PIB Headquarters
azadi ka amrit mahotsav

ഇന്ത്യന്‍ സായുധ സേനകളിലെ സ്ത്രീകള്‍-വിപുലമാവുന്ന പങ്കും അവസരങ്ങളും

പോസ്റ്റഡ് ഓണ്‍: 08 MAR 2026 1:17PM by PIB Thiruvananthpuram

പ്രധാന കാര്യങ്ങള്‍

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ (മാര്‍ച്ച് 8), ഇന്ത്യന്‍ സായുധ സേനയിലെ സ്ത്രീകളുടെ വിപുലമാവുന്ന നേതൃത്വവും പ്രവര്‍ത്തനപരമായ പങ്കുകളും ദേശീയ പ്രതിരോധത്തില്‍ അവര്‍ നല്‍കുന്ന വര്‍ദ്ധിത സംഭാവനകളെ എടുത്തുകാണിക്കുന്നു

2014-ല്‍ ഏകദേശം മൂവായിരം ആയിരുന്ന വനിതാ ഓഫീസര്‍മാരുടെ എണ്ണം 11,000-ത്തിലധികമായി ഉയര്‍ന്നു. വിപുലമായ പരിശീലന അവസരങ്ങളും കൂടുതലായുള്ള സ്ഥാപനപരമായ ഉള്‍പ്പെടുത്തലും ഇതിന് പിന്തുണയായി.

ദേശീയ പ്രതിരോധ അക്കാദമിയിലേക്കുള്ള (എന്‍.ഡി.എ) സ്ത്രീകളുടെ പ്രവേശനം ഗണ്യമായി വര്‍ധിച്ചു. 2025 മെയ് മാസത്തില്‍ 17 വനിതാ കേഡറ്റുകളും 2025 നവംബറില്‍ 15 പേരും ബിരുദം നേടി.

ലെഫ്റ്റനന്റ് ജനറല്‍ റാങ്ക്, യുദ്ധവിമാന പൈലറ്റുമാര്‍, പ്രധാന യൂണിറ്റുകളുടെ കമാന്‍ഡര്‍മാര്‍ എന്നിവയുള്‍പ്പെടെ മുതിര്‍ന്ന തലത്തിലുള്ള നേതൃത്വവും പ്രവര്‍ത്തനപരമായ സൈനികനേതൃത്വ ചുമതലകളും ഇപ്പോള്‍ വനിതാ ഓഫീസര്‍മാര്‍ വഹിക്കുന്നുണ്ട്.


ആമുഖം

ജീവിതത്തിന്റെ വിവിധ തലങ്ങളില്‍ സ്ത്രീകളുടെ വിപുലമായിക്കൊണ്ടിരിക്കുന്ന പങ്കിനെയും ഉയര്‍ന്നുവരുന്ന നേതൃത്വത്തെയും കുറിച്ച് ചിന്തിക്കാന്‍ അന്താരാഷ്ട്ര വനിതാ ദിനം ഒരു അവസരം നല്‍കുന്നു. ഇവയ്ക്കിടയില്‍, ഇന്ത്യന്‍ സായുധ സേനകളിലെ അവരുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യം ഒരു സുപ്രധാന നാഴികക്കല്ലായി വേറിട്ടുനില്‍ക്കുന്നു.

പ്രവര്‍ത്തന ചുമതലകള്‍ മുതല്‍ നേതൃസ്ഥാനങ്ങള്‍ വരെ, സ്ത്രീകള്‍ രാജ്യത്തിന്റെ പ്രതിരോധ മേഖലയെ പ്രൊഫഷണലിസത്തോടും സമര്‍പ്പണത്തോടും കൂടി രൂപപ്പെടുത്തുന്നത് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദശകങ്ങളില്‍, ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപന പരിവര്‍ത്തനങ്ങളിലൊന്നായി അവരുടെ സംയോജനം ഉയര്‍ന്നുവന്നിട്ടുണ്ട്. മെഡിക്കല്‍, നഴ്‌സിങ് മേഖലകളില്‍ മാത്രമായി ഒതുങ്ങിയിരുന്ന ചരിത്രപരമായി പരിമിതമായ സാന്നിധ്യത്തില്‍ നിന്ന്, പുരോഗമനപരമായ നയ പരിഷ്‌കാരങ്ങള്‍, നീതിന്യായപരമായ പിന്തുണ, ലിംഗസമത്വം, പ്രവര്‍ത്തനപരമായ ഉള്‍പ്പെടുത്തല്‍ എന്നീ ദേശീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന സുസ്ഥിരവും സ്ഥാപനപരവുമായ പരിശ്രമങ്ങള്‍ എന്നിവയിലൂടെ സ്ത്രീ പങ്കാളിത്തം ക്രമാനുഗതമായി വികസിച്ചു.

ഇന്ന്, കരസേന, നാവികസേന, വ്യോമസേന എന്നിവയിലുടനീളം വനിതാ ഓഫീസര്‍മാര്‍ സൈനിക നേതൃത്വപരവും, തന്ത്രപരവും, തീരുമാനമെടുക്കുന്നതുമായും ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ കൂടുതലായി ഏറ്റെടുക്കുന്നു - ഇത് ഇന്ത്യയുടെ പ്രതിരോധ സേനകളില്‍ സമഗ്രത, പ്രൊഫഷണലിസം, ശാക്തീകരിക്കപ്പെട്ട പ്രവര്‍ത്തന ശേഷി എന്നിവയുടെ ഒരു പുതിയ യുഗത്തെ അടയാളപ്പെടുത്തുന്നു.


ഇന്ത്യയുടെ പ്രതിരോധ സേവനങ്ങളിലെ സ്ത്രീകളുടെ ചരിത്രപരമായ സഞ്ചാരഗതി:



ഇന്ത്യയുടെ പ്രതിരോധ സേവനങ്ങളിലെ സ്ത്രീകളുടെ പങ്ക് പരിമിതമായ പിന്തുണാ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വര്‍ദ്ധിച്ചുവരുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന, നേതൃത്വ സ്ഥാനങ്ങളിലേക്ക് ക്രമാനുഗതമായി പരിണമിച്ചു. സായുധ സേനകളിലെ മെഡിക്കല്‍ സേവനങ്ങളിലേക്കുള്ള പ്രവേശനത്തില്‍ നിന്ന് തുടങ്ങി, സ്ത്രീകള്‍ ഹ്രസ്വകാല സേവന നിയമനങ്ങളിലൂടെയും, പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള തസ്തികകളിലൂടെയും ക്രമേണ മറ്റു വിഭാഗങ്ങളിലേക്കും പ്രവേശിച്ചു. വര്‍ഷങ്ങളായുള്ള പുരോഗമനപരമായ നയ പരിഷ്‌കാരങ്ങളും നീതിന്യായപരമായ ഇടപെടലുകളും കരസേന, നാവികസേന, വ്യോമസേന എന്നിവയിലുടനീളം അവരുടെ അവസരങ്ങള്‍ വികസിപ്പിച്ചു. ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പരിവര്‍ത്തനാത്മക മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിന് ഈ ചരിത്രപരമായ പുരോഗതി അടിത്തറ പാകുന്നു. സ്വാതന്ത്ര്യാനന്തരം, ഇന്ത്യന്‍ സായുധ സേനയിലെ സ്ത്രീകളുടെ പങ്ക് മെഡിക്കല്‍ സഹായത്തില്‍ നിന്ന് വിശാലമായ ഓഫീസര്‍ തലത്തിലുള്ള പ്രവേശനങ്ങളിലേക്കും പ്രവര്‍ത്തന സംഭാവനകളിലേക്കും പരിണമിച്ചു, ഇത് ലിംഗസമത്വത്തിനും ദേശീയ സുരക്ഷയ്ക്കും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുമായി ഒത്തുപോകുന്നു.



1958ല്‍ ആദ്യമായി, പുരുഷന്മാര്‍ക്ക് തുല്യമായ വ്യവസ്ഥകളില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് ആര്‍മി മെഡിക്കല്‍ കോറില്‍ സ്ഥിരനിയമനം അനുവദിച്ചു.

1992-ല്‍, ഇന്ത്യന്‍ സായുധ സേനയില്‍ സ്ത്രീകള്‍ക്ക് ഓഫീസര്‍ തലത്തിലുള്ള പ്രവേശനം അനുവദിച്ചു. ഇന്ത്യന്‍ സൈന്യം വനിതാ സ്പെഷ്യല്‍ എന്‍ട്രി സ്‌കീം (ഡബ്ല്യു.എസ്.ഇ.എസ്) അവതരിപ്പിച്ചുകൊണ്ട് യുദ്ധേതര ശാഖകളില്‍ സ്ത്രീകളെ നിയമിക്കാന്‍ അനുവദിച്ചു. അതോടൊപ്പം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ യുദ്ധത്തിലോ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയിലോ വീരമൃത്യു വരിച്ച സൈനികരുടെ വിധവകള്‍ക്കും ആനൂകൂല്യ അര്‍ഹത നീട്ടി നല്‍കി.

അതേ വര്‍ഷം തന്നെ മറ്റ് സേവനങ്ങളിലും സമാന്തര പുരോഗതി ഉണ്ടായി. ഇന്ത്യന്‍ നാവികസേന ആദ്യമായി വനിതാ ഓഫീസര്‍മാരെ നിയമിച്ചു, അതേസമയം ഇന്ത്യന്‍ വ്യോമസേന വിമാനം പറത്തല്‍ (ഫ്ളയിങ്), സാങ്കേതിക (ടെക്നിക്കല്‍), സാങ്കേതികേതര (നോണ്‍-ടെക്നിക്കല്‍) ശാഖകളില്‍ ഹ്രസ്വ/നിശ്ചിത കാല സേവന നിയമനം (ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍-എസ്.എസ്.സി) വഴി ഓഫീസര്‍മാരായി സ്ത്രീകളെ നിയമിക്കാന്‍ തുടങ്ങി. മൊത്തത്തില്‍, 1992 ലെ ഈ സംരംഭങ്ങള്‍ ഇന്ത്യയുടെ പ്രതിരോധ നയത്തില്‍ നിര്‍ണായക മാറ്റത്തെ പ്രതിനിധീകരിക്കുകയും സായുധ സേനകളിലുടനീളം സ്ത്രീകളുടെ പങ്കാളിത്തങ്ങള്‍ ക്രമേണ വികസിപ്പിക്കുന്നതിന് അടിത്തറയിടുകയും ചെയ്തു.

ഇന്ത്യയുടെ പ്രതിരോധ സേവനങ്ങളില്‍ ലിംഗഭേദം ഉള്‍പ്പെടുത്തല്‍ മെച്ചപ്പെടുത്തല്‍:

സായുധ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സുസ്ഥിരമായ നടപടികളുടെ ഭാഗമായി, സ്ത്രീകള്‍ക്കിടയില്‍ കരിയര്‍ അവസരങ്ങളും നേതൃത്വപരമായ ചുമതലകളും വികസിപ്പിക്കുന്നതിന് ഗണ്യമായ പരിഷ്‌കാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കേണല്‍ (സെലക്ട് ഗ്രേഡ്) റാങ്കിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിന് വനിതാ ഓഫീസര്‍മാരെ ഇപ്പോള്‍ പരിഗണിക്കുകയും സൈനിക നേതൃത്വ (കമാന്‍ഡ്) നിയമനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. തൊഴില്‍ പുരോഗതിയെ പ്രതികൂലമായി ബാധിക്കുന്നത് തടയുന്നതിനായി, പരിവര്‍ത്തന ഘട്ടത്തില്‍ നിര്‍ബന്ധിത കരിയര്‍ കോഴ്സുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

ഈ വിശാലമായ പരിഷ്‌കാരങ്ങളെ അടിസ്ഥാനമാക്കി, ഓരോ സായുധ സേനയും സ്ത്രീകളെ നേതൃത്വപരമായ ചുമതലകളിലേക്ക് കൂടുതല്‍ ആഴത്തില്‍ സംയോജിപ്പിക്കുന്നതിന് ശ്രദ്ധ കേന്ദ്രീകരിച്ച സംരംഭങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്.

ഇന്ത്യന്‍  കരസേന

ദീര്‍ഘകാല തൊഴില്‍ സ്ഥിരത ഉറപ്പാക്കുന്നതിന്, കരസേനാ വൈദ്യസഹായ വിഭാഗം (ആര്‍മി മെഡിക്കല്‍ കോര്‍), കരസേനാ ദന്തചികിത്സാ വിഭാഗം (ആര്‍മി ഡെന്റല്‍ കോര്‍്, സൈനികാശുപത്രികളില്‍ നഴ്സിങ് സേവനങ്ങള്‍ നല്‍കുന്ന വിഭാഗം (മിലിട്ടറി നഴ്സിങ് സര്‍വീസ്) എന്നിവയ്ക്ക് പുറമേ, 12 സായുധ-സേവന വിഭാഗങ്ങളില്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് സ്ഥിര നിയമനം നല്‍കുന്നു.

ഇന്ത്യന്‍ നാവികസേന

കടലിലെ പ്രവര്‍ത്തന സംയോജനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി, വനിതാ ഉദ്യോഗസ്ഥരെ ഇപ്പോള്‍ യുദ്ധക്കപ്പലുകളില്‍ കപ്പല്‍സേവന (ഫ്ളോട്ട്) നിയമനങ്ങളില്‍ വിന്യസിക്കുന്നു, കൂടാതെ പൈലറ്റുമാരായും നാവിക വ്യോമ പ്രവര്‍ത്തന (നേവല്‍ എയര്‍ ഓപ്പറേഷന്‍സ്) ഓഫീസര്‍(എന്‍.എ.ഒ)മാരായും നിയമിക്കുന്നു.

പ്രവേശന അവസരങ്ങള്‍ വികസിപ്പിച്ചുകൊണ്ട്, അന്തര്‍വാഹിനികള്‍ ഒഴികെയുള്ള എല്ലാ ശാഖകളിലും പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള മേഖല(സ്പെഷ്യലൈസേഷന്‍)കളിലും ഓഫീസര്‍മാരായും അഗ്നിവീര്‍മാരായും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനായി നാവികസേന തുറന്നുകൊടുത്തു, വനിതാ റിക്രൂട്ട്‌മെന്റിനായി അഗ്നിപഥ് പദ്ധതി പ്രയോജനപ്പെടുത്തുന്ന ആദ്യ സേവനവിഭാഗമായി ഇത് മാറി.

വ്യോമയാന മേഖലയില്‍, വനിതാ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോള്‍ വിദൂര നിയന്ത്രണ സംവിധാനത്തിലൂടെ പ്രവര്‍ത്തിക്കുന്ന ആളില്ലാ വിമാനം (റിമോട്ട്ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ്-ആര്‍പിഎ) വിഭാഗത്തില്‍ ചേരാന്‍ അര്‍ഹതയുണ്ട്, 2021 ലാണ് ആദ്യ വനിതാ ഓഫീസര്‍ ഒരു ആര്‍.പി.എ സ്‌ക്വാഡ്രണില്‍ ചേര്‍ന്നത്.

കൂടാതെ, ഇന്ത്യന്‍ നാവിക അക്കാദമിയില്‍, 2024 ജനുവരി മുതല്‍ 10+2 ബി.ടെക് പ്രവേശന പദ്ധതി വഴി വനിതാ കേഡറ്റുകളും പ്രവേശനത്തിന് അര്‍ഹത നേടി.

ഇന്ത്യന്‍ വ്യോമസേന

1990-കളില്‍ യുദ്ധ പിന്തുണാ ചുമതലയില്‍ ആദ്യമായി സ്ത്രീകളെ പൈലറ്റുമാരായി നിയമിച്ചത് ഇന്ത്യന്‍ വ്യോമസേനയാണ്. 2015-ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച വനിതാ ഓഫീസര്‍മാരെ യുദ്ധ ചുമതലകളിലേക്ക് ഉള്‍പ്പെടുത്തല്‍, ഒരു നിര്‍ണായക പരിഷ്‌കാരത്തിലൂടെ 2022-ല്‍ ഒരു സ്ഥിരം പദ്ധതിയായി ഔപചാരികമാക്കി. അതുവഴി യുദ്ധവിമാനങ്ങളിലും മറ്റ് യുദ്ധ മേഖലകളിലും തുല്യ അവസരത്തിന് വഴി തുറന്നു.

ഇതിനു പൂരകമായി, 2017- മുതല്‍ വ്യോമയാന ശാഖ (ഫ്ളയിങ് ബ്രാഞ്ച്)യില്‍ എസ്.എസ്.സി (സ്ത്രീകള്‍)ക്കായുള്ള എന്‍.സി.സി പ്രത്യേക പ്രവേശന പദ്ധതി (സ്പെഷ്യല്‍ എന്‍ട്രി സ്‌കീം)യ്ക്ക് കീഴില്‍ ഒഴിവുകള്‍ അനുവദിച്ചിട്ടുണ്ട്.

എന്ന് മാത്രമല്ല, എന്‍.ഡി.എ മുഖേനയുള്ള വനിതാ കേഡറ്റുകളുടെ പ്രവേശനം ഔദ്യോഗിക നടപടിക്രമമായി മാറി. വ്യോമസേനയ്ക്ക് ഒരു പാഠ്യപദ്ധതിയ്ക്ക് 2027 വരെ ആറ് ഒഴിവുകള്‍ (ഫ്ളയിങ്ങിന് 2, ഗ്രൗണ്ട് ഡ്യൂട്ടി (സാങ്കേതികം) 2, ഗ്രൗണ്ട് ഡ്യൂട്ടി (സാങ്കേതികേതരം) 2) വനിതകള്‍ക്കായി അനുവദിച്ചിട്ടുണ്ട്.

2023 ഡിസംബര്‍ രണ്ട് മുതല്‍, അഗ്നിവീര്‍ വായു വനിതകള്‍ (എ.ജി.വി ഡബ്ല്യു) ഇന്ത്യന്‍ വ്യോമസേനയുടെ നിരയില്‍ അഭിമാനത്തോടെ ചേര്‍ന്നു. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സൈനിക അന്തരീക്ഷം വളര്‍ത്തിയെടുക്കുന്നതിനുമുള്ള സേനയുടെ ഉറച്ച പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.

ഇന്ത്യയുടെ സായുധ സേനയിലെ പ്രവര്‍ത്തന, സാങ്കേതിക, നേതൃത്വപര ചുമതലകളില്‍ സ്ത്രീകളുടെ പങ്കാളിത്തത്തിന്റെ ഏകോപിതവും പുരോഗമനപരവുമായ വികാസമാണ് ഈ സേവന-നിര്‍ദ്ദിഷ്ട നടപടികള്‍ കാണിക്കുന്നത്. 2025 ല്‍, മെയ് മാസത്തില്‍ 17 വനിതാ കേഡറ്റുകളും നവംബറില്‍ 15 പേര്‍ കൂടിയും നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് ബിരുദം നേടി. ഇത് 2022-ല്‍ എന്‍.ഡി.എയിലേക്ക് പ്രവേശിച്ചതിനുശേഷം സ്ത്രീകള്‍ക്കുള്ള അവസരങ്ങളുടെ തുടര്‍വികാസത്തെ എടുത്തുകാണിക്കുന്നു.

2026 ന്റെ തുടക്കത്തില്‍ ആകെ 158 വനിതാ കേഡറ്റുകള്‍ അക്കാദമിയില്‍ ചേര്‍ന്നു. മാത്രമല്ല, 2025 മാര്‍ച്ചിലെ കണക്കനുസരിച്ച്, എന്‍.ഡി.എയില്‍ ഏറ്റവും കൂടുതല്‍ വനിതാ കേഡറ്റുകള്‍ ഉള്ളത് 35 കേഡറ്റുകളുള്ള ഹരിയാനയില്‍ നിന്നാണ്. ഉത്തര്‍പ്രദേശും (28) രാജസ്ഥാനും (13) ആണ് തൊട്ടുപിന്നില്‍. 2024-ല്‍ കരസേന വനിതാ കേഡറ്റുകളുടെ വാര്‍ഷിക ഒഴിവുകള്‍ 80-ല്‍ നിന്ന് 144 ആയി ക്രമാനുഗതമായി വര്‍ദ്ധിപ്പിച്ചു (80% വര്‍ദ്ധനവ്).

ഇന്ത്യന്‍ കരസേന വനിതാ കേഡറ്റുകളുടെ വാര്‍ഷിക പ്രവേശനം 80-ല്‍ നിന്ന് 144 ഒഴിവുകളായി (80 ശതമാനം വര്‍ദ്ധനവ്) 2024-ഓടെ ക്രമാനുഗതമായി ഉയര്‍ത്തി'


സായുധ സേനയില്‍ പുതിയ പാത വെട്ടിത്തുറക്കുന്ന വനിതാ ഓഫീസര്‍മാര്‍:

മൂന്ന് സേനകളിലും ലിംഗപരമായ ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ ഇന്ത്യന്‍ സായുധ സേനയിലെ സ്ത്രീകള്‍ നേതൃത്വം, പ്രവര്‍ത്തന വിന്യാസം, ആഗോള പ്രാതിനിധ്യം എന്നിവയില്‍ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്.

2025-ല്‍, മൂന്ന് സേനകളുടെയും വനിതാ പായ്ക്കപ്പല്‍ പര്യവേഷണത്തില്‍ കരസേനയിലെ 11 ഓഫീസര്‍മാര്‍ (ലെഫ്റ്റനന്റ് കേണല്‍ അനുജ, മേജര്‍ കരംജീത്, മേജര്‍ തന്യ, ക്യാപ്റ്റന്‍ ഒമിത, ക്യാപ്റ്റന്‍ ദൗലി, ക്യാപ്റ്റന്‍ പ്രജക്ത), നാവികസേനയിലെ ലെഫ്റ്റനന്റ് കമാന്‍ഡര്‍ പ്രിയങ്ക, വ്യോമസേനയിലെ ഉദ്യോഗസ്ഥരായ സ്‌ക്വാഡ്രണ്‍ ലീഡര്‍ വിഭ, സ്‌ക്വാഡ്രണ്‍ ലീഡര്‍ ശ്രദ്ധ, സ്‌ക്വാഡ്രണ്‍ ലീഡര്‍ അരുവി, സ്‌ക്വാഡ്രണ്‍ ലീഡര്‍ വൈശാലി എന്നിവര്‍ പ്രവര്‍ത്തന വൈഭവവും സംയുക്ത സേവന ഏകോപനവും പ്രദര്‍ശിപ്പിച്ചുകൊണ്ട് സീഷെല്‍സിലേക്ക് 1,800 നോട്ടിക്കല്‍ മൈല്‍ കടല്‍ യാത്ര പൂര്‍ത്തിയാക്കി.

77-ാമത് റിപ്പബ്ലിക് ദിന പരേഡിനായി ഇന്ത്യന്‍ വ്യോമസേന ഒമ്പത് അഗ്നിവീര്‍വായു വനിതകളെ അവരുടെ ബാന്‍ഡിലേക്ക് ഉള്‍പ്പെടുത്തിയതും, രാഷ്ട്രപതിയോടൊപ്പം ഫ്ളൈറ്റ് ലെഫ്റ്റനന്റ് അക്ഷിത ധങ്കര്‍ ദേശീയ പതാക ഉയര്‍ത്തിയതും വനിതകളുടെ വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യം കൂടുതല്‍ എടുത്തുകാണിച്ചു.

ഹെല്‍മിലെ സ്ത്രീകള്‍: യൂണിഫോം ധാരികളായ വനിതകള്‍ ഏറ്റെടുക്കുന്ന നേതൃത്വപരമായ ചുമതലകള്‍
ലെഫ്റ്റനന്റ് ജനറല്‍ സാധ്ന സക്‌സേന നായര്‍ -

ഇന്ത്യന്‍ സൈന്യത്തില്‍ മുതിര്‍ന്ന നേതൃത്വ സ്ഥാനങ്ങള്‍ കരസ്ഥമാക്കുന്ന വനിതാ ഓഫീസര്‍മാരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഒരു സുപ്രധാന നാഴികക്കല്ലായി, സാധന സക്‌സേന നായരെ ഡയറക്ടര്‍ ജനറല്‍ മെഡിക്കല്‍ സര്‍വീസസ് (കരസേന) ആയി നിയമിച്ചു. കരസേനയുടെ മെഡിക്കല്‍ വിഭാഗത്തില്‍ ഈ ഉന്നത സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി മാറി ചരിത്രപരമായ നേട്ടം കൈവരിച്ചു. സായുധ സേനകളിലെ പ്രധാന തീരുമാനമെടുക്കല്‍, തന്ത്രപരമായ നേതൃത്വ സ്ഥാനങ്ങള്‍ എന്നിവയില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനെ അവരുടെ നിയമനം പ്രതിഫലിപ്പിക്കുന്നു.

കേണല്‍ പൊനുങ് ഡോമിങ്-

ഇന്ത്യന്‍ കരസേനയില്‍ നിന്നുള്ള കേണല്‍ പൊനുങ് ഡോമിങ്, വടക്കന്‍ മേഖലയില്‍ 15,000 അടിക്ക് മുകളില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള അതിര്‍ത്തി ദൗത്യ സേന (ബോര്‍ഡര്‍ ടാസ്‌ക് ഫോഴ്‌സ്)യെ നയിക്കുന്ന ആദ്യ വനിതാ ഓഫീസറാണ്. 20 വര്‍ഷത്തിലധികം നീണ്ട സേവനത്തിനിടെ നിരവധി നേട്ടങ്ങള്‍ അവര്‍ നേടിയിട്ടുണ്ട്.

സ്‌ക്വാഡ്രണ്‍ ലീഡര്‍ ഭാവന കാന്ത്-


യുദ്ധ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ യോഗ്യത നേടിയിരുന്ന ആദ്യത്തെ പകല്‍ സമയ ഇന്ത്യന്‍ വനിതാ യുദ്ധവിമാന പൈലറ്റാണ്. റിപ്പബ്ലിക് ദിന പരേഡില്‍ (2021) പങ്കെടുത്ത ആദ്യ വനിതാ യുദ്ധവിമാന പൈലറ്റാണ് അവര്‍. ഇന്ത്യയിലെ ആദരണീയ യുദ്ധവിമാന പൈലറ്റ് ക്ലബ്ബിന്റെ ഭാഗമായി 2024-ലെ റിപ്പബ്ലിക് ദിന ഫ്ളൈപാസ്റ്റിലും അവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ നാവികസേന ലെഫ്റ്റനന്റ് കമാന്‍ഡര്‍ അന്നു പ്രകാശ്-

സമുദ്ര സുരക്ഷയിലും പ്രവര്‍ത്തനങ്ങളിലും തന്റെ വൈദഗ്ദ്ധ്യം അവര്‍ മുന്‍പന്തിയിലേക്ക് കൊണ്ടുവന്നു. ഇന്ത്യയുടെ വിശാലമായ തീരദേശം സംരക്ഷിക്കുന്നതിലും പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിലും സ്ത്രീകള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെ അവരുടെ പങ്കാളിത്തം അടിവരയിട്ടു.

ക്യാപ്റ്റന്‍ ഹന്‍സ്ജ ശര്‍മ്മ -

ഇന്ത്യന്‍ സൈന്യത്തിലെ ആദ്യത്തെ വനിതാ രുദ്ര ഹെലികോപ്റ്റര്‍ പൈലറ്റായി ക്യാപ്റ്റന്‍ ഹന്‍സ്ജ ശര്‍മ്മ ചരിത്രം സൃഷ്ടിച്ചു. റിപ്പബ്ലിക് ദിനത്തില്‍ 251-ാമത് കരസേനയുടെ വ്യോമയാനവിഭാഗം (ആര്‍മി ഏവിയേഷന്‍) സ്‌ക്വാഡ്രണിനെ അവരായിരുന്നു നയിച്ചത്.

സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ -
പരമ്പരാഗതമായി പുരുഷാധിപത്യമുള്ള ഒരു മേഖലയില്‍ ലിംഗപരമായ അതിര്‍വരമ്പുകള്‍ തകര്‍ത്തുകൊണ്ട്, നാവിക വ്യോമയാനത്തിന്റെ ഫൈറ്റര്‍ വിഭാഗത്തിലേക്ക് പ്രവേശനം നേടിയ ആദ്യ വനിതാ പൈലറ്റായി സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ 2025-ല്‍ ചരിത്രം സൃഷ്ടിച്ചു. വിശാഖപട്ടണത്തെ ഐ.എന്‍.എസ് ദേഗയില്‍ നടന്ന സെക്കന്‍ഡ് ബേസിക് ഹോക്ക് കണ്‍വേര്‍ഷന്‍ കോഴ്‌സിന്റെ ബിരുദദാന വേളയില്‍ അവര്‍ക്ക് അഭിമാനകരമായ വിങ്സ് ഓഫ് ഗോള്‍ഡ് ബഹുമതി ലഭിച്ചു.

സ്‌ക്വാഡ്രണ്‍ ലീഡര്‍ അവാനി ചതുര്‍വേദി -

വിദേശത്ത് ഒരു വ്യോമ യുദ്ധാഭ്യാസത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ വ്യോമസേനയുടെ (ഐ.എ.എഫ്) ആദ്യ വനിതാ യുദ്ധവിമാന പൈലറ്റായി അവാനി ചതുര്‍വേദി മാറി. സുഖോയ്-30 എം.കെ.ഐ യുദ്ധവിമാന പൈലറ്റായ ശ്രീമതി ചതുര്‍വേദി, ജാപ്പനീസ് വ്യോമതാവളമായ ഹയാകുരിയില്‍ ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സുമായി (ജെ.എ.എസ്.ഡി.എഫ്)ചേര്‍ന്ന് 16 ദിവസത്തെ ബൃഹത്തായ വ്യോമ പ്രതിരോധ അഭ്യാസത്തില്‍ പങ്കെടുത്ത ഐ.എ.എഫ് സംഘത്തിന്റെ ഭാഗമായിരുന്നു.

സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാംഗി സിങ് -
സ്‌ക്വാഡ്രണ്‍ ലീഡര്‍ ശിവാംഗി സിങ് ഇന്ത്യയിലെ ആദ്യത്തെ വനിതാ റഫേല്‍ പൈലറ്റായി മാറി. ഇന്ത്യന്‍ വ്യോമസേനയില്‍ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന വൈദഗ്ധ്യവും പ്രവര്‍ത്തന മികവും എടുത്തുകാണിക്കുന്ന നേട്ടമാണിത്.

വിങ് കമാന്‍ഡര്‍ അഞ്ജലി സിങ്-
ഇന്ത്യന്‍ വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഞ്ജലി സിങ്- വിദേശ ദൗത്യത്തിലേക്ക് നിയമിതയായ ആദ്യത്തെ ഇന്ത്യന്‍ വനിതാ സൈനിക നയതന്ത്രജ്ഞയായി. റഷ്യയിലെ ഇന്ത്യന്‍ എംബസിയില്‍ ഡെപ്യൂട്ടി എയര്‍ അറ്റാഷെയായുള്ള അവരുടെ നിയമനം ചരിത്രപരമായ ഒരു നാഴികക്കല്ലാണ്, അത് സായുധ സേനയിലെ സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന നേതൃത്വത്തെയാണ് എടുത്തുകാണിക്കുന്നത്.

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന.കെയും ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ.എയും-

ലെഫ്റ്റനന്റ് കമാന്‍ഡര്‍ ദില്‍ന. കെ യും, ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ. എ യും നാവിക സാഗര്‍ പരിക്രമ-2 പര്യവേഷണത്തിന്റെ ഭാഗമായി ഐ.എന്‍.എസ്.വി തരിണിയില്‍ 25,600 നോട്ടിക്കല്‍ മൈല്‍ ആഗോള പ്രദക്ഷിണം പൂര്‍ത്തിയാക്കി ചരിത്രം സൃഷ്ടിച്ചു. അവരുടെ 238 ദിവസത്തെ പ്രയാണം ഇന്ത്യന്‍ നാവികസേനയിലെ സ്ത്രീശക്തിയുടെ ശക്തമായ സാക്ഷ്യമായി നിലകൊള്ളുന്നു. ധൈര്യം, സഹിഷ്ണുത, ലോക സമുദ്രങ്ങളിലുടനീളം സ്ത്രീകളുടെ വര്‍ധിച്ചുവരുന്ന നേതൃപാടവം എന്നിവ അവ പ്രകടമാക്കുന്നു.

അവാര്‍ഡുകളും അംഗീകാരങ്ങളും

യു.എന്‍ സെക്രട്ടറി ജനറലിന്റെ ജെന്‍ഡര്‍ പുരസ്‌കാരം- 2025 (ജെന്‍ഡര്‍ വിഭാഗം):
ഇന്ത്യന്‍ ആര്‍മിയില്‍ നിന്നുള്ള മേജര്‍ സ്വാതി ശാന്തകുമാറിന് ജെന്‍ഡര്‍ വിഭാഗത്തില്‍ യു.എന്‍ സെക്രട്ടറി ജനറലിന്റെ 2025-ലെ പുരസ്‌കാരം ലഭിച്ചു.
ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ ദൗത്യസംഘത്തില്‍ (യു.എന്‍.എം.ഐ.എസ്.എസ്) സേവനമനുഷ്ഠിക്കുമ്പോള്‍, 'തുല്യ പങ്കാളികള്‍, ശാശ്വത സമാധാനം' എന്ന സംരംഭത്തിന് മുന്‍കൈ എടുത്തുകൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്. സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ ലിംഗപരമായ സമാധാന പരിപാലനവും അടിസ്ഥാന ഇടപെടലും വര്‍ദ്ധിപ്പിക്കുന്നതില്‍ അവര്‍ വഹിച്ച പങ്ക് ഈ അംഗീകാരം എടുത്തുകാണിക്കുന്നു.

കരസേനാ ദിന പുരസ്‌കാരങ്ങള്‍ (ജനുവരി 2025):

2025 ജനുവരിയിലെ കരസേനാദിന പുരസ്‌കാരദാന ചടങ്ങില്‍, സ്ത്രീകളുടെ വര്‍ദ്ധിച്ചുവരുന്ന പങ്കിനും പങ്കാളിത്തത്തിനുമുള്ള വര്‍ദ്ധിച്ചുവരുന്ന സ്ഥാപനപരമായ അംഗീകാരത്തെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ സൈനിക ദിന പരേഡില്‍ മാര്‍ച്ച് ചെയ്ത എന്‍.സി.സി പെണ്‍കുട്ടികളുടെ സംഘം ആദ്യമായി സൈനിക പുരസ്‌കാരം ഏറ്റുവാങ്ങി.

2023-ലെ യു.എന്‍ അംഗീകാരം (തുടര്‍പാരമ്പര്യത്തില്‍ ശ്രദ്ധേയമായത്):

യു.എന്‍ സമാധാന പരിപാലന ശ്രമങ്ങള്‍ക്ക് ഇന്ത്യന്‍ സ്ത്രീകള്‍ നല്‍കിയ ഗണ്യമായ സംഭാവനകളെ അംഗീകരിച്ചുകൊണ്ട്, മേജര്‍ രാധിക സെന്നിനെ യു.എന്‍ ആസ്ഥാനം '2023 വര്‍ഷത്തെ സൈനിക ജെന്‍ഡര്‍ അഭിഭാഷക' ആയി തിരഞ്ഞെടുത്തു. യു.എന്‍ സമാധാന പരിപാലന പരിശ്രമങ്ങളില്‍ ഇന്ത്യന്‍ വനിതകളുടെ ശുഭകരമായ സംഭാവനയുടെ തെളിവാണ്, മേജര്‍ രാധിക സെന്നിനെ '2023 ലെ സൈനിക ജെന്‍ഡര്‍ അഭിഭാഷക' ആയി തിരഞ്ഞെടുത്തുകൊണ്ടുള്ള യുഎന്‍ ആസ്ഥാനത്തിന്റെ തിരഞ്ഞെടുപ്പ്.

ആഗോള സംഭാവനകളും സമാധാന പരിപാലന നേട്ടങ്ങളും

ഐക്യരാഷ്ട്രസഭയുടെ ദൗത്യങ്ങളിലുടനീളം വര്‍ദ്ധിച്ചുവരുന്ന വനിതാ ഉദ്യോഗസ്ഥരുടെ വിന്യാസത്തില്‍, ആഗോള സമാധാന പരിപാലനത്തില്‍ ലിംഗസമത്വം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രതിഫലിക്കുന്നു. 2025 മധ്യത്തോടെ, 154-ലധികം ഇന്ത്യന്‍ സ്ത്രീകള്‍ ആറ് യു.എന്‍ സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നു, ഇത് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സുരക്ഷാ ചട്ടക്കൂടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലുള്ള രാജ്യത്തിന്റെ സജീവമായ പങ്കിനെ അടിവരയിടുന്നു. 2028 ആകുമ്പോഴേക്കും സൈനിക സേനകളില്‍ 15 ശതമാനം സ്ത്രീകളെയും സ്റ്റാഫ് ഓഫീസര്‍മാരായോ നിരീക്ഷകരായോ 25 ശതമാനം സ്ത്രീകളെയും ലക്ഷ്യമിടുന്ന യു.എന്‍ ലിംഗ തുല്യതാ കാര്യനയവുമായി പൊരുത്തപ്പെടുന്നതിലൂടെ, സ്റ്റാഫ് ഓഫീസര്‍, നിരീക്ഷക വിഭാഗത്തില്‍ ഇന്ത്യ ഇതിനകം 22 ശതമാനം പ്രാതിനിധ്യം നേടിയിട്ടുണ്ട്. സമാധാന പരിപാലന പ്രവര്‍ത്തനങ്ങളില്‍ ആഗോള ലിംഗ സമഗ്രതാ ലക്ഷ്യങ്ങളിലേക്കുള്ള അര്‍ത്ഥവത്തായ പുരോഗതി ഇത് പ്രകടമാക്കുന്നു.

മുന്നോട്ടുള്ള വഴി:
2014-ല്‍, ഇന്ത്യയുടെ കരസേന, നാവികസേന, വ്യോമസേന എന്നിവയിലെ വനിതാ ഓഫീസര്‍മാരുടെ സംയുക്ത ശക്തി ഏകദേശം മൂവായിരം ആയിരുന്നു. അതിനുശേഷം ഈ സംഖ്യ 11,000-ത്തിലധികമായി ഉയര്‍ന്നുകഴിഞ്ഞു. ഇത് അളവിലുള്ള വര്‍ധനവിനെ മാത്രമല്ല, സ്ഥാപനപരമായ കാഴ്ചപ്പാടിലുണ്ടായ വിശാലമായ മാറ്റത്തെയും പ്രതിഫലിപ്പിക്കുന്നു. ഇന്ത്യന്‍ സായുധ സേനയിലെ സ്ത്രീകളുടെ ഭാവി സഞ്ചാരഗതി, ഗണ്യമായ വര്‍ദ്ധിത പങ്കാളിത്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവിലുള്ള പരിഷ്‌കാരങ്ങള്‍, സ്ത്രീശക്തി സംരംഭങ്ങള്‍, ലിംഗസമത്വത്തിനായുള്ള സ്ഥാപനപരമായ പ്രതിബദ്ധതകള്‍ എന്നിവ ഇതിന് വഴിയൊരുക്കുന്നു. നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലെ വര്‍ദ്ധിപ്പിച്ച ഒഴിവുകള്‍, സ്ത്രീകളെ മറ്റ് റാങ്കുകളിലേക്ക് ക്രമേണ ഉള്‍പ്പെടുത്തല്‍, തുല്യ അവസര നയങ്ങള്‍ എന്നിവയിലൂടെ സാധ്യമാക്കുന്ന നിയമനത്തിലെ ക്രമാനുഗതമായ വിപുലീകരണം, വനിതാ ഓഫീസര്‍മാരെ സേവനങ്ങളിലുടനീളം കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ വഹിക്കാന്‍ പ്രാപ്തരാക്കും.

See in PDF

****


( റിലീസ് ഐ.ഡി: 2237154) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Bengali , Gujarati , Tamil