ആഭ്യന്തരകാര്യ മന്ത്രാലയം
ലഡാക്കിൽ എല്ലാ പങ്കാളികളുമായും ക്രിയാത്മകവും അർത്ഥവത്തായതുമായ സംഭാഷണം സാധ്യമാക്കുന്നതിനായി സമാധാനം, സ്ഥിരത, പരസ്പര വിശ്വാസം എന്നിവയുടെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധം
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി, ഉചിതമായ ചർച്ചകൾക്ക് പിന്നാലെ, ശ്രീ സോനം വാങ്ചുകിൻ്റെ തടങ്കൽ ഉടനടി പിൻവലിക്കാൻ ഗവണ്മെൻ്റ് /എംഎച്ച്എ തീരുമാനിച്ചു
ലഡാക്കിന് ആവശ്യമായ എല്ലാ സുരക്ഷയും നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഗവണ്മെൻ്റ് ആവർത്തിച്ചു
പോസ്റ്റഡ് ഓണ്‍:
14 MAR 2026 11:26AM by PIB Thiruvananthpuram
ശാന്തമായ ലേ പട്ടണത്തിൽ 2025 സെപ്റ്റംബർ 24 ന് ഉടലെടുത്ത ഗുരുതരമായ ക്രമസമാധാന പ്രശ്നത്തിൻ്റെ പശ്ചാത്തലത്തിൽ, പൊതു ക്രമസമാധാനം നിലനിർത്തുന്നതിനായി ലേ ജില്ലാ മജിസ്‌ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ദേശീയ സുരക്ഷാ നിയമത്തിലെ (എൻഎസ്‌എ) വ്യവസ്ഥകൾ പ്രകാരം ശ്രീ സോനം വാങ്‌ചുകിനെ 2025 സെപ്റ്റംബർ 26 ന് കസ്റ്റഡിയിലെടുത്തു. പ്രസ്തുത നിയമപ്രകാരമുള്ള തടങ്കൽ കാലയളവിൻ്റെ പകുതിയോളം ഇതിനകം പിന്നിട്ടു.
മേഖലയിലെ ജനങ്ങളുടെ അഭിലാഷങ്ങളും ആശങ്കകളും അഭിമുഖീകരിക്കുന്നതിനായി ലഡാക്കിലെ വിവിധ പങ്കാളികളുമായും സമുദായ നേതാക്കളുമായും ഗവണ്മെൻ്റ് സജീവമായി ആശയ വിനിമയം നടത്തുന്നു. എന്നാൽ, നിലവിലുള്ള ബന്ദുകളുടെയും പ്രതിഷേധങ്ങളുടെയും അന്തരീക്ഷം സമൂഹത്തിൻ്റെ സമാധാനപ്രിയ സ്വഭാവത്തിന് ദോഷകരമാണ്. ഇത്, വിദ്യാർത്ഥികൾ, ജോലി തേടുന്നവർ, ബിസിനസുകൾ, ടൂർ ഓപ്പറേറ്റർമാർ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെയും സമഗ്ര സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ലഡാക്കിൽ എല്ലാ പങ്കാളികളുമായും ക്രിയാത്മകവും അർത്ഥവത്തായതുമായ സംഭാഷണം സാധ്യമാക്കുന്നതിന് ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണ്. ഇതിനായി സമാധാനം, സ്ഥിരത, പരസ്പര വിശ്വാസം എന്നിവയുടെ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനും ഗവണ്മെൻ്റ് പ്രവർത്തിച്ചുവരുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഉചിതമായ ആലോചനകൾക്ക് ശേഷം, ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ശ്രീ സോനം വാങ്ചുകിൻ്റെ തടങ്കൽ, ഉടൻ പ്രാബല്യത്തിൽ വരുന്ന വിധം പിൻവലിക്കാൻ ഗവണ്മെൻ്റ് തീരുമാനിച്ചു.
ലഡാക്കിന് ആവശ്യമായ എല്ലാ സുരക്ഷയും നൽകുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഗവണ്മെൻ്റ് ആവർത്തിക്കുന്നു. ഉന്നതാധികാര സമിതി സംവിധാനത്തിലൂടെയും മറ്റ് ഉചിതമായ മാർഗങ്ങളിലൂടെയും ഉൾപ്പെടെ, ക്രിയാത്മകമായ ചർച്ച, സംഭാഷണം എന്നിവ വഴി മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
***
--
( റിലീസ് ഐ.ഡി: 2240106)
സന്ദര്‍ശക കൗണ്ടര്‍ : 12