വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ചരിത്രപ്രധാന ആഗോള എഐ ഉച്ചകോടിയ്ക്ക് സമാപനം; നിര്‍മിതബുദ്ധി അധിഷ്ഠിത നൂതനാശയങ്ങളുടെയും ഭരണനിര്‍വഹണത്തിന്റെയും പങ്കാളിത്തങ്ങളുടെയും എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ചയുടെയും ആഗോള കേന്ദ്രമായി ഇന്ത്യ

ഇന്ത്യ എഐ ഇംപാക്ട് പ്രദര്‍ശനത്തിലെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തിനെതിരെ ഉടനടി നടപടിയെടുത്ത് സര്‍ക്കാര്‍; പ്രദർശനരീതിയ്ക്കും നിയമപാലനത്തിനും ഉത്തരവാദിത്തം പ്രദർശകർക്കെന്ന് വ്യക്തമാക്കി

പോസ്റ്റഡ് ഓണ്‍: 11 MAR 2026 4:03PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനനുസൃതമായി സാങ്കേതികവിദ്യയുടെ വികാസവും ഉപയോഗവും ജനാധിപത്യവൽക്കരിക്കുകയാണ് കേന്ദ്രസർക്കാർ. യഥാർത്ഥ ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും വിവിധ മേഖലകളിലുടനീളം ആത്യന്തികമായി  ജീവിതനിലവാരം മെച്ചപ്പെടുത്താനും നിര്‍മിതബുദ്ധി ഉപയോഗിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് നിര്‍മിതബുദ്ധിയുടെ  ഉത്തരവാദിത്തപൂര്‍ണവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ അന്താരാഷ്ട്ര പങ്കാളികളും വ്യാവസായിക - അക്കാദമിക മേഖലകളും  സംസ്ഥാനങ്ങളുമായി കേന്ദ്രസര്‍ക്കാര്‍ ചേർന്ന്  പ്രവര്‍ത്തിക്കുന്നു.  

 

2026 ഫെബ്രുവരി 16 മുതൽ 21 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ 'ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി 2026' ന് രാജ്യം ആതിഥേയത്വം വഹിച്ചു. ആദ്യമായാണ് ഗ്ലോബൽ സൗത്ത് രാഷ്ട്രങ്ങളില്‍ ഒരു ആഗോള എഐ ഉച്ചകോടി സംഘടിപ്പിക്കുന്നത്.   എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ആഗോള എഐ സംവാദത്തിലേക്കുള്ള വിപുലമായ നീക്കമായാണ് ഈ മാറ്റത്തെ വിലയിരുത്തപ്പെടുന്നത്.

 

എഐ അധിഷ്ഠിത നൂതനാശയങ്ങള്‍, ഭരണനിര്‍വഹണം, പങ്കാളിത്തങ്ങള്‍, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ അടയാളപ്പെടുത്തിയ ചരിത്രപ്രധാന  ആഗോള സംഗമമെന്ന നിലയിലാണ് ഉച്ചകോടിയ്ക്ക് പരിസമാപ്തി കുറിച്ചത്.  ഒരു വികസ്വര രാജ്യം ആതിഥേയത്വം വഹിക്കുന്ന ഇത്തരത്തിലെ ഏറ്റവും വലിയ പരിപാടിയായ  അഞ്ചുദിവസത്തെ ഉച്ചകോടി  "സർവജനഹിതായ, സർവജനസുഖായ" അഥവാ  എല്ലാവരുടെയും ക്ഷേമം, എല്ലാവരുടെയും സന്തോഷം എന്ന ആശയത്തിലൂന്നി വിവിധ സർക്കാരുകളിലെയും വ്യാവസായിക -  അക്കാദമിക മേഖലകളിലെയും പൊതുസമൂഹത്തിലെയും സ്റ്റാർട്ടപ്പുകളിലെയും  നേതാക്കളെ ഒരുമിച്ചുകൊണ്ടുവന്നു.  

 

ആഗോള നന്മയ്ക്കായി ഇന്ത്യയുടെ എഐ കരുത്ത് പ്രദർശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 'ഇന്ത്യ-എഐ ഇംപാക്ട് ഉച്ചകോടി 2026'-ന്റെ അനുബന്ധ പരിപാടിയായാണ് ഇന്ത്യ എഐ ഇംപാക്ട് പ്രദര്‍ശനം സംഘടിപ്പിച്ചത്. കോർപ്പറേറ്റുകൾ, സ്റ്റാർട്ടപ്പുകൾ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ, കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളും വകുപ്പുകളും, സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, അക്കാദമിക  ഗവേഷണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങി വിവിധ എഐ പങ്കാളികളിൽ നിന്ന് താല്പര്യപത്രം  ക്ഷണിച്ചിരുന്നു. പ്രദര്‍ശനത്തിന്റെ അംഗീകൃത രൂപരേഖാ ചട്ടക്കൂടനുസരിച്ച് ലഭ്യമായ സ്ഥലത്തിന്റെ അടിസ്ഥാനത്തിൽ  ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് മുൻഗണന എന്ന ക്രമത്തിലാണ് പ്രദർശനത്തിന് വേദി അനുവദിച്ചത്.

 

ഇന്ത്യ എഐ ഇംപാക്ട് പ്രദര്‍ശനത്തിലെ ഉള്ളടക്കത്തിന്റെ സ്വഭാവം  അവതരിപ്പിക്കുന്ന കാര്യങ്ങൾ, ബാധകമായ നിയമ - നിയന്ത്രണ നിബന്ധനകളുടെ പാലനം എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്തം അതത് പ്രദർശകർക്കായിരുന്നു.

 

പ്രദർശക സ്ഥാപനത്തിന്റെ വ്യാജ അവകാശവാദം പ്രചരിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. ബന്ധപ്പെട്ട പ്രദർശക സ്ഥാപനത്തിനെതിരെ സർക്കാർ ഉടനടി നടപടി സ്വീകരിച്ചു.  

 

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ഡോ. എൽ. മുരുകൻ ഇന്ന് ലോക്സഭയിൽ ശ്രീ ആര്‍ സച്ചിദാനന്ദത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ്  ഈ വിവരങ്ങള്‍ അറിയിച്ചത്.  

 

SKY

 

****


( റിലീസ് ഐ.ഡി: 2238348) സന്ദര്‍ശക കൗണ്ടര്‍ : 11