാഹന നിയന്ത്രണ നിയമം - 2025’ (ഗെയിമിങ് നിയമം) സർക്കാർ നടപ്പാക്കി.
ഭാഗ്യപരീക്ഷണങ്ങളോ നൈപുണ്യാധിഷ്ഠിതമോ ഇവ രണ്ടും ചേർന്നതോ ആയ എല്ലാത്തരം ഓൺലൈൻ സാമ്പത്തിക ഗെയിമുകളെയും ഈ നിയമം പൂര്‍ണമായി നിരോധിക്കുന്നു. ഇത്തരം ഗെയിമുകളുടെ പരസ്യവും പ്രോത്സാഹനവും അവയ്ക്ക് സൗകര്യമൊരുക്കലും ബാങ്കുകൾ വഴിയോ ഓണ്‍ലൈന്‍ പണമിടപാട് സംവിധാനങ്ങൾ വഴിയോ ഇത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തുന്നതും നിയമം നിരോധിക്കുന്നു. 2000-ത്തിലെ ഐടി നിയമ വ്യവസ്ഥകൾ പ്രകാരം നിയമവിരുദ്ധ പ്ലാറ്റ്‌ഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ ഈ നിയമം അധികൃതരെ കൂടുതൽ ശാക്തീകരിക്കുന്നു.
ഓൺലൈൻ സാമ്പത്തിക ഗെയിമുകൾ നടത്തുന്നതിനും അവയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾക്ക് സൗകര്യമൊരുക്കുന്നതിനും മൂന്ന് വർഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുംകൂടിയോ ശിക്ഷയായി ലഭിക്കാം. രണ്ടാമതോ അതിലധികമോ തവണ കുറ്റം തെളിയിക്കപ്പെട്ടാൽ കുറഞ്ഞത് 3 മുതൽ 5 വർഷം വരെ നീളാവുന്ന തടവും ഒരു കോടി രൂപ മുതൽ രണ്ട് കോടി രൂപ വരെ പിഴയുമായിരിക്കും ശിക്ഷ ലഭിക്കുക. ഇത്തരം ഓൺലൈൻ സാമ്പത്തിക ഗെയിമുകൾ പരസ്യം ചെയ്യുന്നത് രണ്ട് വർഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ ഇവ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. പരസ്യവുമായി ബന്ധപ്പെട്ട കുറ്റം ആവർത്തിച്ചാൽ കുറഞ്ഞത് 2 മുതൽ 3 വർഷം വരെ തടവും 50 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കാം.
മേൽപ്പറഞ്ഞവയ്ക്ക് പുറമെ ഇ-സ്‌പോർട്‌സുകളുടെയും ഓൺലൈൻ സോഷ്യൽ ഗെയിമുകളുടെയും അംഗീകാരവും പ്രോത്സാഹനവും, ഓൺലൈൻ ഗെയിമിങ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രൂപീകരണം, ഓൺലൈൻ ഗെയിമുകളുടെ സുതാര്യമായ രജിസ്‌ട്രേഷൻ സംവിധാനം, ഉപയോക്തൃ പരാതി പരിഹാര സംവിധാനം, നിരോധിത ഓൺലൈൻ സാമ്പത്തിക ഗെയിമുകളിൽ നിന്നും അനുബന്ധ അപകടങ്ങളില്‍നിന്നും സംരക്ഷണം തുടങ്ങിയവയ്ക്കും നിയമത്തില്‍ വ്യവസ്ഥയുണ്ട്.
അനുവദനീയ ഗെയിമുകളെ തരംതിരിക്കാനും രജിസ്റ്റർ ചെയ്യാനും ഒരു ഗെയിം സാമ്പത്തിക ഗെയിമാണോ എന്ന് തീരുമാനിക്കാനും പെരുമാറ്റച്ചട്ടങ്ങൾ പുറപ്പെടുവിക്കാനും പൊതു പരാതികൾ പരിഹരിക്കാനും ദേശീയ തല ഓൺലൈൻ ഗെയിമിങ് അതോറിറ്റിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കും. കേന്ദ്ര നിയന്ത്രണ അതോറിറ്റിയുടെ ശാക്തീകരണത്തിലൂടെ ഏകോപിത നയരൂപീകരണ പിന്തുണയും ഫലപ്രദമായ മേൽനോട്ടവും നൽകാനും ഇന്ത്യയെ ഓൺലൈൻ ഗെയിമിങ് മേഖലയിൽ ആഗോള നേതൃനിരയിലേക്കുയർത്താനും നിയമം ലക്ഷ്യമിടുന്നു. ഒപ്പം സാങ്കേതിക വളർച്ച ദേശീയ താല്പര്യങ്ങൾക്കും ഉപഭോക്തൃ സംരക്ഷണ തത്വങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.
ഗെയിമിങ് നിയമം പ്രവർത്തനക്ഷമമാക്കുന്നതിന് ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയം ‘ഓൺലൈൻ ഗെയിമിങ് പ്രോത്സാഹന നിയന്ത്രണ ചട്ടങ്ങള്‍ - 2025’-ന്റെ കരട് 2025 ഒക്ടോബർ 2-ന് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമനിർമാണത്തിൽ എല്ലാവരെയും ഉൾപ്പെടുത്തുകയെന്ന സർക്കാര്‍ നയത്തിനനുസൃതമായി വിവിധ തലങ്ങളില്‍ മേഖലയുമായി ബന്ധപ്പെട്ടവരടക്കം പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിച്ചു.
ലോക്സഭയിൽ ഇന്ന് ശ്രീ. റാവു രാജേന്ദ്ര സിങ്ങിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഈ വിവരങ്ങള്‍ അറിയിച്ചത്.
****
( റിലീസ് ഐ.ഡി: 2242058)
സന്ദര്‍ശക കൗണ്ടര്‍ : 5